Thursday, December 30, 2010

മേരിയും കുഞ്ഞാടും




ഗ്രാമത്തിലെ പള്ളിയിലെ കപ്യാരായ ഗിവർഗ്ഗീസിന്റെയും (വിജയ രാഘവൻ) മേരിയുടേയും (വിനയ പ്രസാദ്) മകനാണ്‌ സോളമൻ, നാട്ടിൽ കുഞ്ഞാട് എന്ന വിളിപ്പേരിലറിയപ്പെടുന്ന, മഹാ പേടിത്തൊണ്ടനും, ശുദ്ധനും, സർവ്വോപരി കുഴി മടിയനുമായ സോളമന്റെ ജീവിതാഭിലാഷം ഒരു സിനിമാ സംവിധായകനാവുക എന്നതാണ്‌. കാമുകി മേരിയുടെ (ഭാവന) അപ്പനും (ഇന്നസെന്റ്) സഹോദർന്മാരും തരം കിട്ടുമ്പോഴൊക്കെ കുഞ്ഞാടിനെ ദ്രോഹിക്കാറുമുണ്ട് ഇതിനിടയിലേക്കാണ്‌ ജോസേട്ടൻ (ബിജു മേനോൻ ) കടന്നു വരുന്നത്, നല്ലവനോ ചീത്തയോ എന്നു വേർതിരിച്ചറിയാനാകാത്ത പ്രകൃതക്കാരനായ അയാൾ തത്കാലത്തേക്ക് സോളമനു സംരക്ഷകനാവുന്നുണ്ടെങ്കിലും, സങ്കീർണ്ണമായെ ചില സംഭവവികാസങ്ങൾ സോളമനേയും കുടുംബത്തേയും കാത്തിരിപ്പുണ്ടായിരുന്നു.

ബെന്നി പി നായരമ്പലം, ഷാഫി കൂട്ടുകെട്ടിൽ പിറന്ന ദിലീപ് ചിത്രമായ കല്യാണരാമന്റെ ചരിത്രം ഇവിടെ വീണ്ടും ആവർത്തിപ്പിക്കപ്പെടുകയാണ്‌, ശുദ്ധഹാസ്യം, കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾ ലഭിക്കുന്ന സ്വീകാര്യത ഒരിക്കൽ കൂടി വെളിവാക്കപ്പെടുകയാണ് 'മേരിക്കുണ്ടൊരു കുഞ്ഞാടിൽ'‌. കണ്ടും കെട്ടും മടുത്ത കഥാ പാത്രങ്ങളുടെ ആവർത്തനമോ, അശ്ലീല ഹാസ്യമോ ഇല്ലാതെ തികച്ചും സ്വാഭാവികമായ രീതിയിൽ തിരക്കഥയൊരുക്കിയ ബെന്നിയും, അഭിനേതാക്കളെയെല്ലാം തന്നെ മികവുറ്റ രീതിയിൽ ഉപയോഗപ്പെടുത്തി ചിത്രമൊരുക്കിയ ഷാഫിയും അഭിനന്ദനമർഹിക്കുന്നു. തികഞ്ഞ ഹാസ്യത്തിനിടയിലും പതറാതെ മുൻപോട്ട് നീങ്ങുന്ന യുക്തിഭദ്രമായ കഥാഗതിയും, സ്വാഭാവികമായ ആഖ്യാന രീതിയുമൊക്കെ കൂടി ചിത്രത്തെ വേറിട്ടൊരനുഭവമാക്കുന്നു. തികച്ചും സ്വതന്ത്രമായ ശരീരഭാഷയും, വ്യക്തിത്വവുമുള്ള കുഞ്ഞാട് എന്ന കഥാപാത്രം ദിലീപിന്റെ കയ്യിൽ ഭദ്രമായപ്പോൾ ജോസേട്ടനായി വന്ന ബിജു മേനോൻ ഗംഭീര സാന്നിധ്യമായി, അഭിനയത്തിൽ ശരീരഭാഷയ്ക്കുള്ള പ്രാധാന്യം എത്രയെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു ജോസേട്ടൻ. പള്ളി വികാരിയായി വന്ന ജഗതി ശ്രീകുമാർ, ശവപ്പെട്ടി കച്ചവടക്കാരനെ അവതരിപ്പിച്ച സലിം കുമാർ എന്നിങ്ങനെ എടുത്തു പറയേണ്ടുന്ന പ്രകടങ്ങൾ നടത്തിയവർ ഇനിയുമേറെയുണ്ട് ചിത്രത്തിൽ.

ആധുനിക സൗകര്യങ്ങളെത്തിയിട്ടില്ലാത്ത ഒരു ഊരിൽ നടക്കുന്ന കഥയെന്നു തോന്നുമെങ്കിലും ആർഭാടരഹിതമായും ആകർഷണീയത കൊണ്ടു വരാനാകും എന്ന് തെളിയിക്കുകയാണ്‌ മേരിക്കുണ്ടൊരു കുഞ്ഞാട്.നായികയായ മേരിക്ക് റ്റൈറ്റിലിലുള്ള പ്രാധാന്യം സിനിമയിൽ ഇല്ലെന്നതും സന്ദർഭവശാൽ ഒരു കുറവായി തോന്നിയേക്കാം സമ്പന്നയെ സ്നേഹിക്കുന്ന പാവപ്പെട്ടവൻ ഒരു ക്ലീഷേ കഥാപാത്രമാണെങ്കിലും പ്രമേയത്തിലെ വ്യത്യസ്തത ഒട്ടും മുഷിവുളവാക്കുന്നില്ലെന്നതാണ്‌ വാസ്തവം,മികച്ച ഛായാഗ്രാഹണം, നിലവാരമൊത്ത സംഗീതം എന്നീ ഘടകങ്ങളും ചിത്രത്തെ മികവുറ്റതാക്കുന്നു.

ആക്ഷനും സസ്പെൻസ് ത്രില്ലറുകൾക്കും ഇടയിൽ ഹാസ്യ ചിത്രങ്ങൾ എന്ന പേരിൽ ലേബലൊട്ടിച്ച് പുറത്തിറങ്ങിയിരുന്ന ഇടിവെട്ട് സാധനങ്ങൾ കണ്ട് ജീവനും കൊണ്ടോടിയ പ്രേക്ഷകരെ തിരികെപിടിക്കുവാൻ മേരിക്കും കുഞ്ഞാടിനും കഴിഞ്ഞിരിക്കുന്നു, ഭാവുകങ്ങൾ........


അവലോകന സാരം: വളരെക്കാലത്തിനു ശേഷം മലയാളത്തിൽ തിരികയെത്തിയ ഒരു ഫാമിലി എന്റർടെയ്നർ.

Tuesday, December 28, 2010

ടൂർണമെന്റ് വിശേഷങ്ങൾ



ബാംഗ്ലൂരിൽ നടക്കുന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കു കൊള്ളാൻ പോകുന്ന സുഹൃത്തുക്കൾ, യാത്രാമധ്യേ അവർ പലതും കാണുകയും അനുഭവിക്കുകയും ചെയ്യുന്നു ഇതിനിടയിൽ ചിലരുടെ പൊയ് മുഖങ്ങൾ അഴിഞ്ഞു വീഴുന്നുമുണ്ട് . സംഭവ ബഹുലമായ മുഹൂർത്തങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ഒടുവിൽ മാനസാന്തരപ്പെട്ട് നമയിലേക്ക് നീങ്ങുകയാണ്‌ എല്ലാവരും.

ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച 'റോഡ് മൂവി' ജനുസ്സില്പ്പെട്ട ചിത്രമായ ടൂർണ്ണമെന്റിന്റെ കഥാ തന്തുവാണ്‌ മേല്പ്പറഞ്ഞിരിക്കുന്നത്.തികച്ചും പുതുമയുള്ള പ്രമേയവും,യൗവ്വനത്തിന്റെ പ്രസരിപ്പും ചടുലമായ കഥാഗതിയുമൊക്കെ ആദ്യപകുതി വരെ കാണികളെ മുഷിപ്പിക്കാതെ പിടിച്ചിരുത്തുമെങ്കിലും ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ നാടകീയമായ മുഹൂർത്തങ്ങളും, പ്രവചനീയമായ നീക്കുപോക്കുകളുമൊക്കെ ചേർന്ന് രംഗം കലുഷിതമാക്കുന്നുണ്ട്. നടന്നു പോയ സംഭവങ്ങൾ റീവൈന്റടിച്ച് സമസ്യകൾ പൂരിപ്പിക്കുന്ന, 'ഇൻ ഗോസ്റ്റ് ഹൗസ് ഇൻ' ലും മറ്റും പരീക്ഷിക്കപ്പെട്ട അതേ ടെക്നിക്ക് ഇവിടെയും ആവർത്തിക്കപ്പെടുന്നു. ഇന്ദ്രൻസിന്റേയും മറ്റും ആദിവാസി രംഗങ്ങൾ കൊച്ചു കുട്ടികൾക്ക് കൈയ്യടിച്ചു ചിരിക്കാൻ പാകത്തിലുള്ള നിലവാരത്തിലുള്ളതാണ്‌ (ഭൂഗുരുത്വ സിദ്ധാന്തങ്ങൾ വക വെയ്ക്കാത്ത, ഗിയർ മാറ്റുകയോ ആക്സിലേറ്റർ കൊടുക്കുകയൊ ചെയ്യാതെ മുൻപോട്ടും പുറകോട്ടും ഉരുളുന്ന ഒരു അത്ഭുത ജീപ്പും പ്രസ്തുത രംഗങ്ങളിൽ കാണാവുന്നതാണ്‌). സ്വാർത്ഥലാഭത്തിനായി പലതും കാട്ടിക്കൂട്ടിയ ആളുകൾ കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന പൊതുതത്വ പ്രകാരം ഒന്നാകുന്നതും സംവിധായകന്റെ ഞൊടുക്കു വേലയായി തോന്നിയേക്കാം.

കഥയിലും, തിരക്കഥയിലും പാളിച്ചകളുണ്ടെങ്കിൽ പോലും സിനിമയിലെ പല രംഗങ്ങളും മികച്ചു നിൽക്കുന്നത് സംവിധായക മേന്മയാൽ തന്നെയാണ്‌. ദീപക് ദേവ് ഒരുക്കിയ സംഗീതവും, അലക്സ് പോളിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. ഷാനുവിനും, രൂപ മഞ്ജരിക്കുമൊപ്പം രംഗത്തെത്തിയ പുതു മുഖങ്ങളെല്ലാവരും നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും തൃശ്ശൂർക്കാരൻ ബോബിയെ അവതരിപ്പിച്ച മനു തിളങ്ങി എന്നു തന്നെ പറയാം. ചിത്രത്തിന്റെ ഛായാഗ്രാഹണവും മികച്ചതു തന്നെ. കൊച്ചു പ്രേമൻ അവതരിപ്പിച്ച ലോറി ഡ്രൈവർ, സലിം കുമാരിന്റെ ചെറുകിട രാഷ്ട്രീയ നേതാവ് എന്നീ കഥാപാത്രങ്ങളും ദ്വയാർത്ഥ സമ്പുഷ്ടമായ സംഭാഷണങ്ങളും മികച്ച ഹാസ്യാനുഭവമാണ്‌ പ്രദാനം ചെയ്യുന്നത്.ഗാനങ്ങളുടെ ചിത്രീകരണവും നിലവാരം പുലർത്തി.

അർത്ഥരഹിതവും, ആവർത്തനവിരസവുമായ സ്ഥിരം കഥാ സന്ദർഭങ്ങളോ, കഥാ പാത്രങ്ങളോ ഇല്ലാത മുന്നേറുന്ന ചിത്രത്തിന്‌ ക്ലൈമാക്സെത്തുമ്പോഴേക്കുംനമ്മുടെ പ്രതീക്ഷക്കൊത്തുയരാൻ കഴിയാതെ പോകുന്നുന്നുണ്ടെങ്കിലും വ്യത്യസ്തമായ അവതരണ രീതിയും, യുവ താരങ്ങളുടെ പ്രകടനവും 'ടൂർണമെന്റി'നെ തുണയ്ക്കുക തന്നെ ചെയ്യും എന്നു വേണം കരുതാൻ.


അവലോകന സാരം: ആസ്വാദന നിലവാരത്തിൽ ചില്ലറ വിട്ടു വീഴ്ചകൾക്ക് തയ്യാറായാൽ നന്നായി ആസ്വദിക്കാവുന്ന ചിത്രം.

Saturday, December 11, 2010

ബെസ്റ്റ് ആക്ടർ with ബെസ്റ്റ് ആക്ടേഴ്സ്


നാട്ടിൻപുറത്തെ ഒരു സാധാരണക്കാരനായ സ്കൂൾ മാഷാണ്‌ മോഹനൻ, ഭാര്യ സാവിത്രിയും (ശ്രുതി) മകനുമായി കുടുംബസ്ഥനായി കഴിയുന്ന അയാളുടെ ആത്യന്തികമായ ലക്ഷ്യം ഒരു സിനിമാനടനാവുക എന്നതാണ്‌, അതിനായി തന്നാലാവുന്ന പരിശ്രമങ്ങളെല്ലാം അയാൾ ചെയ്യുന്നുമുണ്ട്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി സംവിധായകരെയും മറ്റും നേരിട്ടു കാണുവാൻ ചെല്ലുന്ന അയാൾക്ക് പക്ഷെ കാര്യമായ അവസരങ്ങളൊന്നും തന്നെ ഒത്തു വരുന്നില്ല. അങ്ങനെയിരിക്കെ സ്വന്തം സ്കൂളിൽ നടക്കുന്ന ഒരു ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മോഹൻ അപമാനിതനാകുന്നു ഇതിൽ മനം നൊന്ത് സ്വന്തം കുടുംബത്തെ പോലും തത്കാലത്തേക്ക് മറന്ന് അയാൾ നഗരത്തിലെത്തുകയാണ്‌,അവസരം തേടാൻ പിൻബലത്തിനായി അനുഭവം തേടിയിറങ്ങുന്ന അയാൾ നഗരത്തെ കിടു കിടെ വിറപ്പിച്ചിരുന്ന ഒരു പഴയ സിംഹമായ ഡെൻവർ ആശാന്റെയും (നെടുമുടി വേണു) സംഘത്തിന്റെയും ഭാഗമായിത്തീരുന്നു. നടനായിത്തീരുക എന്ന മോഹന്റെ ഇഛാശക്തിക്കു മുൻപിൽ മറ്റു പ്രതിബന്ധങ്ങളെല്ലാം- അല്പ്പം വൈകിയാണെങ്കിലും തകർന്നടിയുന്ന കാഴ്ചയാണ്‌ പിന്നീട് കടന്നു വരുന്നത്.

വിശ്വസനീയമായ ഒരു കഥ ഒട്ടും അതിശയോക്തികളില്ലാതെ സത്യ സന്ധമായി അവതരിപ്പിക്കുന്നിടത്ത് 'ബെസ്റ്റ് ആക്റ്റർ' ഒരു തികഞ്ഞ വിജയമാകുന്നു. അനാവശ്യമായ കഥാപാത്രങ്ങളോ അവിശ്വസനീയമായ സന്ദർഭങ്ങളോ രംഗം കൊഴുപ്പിക്കാൻ ഉപയോഗിച്ചിട്ടുമില്ല. നാട്ടിൻപുറത്തെ സാധാരണക്കാരൻ നഗരത്തിലെത്തുമ്പോൾ പ്രകടിപ്പിക്കുന്ന ചുണ്ടുവിരൽ കൊണ്ട് എതിരാളികളെ നിഷ്പ്രഭനാക്കുന്ന സൂപ്പർ ഹീറോ പ്രതിഭാസം ഇല്ല എന്നതും ആശ്വാസകരം. മോഹൻ എന്ന സാധാരണക്കാരന്റെ സ്വപ്നങ്ങളും നോവുകളും അതി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന മമ്മൂട്ടി എന്ന മഹാനടന്റെ പ്രതിഭ അതു നേരിൽ കാണേണ്ടുന്നതു തന്നെയാണ്‌. ഡെൻവർ ആശാനായി വന്ന നെടുമുടി വേണു, ശിഷ്യനായ ഷാജിയെ അവതരിപ്പിച്ച ലാൽ എന്നിവർ കസറി എന്നു തന്നെ പറയാം, ഇവരുടെ തന്നെ ഗ്യാംഗിലെ ബാക്കിയുള്ളവരായ അരിവാൾ പ്രാഞ്ചി (സലിം കുമാർ) ,പൊട്ടൻ (വിനായകൻ) എന്നിവരുടെ പ്രകടനവും മികച്ചതായി. സലിം കുമാറിനെത്തന്നെ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിരിക്കുന്നു. ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു പിടി കഥാപാത്രങ്ങൾ വേറെയുമുണ്ട് സിനിമയിൽ അവസരം തേടിപ്പോയി ജീവിതം നഷ്ടപ്പെടുത്തിയ ചായക്കടക്കാരി (പ്രിയങ്ക), മോഹന്റെ അടുത്ത സുഹൃത്തായ സ്റ്റാർ സ്റ്റുഡിയോക്കാരൻ എന്നിവർ ഉദാഹരണം. ശ്രുതി ,മോഹന്റെ മകനായി വന്ന ബാലതാരം എന്നിവരും ഒട്ടും തന്നെ മോശമാക്കിയില്ല. ബിജിപാലിന്റെ സംഗീതവും ഛായാഗ്രാഹണവും ചിത്രത്തോടൊട്ടി നിൽക്കുന്നു.

സങ്കീർണ്ണമായ തിരക്കഥയോ, നാടകീയമായ സംഭാഷണങ്ങളോ ചിത്രത്തെ ഏറ്റെടുക്കുന്നില്ല. പുതു മുഖ സംവിധായകനെങ്കിലും കഥാപാത്രങ്ങളെയെല്ലാം തന്നെ മികച്ച രീതിയിൽ ഉപയോഗിച്ച മാർട്ടിൻ പ്രക്കാട്ടിന്റെ പ്രതിഭ കന്നിച്ചിത്രത്തിൽ തന്നെ വെട്ടിത്തിളങ്ങുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് തന്നെ വേറിട്ടൊരനുഭവമാക്കാൻ അദ്ദേഹത്തിനായി.

ചൂണ്ടിക്കാണിക്കാൻ പിഴവുകൾ ഏറെയില്ലെങ്കിലും, എഡിറ്റിംഗിലെ അപാകതയെന്ന വണ്ണം ചെറുതെങ്കിലും അനാവശ്യ ഷോട്ടുകൾ ഇടക്ക് കടന്നു കൂടിയിട്ടുണ്ട്. രാത്രിയായെന്നു കാണിക്കാൻ നേരത്തെയെടുത്തു വെച്ച അസ്തമയ സൂര്യനെ കാണിക്കുന്നത് തന്നെ ഒരു ഉദാഹരണം, 'ബെസ്റ്റ് ആക്ടർ' എന്ന പശ്ചാത്തല സംഗീതം അല്പ്പം ബഹളമയമായി അരോചകമാവുന്നോ എന്നും സംശയം തോന്നാം. കഥാ പാത്രങ്ങളുടെ കാര്യത്തിലുമുണ്ട് ചില്ലറ പിഴവുകൾ പേരെടുത്ത ഗുണ്ടകളെങ്കിലും പേരിനെങ്കിലും ഒരു മൂർച്ചയുള്ള പേനാക്കത്തി പോലുമില്ലാതെ തുരുമ്പിച്ച ആയുധങ്ങളുമായി പണിക്കിറങ്ങുന്ന ഡെൻ വറശാനും സംഘവും ചിരിയുണർത്തുമെങ്കിലും യുക്തിപരമായി ചിന്തിച്ചാൽ പോരായ്മയായി തോന്നാം. വായിൽക്കൊള്ളാത്ത പേരുകളുള്ള സിനിമകളെയും, സംവിധായകരെയും ആരാധിക്കുന്ന ഒരു പറ്റം ആളുകൾ കേവലം ഒരു മന്ദ ബുദ്ധിയെന്നു തോന്നിക്കുന്നവനെ വെച്ച് സിനിമ എടുക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയും ഹാസ്യത്തിനെന്ന് കരുതി സമാധാനിക്കാം.ശ്രീനിവാസൻ അവതരിപ്പിച്ച സംവിധായകൻ ശ്രീകുമാർ കയ്യടി നേടുന്നുണ്ടെങ്കിലും അദ്ദേഹത്തിനു പുതുതായി ഒന്നുമേ ചെയ്യാനില്ലെന്നതാണ്‌ വാസ്തവം.

അടുത്തിടെയായി ഇറങ്ങിയ മാരകമായ ചില ചിത്രങ്ങൾ കണ്ട ക്ഷീണം മാറി മനസ്സിനൊരുണർവ്വ് വന്നത് ബെസ്റ്റ് ആക്റ്റർ കണ്ടപ്പോഴാണ്‌, ഒറ്റയ്ക്ക് കാണാതെ കുടുംബസമേതം കാണേണ്ടുന്ന ചിത്രമെന്ന് ഒറ്റ വാക്കിൽ നിർവ്വചിക്കാവുന്ന കാമ്പുള്ള സിനിമ.


വാൽക്കഷ്ണം

സിനിമയ്ക്ക് മുൻപ് പരസ്യചിത്രങ്ങൾക്കൊപ്പം 'തണൽ' എന്ന പേരിൽ സംസ്ഥാനം നിർമ്മിച്ച ഒരു ഹൃസ്വ ചിത്രം കാണിക്കുകയുണ്ടായി, പെൺകുട്ടിയോട് വീട്ടുകാർ വിവേചനം കാണിക്കുന്നതും ഒടുവിൽ വാർധക്യത്തിൽ തണലായി ഐ.പി.എസ്സ് കാരിയായി മകൾ വരുന്നതുമൊക്കെയായിരുന്നു പ്രമേയം, കണ്ടപ്പോൾ കഷ്ടം (അതിനു ചിലവഴിച്ച പണത്തെക്കുറിച്ചോർത്ത്) തോന്നി.


Monday, December 6, 2010

സഹസ്രത്തിലെ സഹസ്രമുഖന്മാർ



സിനിമാ കലാ സംവിധായകനായ വൈശാഖന്റെ കാമുകി യമുന (സരയു) ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ വെള്ളച്ചാട്ടത്തിൽ ചാടി ജീവനൊടുക്കുന്നു. തന്റെ കാമുകിയുടെ മരണത്തിനു കാരണക്കാരനും സ്ത്രീലമ്പടനും സർവ്വോപരി മന്ത്രി പുത്രനുമായ വില്ലൻ നടൻ സുധീറിനോട് (സുരേഷ് കൃഷ്ണ) അടങ്ങാത്ത പകയുമായി കഴിയുന്ന വൈശാഖൻ 'യക്ഷിയമ്പലം' എന്ന പുതിയ സിനിമയ്ക്ക് സെറ്റൊരുക്കാനായി ഡോ വൃന്ദയുടെ (ലക്ഷ്മി ഗോപാലസ്വാമി) ഉടമസ്ഥതയിലുള്ള ഒരു പഴയ ത്തുകയും, എന്നാൽ അവിടെ വെച്ച് അയാൾക്ക് ചില വിചിത്രാനുഭവങ്ങളുഭവങ്ങളുണ്ടാവുകയും ചെയ്യുന്നു. ആ മനയിൽ ജീവിച്ചിരുന്ന ശ്രീദേവിയെന്ന പെൺകുട്ടിക്കും (കാതൽ സന്ധ്യ) കുടുംബത്തിനും നേരിടേണ്ടി വന്ന ചില സംഭവ വികാസങ്ങൾ ഒരു മായക്കണ്ണാടിയിലെന്ന വണ്ണം വൈശാഖനു മുൻപിൽ അനാവരണം ചെയ്യപ്പെടുന്നു. യക്ഷിയമ്പലത്തിൽ അഭിനയിക്കാനെത്തുന്ന സുപ്രിയ എന്ന പുതു മുഖ നായികയ്ക്ക് ശ്രീ ദേവിയുടെ മുഖഛായയാനെന്നു തിരിച്ചറിയുന്ന വൈശാഖൻ കൂടുതൽ പരിഭ്രാന്തനായിത്തീരുന്നു. എന്നാൽ മയക്കുമരുന്നിനടിമയായ അയാളുടെ വാക്കുകൾ ആരും മുഖവിലയ്ക്കെടുക്കുന്നതുമില്ല. യക്ഷിയമ്പലത്തിൽ വില്ലൻ റോൾ അഭിനയിക്കാനെത്തുന്ന സുധീർ ഇതിനിടയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു തുടർന്ന് കേസന്വേഷിക്കാനായി എസ്.പി വിഷ്ണു സഹസ്രനാമം (സുരേഷ് ഗോപി) എത്തുകയും അദ്ദേഹത്തിന്റെ സമർത്ഥമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ദുരൂഹമായ പല സത്യങ്ങളും മറ നീക്കി പുറത്തേയ്ക്കെത്തുകയും ചെയ്യുന്നു.

മിനി സ്ക്രീനിലെ നിരവധി അപസർപ്പക സീരിയലുകളുടെ ഉപജ്ഞാതാവായ ഡോ എസ് ജനാർദ്ദനൻ കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ മൂവിയായ സഹസ്രത്തിൽ യുക്തിയുടെ അതിർ വരമ്പുകൾ ഭേദിക്കുന്ന ഒരു പ്രമേയമാണുള്ളതെങ്കിലും മനുഷ്യന്റെ സങ്കീർണ്ണമായ മാനസിക വ്യാപാരങ്ങൾ ചേർത്തു വായിക്കുമ്പോൾ വിശ്വസനീയമായ തലത്തിലേക്കെത്തുന്ന ചിത്രത്തിന്റെ കഥാഗതിയാണ്‌ ഏറ്റവും ആകർഷകം. ഇഞ്ചൊടിഞ്ച് സമവാക്യങ്ങൾ മെനഞ്ഞ് ഒടുവിൽ പ്രതികളിലേക്കെത്തുന്ന പതിവു രീതിയിൽ നിന്നും വ്യതിചലിച്ച് തികച്ചും വ്യത്യസ്തമായ ഒരു കുറ്റാന്വേഷണാനുഭവം സമ്മാനിക്കുവാൻ ചിത്രത്തിനാകുന്നുണ്ട്. മിനിസ്ക്രീനിന്റെ പ്ലാറ്റ്ഫോമിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് മാറിയപ്പോഴും തികഞ്ഞ കയ്യടക്കമുള്ള അവതരണ രീതി നില നിർത്തുവാൻ സംവിധായകനായി. തികച്ചും സരസനായ ഒരു പോലീസുദ്യോഗസ്ഥനായി രംഗത്തെത്തിയ സുരേഷ് ഗോപിയുടെ അയാസ രഹിതമായ അവതരണ ശൈലി നമ്മെ വിസ്മയിപ്പിക്കും. പ്രത്യേക മാനസികാവസ്ഥയിലുള്ള വൈശാഖൻ എന്ന കഥാ പാത്രത്തെ അതി ഭാവാഭിനയങ്ങളൊന്നും കൂടാതെ തന്നെ മികച്ചതാക്കിയ ബാലയുടെ പ്രതിഭയും എടുത്തു പറയേണ്ടൂന്നതാണ്‌. ജഗതി ശ്രീകുമാർ, സുരേഷ് കൃഷ്ണ, റിസബാവ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം ഇരട്ട വേഷങ്ങളിലെത്തിയ സന്ധ്യ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ ശക്തമായ സ്ത്രീ സാന്നിധ്യമായി. കൊച്ചു പ്രേമൻ അവതരിപ്പിച്ച വല്യത്താൻ എന്ന സിനിമാ നിർമ്മാതാവ് വ്യത്യസ്തമായ ഒരു നർമ്മാനുഭവമായി ഛായാഗ്രാഹണം, സംഗീതം എന്നിവയിലും മികവു പുലർത്തിയ സഹസ്രം അമിതമായ ഗ്രാഫിക്സോ ഇഫക്ട്സോ കൂടാതെ തന്നെ ഭയാനക രംഗങ്ങൾ മികച്ചതാക്കി.

അടുത്തിടെ വന്നു പോയ പല ഹൊറർ സസ്പെൻസ് ചിത്രങ്ങളേക്കാൾ മികച്ച നിലവാരം പുലർത്തുന്ന ചിത്രമാനെങ്കിലും കാലാനുസൃതമായ ചില പൊരുത്തക്കേടുകൾ ചിത്രത്തിലിടം പിടിച്ചിട്ടുണ്ട്. ഇരുപതോളം വർഷങ്ങൾക്ക് മുൻപ് നടന്നതെന്നു പറയപ്പെടുന്ന പല സംഭവങ്ങളും അവ നടക്കുന്ന സാഹചര്യങ്ങളും പറഞ്ഞിരിക്കുന്ന സമയത്തിന്റെ മൂന്നിരട്ടിയിലധികം പഴമ ദ്യോതിപ്പിക്കുന്നുണ്ട്. കഥാപാത്ര സംബന്ധമായ ചില്ലറ പൊരുത്തക്കേടുകൾ വേറെയുമുണ്ടെങ്കിലും ചിത്രം സമ്മാനിക്കുന്ന മികച്ച ദൃശ്യാനുഭവത്തിന്റെ ബലത്തിൽ അവയൊക്കെ വിസ്മൃതമാവുന്നു.

മലയാള സിനിമയിൽ കാലാകാലങ്ങളായി വെള്ള സാരിയുടുത്ത് അട്ടഹസിക്കുകയും ,പാട്ടുപാടുകയും ഒടുവിൽ ഒരു മഹാമാന്ത്രികനാൽ ആവാഹിക്കപ്പെടാനുംവിധിക്കപ്പെട്ടിരുന്ന യക്ഷിയെ നൂതനമായ രീതിയിൽ അവതരിപ്പിച്ച 'സഹസ്രം' പുതുമയില്ലാത്ത കഥകൾ കണ്ടു വലഞ്ഞ മലയാളിക്കായി ഉണർവ്വിന്റെ നവ്യാനുഭവം പ്രദാനം ചെയ്യുന്നു.

Wednesday, December 1, 2010

സ്മോള്‍ ഫാമിലി ആഹാ സ്മോള്‍ ഫാമിലി



സബ് രജിസ്ട്രാര്‍ വിശ്വനാഥന്‍ (രാജ സേനന്‍) ഭാര്യ കൗസല്യ (സീത) മകള്‍ അമ്മു (ആനന്യ) എന്നിവരടങ്ങിയ ഈ ചെറിയ കുടുംബത്തിനു ആകെയുള്ള ഒരു പ്രശ്നം വീടിനു മുന്‍പില്‍ ഒരു വിദേശമദ്യ ഷോപ്പ് ഉണ്ടെന്നതാണ്. ഇതിനിടയില്‍ അമ്മുവിന്റെ കാമുകനായ കിഷോര്‍ (കൈലാഷ്) എന്ന ചെറുപ്പക്കാരന്‍ രംഗപ്രവേശനം ചെയ്യുന്നു, കള്ള വാറ്റില്‍ തുടങ്ങി വമ്പന്‍ മദ്യ വ്യവസായത്തിലെത്തി നില്‍ക്കുന്ന പുകള്‍ പെറ്റ ഒരു കുടുംബത്തിലെ ഇളമുറക്കാരനാണ് കിഷോര്‍, വിശ്വനാഥന്‍ സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങള്‍ക്കകപ്പെട്ട് മദ്യപാനം ആരംഭിക്കുന്നു, തന്റെ പേരും അഭിമാനവും കളഞ്ഞു കുളിച്ച് ഒരു മുഴുക്കുടിയനാകുന്ന വിശ്വനാഥന്‍ ഒടുവില്‍ മരണാസന്നനായി ആശുപത്രിയിലാകുന്നു. അസഹനീയവും അപക്വവുമായ മുഹൂര്‍ത്തങ്ങള്‍ പിന്നിട്ട് പ്രശ്നക്കാരെല്ലാം ദുശ്ശീലങ്ങള്‍ അവസാനിപ്പികുകയും കാര്യങ്ങളെല്ലാം കലങ്ങിത്തെളിയുകയും ചെയ്യുന്നിടത്ത് സിനിമ പൂര്‍ണ്ണമാകുന്നു.

തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ മുംബൈയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്ത മുഖപരിചയമില്ലാത്തവരെയും (പ്രത്യേകിച്ച് നടികള്‍) , കുറച്ചെങ്കിലും പരിചയമുള്ള അഭിനേതാക്കളേയും വെച്ച് തരം താഴ്ന്ന ഡയലോഗുകളും സീനുകളും കുത്തി നിറച്ച 'ഉച്ചപ്പടങ്ങള്‍' ധാരാളമായി ഇറങ്ങിയിരുന്നു, അത്തരം സിനിമകളില്‍ പോലും പരീക്ഷിച്ചിട്ടില്ലാത്ത തരം കോള്‍മയിര്‍ക്കൊള്ളിക്കുന്ന ഡയലോഗുകള്‍ ധാരാളമുണ്ട് സ്മോള്‍ ഫാമിലിയില്‍. ഒരു സമ്പൂര്‍ണ്ണ കുടുംബമായി കാണിച്ചു തുടങ്ങുന്ന വിശ്വനാഥന്റെ കുടുംബത്തിന് കുടിയന്മാരോടുള്ള സമീപനം കണ്ടാല്‍ ആരും അന്തം വിട്ടു പോകും, കുടിയന്മാര്‍ക്ക് ഓം ലറ്റും, അച്ചാറും വിതരണം ചെയ്യുകയും പ്രതിഫലമായി കുടിയന്മാരെക്കൊണ്ട് വീടു വൃത്തിയാക്കിപ്പികുകയും (അതും ബ്ലീചിംഗ് പൗഡര്‍ വാരി വിതറി) ചെയ്യുന്ന കൗസല്യയുടെ അഭിപ്രായത്തില്‍ 'കുടിയമാര്‍ നല്ല സ്നേഹമുള്ളവരാണ്'. ഇതു മാത്രമല്ല ഉപ്പ്മാവ് വാങ്ങാന്‍ സ്കൂള്‍ കുട്ടികള്‍ അനുസരണയോടെ ക്യൂ നില്‍ക്കുന്നതു പോലെ കുടിയന്മാര്‍ കുപ്പി വാങ്ങാന്‍ നില്‍ക്കുന്ന ദൃശ്യം ഇടക്കിടെ ഒളിഞ്ഞ് നോക്കുന്നത് ബോറടി മാറ്റനുള്ള ഉഗ്രന്‍ പോംവഴിയത്രെ! ഇത്രയും വിശാല മനസ്കയായ കൗസല്യ സ്വന്തം ഭര്‍ത്താവ് കുടിച്ച് ബോധമില്ലാതെ വീട്ടിലെത്തുമ്പോള്‍ കരഞ്ഞു നില വിളിക്കുമെന്നത് വേറേ കാര്യം. അപരിചിതനായ ഒരാള്‍ (അനില്‍ പനച്ചൂരാന്‍) ബാറിലെ ഭീകരമായ !!! അന്തരീക്ഷത്തില്‍ വെച്ച് തലയിലേക്ക് മദ്യം ഒഴിച്ചപ്പോള്‍ വിശ്വനാഥന്‍ മുഴുക്കുടിയനായി മാറുകയായിരുന്നു (എന്തൊരു അത്ഭുത പ്രതിഭാസം!).

പാരമ്പര്യമായി കള്ള വാറ്റു നടത്തുന്ന കിഷോറിന്റെ കുടുംബമായ 'മാന്‍ഷന്‍ ഹൗസില്‍' മുത്തച്ഛനടക്കം മികവരും നിരവധി ബലാത്സംഗ കേസില്‍ പ്രതികളും തികഞ്ഞ തെമ്മാടികളുമാണത്രെ, മദ്യപാനം ഒരു കുടുംബമഹിമയായി കാണുന്ന ഇക്കൂട്ടരുടെ വീട്ടിലെ ഇളയ പെണ്‍കുട്ടിയെ കെട്ടാനെത്തുന്നതോ പെണ്‍ കുട്ടികളെ വെച്ച് നഗ്ന വീഡിയോ എടുക്കുന്ന ഒരു ഞരമ്പ് രോഗിയും. ഇത്ര മനോഹരമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നെത്തുന്ന കിഷോറിന്റെ തനി നിറം മനസ്സിലാക്കിയിട്ടും അമ്മുവിന് അവനോട് കടുത്ത പ്രേമം !, വഷളന്‍, അറു വഷളന്‍ കാറ്റഗറിയില്‍ പെടുത്താവുന്ന കുറേ കഥാ പാത്രങ്ങളെ അഭിനേതാക്കളെല്ലാവരും തന്നെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു, കെ .പി .എസ് . സി ലളിത കലാഭവന്‍ മണി, സുരാജ് അങ്ങനെയെല്ലാവരും തന്നെ അസഹനീയ പ്രകടനം നടത്തുന്നുവെങ്കിലും കൈലാഷിനെയും, രാജസേനനേയും കടത്തി വെട്ടാന്‍ അവര്‍ക്കാര്‍ക്കും കഴിയുന്നില്ല എന്നത് അങേയറ്റം ദു;ഖകരമായ വസ്തുതയാണ്.വളരെക്കാലത്തിനു ശേഷം, വിം കലക്കിയത് കൊടുത്ത് ആളുകളെ കക്കൂസിലേക്ക് ഓടിക്കുക എന്ന കമീയമായ ഹാസ്യാചാരം ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരികയെത്തുകയും ചെയ്യുന്നുണ്ട്.

സംഗീതം ഛായാഗ്രാഹണം ,സാങ്കേതികത്തികവ് എന്നീ മേഘലകളിലെങ്കിലും മേന്മകള്‍ കണ്ടെത്താന്‍ ഞാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും, കല്യാണ വീഡിയോയുടെ നിലവാരം പോലുമില്ലാതെ എഡിറ്റ് ചെയ്ത് വികലമാക്കിയ ഗാനങ്ങളും, ബഹളമയമായ സംഗീതവുമൊക്കെ വിലയിരുത്താന്‍ ഞാന്‍ അശക്തനാണ്.

എപ്പോള്‍ ടിവിയില്‍ വന്നാലും കണ്ടിരുന്നു പോകുന്ന ഒരു പറ്റം ശുദ്ധ ഹാസ്യ സിനിമകള്‍ സമ്മാനിച്ച രാജസേനന്‍ തന്നെയാണ് ഈ 'സ്മോള്‍ ഫാമിലിയും' സംവിധാനം ചെയ്തതെന്ന്‍ വിശ്വസിക്കുക പ്രയാസം, രാജസേനനേയും അദ്ദേഹത്തിന്റെ സിനിമകളേയും സ്നേഹിക്കുന്ന ആരും തന്നെ ഈ സിനിമ കാണാതിരിക്കുക പ്ലീസ്....

അവലോകന സാരം: എന്റെ രണ്ട് പ്രധാന ശത്രുക്കള്‍ക്ക് ഞാന്‍ ഈ സിനിമയ്ക്ക് ടിക്കട് റിസര്‍വ്വ് ചെയ്ത് കൊടുക്കാന്‍ തീരുമാനിച്ചു.

Tuesday, November 23, 2010

'കോളേജ് ഡേയ്സ് ' ഒരു പ്രതികാര കഥ




ചന്ദ്രകാന്തം ഫിലിംസിന്റെ ബാനറില്‍ ജി.എന്‍ കൃഷ്ണകുമാര്‍ കഥയും തിരക്കഥയും തയ്യാറാക്കി സംവിധാനം ചെയത ചിത്രമാണ് 'കോളേജ് ഡേയ്സ്'. ഇന്ദ്രജിത്തിനൊപ്പം ഒരു പിടി യുവ താരങ്ങളും അണി നിരക്കുന്ന ഈ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരു പ്രതികാരത്തിന്റെ കഥ പറയുന്നു.

അസ്സീസിയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ആതിര (ഭാമ) അതേ കോളേജിലെ ഒരു പറ്റം തല തെറിച്ച പിള്ളേരുടെ അഹന്തയുടെ ഫലമായി കൊല്ലപ്പെടുന്നു, മൂന്നു ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ഗ്യാങ്ങിന്റെ ലീഡര്‍ മന്ത്രി കുമാരനായ സതീഷാണ് (റിയാന്‍). ഇവര്‍ സ്വേച്ഛമായി വിഹരിക്കുന്ന ക്യാമ്പസിലേക്കാണ് ഹൗസ് സര്‍ജന്‍സി ചെയ്യാനായി രോഹിത് മേനോന്‍ (ഇന്ദ്രജിത്ത് )രംഗ പ്രവേശം ചെയ്യുന്നത്. തന്റേടിയായ രോഹിത് മേനോന്‍ പതിവു പോലെഅഞ്ചു പേരുടേയും കണ്ണിലെ കരടാവുകയും അവര്‍ പക പോക്കുകയും ചെയ്യുന്നു. എന്നാല്‍ തങ്ങള്‍ ഓരോരുത്തരെയും തേടിയെത്താന്‍ പോകുന്ന ക്രൂരമായ വിധിയെക്കുറിച്ച് അവര്‍ തികച്ചും അജ്ഞരായിരുന്നു.

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഒട്ടു മിക്ക സസ്പെന്‍സ് ത്രില്ലറുകളിലേയും കൊലയാളികളെല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ കവര്‍ന്നെടുത്ത പൈശാചികന്മാരായ വില്ലന്മാരെ ഉന്മൂലനം ചെയ്യാനാണ് രംഗത്തു വന്നിട്ടുള്ളത്. ഇത്തരം സിനിമകള്‍ കണ്ട് വളര്‍ന്ന ഒരു മലയാളി പ്രേക്ഷകന് ആദ്യത്തെ അരമണിക്കൂറിനുള്ളില്‍ ഊഹിച്ചെടുക്കാനാവുന്ന നിസ്സരമായ കഥാ ഗതിയാണ് ത്രില്ലറിന്റെ പ്രധാന പോരായ്മ. കെട്ടിലും മട്ടിലും ഒരു മാറ്റവും വരുത്താതെ മലയാളിയുടെ പാരമ്പര്യ ത്രില്ലര്‍ കന്‍സെപ്റ്റില്‍ വാര്‍ത്തെടുക്കപ്പെട്ട 'കോളേജ് ഡേയ്സ്' തെലുങ്ക് ചിത്രങ്ങളിലെ പോലെ നിയമങ്ങള്‍ക്ക് അതീതരായ കഥാപാത്രങ്ങളാല്‍ സമ്പന്നമാണ്. സ്വന്തം പിതാവിന്റെ മുന്നില്‍ വെച്ച് നിസ്സാര കാര്യങ്ങള്‍ക്കു പോലും ഉയര്‍ന്ന ഉദ്യോഗസ്ഥരെ അടിച്ചു വീഴ്ത്താന്‍ തക്ക ധാര്‍ഷ്ഠ്യമുള്ള കൊള്ളരുതാത്തവനും 'മസിലനുമായ' മന്ത്രി കുമാരനും അയാളുടെ സില്‍ബന്തികളായ പെണ്‍കുട്ടികളടക്കമുള്ള കൂട്ടരും നൂലില്ലാത്ത പട്ടം പോലെ ഇങ്ങനെ ക്യാമ്പസില്‍ പാറി നടക്കുകയാണ്, ആന്‍ പെണ്‍ ഭേദമന്യേ പാതിരാത്രിയില്‍ പോലും ഏതു ഹോസ്റ്റലിലും കടന്നു ചെല്ലുന്ന ഇവര്‍ തങ്ങള്‍ക്ക് വിരോധമുള്ളവരെ ചിലപ്പോള്‍ തള്ളിയിട്ടൊ അല്ലാതെയോ കൊല്ലാന്‍ കെല്‍പ്പുള്ളവരുമാണ്. (പടത്തിന്റെ തുടക്കത്തില്‍ തന്നെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഡമ്മി താഴേക്ക് വലിച്ചെറിയല്‍ എന്ന ക്ലീഷേ കലാപരിപാടി ഒഴിവാക്കാമായിരുന്നു) ഇതൊന്നും കൂടാതെ കൊലപാതകം നടത്താന്‍ തക്കവണ്ണം വിജനമാക്കപ്പെട്ട ഹോസ്റ്റലും, ആശുപത്രിയും, കാവല്‍ക്കാരനില്ലാത്ത മോര്‍ച്ചറി എന്നിങ്ങനെ സാമാന്യ ബോധത്തിനു വെല്ലു വിളി ഉയര്‍ത്തുന്ന ഒട്ടനവധി സന്ദര്‍ഭങ്ങളും സുലഭം.(ചിലയിടത്തൊക്കെ ഇരകള്‍ 'എന്നെക്കൊന്നോളൂ " എന്ന മട്ടില്‍ കൊല നടത്താന്‍ പര്യാപ്തമായ ചുറ്റുപാടിലേക്ക് കയറിച്ചെല്ലുന്നതും കാണാം) റോണി റാഫേലിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച 'വെണ്‍ നിലാവിന്‍' എന്ന ഗാനം മികവു പുലര്‍ത്തുന്നെങ്കിലും 'ജഗണു ജഗണു' എന്ന ഗാനം ഗായകന്‍ ശങ്കര്‍ മഹാദേവനോട് നീതി പുലര്‍ത്തിയില്ല. സംഭാഷണങ്ങള്‍ ചിലയിടങ്ങളില്‍ അരോചകമാവുന്നെകിലും സന്ധ്യക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് ചിലപ്പോഴൊക്കെ ചീവീടിന്റെ കരച്ചില്‍ പോലെ ചെവി തുളച്ചു കയറുന്നുമുണ്ട്. പശ്ചാത്തല സംഗീതമാവട്ടെ ബഹളമയവും.ആരെങ്കിലും ഒരു തമാശക്കാരനിരിക്കട്ടെ എന്ന നിലയില്‍ 'ഷൈന്‍ രാജ്' ' എന്ന പേരില്‍ സുരാജിനെക്കൊണ്ട് കോമാളി വേഷം കെട്ടിച്ചിരിക്കുന്നു.

ജഗതി ശ്രീകുമാറിന്റെ കോളേജ് പ്രിന്‍സിപ്പള്‍, അമല എന്ന വിദ്യാര്‍ഥിനി എന്നിങ്ങനെ അപൂര്‍ണ്ണമായതും, സായ് കുമാറിന്റെ മന്ത്രി രാമകൃഷ്ണന്‍ എന്ന അസ്തിത്വമില്ലാത്ത കഥാപാത്രവുമടക്കമുള്ള പൊരുത്തക്കേടുകള്‍ പിന്നെയുമുണ്ടെങ്കിലും. തുടക്കക്കാരനെന്ന നിലയില്‍ സംവിധായകന്‍ ജി എന്‍ കൃഷ്ണകുമാര്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്, അത്രയൊന്നും മുഷിപ്പിക്കാതെ കാണികളെ പിടിച്ചിരുത്താന്‍ ചിത്രത്തിനാകുന്നുണ്ട്. ഛായാ ഗ്രാഹണവും എഡിറ്റിംഗും ശരാശരിയെങ്കിലും സാങ്കേതികമായി (പിക്ചര്‍, സൗണ്ട് ക്വാളിറ്റി) മികവു പുലര്‍ത്താന്‍ ചിത്രത്തിനായി. രോഹിത് മേനോനായി വന്ന ഇന്ദ്രജിത് തന്റെ വേഷം മികവുറ്റതാക്കി, സംവിധായകന്റെ പിടിപ്പുകേട് ചിലയിടങ്ങളിലുണ്ടെന്നല്ലാതെ ഒരു പിഴവും രോഹിത് മേനോനില്ല. സുദീപ് എന്ന പോലീസ് കമ്മീഷണറായി വന്ന ബിജു മേനോനും വില്ലനായ സതീശായി വന്ന റിയാനും തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. (നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജ കുമാരി എന്ന ചിത്രത്തിലാണ് നാം റിയാനെ ഇതി മുന്‍പ് കണ്ടിട്ടുള്ളതെന്നു തോന്നുന്നു), സന്ധ്യ, ധന്യ മേരി വര്‍ഗ്ഗീസ്, രാജ് മോഹനന്‍, പദ്മ സൂര്യ എന്നിവരൊക്കെ മികച്ച പ്രകടനം നടത്തി. സംവിധായകന്റെ ക്രാഫ്റ്റ് കയ്യിലുള്ള ജി എന്‍ കൃഷ്ണകുമാറിന് ഭാവിയില്‍ മികച്ച ചിത്രങ്ങളൊരുക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

അവലോകന സാരം: പുതുമകളൊന്നുമില്ലെങ്കിലും മുഷിപ്പിക്കാത്ത ഒരു പ്രതികാര കഥ.


അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ ശ്രീ. വേണു നാഗവള്ളി അവസാനമായി ചെറിയ റോളിലെങ്കിലും, അഭിനയിച്ച ചിത്രമാണിത്, രോഗാധിക്യം മൂലമുള്ള അവശത അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു, ആ കലാകാരനെ നമുക്ക് ഒരിക്കല്‍ കൂടി സ്മരിക്കാം.


Thursday, November 18, 2010

ത്രില്ലര്‍ ശരിക്കുമൊരു സസ്പന്‍സ് ത്രില്ലര്‍




കേരളത്തില്‍ നാം നേരിടുന്ന രാഷ്ട്രീയ സാമ്പത്തിക അസമത്ത്വങ്ങളെക്കുറിച്ച് ഉത്തമ ബോധവാനാണ് ശ്രീ ബി ഉണ്ണിക്കൃഷ്ണന്‍,ജീവിത ഗന്ധിയായ സിനിമകളുടെ അണിയറയില്‍ നിന്നും സംവിധായകനെന്ന ലേബലിലേക്ക് ചുവടു മാറിയപ്പോള്‍ കേരളം നേരിടുന്ന ഭീഷണികള്‍ തന്നെയായിരുന്നു അദ്ദേഹം തന്റെ ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളാക്കിയത്. തന്റെ മുന്‍ കാല ചിത്രങ്ങളുടെ ജയ പരാജയങ്ങളില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ടു കൊണ്ട് ഒരു തികച്ചും വ്യത്യസ്തമായ ഒരു സസ്പന്‍സ് ത്രില്ലര്‍ അണിയിച്ചൊരുക്കിയ ശ്രീ ബി ഉണ്ണിക്കൃഷ്ണന് അനുമോദങ്ങള്‍.

നീതിമാനും, ധീരനുമാണ് ഡി സി പി നിരജ്ഞന്‍ (പൃഥിരാജ്), കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന അദ്ദേഹത്തിന് മേലുദ്യോഗസ്ഥരുടെ ശകാരങ്ങളും, അഭിനന്ദനങ്ങളും ഒരു പോലെ അനുഭവിക്കേണ്ടി വരുന്നുണ്ട്. പ്രമുഖ യുവ വ്യവസായിയും സമ്പന്നനുമായ സൈമണ്‍ പാലത്തുങ്കല്‍ (പ്രജന്‍) ഇതിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. അന്വേഷണ ചുമതല ഏറ്റെടുക്കുന്ന നിരജ്ഞന് കൃത്യ നിര്‍വ്വഹണത്തിനിടയില്‍ തന്റെ പൂര്‍വ്വകാമുകി മീര (കാതറീന്‍), ദുബായ് അധോലോക നേതാവ് മാര്‍ട്ടിന്‍ ദിനകര്‍ (സമ്പത്ത്) തുടങ്ങി ഒട്ടനവധി ആളുകളുമായി ഇടപെടേണ്ടിയും വരുന്നുണ്ട്.നിരജ്ഞന്റെ പ്രയത്നങ്ങള്‍ക്കൊടുവില്‍ കൊലപാതകത്തിനു പിന്നിലെ ദുരൂഹത മറനീക്കപ്പെടുകയും പ്രതി വെളിച്ചത്തു വരികയും ചെയ്യുന്നു.

വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടെങ്കിലും സൂപ്പര്‍ താര ചിത്രങ്ങളിലെ ചില മാമ്മൂല്‍ ചടങ്ങുകള്‍ ത്രില്ലറിലുമുണ്ട്. നായകന്‍ തൊടുന്ന മാത്രയില്‍ വില്ലന്മാര്‍ നിലം തൊടാതെ പറക്കുന്നതും, ഗുണ്ടകള്‍ ഓരോരുത്തരായി ഊഴം വെച്ച് നായകന്റെ ഇടി കൊള്ളാന്‍ വരുന്നതുമൊക്കെ ഒരു സൂപ്പര്‍ താര ത്രില്ലര്‍ സിനിമയുടേ അവിഭാജ്യ ഘടകമെന്ന പ്രതീതി തോന്നിക്കത്തക്ക വണ്ണം ചമച്ചിട്ടുണ്ട്. അല്‍പ വസ്ത്രധാരിണികളെ വെച്ചുള്ള ഗാനവും മറ്റും ഒരു ഐറ്റം നമ്പര്‍ എന്നതിലുപരിയായി സിനിമയുടെ ഘടനയോടൊത്തു പോകുന്നില്ലെന്നതും ന്യൂനതയായി തോന്നാം.

പൃഥ്വിരാജെന്ന നടന്റെ ഫ്ലക്സിബിലിറ്റി വ്യക്തമാക്കുന്ന ചടുലന്‍ ആക്ഷന്‍ രംഗങ്ങള്‍, സാധാരണക്കാരനായ പ്രേക്ഷകനെ കയ്യടിക്കാന്‍ പ്രേരിപ്പിക്കുന്ന പഞ്ചിംഗ് ഡയലോഗുകള്‍ അവതരണത്തിലെ ചടുലത തുടങ്ങി ഒട്ടനവധി മേന്മകള്‍ ത്രില്ലറിലുണ്ട്. നിരഞ്ജന്‍ എന്ന കഥാപാത്രത്തെ തികഞ്ഞ അര്‍പ്പണ ബോധത്തൊടേ സമീപിച്ചിരിക്കുന്ന പൃഥ്വി തന്റെ വേഷം മികവുറ്റതാക്കി. അന്തരിച്ച നടന്‍ സുബൈര്‍, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങി എല്ലാവരും തങ്ങളുടെ റോളുകള്‍ മികച്ചതാക്കിയപ്പോള്‍ മാര്‍ട്ടിന്‍ ദിനകറായി വന്ന സമ്പത്ത് നായകനൊപ്പം തന്നെ സ്ക്രീനില്‍ നിറ സാന്നിധ്യമായി. സംവിധാനം കൂടാതെ തിരക്കഥ, സംഭാഷണം എന്നിവയിലും ശ്രീ ബി ഉണ്ണിക്കൃഷ്ണന്റെ പ്രതിഭ മിന്നിത്തിളങ്ങിയിരിക്കുന്നു.

അവലോകന സാരം:

ത്രില്ലര്‍ സിനിമകള്‍ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്, യവനികയും, സി.ബി.ഐ ചിത്രങ്ങളുമൊക്കെ നേടിയ ജനപ്രീതി ഇത്തരം സിനിമകളോട് മലയാളികള്‍ക്കുള്ള പ്രിയം വ്യക്തമാക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കാണികളെ ആകാംക്ഷയോടെ പിടിച്ചിരുത്തുക എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ 'ദ ത്രില്ലര്‍' പ്രായഭേദമന്യേ അസ്വാദ്യകരമായ ഒരു കലാ സൃഷ്ടി തന്നെയാണ്.



Saturday, November 13, 2010

ഹോളി ഡേസ്.. ഹോളി ഡേസ്....



ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ബസ്സ് യാത്രയിലാണ​‍് ആല്‍ബിയുടെ (വിനു മോഹന്‍) നേതൃത്വത്തിലുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍, തങ്ങളിലൊരാളായ സുധിയുടെ (സുധീഷ്) കാമുകി മീരയെ (രൂപ ശ്രീ) വീണ്ടെടുക്കുകയാണ​‍് ലക്ഷ്യം. യാത്രക്കാരിലൊരുവളായ ലേഖയെ (ശ്രുതി ലക്ഷ്മി) ഇതിനിടയില്‍ ഒരു പറ്റം ഗുണ്ടകള്‍ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നു എന്നാല്‍ ആല്‍ബിയും കൂട്ടരും അവളെ രക്ഷിക്കുന്നു. നാട്ടിലെത്തി ആണ്‍ സുഹൃത്തുക്കള്‍ ഹോട്ടലില്‍ തങ്ങുകയും പെണ്‍ സുഹൃത്തുക്കള്‍ മീരയുടെ പിതാവും എം.എല്‍.എ യുമായ കെ. വി യുടെ (ദേവന്‍) കണ്ണില്‍പ്പെടാതെ അവളെ കടത്തിക്കൊണ്ട് പോകുവാനായി മീരയുടെ വീട്ടില്‍ത്തന്നെ താമസിക്കുകയും ചെയ്യുന്നു. കമ്മീഷണര്‍ വിനോദുമായി (കലാഭവന്‍ മണി) മീരയുടെ വിവാഹം കെ.വി ഉറപ്പിച്ചിരിക്കുകയാണ​‍്. എന്നാല്‍ തികച്ചും ആകസ്കമായ ചില സംഭവ വികാസങ്ങള്‍ ഇതിനിടയിലുണ്ടാവുകയും അവസാനം എല്ലാം കലങ്ങിത്തെളിയുകയും ചെയ്യുന്നു, ചിത്രത്തിന്റെ പ്രമേയം വളവുകള്‍ നിവര്‍ത്തിയെടുത്താല്‍ ഇതു പോലെ വായിക്കാമെങ്കിലും ഇതിനെ ഒരു സസ്പെന്‍സ് ത്രില്ലറും, എന്റര്‍ടെയ്നറുമൊക്കെയാക്കി മാറ്റാന്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്ന ചേരുവകള്‍ ചുവടെ കുറിക്കുന്നു...

ഗുണ്ടകള്‍ (ആവശ്യത്തിന​‍്)
പെട്ടി പരസ്പരം മാറിപ്പോകല്‍ പരിപാടി -1
മുഖം മൂടി ധരിച്ച അജ്ഞാത രൂപം - 1
കൊലപാതകം -1
കയ്പ്പേറിയ ബാല്യകാലാനുഭവം മാനസികരോഗിയാക്കിയ യുവാവ് -1
പൊട്ടിച്ചിരിപ്പിക്കുന്ന പഞ്ചിങ്ങ് ഡയലോഗുകള്‍ (ഡെക്കറേഷന​‍്)

ഇതയും ചേരുവകള്‍ ചേര്‍ത്ത പ്രമേയം ഇടക്കിടക്ക് ചാടി വരുന്ന രോമാഞ്ച കഞ്ചുകങ്ങളായ ഗാനങ്ങളുടെ (അതും പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിച്ചവ) അകമ്പടിയോടെ വിളമ്പിയാല്‍ ചിത്രം പൂര്‍ത്തിയായി.

ബഹുമുഖ പ്രതിഭയായ ശ്രീ അറ്റ്ലസ് രാമചന്ദ്രന്‍ (അഥവാ ഡോ എം എം രാമചങ്രന്‍) അവര്‍കളുടെ കന്നി സംവിധായക സംരംഭമായ ഹോളിഡെയ്സില്‍ ഇളമുറക്കാരായ വിനു മോഹന്‍, മുക്ത, രൂപ ശ്രീ, പ്രിയ, ബിയോണ്‍, രജിത് മേനോന്‍ എന്നിവരെ പ്രായെണ മുതിര്‍ന്നവരായ അനൂപ് ചന്ദ്രന്റെയും, സുധീഷിന്റെയും കൂടെ അണി നിരത്തി എന്നല്ലാതെ ഒരു വ്യത്യസ്തയും ഈ സിനിമയിലില്ല. വിദേശത്ത് പോയി പാട്ടുകള്‍ ഷൂട്ട് ചെയ്യാന്‍ കാണിച്ചതിന്റെ നാലിലൊന്ന്‍ ശുഷ്കാന്തി വേണ്ടപ്പെട്ടവര്‍ സംവിധാനത്തില്‍ കാട്ടിയിരുന്നെങ്കില്‍ അഭിനേതാക്കളുടെ പ്രകടനം ഇത്രത്തോളം ദയനീയമാവുകയില്ലാരുന്നു. ഹാസ്യ താരങ്ങളുടെ പ്രകടനം അവര്‍ണ്ണനീയം.കഥയും ടൈറ്റിലുമായി അവിഹിത ബന്ധം പോലും കണ്ടു പിടിക്കുക അസാധ്യവും.. ചിത്രത്തിലെ മര്‍മ്മ പ്രധാനമായ പഞ്ചിംഗ് ഡയലോഗുകള്‍ താഴെക്കൊടുക്കുന്നു.

" സര്‍ക്കാര്‍ ശമ്പളം അല്ലെ, അച്ചിയുടെ അനിയത്തിക്ക് പണ്ടം വാങ്ങാനും, അടിച്ചു തളിക്കാരിയുടെ അവിഹിത ഗര്‍ഭം അലസിപ്പിക്കാനും താന്‍ സര്‍ക്കാര്‍ ശമ്പളം ആണൊ ഉപയോഗിച്ചത്?'"

"ഏതു വലിയ സുന്ദരിയും ഒടുവില്‍ ഒരു പിടി ചാരം അല്ലെങ്കില്‍ മണ്ണിനടിയില്‍ അഴുകുന്ന അസ്ഥി കൂടം"

"എന്നെ ഇനി തല്ലലേ സാറെ എനിക്ക് നാലു ദിവസമായി വയറിളക്കമാണേ ഇനിയും തല്ലിയാല്‍ ഞാന്‍ ഇവിടാകെ തൂറി നാശമാക്കും"

നാം കണ്ടു മറന്ന പല അറു ബോറന്‍ സിനിമകളെക്കാളും സഹനീയമായ ഒരു ചിത്രം, അത്ര മെച്ചപ്പെട്ടതൊന്നുമല്ലെങ്കിലും ഒരു ചെറിയ സസ്പെന്‍സ് കാണികള്‍ക്ക് സമ്മാനിക്കാന്‍ ഹോളിഡേയ്സിനാകുന്നുണ്ട്. സമയവും, സന്മനസ്സും ഉള്ളവര്‍ക്ക് പുതു മുഖങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉചിതമായ ചിത്രം.

Sunday, November 7, 2010

അയ്യോ പിരാന കടിച്ചേ......



തികച്ചും ആകസ്മികമായാണ​‍് പിരാന കാണാന്‍ ഇടയായത്, കാര്യസ്ഥന്‍ സിനിമ മാറ്റിനിക്ക് ടിക്കട് റിസര്‍വ്വ് ചെയ്തിരുന്നു, രാവിലെ ഫ്രീയായിരുന്നതിനാല്‍ വെറുതെ പിരാന ഒന്നു കണ്ടാല്‍ കൊള്ളാമെന്നു തോന്നി, പിന്നെ ഒട്ടും വൈകിക്കാതെ നേരെ അനശ്വരയിലേക്ക് വിട്ടു......

1
1978 ല്‍ പുറത്തിറങ്ങിയ പിരാന എന്ന ഹൊറര്‍ ചിത്രത്തിന്റെ റീമേക്കാണ​‍് അലക്സാണ്ട്ര അജ സംവിധാനം ചെയ്ത പിരാന 2010, ഒട്ടേറെ കൊട്ടിഘോഷിക്കലുകളോടെ ത്രീഡിയിലും (സിനിമാസ്കോപിക്), റ്റൂഡിയിലും പുറത്തിറങ്ങിയ ഈ ചിത്രം നരഭോജികളായ പിരാന എന്ന മത്സ്യങ്ങളുടെ കൊടും ക്രൂരതകള്‍ ആവിഷ്കരിക്കുന്നു.....
ഒരു ചേറിയ ഭൂകമ്പത്തിന്റെ ഫലമായി ഭൂഗര്‍ഭ ഭാഗങ്ങളിലെവിടെയോ സം രക്ഷിക്കപ്പെട്ടിരുന്ന പിരാനകള്‍ ഒരു തടാകത്തിലെത്തിച്ചേരുന്നു, തടാകത്തില്‍ മീന്‍ പിടിച്ചു കൊണ്ടിരുന്ന മാത്യൂ ബോയ്ഡ് (രിച്ചാര്‍ഡ് ദ്യ്ഫ്യൂസ്) അവറ്റകള്‍ക്കിരയാകുന്നു. ജൂലി ഫോരസ്റ്റര്‍ (എലിസബത് ഷ്യൂ) എന്ന പോലീസ് മേധാവിയുടെ മൂന്നു മക്കളില്‍ മുതിര്‍ന്നവനാണ​‍് ജേക്ക് (സ്റ്റീവന്‍ ആര്‍ മക്വീന്‍), തടാകക്കരയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ടൂറിസ്റ്റുകളില്‍ അവന്‍ തന്റെ പഴയ കാമുകിയായ കെല്ലിയെ കണ്ടെത്തുന്നു, ഡെറിക്ക് എന്ന അശ്ലീല ചിത്ര സംവിധായകന്‍ പുതിയ ലൊക്കേഷനുകള്‍ തിരയാനായി ഇരുവരെയും ബോട്ടില്‍ കയറ്റി ചുറ്റിയടിക്കുന്നു,ഡെറിക്കിന്റെ കൂടെ ഒരു നടിയുമുണ്ട്, ഇതേ സമയം ജേക്കിന്റെ ഇളയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ഒരു വള്ളത്തില്‍ തുഴഞ്ഞു നടക്കുന്നതിനിടയില്‍ ഒരു ചെറിയ ദ്വീപില്‍ അകപ്പെടുന്നു, ജൂലിയുടെ മുങ്ങല്‍ വിദഗ്ധര്‍ പിരാനകള്‍ക്കിരയാകുന്നു ഇതേസമയം തടകാത്തില്‍ ഉല്ലസിക്കാനെത്തിയ ടൂറിസ്റ്റുകള്‍ ജൂലിയുടെ മുന്നറിയിപ്പവഗണിച്ച് വെള്ളത്തിലിറങ്ങുന്നു, തുടര്‍ന്ന്‍ പിരാനകള്‍ പൈശാചികമായി നരനായാട്ട് നടത്തുകയാണ​‍് കുറച്ചു പേരെ ജൂലിയും സംഘവും രക്ഷിക്കുന്നു,ഇതേ സമയം ജേക്ക് സഹോദരങ്ങളെ കണ്ടെത്തുന്നു എന്നാല്‍ അവരുടെ ബോട്ട് അപകടത്തില്‍ പ്പെടുകയും പിരാനകള്‍ ബോട്ടിനെ വളയുകയും ചെയ്യുന്നു, ജൂലി തന്റെ സഹായിയേയും കൂട്ടി ജേക്കിനെയും കുട്ടികളെയും രക്ഷിക്കാനെത്തുന്നു, എന്നാല്‍ ഡെറിക്കും, നടിയും പിരാനകള്‍ക്കിരകളാകുന്നു, ജേക്ക് പ്രൊപ്പെയിന്‍ നിറച്ച ടാങ്കുകള്‍ക്ക് തീ കൊളുത്തുന്നു തുടര്‍ന്നുണ്ടാകുന്ന സ്ഫോടനത്തില്‍ പിരാനകള്‍ കൂട്ടമായ് ചാവുന്നു എന്നാല്‍, പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പിരാനകള്‍ ബാക്കിയുണ്ട് എന്നൊരു സസ്പെന്‍സ് നിലനിര്‍ത്തി സിനിമ അവസാനിക്കുന്നു.....


ഏതു ജീവിയേയും ഭീകരനാക്കി സിനിമ പിടിക്കാന്‍ സായിപ്പിന​‍് നല്ല വിരുതാണ​‍്, അനാകോണ്ട, ദിനോസര്‍,ഗോഡ്സില്ല തുടങ്ങിയ ഭീകരന്മാര്‍ മുതല്‍ ഇതിരിക്കുഞ്ഞന്‍ വണ്ടുകളെ വരെ നരഭോജികളാക്കി ഹോളിവുഡ് അണ്ണന്മാര്‍ അതിശയിപ്പിച്ചു കളയും..അപ്പൊള്‍ പിന്നെ ശരിക്കും നരഭോജികളായ പിരാന മത്സ്യങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാകാത്ത വിധത്തില്‍ സംഗതി ആവിഷ്കരിച്ചിട്ടുണ്ട്, എന്നാല്‍ അനിമേഷന്റെയും എഫക്ട്സുകളുടെയും കാര്യത്തില്‍ ചിത്രം ശരാശരിയെന്നേ പറയാനാകൂ, ചിത്രത്തിന്റെ ആദ്യ പകുതിയില്‍ അല്ലറ ചില്ലറ പിരാന ആക്രമണങ്ങളൊഴിച്ചാല്‍ ഇക്കിളി രംഗങ്ങളും, ബിക്കിനി രംഗങ്ങളുമാണ​‍് നിറഞ്ഞു നില്‍ക്കുന്നത്, എന്നാള്‍ രണ്ടാം പകുതിയില്‍ രക്ത രൂഷിതമായ ബീഭത്സ രംഗങ്ങള്‍ അരങ്ങു വാഴുന്നു, പച്ച മാംസം കടിച്ചു പറിക്കുന്നതും, ചോര ചീന്തുന്നതുമായ രംഗങ്ങളൊക്കെ ദുര്‍ബല ഹൃദയരായ (എന്നെപ്പോലെ) ആളുകള്‍ക്ക് താങ്ങാവുന്നതിലധികം തന്നെ. എല്ലാം കഴിഞ്ഞാലും പിന്നെയും എന്തൊക്കെയോ സംഭവം ബാക്കിയുണ്ട് എന്ന പതിവ് ഹോളിവുട് ഹൊറര്‍ കന്‍സപ്റ്റിലാണ​‍് ചിത്രത്തിനു തിരശ്ശീല വീണിരിക്കുന്നത്.(ഇടക്കെങ്ങാനും ഒരു തേര്‍ഡ് പാര്‍ട്ട് പ്രതീക്ഷിക്കാമെന്നു സാരം)
പിരാനയുടെ കടി കൊള്ളാന്‍ താത്പര്യമുള്ള മുതിര്‍ന്നവര്‍ക്ക് (മുതിര്‍ന്നവര്‍ക്കു മാത്രം) ധൈര്യമായി പിരാന കാണാന്‍ കയറാവുന്നതാണ​‍്..

വാല്‍ക്കഷ്ണം: ഒരച്ഛന്‍ തന്റെ രണ്ട് ചെറിയ കുട്ടികളുമായി പിരാന കാണാന്‍ വന്നിരുന്നു..ഇന്റര്‍ വെല്ലിനു പുള്ളിക്കാരന്റെ മുഖം കണ്ടപ്പോള്‍ കഷ്ടം തോന്നി....മനുഷ്യര്‍ക്കു പറ്റുന്ന ഓരോ അബദ്ധങ്ങളെ....

അജസുന്ദരിയും പോലീസ് സ്റ്റേഷനും





മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയം (ഞങ്ങളുടെ ബാച്ചില്‍ ആകെ 17 പേര്‍ക്കു മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു, 12 ബോയ്സ് + 5 ഗേള്‍സ്) ഞങ്ങള്‍ എല്ലാവരും കൂടി ടൂര്‍ പോകാന്‍ പ്ലാന്‍ ചെയ്തു, കുമിളി വരെ കൊടൈക്കനാലിലേക്കായിരുന്നു ആദ്യ യാത്ര ഞാന്‍ പൊന്‍ കുന്നത്തു നിന്നും ജോയിന്‍ ചെയ്തു,വിദ്യാര്‍ഥികളും അദ്ധ്യാപകരുമടക്കം 22 ഓളം പേരുമായി ഞങ്ങളുടെ മിനി ബസ്സ് കുമളിയില്‍ നിന്നും കുന്നിറങ്ങി തമിഴ്നാടിന്റെ ഊഷര ഭൂവിലേക്ക് പ്രവേശിച്ചു. തേനി പിന്നിട്ട് വണ്ടി മുന്നോട്ടൊടുന്നതിനിടയില്‍ വഴിയില്‍ കുറുകേ പോയ ആട്ടിന്‍ കൂട്ടങ്ങളിലൊന്നിനെ തട്ടിയോ എന്നൊരു സംശയം, ഞങ്ങള്‍ അതൊന്നും കാര്യമാക്കാതെ യാത്ര തുടര്‍ന്നു, ആടിനെ മേയ്ക്കാനോ മറ്റോ വഴിയരികില്‍ പന്തലു കെട്ടിയിരുന്ന ഒരു കിളവനേയും പെങ്കോച്ചിനേയും ഞങ്ങള്‍ ഗൗനിച്ചതുമില്ല, ബസ്സ് ഒരു രണ്ട് കിലോമീറ്റര്‍ പിന്നിട്ട് കാണും കപ്പടാ മീശക്കാരനായ ഒരു പോലീസുകാരന്‍ വണ്ടിക്ക് കൈ കാണിച്ചു നിര്‍ത്തി, വണ്ടിയുടെ മുന്‍ഭാഗവും വീലുകളും പരിശോധിച്ച അയാള്‍ വണ്ടി നേരെ സ്റ്റേഷനിലേക്കെടുത്തു കൊള്ളാന്‍ പറഞ്ഞു, എല്ലാവരും പരിഭ്രമിച്ചു പോയി, കോയമ്പത്തൂരിലും മറ്റും നിന്ന്‍ വശത്താക്കിയ തമിഴിന്റെ ബലത്തില്‍ ഞാന്‍ കാര്യങ്ങളാരാഞ്ഞു, ഞങ്ങളുടെ വണ്ടി എന്തോ ആക്സിഡന്റില്‍ ഉള്‍പ്പെട്ടു എന്നു അവര്‍ക്ക് മെസേജ് കിട്ടിയത്രെ (അതും വണ്ടിയുടെ പേരും നിറവും സഹിതം, കിളവനും ,പെങ്കൊച്ചും പറ്റിച്ച പണി കൊള്ളാം), വണ്ടി സ്റ്റേഷനിലെത്തിയതും അടുത്ത മെസ്സേജ് സുമാര്‍ ഇരുപത്തഞ്ചു കിലോ തൂക്കം വരുന്ന ഒരു കുടുംബത്തിന്റെ അന്ന ദാതാക്കളിലൊരാളായ അജ സുന്ദരിയെയാണത്രെ ഞങ്ങള്‍ ക്രൂരമായി വണ്ടിയിടിപ്പിച്ച് അവശയാക്കിയത്, എതായാലും തമിഴ് പറയുന്ന ഒരുത്തനെ കിട്ടിയ സന്തോഷത്തില്‍ കുറിയൊക്ക് തൊട്ട് കുട്ടപ്പനായ ഒരു കാലിനു ലേശം മുടന്തുള്ള ഇന്‍സ്പെക്ടറും മറ്റും എന്നോട് വിവരങ്ങള്‍ ആരായാന്‍ തുടങ്ങി..

'തമ്പി നീങ്ക എല്ലോരും എന്ത ഊരു?', 'എങ്കേ പഠിക്കിറേന്‍, ഇങ്കളീഷ് മീഡിയത്തിലു താന്‍ പഠിക്കിറീങ്കലാ' മുതലായ അരുമയാണ ചോദ്യങ്ങള്‍ ചോദിച്ച് പുള്ളിക്കാരന്‍ എന്റെ തോളിലൊക്കെ കൈയിട്ട് കുശലാന്വേഷണം നടത്താന്‍ തുടങ്ങി,ഞാന്‍ അല്‍പ്പം വിരണ്ടു പോയെങ്കിലും സമചിത്തത കൈ വെടിയാതെ ഞങ്ങളുടെ നിസ്സഹായവസ്ഥ അറിയിച്ചു,ടൂറിനു വന്ന സാറുമ്മാരിതിനിടെ ഡല്‍ഹിക്ക് വിളിക്കുന്നു, എം.പിയെ വിളിക്കുന്നു ആകെ ചൂടു പിടിച്ച അന്തരീക്ഷം.. ഒടുവില്‍ അജസുന്ദരിക്ക് നഷ്ട പരിഹാരമായി ഒരു അഞ്ഞൂറു രൂപ കൊടുത്തു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു..(ഇതിനകം ഡല്‍ഹിയില്‍ നിന്നും കോളുകളൊക്കെ പോലീസ്സ്റ്റേഷനിലേക്ക് വന്നു തുടങ്ങിയിരുന്നത്രെ)..എതായാലും യാത്രക്കിടയില്‍ പോലീസേമ്മാന്‍ വീണ്ടുംവിളിച്ച് കുശലാന്വേഷണം നടത്താനും മറന്നില്ല (മാന്യനായ പോലീസുകാരന്‍). അങ്ങനെ ജീവിതത്തിലാദ്യമായി പോലീസ്സ്റ്റേഷനില്‍ കയറി അതും ഒന്നാന്തരം തമിഴ് നാട് കാവല്‍ നിലയത്തില്‍.

വാല്‍ക്കഷ്ണം: ആ പോലീസേമ്മാനു മൂത്ത മകളെ എനിക്കു വേണ്ടി ആലോചിക്കാന്‍ പദ്ധതിയുണ്ടായിരുന്നു വെന്ന്‍ പറഞ്ഞ് ബാക്കിയുള്ളവര്‍ എന്നെ കളിയാക്കുമായിരുന്നു ..ഈയ് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ലാരിക്കും അല്ലേ??????

Saturday, October 23, 2010

കോക്ടെയില്‍(Cocktail) ഒരു അവലോകനം


കൊച്ചിയിലെ മികച്ച ആര്‍ക്കിട്ടെക്ടുകളില്‍ ഒരാളും കഠിനാധ്വാനിയുമാണ​‍് രവി എബ്രഹാം (അനൂപ് മേനോന്‍), ഭാര്യ പാര്‍വ്വതിയ്ക്കും (സംവൃത സുനില്‍) മകള്‍ക്കുമൊപ്പം കറതീര്‍ന്ന കുടുംബസ്ഥനായി കഴിയുന്ന രവിയുടെ ഉയര്‍ച്ചയില്‍ അസൂയാലുക്കളേറെയുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം രവി-പാര്‍വ്വതി ദമ്പതികളുടെ ഇടയിലേക്ക് അജ്ഞാതനായ ഒരാള്‍ (ജയസൂര്യ) കടന്നു വരികയാണ​‍്, വെങ്കി എന്നു വിളിക്കാവുന്ന അയാളുടെ പ്രവേശനത്തോടെ കഥാ ഗതി തന്നെ മാറുകയാണ​‍്, കേവലം ഒരു ദിവസം മാത്രമേ വെങ്കിയ്ക്കൊപ്പം രവിയും, പാര്‍വ്വതിയും ചിലവിടുന്നുള്ളുവെങ്കിലും ഇരുവര്‍ക്കും പൊള്ളുന്ന അനുഭവങ്ങളിലൂടെയാണ​‍് കടന്നു പോകേണ്ടി വരുന്നത്, പക്ഷെ അത്തരം അഗ്നിപരീക്ഷകളിലൂടെ ചിലതൊക്കെ ശുദ്ധീകരിക്കപ്പെടുകയും, കുടുംബ ബന്ധങ്ങളുടെ മൂല്യം തെളിയിക്കപ്പെടുകയും ചെയ്യുന്നു.

പ്രിയദര്‍ശന്‍ സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അരുണ്‍ കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ കോക്ടെയില്‍ , ഒരു പാശ്ചാത്യ സിനിമയുടെ അനുകരണം മാത്രം എന്നു പറഞ്ഞ് നമുക്കു വേണമെങ്കില്‍ പുഛ്ചിച്ച് തള്ളാം, പക്ഷെ റീ മേക്കുകളും, ഗിമ്മിക്കുകളും അരങ്ങുവാഴുന്ന മലയാള സിനിമാ തട്ടകത്തില്‍ വ്യത്യസ്ഥമായ എന്നാല്‍ പറയാന്‍ മടിക്കപ്പെടുന്ന ഒരു പ്രമേയം അവതരിപ്പിച്ച സംവിധായകന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു, പക്ഷെ പദാനുപദ കോപ്പിയടി പോലെ സീനുകള്‍ ആവിഷ്കരിക്കുന്ന നയം അത്ര പ്രോത്സാഹനാര്‍ഹമല്ല. ചിത്രത്തിലെമ്പാടും നിറഞ്ഞു നില്‍ക്കുന്നത് സംവിധായക മികവോ ,തിരക്കഥയോ അല്ല മറിച്ച് മൂന്നു കഥാപാത്രങ്ങളാണ​‍്, അഭിനയ സാധ്യത ധാരാളമുള്ള വെങ്കി എന്ന കഥാപാത്രത്തിലൂടെ ജയസൂര്യ നല്ല ഇരുത്തം വന്ന നടനായി എന്ന്‍ നിസ്സംശയം പറയാം, അമിതമായ ആക്രോശമോ, ഭാവാഭിനയമോ കൂടാതെ വെങ്കിയുടെ മനോവ്യാപാരങ്ങള്‍ അതി മനോഹരമായി ആവിഷ്കരിക്കാന്‍ ജയസൂര്യക്കായി. രവി എബ്രഹാമായി വന്ന അനൂപ് മേനോന്‍ തന്റെ റോള്‍ മികച്ചതാക്കി, സ്ഥിരം സഹനടി, പ്രണയിനി റോളുകളില്‍ തളച്ചിടപ്പെട്ടിരുന്ന സംവൃതയ്ക്ക് പാര്‍വ്വതി എന്ന കഥാപാത്രം തന്റെ അഭിനയ ശേഷി തെളിയിക്കാനുതകി. പിന്നെ എടുത്തു പറയേണ്ടുന്നത് ചെറിയ റോളാണെങ്കിലും അത് മികച്ചതാക്കിയ ഫഹദ് ഫാസിലിന്റെ സാന്നിധ്യമാണ​‍്. പ്രദീപ് കുമാറിന്റെ ഛായാഗ്രാഹണവും, രതീഷ് വേഗ, അല്‍ഫോണ്‍സ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനങ്ങളും മികവു പുലര്‍ത്തി.

പാശ്ചാത്യ സിനിമകളുടേയും, മലയാള സിനിമകളുടേയും തരംഗ ദൈര്‍ഘ്യം രണ്ടാണ​‍്, തോക്കു ചൂണ്ടി കൊള്ളയും, കിഡ്നാപ്പിങ്ങുമൊക്കെ അവിടെ സഹജമെങ്കിലും നമ്മള്‍ മലയാളികള്‍ 'ഇതൊക്കെ ഇവിടെ നടക്കുമോ?' എന്ന മട്ടിലേ പ്രസ്തുത സംഗതികള്‍ മലയാളീകരിക്കപ്പെട്ട് കാണുകയുള്ളുവെന്നത് കോക്ക്ടെയിലിന്റെ പ്രധാന ന്യൂനതയാണ​‍്. വിവാഹേതര ബന്ധങ്ങള്‍ എന്ന ഗോപ്യമാക്കപ്പെട്ട അധ്യായം വായിക്കാന്‍ കൊള്ളാത്തതെന്ന്‍ വിധിയെഴുതുകയും എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഒളിച്ചു വായിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഇത്തരമൊരു വിഷയത്തിന്റെ സ്വീകാര്യതയും പ്രശ്നമാണ​‍്. തുടക്കക്കാരനെന്ന നിലയില്‍ അരുണ്‍ കുമാര്‍ പ്രതീക്ഷയുണര്‍ത്തുന്നെങ്കിലും ആശയ ദാരിദ്രമെന്ന പേരില്‍ പാശ്ചാത്യ സൃഷ്ടികളുടെ അനുകരണങ്ങളില്‍ മാത്രമൊതുങ്ങാതെ നൂതനമായ പ്രമേയങ്ങള്‍ക്ക് ജീവന്‍ നല്‍കുവാന്‍ ഈ സംവിധായകന​‍് കഴിയുമാറാകട്ടെ എന്ന്‍ ആശിക്കാം.

മിതമായ അളവില്‍ മദ്യവും, പഴച്ചാറുകളും ചേര്‍ത്തുണ്ടാക്കുന്ന പാനീയമാണ​‍് കോക്ടെയില്‍ (cocktail)‍, അതേ പോലെതന്നെ കുടുംബ ബന്ധങ്ങളുടെ മാധുര്യവും ,ചില നഗ്ന യാഥാര്‍ത്യങ്ങളുടെ ചവര്‍പ്പും മിതമായ അളവില്‍ കൂട്ടിക്കലര്‍ത്തിയ ആസ്വദിക്കാന്‍ പാകത്തിലുള്ള സൃഷ്ടി തന്നെ കോക്ടെയില്‍ എന്ന ചിത്രവും.

ചിത്രം തീര്‍ന്നപ്പോള്‍ കോട്ടയം അനുപമ തീയേറ്ററില്‍ ബാല്‍ക്കണിയിലിരുന്ന ഒരു നല്ല വിഭാഗം യുവാക്കള്‍ എഴുനേറ്റ് നിന്ന്‍ കരഘോഷം മുഴക്കി, ഒരു പക്ഷെ കോക്ടെയിലിന്റെ വ്യത്യസ്തത അവര്‍ സ്വീകരിച്ചതാവാം.

Monday, October 18, 2010

ആക്രോശ് ഒരു വ്യത്യസ്ത പ്രിയന്‍ ചിത്രം


ജാതി ചിന്തകളും, മേലാളന്‍ കീഴാളന്‍ വേര്‍തിരിവുകളുമൊക്കെ മലയാളികള്‍ എതാണ്ടൊക്കെ മറന്ന സംഭവങ്ങളാണ​‍് എന്നാല്‍ ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളും കടുത്ത ജാതി ചിന്തയ്ക്കടിമപ്പെട്ട് കിടക്കുകയാണിപ്പോഴും, സമുദായത്തിന്റെയോ, കുടുംബത്തിന്റെയൊ നിയമങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരെയെല്ലാം ഒന്നടങ്കം ഉന്മൂലനം ചെയ്യുന്നതും പലയിടങ്ങളിലും പതിവാണെന്നു പറയപ്പെടുന്നു, ഇത്തരമൊരു ഇരുണ്ട ചിന്താശൈലി പിന്തുടരുന്ന ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന മൂന്നു യുവാക്കള്‍ ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷരാവുന്നു, ഇതിനേക്കുറിച്ച് അന്വേഷിക്കാനെത്തുന്ന രണ്ട് സി.ബി.ഐ ഉദ്യോഗസ്ഥരുടെ കണ്ണിലൂടെ കലുഷിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയുടെ ദുരന്തങ്ങള്‍ വരച്ചു കാട്ടുകയാണ​‍് പ്രിയദര്‍ശന്റെ പുതിയ ബോളിവുഡ് ചിത്രമായ ആക്രോശ്.

ഉത്തരേന്ത്യയിലെ 'ജന്‍ഝാര്‍' എന്ന ഗ്രാമത്തിലെ ദസറ ആഘോഷങ്ങള്‍ക്കിടയില്‍ ദളിതനായ ഒരു മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും തിരോധാനം ചെയ്യപ്പെടുന്നു. കേസന്വേഷണത്തിനായി സി.ബി.ഐ ഉദ്യോഗസ്ഥരായ സിദ്ധാന്തും (അക്ഷയ് ഖന്ന), പ്രതാപും (അജയ് ദേവഗണ്‍) ഗ്രാമത്തിലെത്തിച്ചേരുന്നു, ലോക്കല്‍ പോലീസിന്റെ നിഷ്ക്രിയാവസ്ഥ, ഗ്രാമവാസികളുടെ നിസ്സഹകരണം, എന്നീ പ്രതിബന്ധങ്ങള്‍ മറികടന്ന്‍ മുന്നോ​‍ട്ടു പോകാനാ​‍കാതെ അവര്‍ കുഴങ്ങുന്നു., ലോക്കല്‍ പോലീസ് ഓഫീസറായ അജാതഷത്രു സിങ്ങും (പരേഷ് റാവല്‍), കളക്ടറുമടക്കമുള്ള ഉദ്യോഗസ്ഥ വൃന്ദം മുഴുവനും സ്ഥലത്തെ പ്രധാന ജന്മിമാരുടെ ആശ്രിതര്‍ മാത്രമാവുന്ന ഒരു വ്യവസ്ഥിതിയില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കു നേരെ പലതരത്തിലുള്ള ആക്രണമങ്ങളുമുണ്ടാകുന്നുണ്ട്. ഇതിനിടയില്‍ തന്റെ പഴയ കാമുകിയായ ഗീതയെ (ബിപാഷ ബസു) പ്രതാപ് ഗ്രാമത്തില്‍ കണ്ടെത്തുന്നു. അജാതശത്രു സിങ്ങിന്റെ ഭാര്യയാണവളിപ്പോള്. കുറ്റക്കാരാരെന്നറിയാമായിട്ടും ഒന്നും ചെയ്യാനാകാത നിഷ്ക്രിയാവസ്ഥയില്‍ കുഴങ്ങുന്ന രണ്ട് ഉദ്യോഗസ്ഥരും ,ഗീതയുടെ സഹായത്തോടെ വിദ്ധ്യാര്‍ഥികള്‍ക്കു സംഭവിച്ച ദുരന്തം പുറത്തു കൊണ്ടു വരുന്നു, എന്നാല്‍ പ്രതികള്‍ മറ്റൊരു വിധിയാണ​‍് നേരിടേണ്ടി വരുന്നത്.

പ്രിയദര്‍ശന്‍ സിനിമകളിലെ സാധാരണ ചേരുവകളൊന്നും തന്നെയില്ലാതെ ഭീതിയുടെ ഇരുമ്പഴിക്കുള്ളില്‍ തളച്ചിടപ്പെട്ട ഒരു പറ്റം മനുഷ്യജീവികളുടെ നിസ്സഹായാവസ്ഥയാണ​‍് ആക്രോശില്‍ കാണാന്‍ കഴിയുക, നിറപ്പകിട്ടാര്‍ന്ന ഗാനരംഗങ്ങളോ ,പ്രിയന്‍ ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായ തമാശകളോ ഇല്ലാതെ അല്‍പ്പം ഇരുണ്ട ടോണിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സിബിഐ ഓഫീസര്‍മാരായി വന്ന അജയ് ദേവഗണ്‍, അക്ഷയ് ഖന്ന എന്നിവര്‍ മികച്ച പ്രകടനമാണ​‍് കാഴ്ച വെച്ചിരിക്കുന്നത്, ഗീത എന്ന വീട്ടമ്മയായി വന്ന ബിപാഷയും ഒട്ടും മോശമാക്കിയില്ല, ഗ്രാമത്തിലെ നിസ്സഹായയായ യുവതിയുടെ വേഷം റിമാ സെന്‍ മികവുറ്റതാക്കി പിന്നെ എടുത്തു പറയേണ്ടുന്നത് പരേഷ് റാവലിന്റെ പ്രകടനമാണ​‍് ,രണ്ടെണ്ണം കൊടുക്കാന്‍ നമ്മുടെ കൈ തരിക്കത്തക്ക വണ്ണം അജാതശത്രു സിങ്ങ് എന്ന നെഗറ്റീവ് റോള്‍ അദ്ദേഹം ഭംഗിയാക്കി. പ്രീതത്തിന്റെ ഗാനങ്ങളെല്ലാം ശരാശരി നിലവാരത്തിലുള്ളതാണ്, ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും, രാജ കൃഷ്ണന്റെ ശബ്ദസമ്മിശ്രവുമാണ​‍് എടുത്തു പറയത്തക്ക മറ്റു രണ്ട് മേന്മകള്‍. തിരുവിന്റെ ഛായഗ്രാഹണവും നല്ല നിലവാരം പുലര്‍ത്തി.

വ്യത്യസ്ഥമായ ഒരു പ്രമേയം അവതരിപ്പിച്ചെങ്കിലും ചില്ലറ ന്യൂനതകള്‍ ആക്രോശില്‍ കടന്നു കൂടിയിട്ടുണ്ട്, ചിത്രം ആദ്യ പകുതി ഓടിത്തീരാന്‍ പതിവിലേറെ സമയമെടുക്കുന്നതായി നമുക്കനുഭവപ്പെടും,(ഇന്റര്‍ വെല്ലിനു മൂത്രമൊഴിക്കാം എന്ന വിചാരത്തില്‍ ശങ്കയൊതുക്കി കയറുന്നവനെ ഇന്റര്‍വെല്ലാകാറായില്ലേ എന്ന ശങ്ക ശല്യപ്പെടുത്താന്‍ സാധ്യതയുണ്ട്) തുടക്കത്തില്‍ നാം അനുഭവിക്കുന്ന സസ്പെന്‍സ് പിന്നീടങ്ങോട്ട് ഇരുണ്ട കാഴ്ചകളിലേക്കു വഴിമാറുന്നു, കൊലപാതകങ്ങളും അക്രമങ്ങളും മറ്റും കാണുമ്പോള്‍ ഇതെന്താ 'വെള്ളരിക്കാ' പട്ടണമോ? എന്ന്‍ നമുക്ക് തോന്നുമെങ്കിലും ബീഹാറിലും മറ്റും ഇത്തരം ഭീകര സംഭവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലെന്നാണ​‍് കേള്‍ക്കുന്നത്, അതു പോലെ അവിശ്വസനീയമായ ചില ചേസിംഗ് രംഗങ്ങളും നമ്മുടെ സാമാന്യ ബുദ്ധിക്കു മുന്‍പില്‍ ചോദ്യ ചിഹ്നങ്ങളാകുന്നു.ചിത്രത്തിന്റെ നല്ലയൊരു ഭാഗം തമിഴ്നാട്ടിലാണ​‍് ചിത്രീകരിച്ചതെന്നു ബോധ്യമാക്കുന്ന വിധം തമിഴ് ശൈലിയിലുള്ള ക്ഷേത്രവും, കെട്ടിടങ്ങളും കാണിക്കുന്നതിനു പുറമേ തമിഴ് ഭൂപ്രകൃതിയും ഫ്രെയിമില്‍ കടന്നു കൂടിയിരിക്കുന്നു.

അടിച്ചമര്‍ത്തപ്പെട്ട് കഴിയുന്ന ഒരു ജനവിഭാഗത്തിന്റെ വേദനകളും, മറ്റൊരു ജനവിഭാഗത്തിന്റെ ധാര്‍ഷ്ഠ്യവും ഇടകലര്‍ത്തി അവതരിപ്പിച്ചിരിക്കുന്ന ആക്രോശ് തീര്‍ച്ചയായും കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമാണ​‍്

Thursday, October 14, 2010

പൊന്‍കുന്നത്തെ പ്രേതങ്ങള്‍


'പൊന്‍കുന്നം' മല നിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഹൈറേഞ്ചിന്റെ കവാടമായ നാട് , ഒറ്റപ്പെട്ട റബ്ബര്‍ തോട്ടങ്ങളും, തോട്ടിറമ്പുകളുമുള്ള പൊന്‍കുന്നത്ത് പ്രേതങ്ങള്‍ക്ക് സ്വച്ഛന്ദം വിഹരിക്കാനുള്ള പരിത സ്ഥിതിയാണുള്ളത്. ഈ നാട്ടിലെ പല പ്രേത കഥകള്‍ക്കും നൂറ്റാണ്ടുകളോളം പഴക്കം വരും ,കോട്ടയത്തു നിന്നും കുമളിക്ക് കെ.കെ റോഡ് (കോട്ടയം കുമിളി റോഡ്) വഴി വെട്ടുകയായിരുന്ന ധ്വരമാര്‍ പോലും കാഞ്ഞിരപ്പള്ളി ചേപ്പും പാറ വളവിലെ പ്രേതങ്ങളെ കണ്ടു തല കറങ്ങി വീണിട്ടുണ്ടെന്ന്‍ തല മൂത്ത കാരണവന്മാരും, കാരണവത്തികളും സാക്ഷ്യപ്പെടുത്തുന്നു. പ്രേതം ഉണ്ടോ ഇല്ലയോ എന്നൊക്കെ സംവദിക്കാന്‍ നില്‍ക്കാതെ നമുക്ക് നേരിട്ട് ഒരു പ്രേതാനുഭവത്തിലേക്ക് കടക്കാം. വാഴൂരില്‍ ക്ലിനിക്ക് നടത്തുന്ന ഒരു ഡോക്ടര്‍ക്കും കുടുംബത്തിനും അടുത്തിടെയുണ്ടായ ഒരു പ്രേതാനുഭവം നോക്കാം. മണിമല - കൊടുങ്ങൂര്‍ റോഡില്‍ ഒരു അംബാസിഡര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഡോക്ടറും കുടുംബവും, (ഈ റോഡിന്റെ ഒരു പ്രത്യേക ഭാഗത്തെത്തുമ്പോള്‍ വണ്ടികളുടെ ലൈറ്റ് ഠിം എന്ന്‍ ഓഫാകുമത്രെ!) വിജനമായ വഴി കോരിച്ചൊരിയുന്ന മഴ നട്ടപ്പാതിര, പെട്ടെന്നാണ​‍് എന്തോ ഒരു വെളുത്ത വസ്തു അപ്പൂപ്പന്‍ താടി പോലെ കാറിനു മുന്നിലായി തെളിഞ്ഞു വന്നത്, വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ രൂപം കാറിനു മുന്‍പിലായി വായുവില്‍ ഒഴുകി നീങ്ങുന്നതു കണ്ട ഡോക്ടറും കുടുംബവും പരിഭ്രാന്തരായി അലറി വിളിച്ചു, ഒടുവില്‍ ഒരു വിധത്തില്‍ കുടുംബവുമൊത്ത് വീടണഞ്ഞ ഡോക്ടര്‍ ഒരാഴ്ച പനിച്ചു കിടന്നത്രെ.

തലയില്ലാ പ്രേതം!,റോഡില്‍ വഴി തടസ്സപ്പെടുത്തുന്ന ഭീകര രൂപം!,തോട്ടില്‍ രാതി വെളുക്കുവോളം തുണി അലക്കി വെളുപ്പിക്കുന്ന പെണ്‍ പ്രേതം!, സന്ധ്യാസമയം തോട്ടില്‍ ഒറ്റക്ക് കുളിക്കുന്ന പെണ്ണുങ്ങളോട് അദൃശ്യനായി കുശലാന്വേഷണം നടത്തുന്ന പ്രേതം (വീടിന്റെ അയല്‍ വക്കത്തുള്ള ചേച്ചിയോട് പണ്ടൊരിക്കല്‍ ഈ പ്രേതം കുളി കഴിഞ്ഞോ എന്നു ചോദിച്ചുവത്രെ!) അങ്ങനെ പ്രേതങ്ങളനവധിയുണ്ട് പൊന്‍കുന്നത്തും പരിസര പ്രദേശങ്ങളിലും, കണ്ണു കെട്ടി ദിശയറിയാതെ നടത്തി കുഴിയില്‍ ചാടിക്കുകയോ, മരത്തില്‍ ഇടിപ്പിക്കുകയോ ചെയ്യുന്ന ഒരു പ്രേതം കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് വരെ ഞങ്ങളുടെ വീടിനു മുന്‍ വശത്തൂടുള്ള വഴിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന്‍ കേള്‍ക്കുന്നു, ഒരു കൂവലോ മറ്റെന്തെങ്കിലും ഉറക്കെയുള്ള ശബ്ദമോ കേള്‍ക്കുന്ന മാത്രയില്‍ ഇരയ്ക്ക് സുബോധം നല്‍കി സ്ഥലം വിടുന്ന കുസൃതിക്കാരനായ ഈ പ്രേതം മരത്തിനു മുകളിലാണത്രെ വസിക്കുന്നത്. ഇനിയുമുണ്ട് പൊന്‍കുന്നവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രേതങ്ങളും, പ്രേതാനുഭവങ്ങളും അവയെല്ലാം അവയെല്ലാം മറ്റൊരവസരത്തില്‍ വിശദമായി പറയാം..ഏവര്‍ക്കും വിജയദശമി ആശംസകള്‍.

പൊന്‍കുന്നംകാരന്‍

Friday, October 8, 2010

ഒരിടത്തുമില്ലാത്തൊരു പോസ്റ്റ്മാന്‍


നിളാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി അസീസ് സംവിധാനം ചെയ്ത ചിത്രമായ ഒരിടത്തൊരു പോസ്റ്റ്മാന്‍, മടിയനായ ഒരു പോസ്റ്റ്മാന്റെയും അയാളുടെ അധ്വാനിയായ മകന്റെയും കഥയാണ​‍് പറയാന്‍ ശ്രമിക്കുന്നത്, ചേരും കുഴി എന്ന ഗ്രാമത്തിലെ പോസ്റ്റ്മാനാണ​‍് ഗംഗാധരന്‍ (ഇന്നസെന്റ്), ജോലിക്കൊന്നും പോകാതെ ,ഫുട്ബോള്‍ ഭ്രാന്തും, ലോട്ടറി എടുപ്പുമൊക്കെയായി നടക്കുന്ന ടിയാന്‍, കുഴിമടിയനായാണ​‍് അറിയപ്പെടുന്നത്. ഗംഗാധരന്റെ മകനായ രഘു നന്ദനനാകട്ടെ (കുഞ്ചാക്കോ ബോബന്‍) ഇന്‍ഷുറന്‍സ്, ട്യൂഷന്‍ (അതും പി.എസ്.സി കോച്ചിംഗ്) തുടങ്ങി അല്ലറ ചില്ലറ കാര്യങ്ങളുമായി കഴിഞ്ഞു പോകുന്നതിനിടയിലും ഗസറ്റഡ് റാങ്കിലുള്ള ഒരു സര്‍ക്കാരുദ്യോഗം എന്ന സ്വപ്നം മനസ്സില്‍ താലോലിച്ച് അതു നേടാനുള്ള കഠിന പ്രയത്നത്തിലാണ​‍്, ഇവരെക്കൂടാതെ രഘുനന്ദനനന്റെ കാമുകിയും സ്റ്റുഡന്റുമായ ഉഷ (മീര നന്ദനന്‍), ലോ​ട്ടറിക്കച്ചവടക്കാരന്‍ മാര്‍ട്ടിന്‍ (കലാഭവന്‍ പ്രചോദ്), ജൂനിയര്‍ മറഡോണ (ജാഫര്‍ ഇടുക്കി), ലോട്ടറിയെടുത്ത് കടം കയറിയ ചന്ദ്രപ്പന്‍ (സലിം കുമാര്‍) എന്നിവരും ചേരും കുഴിയുടെ ചുറ്റുവട്ടങ്ങളിലുണ്ട്, അങ്ങനെയിരിക്കെ രഘുവിനു വന്ന പി.എസ്.സി യുടെ ഹാള്‍ ടിക്കട്ട് സമയത്ത് ലഭിക്കാഞ്ഞതു മൂലം അച്ഛനും മകനുമായുള്ള ബന്ധം വഷളാവുകയും, പശ്ചാത്താപ വിവശനായ ഗംഗാധരന്‍ മടിയൊക്കെ ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗംഗാധരന​‍് ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടാവുകയും, നാലു വര്‍ഷമായി ഗംഗാധരന്‍ ഹാര്‍ട്ട് പേഷ്യന്റാണെന്ന ഭീകര സത്യം രഘുവിനു മുന്നില്‍ അനാവരണം ചെയ്യപ്പെടുകയാണ​‍് (കഠിനമായ ജോലികള്‍ ചെയ്യരുതെന്ന ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച്, തന്റെ മകന്‍ രോഗ വിവരം അറിയാത്തിരിക്കാന്‍ മടിയനായി അഭിനയിച്ച് ഒടുവില്‍ ഗംഗാധരന്‍ കുഴി മടിയനായി മാറിയതാവാം എന്ന തത്വവും ഡോക്ടര്‍ വെളിപ്പെടുത്തുന്നു).

ആശുപത്രിക്കിടക്കയില്‍ തന്റെ സുഹൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ യാസിന്‍ മുബാറക്കിനെ (ശരത് കുമാര്‍) ക്കുറിച്ചുള്ള രഹസ്യങ്ങള്‍ ഗംഗാധരന്‍ മകനു മുന്‍പില്‍ വെളിവാക്കുന്നു,തുടര്‍ന്ന്‍ ഗംഗാധരന്‍ അന്ത്യശ്വാസം വലിക്കുന്നു. രാജ്യദ്രോഹി എന്നു മുദ്രകുത്തപ്പെട്ടതിനാല്‍ ഒളിവില്‍ പോകേണ്ടി വന്ന യാസിന്റെ വളര്‍ത്തുമകള്‍ സ്നേഹയുടെ ദയനീയ സ്ഥിതിയില്‍ മനം നൊന്ത് യാസിനെത്തേടിയിറങ്ങുന്ന രഘുവിനെ കാത്തിരുന്നത് മാനഹാനിയും, ഭീകരതയുമായിരുന്നു, ഒടുവില്‍ വാള്‍ട്ട് ഡിസ്നി സിനിമകളിലെപ്പോലെ 'and they all lived happily ever after' എല്ലാം ശുഭ പര്യവസായിയാകുന്നു..

ഇത്രയും കഥ , പക്ഷെ കഥ കൊഴുപ്പിക്കാനായി, കടം കയറി ആത്മഹത്യ (അതും ലോട്ടറിയെടുത്ത് കടം കയറി), കാട്ടിലെ തീവ്രവാദ ക്യാമ്പ്, ലോട്ടറി ബിസ്സിനസ് തുടങ്ങി മലയാള രാജ്യം അഭിമുഖീകരിക്കുന്ന പാതകങ്ങള്‍ കൂടാതെ മരം ചുറ്റി പ്രണയവും, അര്‍ത്ഥ രഹിതമായ ഗാനങ്ങളും പാകമല്ലാതെ ചേര്‍ത്തിളക്കിയിരിക്കുന്നു, അഭിനേതാക്കള്‍ക്കൊന്നും തന്നെ കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും, എസ് .ഐ ഷാഹുല്‍ ഹമീദ് (കലാഭവന്‍ മണി) അയാളുടെ കീഴിലുള്ള കോണ്‍സ്റ്റബിള്‍ അഭിലാഷ് (സുരാജ് വെഞ്ഞാറമ്മൂട്) എന്നിവരുടെ ഗോഷ്ഠികളും, അന്വേഷണ സാഹസങ്ങളും ഒന്നു കാണേണ്ടതു തന്നെയാണ​‍്, പക്ഷെ കലാസംവിധാനം ഗംഭീരം, ലോട്ടറിയെടുത്തു കടം കയറി ആത്മഹത്യ ചെയ്ത ചന്ദ്രപ്പന്‍ കിടക്കുന്നത് ശേഖരിച്ചു വെച്ചിരുന്ന ലോട്ടറികള്‍ മനോഹരമായി വാരി വിതറി അതിന്മേലാണ​‍്..ഒരു ആത്മഹത്യ പോലും ഇത്ര മനോഹരമായി ചിത്രീകരിക്കുന്നത് മലയാള സിനിമയില്‍ നടാടെയാണെന്ന്‍ തോന്നുന്നു. ഛായഗ്രാഹണം, എഡിറ്റിംഗ് മുതലായവയൊക്കെ ശ്രദ്ധിച്ചിട്ടും 'റിംഗ് ടോണ്‍' സിനിമ കണ്ട അനുഭൂതിയെ എനിക്ക് തോന്നിയുള്ളു.......

ഈ സിനിമയില്‍ സുരാജിന്റെ കഥാപാത്രമായ കോണ്‍സ്റ്റബിള്‍ , എസ് .ഐ ക്ക് മൊബൈല്‍ വഴി വിവരങ്ങള്‍ കൈമാറുമ്പോള്‍ ഇടക്കിടെ ഓവര്‍ ഓവര്‍ എന്നു പറയുന്നുണ്ട്, പടം കണ്ടിറങ്ങുമ്പോള്‍ .(അതും നല്ല വായ്ത്താരി മേളത്തിന്റെ അകമ്പടിയോടെ) നമുക്കും തോന്നും ഈ കലാസൃഷ്ടി സാമാന്യം ഓവറായിപ്പോയില്ലേന്ന്‍...

Saturday, October 2, 2010

'എന്തിരന്‍' ഒരു ദൃശ്യ വിസ്മയം


ഷങ്കര്‍ എന്ന സംവിധായകന്റെ ചിത്രങ്ങളിലെ പല രംഗങ്ങളും നമുക്കൊന്നും മറക്കാനാവില്ല അത്യാധുനിക ദൃശ്യവിസ്മയങ്ങളാല്‍ സമ്പുഷ്ടമാക്കപ്പെട്ട മായക്കാഴ്ചകളൊരുക്കി നമ്മെ വിസ്മയിപ്പിക്കാറുള്ള അദ്ദേഹം ഇത്തവണ പൂര്‍ണ്ണമായും ശാസ്ത്ര സങ്കല്‍പ്പ കഥയായ എന്തിരനിലൂടെ നമ്മെ അതിശയത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. പാശ്ചാത്യ സിനിമകളായ ദ മെട്രിക്സ്, കില്‍ ബില്‍ സീരിസ് എന്നിവയുടെ സ്റ്റന്‍ട് കോര്‍ഡിനേറ്റര്‍ യൂ വു പിങ്ങിന്റെ സേവനം, സ്റ്റാന്‍ വിന്‍സ്റ്റണ്‍ സ്റ്റുഡിയോയിലൊരുക്കിയ അനിമേഷന്‍ രംഗങ്ങള്‍, മെന്‍ ഇന്‍ ബ്ലാക്കിനു വസ്ത്രാലങ്കാരമൊരുക്കിയ മേരി ഇ വോട്ട്, ഓസ്കാര്‍ ജേതാവ് ഏ ആര്‍ റഹ്മാന്റെ സംഗീതം തുടങ്ങി അനവധി പ്രത്യേകതകളുണ്ട് ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ ചിലവേറിയ ചിത്രമായ എന്തിരനെക്കുറിച്ച് പറയുവാന്‍.

പ്രമുഖ ശാസ്ത്രകാരനായ ഡോ.വസീഗരന്‍ (രജനീകാന്ത്) കഴിഞ്ഞ പത്തു വര്‍ഷമായി മനുഷ്യഭാവമുള്ള ഒരു യന്ത്രമനുഷ്യനെ സൃഷ്ടിക്കാനുള്ള കഠിനാധ്വാനത്തിലാണ​‍്, അദ്ദേഹത്തെ ഈ ഉദ്യമത്തില്‍ സഹായിക്കാന്‍ ശിങ്കിടികളായ രവി (കരുണാസ്) ശിവ (സന്താനം) എന്നിവരുമുണ്ട്. തന്റെ കാമുകിയായ സനയെ (ഐശ്വര്യാ റായ്) പോലും മറന്നു കൊണ്ട് ഉദ്യമത്തില്‍ മുഴുകുന്ന വസീകരന്‍ ഒടുവില്‍ സ്വന്തം രൂപത്തില്‍ ഒരു റോബോട്ടിനെ നിര്‍മ്മിച്ച് അതിന്‌ ചിട്ടി എന്നു നാമകരണം ചെയ്യുന്നു. എന്തു ജോലിയും ചെയ്യാന്‍ പര്യാപ്തനായ കായിക ശേഷിയും, ബുദ്ധിശക്തിയും പ്രകടിപ്പിക്കുന്ന മനുഷ്യ രൂപത്തിലുള്ള അതിമാനുഷികനാണ്‌ ചിട്ടി. വസീകരന്റെ നേട്ടങ്ങളില്‍ അത്ര സന്തുഷ്ടനല്ല ഗുരുവായ ഡോ. ബോരാ (ഡാനി ഡെന്‍സോങ്ങ്പ), ആസുര ശക്തികളുള്ള ഒരു റോബോട്ടിനെ നിര്‍മ്മിച്ച് വിപണനം ചെയ്യുക എന്നതാണ്‌ ബോരായുടെ ലക്ഷ്യമെങ്കില്‍, സൈനിക സേവനത്തിനായി റോബോട്ടിനെ നല്‍കുക എന്നതാണ്‌ വസീകരന്റെ ഉന്നം. മാനുഷിക വികാരങ്ങള്‍ പ്രകടിപ്പിക്കാനാവില്ല എന്ന കുറവിനാല്‍ വസീകരന്റെ പദ്ധതി തിരസ്ക്കരിക്കപ്പെടുന്നു, എല്ലാ കുറവുകളും നികത്താനായി ചിട്ടി എന്ന യന്ത്രമനുഷ്യനു ചിന്താശേഷിയും, വികാരങ്ങളും നല്‍കുന്ന വസീകരന്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു വസീകരന്റെ കാമുകിയായ സനയെത്തന്നെ ചിട്ടിയും പ്രേമിക്കാനാരംഭിക്കുന്നു,ഇതിനെത്തുടര്‍ന്ന്‍ ചിട്ടിയെ നിര്‍വീര്യനാക്കി ഉപേക്ഷിക്കാന്‍ വസീകരന്‍ നിര്‍ബന്ധിതനാവുന്നു.. എന്നാല്‍ ബോറായുടെ കരങ്ങളില്‍ എത്തിപ്പെടുന്ന ചിട്ടി വിനാശകാരിയായി തിരിച്ചെത്തുന്നു. തുടര്‍ന്നു നടക്കുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ വസീകരന്‍ വിജയിക്കുന്നു.

അടുത്തിടെ അന്തരിച്ച പ്രമുഖ കഥാകാരനായ സുജാതയുടെ കഥയെ ആസ്പദമാക്കിയാണ്‌ ഷങ്കര്‍ എന്തിരനു രൂപം നല്‍കിയിരിക്കുന്നത്, പാശ്ചാത്യ ആക്ഷന്‍ ചിത്രങ്ങളായ ദ മെട്രിക്സ്, ഐ റോബോട്ട് എന്നിവയുടെ ചുവട് പിടിച്ച് അവയോടു തന്നെ കിടപിടിക്കത്തക്ക രീതിയില്‍ ഒരു ദൃശ്യ വിസ്മയമൊരുക്കിയതിനൊപ്പം സൂപ്പര്‍സ്റ്റാര്‍ രജനിയുടെ ആരാധകരെ നിരാശരാക്കാതിരിക്കാനും ഷങ്കര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. തികച്ചും സാങ്കല്‍പ്പിക പ്രമേയമാണെങ്കിലും അതു വിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ചു എന്നതാണ്‌ എന്തിരന്റെ ഏറ്റവും വലിയ വിജയം. വസീകരന്‍ എന്ന കഥാപാത്രത്തെ അപേക്ഷിച്ച് ചിട്ടി എന്ന യന്ത്രമനുഷ്യനാണ​‍് ചിത്രത്തിലെമ്പാടും നിറഞ്ഞു നില്‍ക്കുന്നത്, നായികയായ ഐശ്വര്യക്ക് പാട്ടും പ്രേമ രംഗങ്ങളും മാത്രമല്ലാതെ അഭിനയിക്കാനുള്ള വക കൂടി നല്‍കിയിട്ടുണ്ട് സംവിധായകന്‍. സന്താനം, കരുണാസ് എന്നിവരുടെ മിതമായ ഹാസ്യം നമ്മെ ചിരിപ്പിക്കുമെങ്കിലും, ചിട്ടിയുടെ ആദ്യകാല ചെയ്തികളാണ്‌ തീയേറ്ററില്‍ ചിരിയുടെ വേലിയേറ്റമുണ്ടാക്കുക. ഏ ആര്‍ റഹ്മാന്‍ ഒരുക്കിയ മികച്ച ഗാനങ്ങള്‍ തന്റെ പതിവു പോലെ തന്നെ അതിമനോഹരമാക്കിയിരിക്കുന്നു ഷങ്കര്‍,വിദേശ രാജ്യങ്ങളിലെ അതിശയകരമായ പ്രകൃതി ഭംഗി ഗാനരംഗങ്ങളില്‍ കാണാം. ഡാനി അവതരിപ്പിച്ച വില്ലന്‍ ബോറാ ഒട്ടും മോശമായില്ല. എല്ലാപ്രായക്കാര്‍ക്കും രസിക്കത്തക്ക രീതിയില്‍ മികച്ച ചേരുവകള്‍ ചേര്‍ത്തിണക്കിയ എന്തിരനിലെ പല രംഗങ്ങളും കാണുമ്പോള്‍ ഇതൊരു തമിഴ് ചിത്രം തന്നെയോ എന്ന ശങ്ക നമുക്കുണ്ടാകും,മിന്നിത്തെളിയുന്ന ബള്‍ബുകളും, താനെ അടയുന്ന വാതിലുകളും മാത്രമുണ്ടായിരുന്ന ഇന്‍ഡ്യന്‍ സിനിമയിലെ ശാസ്ത്രരംഗങ്ങള്‍ ഇത്രത്തോളം പുരോഗതി കൈവരിച്ചതില്‍ നമുക്കഭിമാനിക്കാന്‍ വകയുണ്ട്. അത്യാധുനിക അനിമേഷന്‍ രീതികളും, വിഷ്വല്‍സും അതി മനോഹരമായി കോര്‍ത്തിണക്കിയിരിക്കുന്നഎന്തിരനില്‍ അതിശയാവഹമായ ശബ്ദമിശ്രണമാണുള്ളത്.

ചിത്രത്തിനെ ആദ്യ പകുതി, ഹാസ്യവും, ഗാനരംഗങ്ങളും ചേര്‍ന്നാണ്‌ കൊഴുപ്പിക്കുന്നതെങ്കില്‍ രണ്ടാം പകുതി ദൃശ്യ വിസ്മങ്ങളാല്‍ സമ്പുഷ്ടമാണ്‌, കഥാകൃത്ത് സുജാതയുടെ വിയോഗം ചിത്രത്തിന്റെ രണ്ടാം പകുതിയെ സാരമായി ബാധിച്ചിട്ടുണ്ട്, ആദ്യപകുതിയിലെ സുഗമമായ ഒഴുക്ക് രണ്ടാം പകുതിയില്‍ അത്ര അനുഭവപ്പെടുന്നില്ലെങ്കിലും ദൃശ്യസമ്പുഷ്ടമാക്കപ്പെട്ട സംഘട്ടന രംഗങ്ങള്‍ നമ്മുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറത്താണ്‌. ചെറിയ ചില ന്യൂനതകള്‍ നമുക്ക് തോന്നിയാലും മനുഷ്യ രൂപം പൂണ്ട റോബോട്ടുകള്‍ ചേര്‍ന്ന്‍ ഭീമന്‍ പാമ്പായും, മനുഷ്യ കരമായും മറ്റും മാറുന്ന കാഴ്ചകള്‍ കണ്ട് സ്ക്രീനില്‍ നിന്ന്‍ കണ്ണെടുക്കാതെ കണ്ടിരിക്കാനെ നമുക്ക് കഴിയുകയുള്ളു.അന്തരിച്ച പ്രമുഖ നടന്‍ കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി എന്നീ മലയാളികളുടെ സാന്നിധ്യവും എന്തിരനിലുണ്ട്എന്തിരനിലെ യഥാര്‍ഥ താരം രജനികാന്തെന്ന സൂപ്പര്‍സ്റ്റാറോ, ഐശ്വര്യ റായി ബച്ചന്‍ എന്ന സുന്ദരിയോ, ചിട്ടി എന്ന യന്ത്രമനുഷ്യനോ അല്ല മറിച്ച് ഇന്‍ഡ്യന്‍ സിനിമയില്‍ ഈ വിസ്മയമൊരുക്കിയ ഷങ്കര്‍ തന്നെയാണ​‍്.

ഈ ചിത്രം മികച്ച സംവിധാങ്ങളുള്ള ഒരു തീയേറ്ററില്‍ കണ്ടില്ല എങ്കില്‍ , ഒരു ദൃശ്യവിസ്മയമാകും നിങ്ങള്‍ക്ക് നഷ്ടപ്പെടുക.

Wednesday, September 15, 2010

ശിക്കാര്‍ ഒരു വ്യത്യസ്ത ദൃശ്യാനുഭവം





ചിറ്റാഴ എന്ന ഉള്‍ഗ്രാമത്തിലെ ഈറ്റക്കാടുകളില്‍ ലോറിഡ്രൈവറായ രാമേട്ടനെന്ന ബലരാമന്റെ (മോഹന്‍ ലാല്‍) വര്‍ത്തമാനകാലവും, ഭൂതകാലവുമാണ്, എം .പദ്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന സിനിമയുടെ ഇതിവൃത്തം. ചിറ്റാഴ നിവാസികള്‍ക്കിടയില്‍ ഒരു ഹീറോ പരിവേഷമുള്ളയാളാണ് ബലരാമന്‍, സുഹൃത്തായ സത്യചന്ദ്രന്‍ (ലാലു അലക്സ്), സാരഥി മണിയപ്പന്‍ (കലാഭവന്‍ മണി), വളര്‍ത്തുപുത്രി ഗംഗ (അനന്യ), മറ്റു ചിറ്റാഴ നിവാസികള്‍ എന്നിവരടങ്ങിയ ചെറിയ ലോകത്തില്‍ ഒതുങ്ങിക്കഴിയുകയാണയാള്‍.

ഇതിനിടയില്‍ ബലരാമന്‍ മറക്കാനാഗ്രഹിക്കുന്ന തന്റെ ഭൂതകാലത്തിലെ ചില കറുത്ത അടയാളങ്ങള്‍ അയാളെത്തേടിയെത്തുന്നു പക്ഷെ ഇത്തവണ അയാള്‍ക്കത് സധൈര്യം നേരിടേണ്ടി വരുന്നു.

ബലരാമന്റെ ഭാര്യ കാവേരി (സ്നേഹ), സ്നേഹിതന്‍ റാവുത്തര്‍ (തലൈവാസല്‍ വിജയ്), സത്യചന്ദ്രന്റെ ഭാര്യ രമണി (രശ്മി ബോബന്‍), അനുജത്തി (മൈഥിലി), കള്ളസ്വാമി (സുരാജ് വെഞ്ഞാറമൂട്), മത്തായിപ്പിള്ള (ജഗതി ശ്രീകുമാര്‍), അബ്ദുള്ള (സമുദ്രക്കനി) ഭാര്യ രുഗ്മിണി (ലക്ഷ്മിഗോപാലസ്വാമി), ഗംഗയുടെ കാമുകന്‍ മനു (കൈലാഷ്) തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങളും കഥയുടെ ഭാഗമാണ്.

പൂയംകുട്ടി എന്ന പ്രകൃതി രമണീയമായ വനമേഖല , ചിറ്റാഴയായി ദൃശ്യവല്‍ക്കരിച്ച ഛായാഗ്രാഹകന്‍ മനോജ് പിള്ള മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു, കാടിന്റെ രൗദ്രതയും ഭംഗിയും അദ്ദേഹം നന്നായി ഒപ്പിയെടുത്തിരിക്കുന്നു. കാടിന്റെ ചൂരുള്ള ഇത്തരമൊരു പശ്ചാത്തലത്തില്‍ നിവസിക്കുന്ന നായകനായി മോഹന്‍ ലാല്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ബലരാമന്‍ എന്ന കഥാപാത്രത്തിന്റെ മനോവികാരങ്ങളും, മാനറിസങ്ങളും അദ്ദേഹം അനായാസം ആവിഷ്കരിച്ചിരിക്കുന്നതു കണ്ടാല്‍..'ഒരു നാള്‍ വരും' കണ്ടതു കൊണ്ടുണ്ടായ എല്ലാ പരിഭവവും മറന്ന്‍ നമ്മള്‍ അതുല്യനായ ആ പ്രതിഭയെ ഒരിക്കല്‍ കൂടി തിരിച്ചറിയും. കുറച്ചു സമയത്തേക്കു മാത്രമേ രംഗത്തുള്ളു വെങ്കിലും നക്സല്‍ നേതാവ് അബ്ദുള്ള എന്ന കഥാപാത്രമായി വന്ന സമുദ്രക്കനി നമ്മെ അതിശയിപ്പിക്കും, അത്ര ശക്തമാണ് അബ്ദുള്ളയുടെ വ്യക്തിത്വം. ലാലു അലക്സ്, കലാഭവന്‍ മണി, തലൈ വാസല്‍ വിജയ്, ലക്ഷ്മി ഗോപാലസ്വാമി, അനന്യ എന്നിവരും നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഒരു സീനിലോ പാട്ടിലോ വന്ന്‍ അപ്രത്യക്ഷരാകുന്ന എല്‍ദോ ആശാന്‍ (ലാല്‍), തമ്പി മുതലാളി (ജോണ്‍ കൊക്കന്‍), തുടങ്ങി പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ചിലരുമുണ്ട് ശിക്കാറില്‍. കള്ളവാറ്റും, കള്ളത്തരവുമായി നടക്കുന്ന മത്തായിപ്പിള്ളയായി വന്ന ജഗതി ശ്രീകുമാര്‍ കുറച്ചു ചിരിക്ക് വക നല്‍കുന്നുണ്ടെന്നല്ലാതെ ഒരു കഥാപാത്രമെന്ന നിലയിലേക്കുയരുന്നില്ല.സുരാജിന്റെ കള്ള സ്വാമിയുടെ ചെയ്തികള്‍ അസഹനീയം ശരാശരി ഗാനങ്ങളോടൊപ്പം ഒരു റിക്കാര്‍ഡ് ഡാന്‍സും അനാവശ്യമായി തിരുകിയിരിക്കുന്നു.

മറ്റുള്ളവ.....

സത്യചന്ദ്രന്റെ ഭാര്യ രമണി അനുജത്തിയോട്, ചിറ്റാഴയിലെ ഈറ്റവെട്ട് സീസണെക്കുറിച്ച് പറയുമ്പോള്‍, കഴിഞ്ഞതിന്റെ മുന്‍പിലത്തെ വര്‍ഷം സീസണ്‍ വെള്ളപ്പൊക്കവും, വസൂരിയും കൊണ്ട് ആകെ മോശമായെന്ന്‍ പറയുന്നു, (ഈശ്വരാ !! മൂന്ന്‍ പതിറ്റാണ്ട് മുന്‍പ് വസൂരി ഭൂമുഖത്തു നിന്നേ തുടച്ചു നീക്കിയെന്നാണ് എന്റെ അറിവ്, ഇനി ചിറ്റാഴയില്‍ മാത്രം വസൂരി ബാക്കിയുണ്ടോ എന്തോ?)


ബലരാമനെ തേടിയെത്തുന്ന കറുത്ത ശക്തികള്‍, കാട്ടില്‍ ഒളിവില്‍ കഴിയുമ്പോഴും ഒരു ഉചഭാഷിണിയിലെന്ന പോലെ തെലുങ്ക് വിപ്ലവ ഗീതികള്‍ പാടുന്നതെന്തിനാണെന്ന്‍ ഒരു പിടിയും കിട്ടുന്നില്ല, ഇവര്‍ക്കിതൊക്കെ രഹസ്യമായി ചെയ്തു കൂടെ? (അല്ലെ?)


ചുരുക്കത്തില്‍ : മോഹന്‍ ലാല്‍ എന്ന അഭിനയപ്രതിഭയെ കുറേനാളുകള്‍ക്കു ശേഷം മലയാളസിനിമയ്ക്ക് തിരികെ നല്‍കിയ ചിത്രമെന്ന്‍ ശിക്കാറിനെ വിശേഷിപ്പിക്കാം.

ശിക്കാറില്‍ അഭിനയിക്കുന്നതുമായ് ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവിലാണ് നടന്‍ ശ്രീനാഥ് ആത്മഹത്യ ചെയ്തത്, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരാം.

Saturday, September 11, 2010

എല്‍സമ്മ എന്ന ആണ്‍കുട്ടി ഒരു അവലോകനം



ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റുന്ന നായിക, ഗ്രാമവാസികളായ അവളെയും മൂന്നു അനിയത്തിമാരെയും വശീകരിക്കാന്‍ ശ്രമിക്കുന്ന നഗരത്തില്‍ നിന്നെത്തിയ നാലു ചെറുപ്പക്കാര്‍,നാട്ടിലെ ഒരു ചെറുപ്പക്കാരനു അവളോടുള്ള പ്രണയം ഇത്തരം ഒരു സാഹചര്യം വരച്ചു കാട്ടുന്ന ഒരു ചിത്രത്തില്‍, കുറഞ്ഞത് ഒരു ബലാത്സംഗം, പൈങ്കിളി പ്രണയ രംഗങ്ങള്‍, മേമ്പോടിക്ക് ആത്മഹത്യ ,കണ്ണീര്‍ പ്രളയം നെഞ്ഞത്തടിച്ചു കരച്ചില്‍, ഭീകര ഹാസ്യം തുടങ്ങിയ സ്ഥിരം മലയാള സിനിമാ ചേരുവകള്‍ ഒന്നും തന്നെ ചേര്‍ക്കാതെ തന്നെ അതിനെ എങ്ങനെ മികച്ചതാക്കാം എന്നു ലാല്‍ ജോസിന്റെ 'എല്‍സമ്മ എന്ന ആണ്‍ കുട്ടി' തെളിയിക്കുന്നു.

പിതാവിന്റെ മരണത്തെത്തുടര്‍ന്ന്‍ വീടിന്റെ ഉത്തരവാദിത്വം ചുമലിലേറ്റേണ്ടി വരുന്ന എല്‍സമ്മ എന്ന പെണ്‍കുട്ടിയുടേയും (ആന്‍ അഗസ്റ്റിന്‍) അവളുടെ നാട്ടുകാരുടെയും കഥയാണിത്. രാവിലെ നാലുമണിക്ക് എല്‍സമ്മ അലാറം വെച്ചുണരുന്നതില്‍ നിന്ന്‍ പടം തുടങ്ങുന്നു. തന്റെ മൂന്നു അനിയത്തിമാരെയും അമ്മച്ചിയേയും (കെ.പി.എ.സി ലളിത) പോറ്റാനായി പത്രം ഏജന്‍സിയും മറ്റു പണികളുമായി അവള്‍ എന്നും തിരക്കിലാണ്, പിതൃ തുല്യനായ പാപ്പനും (നെടുമുടി വേണു), കൂട്ടുകാരനായ ഉണ്ണിക്കൃഷ്ണനെന്ന പാലുണ്ണി (കുഞ്ചാക്കോ ബോബന്‍) യുമൊക്കെ അവള്‍ക്ക് പ്രിയപ്പെട്ടവര്‍. ഷാപ്പ് അബ്കാരിയായ സുഗുണനോടും(വിജയ രാഘവന്‍), വഷളനായ പഞ്ചായത്തു മെമ്പര്‍ രമണനു (ജഗതി ശ്രീകുമാര്‍ ) മായിട്ടൊക്കെ ഇടക്കിടെ അവള്‍ക്ക് കൊമ്പു കോര്‍ക്കേണ്ടി വരുന്നുണ്ട്, ഇതിനിടയില്‍ പാലുണ്ണിക്ക് തന്നോടുള്ള നിശബ്ദ പ്രണയം അവള്‍ തിരിച്ചറിയുന്നു. പാപ്പന്റെ മകന്റെ മകനായ എബിയും ( ഇന്ദ്രജിത്ത്) സഹോദരിയും പാപ്പന്റെ വീട്ടിലെത്തുന്നു, കൂടെ എബിയുടെ മൂന്ന്‍ സുഹൃത്തുക്കളും, ഇതെല്ലാം എല്‍സമ്മയ്ക്ക് തലവേദനകളായി മാറുന്നു,എന്നാല്‍ അവള്‍ ധീരമായിത്തന്നെ വെല്ലുവിളികള്‍ നേരിടുന്നു.

എല്‍സമ്മ എന്ന കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിച്ച ആന്‍, പിതാവ് അഗസ്റ്റിന് അഭിമാനിക്കാനുള്ള വക നല്‍കുന്നുണ്ട്, സ്ഥിരം ചോക്കളേറ്റ് കോളേജ് കുമാരന്‍ ഇമേജില്‍ നിന്നും മാറി, ക്ഷീരകര്‍ഷകനായ നാട്ടിന്‍ പുറത്തുകാരനായി കുഞ്ചാക്കോബോബന്‍ നന്നായഭിനയിച്ചിരിക്കുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ മണവാളന്‍ തോമാച്ചന്‍ എന്ന കല്യാണ ബ്രോക്കര്‍ അമിത ഹാസ്യത്തിലേക്ക് വീഴാതെ നന്നായി ചിരിപ്പിക്കുന്നുണ്ട്, ഹാസ്യതാരങ്ങളുടെ പേക്കൂത്തുകള്‍ കൂടാതെയും നര്‍മ്മം ഉരുത്തിരിയുമെന്ന്‍ 'എല്‍സമ്മ' തെളിയിക്കുന്നു, പിന്നെ എടുത്തു പറയേണ്ടുന്നത് ഇന്ദ്രജിത്തിന്റെ പ്രകടനമാണ് നഗരത്തിന്റെ പൊങ്ങച്ചവും, പഞ്ചാരയുമുള്ള എബി എന്ന കഥാ പാത്രം മികച്ചതാക്കാന്‍ ഇന്ദ്രനു കഴിഞ്ഞു (ഇന്ദ്രജിത്ത് ഇപ്പോള്‍ കൂ​‍ടുതല്‍ ചെറുപ്പമായി വരുന്നുണ്ട്), ബാലന്‍ പിള്ളയെ അവതരിപ്പിച്ച ജനാര്‍ദ്ദനന്‍,മുതല്‍ മെമ്പര്‍ രമണനിട്ട് വില്ലേജാഫീസില്‍ ഇടക്കിടക്ക് ഗോളടിക്കുന്ന പ്യൂണ്‍ വരെ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കും.

അതിശക്തമായെ തിരക്കഥയൊന്നുമല്ലെങ്കിലും കോട്ടയത്തോ, ഇടുക്കിയിലോ ഉള്ള ഒരു ഉള്‍നാടന്‍ ഗ്രാമാന്തരീക്ഷത്തില്‍ നടക്കുന്ന കഥ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു, ഗാനങ്ങള്‍ എല്ലാം തന്നെ ശരാശരി നിലവാരം പുലര്‍ത്തുന്നവയാണ്, പ്രകൃതിയുടെ ദൃശ്യഭംഗി ക്യാമറാമാന്‍ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. മൊത്തത്തില്‍ ഒരു നല്ല കുടുംബ ചിത്രമാണ് ലാല്‍ ജോസ് ഇത്തവണ സമ്മാനിച്ചിരിക്കുന്നത്.

മലയാളത്തിലും സ്ത്രീപക്ഷ സിനിമകള്‍ ജനപ്രിയമാകുന്നതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് (ഒരു പക്ഷേ ഏറ്റവും മികച്ചതും) എല്‍സമ്മ എന്ന ആണ്‍കുട്ടി, മുണ്ടു പൊക്കി വില്ലന്മാരെ അടിച്ചു വീഴിക്കുന്നതിലും, മീശപിരിക്കലിലും, പീഡനങ്ങളിലും മറ്റും ആനന്ദം കണ്ടിരുന്ന മലയാളി മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് ആശാദായകം തന്നെ.

അവലോകനം : തീര്‍ച്ചയായും കാണേണ്ടുന്ന ചിത്രം

Saturday, May 8, 2010

പോക്കിരി രാജ ഒരു അവലോകനം



കൊല്ലങ്കോട് ഗ്രാമത്തിലെ കുന്നത്തുതറവാടും, പുതിയറ തറവാടും തമ്മില്‍ ശത്രുതയിലാണ്, കുന്നത്തുതറവാട്ടിലെ മാധവന്‍ മാഷിന്റെ മക്കളാണ്, രാജ (മമ്മൂട്ടി) യും, സൂര്യയും (പൃഥിരാജ്), ഗ്രാമത്തില്‍ നടക്കുന്ന ഉത്സവത്തിനിടയില്* പുതിയറ തറവാട്ടിലെ ഗോപി, അബദ്ധത്തില്‍ കൊല്ലപ്പെടുകയും രാജ കുറ്റമേറ്റ് ജയിലില്‍ പോവുകയും ചെയ്യുന്നു, എന്നാല്‍ ജയില്‍ വിമോചിതനായി വന്ന കൌമാരക്കാരനായ മകനെ സ്വീകരിക്കാല്‍ മാധവല്‍ മാഷ് തയ്യാറാവുന്നില്ല, രാജ മധുരയിലെത്തുകയും പ്രശസ്തനായ ഗുണ്ടയായിത്തീരുകയും ചെയ്യുന്നു, കാലം മുന്‍പോട്ട് പോകുന്നു നാട്ടില്‍ ഒരു അടിപിടിക്കേസില്‍ പെട്ട സൂര്യ, മാധവന്‍ മാഷിന്റെ നിര്‍ദേശപ്രകാരം അളിയനായ ഇടിവെട്ട് സുഗുണന്‍ (സുരാജ്) എന്ന പോലീസുകാരനൊപ്പം കൊച്ചിയിലെത്തുന്നു, അവിടെ വെച്ച് അവന്‍ അശ്വതിയെ (ശ്രീയ ശരണ്‍) പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു, എന്നാല്‍ രണ്ടാനച്ഛനായ കമ്മീഷണര്‍ (സിദ്ധിഖ്) അവളുടെ വിവാഹം അഭ്യന്തരമന്ത്രിയുടെ മകനും വിടനുമായ മഹേന്ദ്രനുമായി (റിയാസ് ഖാന്‍) തീരുമാനിച്ചിരിക്കുകയാണ്, കമ്മീഷണറുടെ കുതന്ത്രങ്ങളുടെ ഫലമായി സൂര്യ അകത്താകുന്നു, അവനെ പുറത്തിറക്കാന്‍ മാധവന്‍ മാഷ് രാജയുടെ സഹായം തേടുന്നു, രാജ നാട്ടിലെത്തി വില്ലന്മാരെയൊക്കെ ഇഞ്ചപ്പരുവത്തില്‍ ചതച്ച്, അനിയന്റെ വിവാഹത്തിനു വഴിയൊരുക്കുന്നു.

ഇത്രയുമാണ് കഥ, കഥയിലെ പല സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും നാം കണ്ടുകഴിഞ്ഞ പല സിനിമകളോടും സാദൃശ്യമുള്ളവയാണ്, രാജയുടെ പശ്ചാത്തലവും, മുറി ഇംഗ്ലീഷിലുള്ള സംസാരവും ചട്ടമ്പിനാടിലെ മല്ലയ്യയോടടുത്തു നില്‍ക്കുന്നു, സലിം കുമാറിന്റെ പൈങ്കിളി നോവലിസ്റ്റും, ക്രൂരനായ രണ്ടാനച്ഛന്റെ സം രക്ഷണത്തില്‍ വളരുന്ന നായികയും, സുരാജിന്റെ പേടിത്തൊണ്ടനായ എസ്.ഐ യുമൊക്കെ തികച്ചും പുതുമയില്ലാത്ത കഥാപാത്രങ്ങള്‍ തന്നെയാണ്, സുരാജിന്റെ അമിതാഭിനയം എന്തു കൊണ്ടും അനാവശ്യം തന്നെ. ഉദയ്കൃഷ്ണ, സിബി കെ തോമസ് ടീമിന്റെ തിരക്കഥയും ,സംഭാഷണങ്ങളും ഒരു ശരാശരി ആക്ഷന്‍, കോമഡി മൂഡിലുള്ളതാണ്, ജാസി ഗിഫ്റ്റിന്റെ ഗാനങ്ങളൊക്കെത്തന്നെ ശരാശരി നിലവാരത്തിലുള്ളതാണ്, പക്ഷെ പശ്ചാത്തല സംഗീതം പലയിടത്തും മികച്ചു നില്‍ക്കുന്നു, മമ്മൂട്ടി തരക്കേടില്ലാതെ അല്‍പ്പം നൃത്തവും വെയ്ക്കുന്നുണ്ട്, പൃഥിരാജിനെ ഒരു യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ സപ്പോര്‍ട്ടീവായ കഥാപാത്രമാണ് സൂര്യ, ചടുലമായ ആക്ഷന്‍ രംഗങ്ങളിലൂടെ പൃഥി മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. നായികയ്ക്കു അല്‍പ്പം പ്രണയ രംഗവും, പാട്ടും മാത്രമേ കഥയില്‍ നീക്കിയിരിപ്പുള്ളു.

പുതുമയൊട്ടുമില്ലാത്ത ഒരു കഥ തരക്കേടില്ലാതെ കാഴ്ച്ച വെച്ചതിനു സംവിധായകന്‍, വൈശാഖ് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു, ഇതു രണ്ടു താരങ്ങളുടെ മാത്രം സിനിമയാണ് , അല്‍പ്പ സ്വല്പ്പം അമാനുഷികതയും, സ്റ്റണ്ടുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് നന്നായി രുചിക്കുന്ന ഒരു ചിത്രം.

ശ്രദ്ധേയമായവ : മമ്മൂട്ടിയുടെ ഭംഗി, പൃഥിരാജിന്റെ ആക്ഷന്‍, പശ്ചാത്തല സംഗീതം, ശ്രീയ ശരണ്‍ (Appearance)
അസഹനീയമായവ: സുരാജിന്റെ എസ്.ഐ, എസ് ഐ യുടെ, സ്വന്തം തന്തയെ തെറിവിളിക്കുന്ന മോന്‍ എന്നിവ....

അവലോകന സാരം: മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ഹിറ്റ് ചിത്രം

Tuesday, May 4, 2010

'പുള്ളിമാന്‍'


സംവിധാനം: അനില്‍ കെ നായര്‍

നല്ലൊരു ശനിയാഴ്ചയായിട്ട് കണ്ണു തുറന്ന്‍ മുറ്റത്തിറങ്ങിയ എന്നെ എതിരേറ്റത്അന്ന്‍ പുലര്‍ച്ചെ റബ്ബര്‍ മരം വീണ് നിലം പതിച്ച ഇലകട്രിക് പോസ്റ്റ് എന്ന കാഴ്ചയായിരുന്നു, എതായാലും ഉടനെയെങ്ങും കറന്റ് വരില്ല എന്നുറപ്പുള്ളതു കൊണ്ടും, പ്രത്യേകിച്ച് വേറെ പരിപാടിയൊന്നുമില്ലാത്തതു കൊണ്ടും ഞാന്‍ കുളിച്ചൊരുങ്ങി നേരെ ബൈക്കെടുത്ത് സിറ്റിയിലേക്ക് വിട്ടു. സിറ്റിയിലെത്തി ഏതു സിനിമ കാണണം എന്നറിയാതെ കണ്‍ഫ്യൂഷ്നായ എന്റെ കണ്ണുകളില്‍ 'പുള്ളിമാന്റെ' പോസ്റ്റര്‍ പെട്ടു, സംവിധായകന്‍, ലാല്‍ ജോസിന്റെ ശിഷ്യനും നവാഗതനുമൊക്കെ ആയതു കൊണ്ട് ഒന്നു പ്രോത്സാഹിപ്പിച്ചേക്കാം എന്നോര്‍ത്ത് മാറ്റിനിക്കു കയറി, അനുപമയില്‍ കയറി ഞാന്‍ ബാല്‍ക്കണിയില്‍ ചുറ്റും നോക്കി പത്തോ ഇരുപതോ പേരുണ്ടാകും, കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പത്തു പേരൂടെത്തി (തിരുവനന്തപുരം ശ്രീബാലയില്‍ പോലും ഊരും പേരുമറിയാത്ത തുണ്ട് വെട്ടിക്കൂട്ടലുകള്‍ കാണാന്‍ ഇതിന്റെ നാലിരട്ടി ആളുകളുണ്ടാകും, വെറുതെയാണോ തീയെറ്ററുകള്‍ കൂട്ട ചരമം പ്രാപിക്കുന്നതു)
പെരുമണ്ണൂര്‍ ഗ്രാമത്തില്‍ വാസു എന്ന ഭീകരന്‍ നടത്തുന്ന ഒരു കൊലപാതകം, അതും നല്ല പള്ളക്കു കുത്തിയിറക്കല്‍ നടക്കുന്നതോടെ സിനിമ തുടങ്ങുന്നു, നന്മ നിറഞ്ഞ ഒരു പറ്റം ആളുകള്‍ വസിക്കുന്നയിടമാണ് പെരുമണ്ണൂര്‍, ബാല്യത്തില്‍ എങ്ങിനെയോ അവിടെ എത്തിപ്പെടുന്ന കുഞ്ഞുണ്ണിയെ (കലാഭവന്‍ മണി) രാമേട്ടന്‍ (നെടുമുടി വേണു) സ്വന്തം മകനെപ്പോലെ വളര്‍ത്തുന്നു, ആ നാട്ടിലെ കുട്ടികള്‍ കുഞ്ഞുണ്ണിയുടെ പാട്ടുകേട്ടാലെ ഉറങ്ങാറുള്ളൂ പോലും ! ,ഇതിനിടയില്‍ കാലന്‍ വാസു വീണ്ടുമെത്തി അരെയൊക്കെയോ ചവിട്ടുന്നു ( അതൊക്കെ എന്തിനാണെന്ന്‍ സംവിധായകനു മാത്രമേ അറിയൂ), പെരുമണ്ണൂരിലെ ആളുകള്‍ "ആയ്യോ കാലന്‍ വന്നു കാലന്‍ വന്നു ഇനി എന്താകും ഇവിടുത്തെഅവസ്ഥ" എന്നു പതിവു പോലെ വിലപിക്കുന്നു...പെണ്‍കുട്ടികളെപ്പോലും കാലന്‍ വാസു വെറുതെ വിടില്ല പോലും, ഇങ്ങനൊക്കെയാണെങ്കിലും നമ്മുടെ നായകന്‍ കാലന്‍ വാസുവുമായി നല്ല 'ക്ലോസാണ്' വാസുവണ്ണാ എന്ന്‍ തേന്‍ പുരട്ടി വിളിച്ച് എണ്ണ പുരട്ടി മസാജ് ചെയ്തു കൊടുക്കുന്നു......ഇതിനൊക്കെയിടയില്‍ ഭീകരമായ കുറെ പാട്ടുകളും, ഗ്രാമൊത്സവം എന്ന പേരില്‍ നടത്തുന്ന പേക്കൂത്തുകളുമൊക്കെ നമ്മള്‍ സഹിക്കണം..ഇതിനിടയില്‍ നാടോടി പെണ്‍കൊടിയായ രാധ (മീര നന്ദന്‍) യും കുടുംബവും പെരുമണ്ണൂരെത്തുന്നു, ശ്രീകൃഷ്ണ വിഗ്രഹം ഉണ്ടാക്കി വിറ്റ് ജീവിക്കുന്നവരാണവര്‍, കുടിയനായ പിതാവ്, ഇളയ രണ്ട് പെണ്‍കുട്ടികള്‍ ഇങ്ങനെ വലിയൊരു ഭാരം ആ പാവത്തിന്റെ ചുമലിലുണ്ട് (പാവം കുട്ടി), തുറന്ന ഒരു റ്റെന്റിലാണ് പെണ്‍ കുട്ടികള്‍ താമസം, പാവങ്ങളാണെങ്കിലും "ഞങ്ങള്‍ നാടോടികള്‍" എന്ന്‍ നാഴികയ്ക്ക് നാല്‍പതു വട്ടം പറയുന്നെങ്കിലും, പട്ടു വസ്ത്രങ്ങളും, എത്നിക് ആഭരണങ്ങളും കടുത്ത മേക്കപ്പുമിട്ടാണ് പാവങ്ങള്‍ നടക്കുന്നത് (കുടിയന്‍ മൂപ്പിലാന്‍ പോലും സില്‍ക് ജൂബ്ബ മാറി മാറി ധരിക്കുന്നു), പതിവുപോലെ കാലന്‍ വാസുവിന്റെ കിരാത നയങ്ങള്‍ രാധയുടെ മേല്‍ പെടുന്നു, അനിയത്തിക്കുട്ടികള്‍ക്കിടയില്‍ ഉറങ്ങിക്കിടക്കുന്ന അവളെ തോളിലിട്ട് തട്ടിക്കൊണ്ട് പോകുന്നു..ബലാല്‍സംഗമാണ് ലക്ഷ്യം, പക്ഷെ നായകന്റെ അഭ്യര്‍ത്ഥന മാനിച്ച് ബലാല്‍സംഗം ഉപേക്ഷിച്ച് വില്ലന്‍ മടങ്ങുന്നു...ഇതിനിടയില്‍ കുഞ്ഞുണ്ണിയുടെ അവകാശികള്‍ അവനെ തേടിയെത്തുന്നു..പിന്നെ ഫ്ലാഷ് ബാക്ക് ഇരുപതു വര്‍ഷം മുന്‍പ് നടക്കുന്ന കഥയില്‍ സാന്‍ട്രോ കാറും, ചാനലുകളിലെ റിയാലിറ്റി ഷോകളെ ക്കുറിച്ചുള്ള ഘോര ഘോര പ്രസംഗവും ഒക്കെ കാണുമ്പോള്‍ നാം കണ്ണുമിഴിക്കും പിന്നെ കുഞുണ്ണിയുടെ (കരുമാടിക്കുട്ടനില്‍ നിന്നും അല്‍പ്പം കൂടി ബുദ്ധിവളര്‍ച്ച പ്രാപിച്ച പരുവത്തില്‍) സെന്റി ഡയലോഗുകളും, നാട്ടുകാരുടെ വിങ്ങലും ഒക്കെ കാണുമ്പോള്‍ ഈ പടത്തിനു തലവെച്ച നാമും കരയും..ഒടുവില്‍ കാലന്‍ വാസു തുടക്കത്തില്‍ കുത്തിയിറക്കിയ കത്തി നമ്മുടെ പള്ളക്കാരുന്നു കൊണ്ടത് എന്ന യാഥാര്‍ത്യം തിരിച്ചറിഞ്ഞ് കൃതാര്‍ത്ഥരായി തീയേറ്റര്‍ വിടാം...
ഈ സിനിമയില്‍ ആകെക്കൂടി സഹിക്കാന്‍ കഴിയുന്നത് 'മല്ലിപ്പൂ' എന്ന പാട്ടു മാത്രം ..കണ്ടിരിക്കാം

verdict : തോമസു കുട്ടി വിട്ടോടാ​‍ാ.......................................

'കടാക്ഷം'



സംവിധാനം : ശശി പരവൂര്‍
നിര്‍മ്മാണം : എ.വി അനൂപ്
ഒരു ഫ്രണ്ടുമൊത്ത് നഗരത്തില്‍ കറങ്ങി നടക്കുന്നതിനിടയില്‍ എനിക്കൊരു തോന്നല്‍ ഒരു പടത്തിനു പോയാലോ എന്ന്‍, കടാക്ഷത്തിന്റെ പോസ്റ്റര്‍ കണ്ടപ്പോള്‍ അല്‍പ്പം എരിവും ,പുളിയുമൊക്കെ തോന്നി (ക്ഷമിക്കണം എന്തോ അവാര്‍ഡ് കിട്ടിയ കഥയെന്നോ മറ്റോ ഞാന്‍ കേട്ടിരുന്നു അതാണ് ഈ ചിത്രം കാണാന്‍ തോന്നാനുള്ള പ്രധാന കാരണം) എന്തായാലും നേരെ അനശ്വരയിലേക്ക് വിട്ടു, ചെന്നപ്പോള്‍ ആളുകള്‍ വരുന്നതേയുള്ളു, അങ്ങനെ കോട്ടയത്ത് ഞാന്‍ ആദ്യമായി പത്തു മിനിറ്റ് വൈകി പ്രദര്‍ശനം ആരംഭിക്കുന്നതു കണ്ടു ( കറക്ട് രണ്ട് മണിക്ക് കോട്ടയത്തൊക്കെ മാറ്റിനി ആരംഭിക്കും), കടല്‍പ്പുറത്ത് തിരയില്‍ കളിച്ചു കൊണ്ടിരിക്കുന്ന മാളു എന്ന കുട്ടിയില്‍ സിനിമ ആരംഭിക്കുന്നു, നാഥന്റെയും (സുരേഷ് ഗോപി), രേവതിയുടെയും (ശ്വേതാ മേനോന്‍) മകളാണവള്‍, ചില തെറ്റിധാരണ മൂലം ദാമ്പത്യം തകരാറിലായ ദമ്പതികളാണവര്‍, ഇവരുടെ വീട്ടില്‍ വയസു ചെന്ന വല്യ സാബ് (വിജയ രാഘവന്‍), ഡ്രൈവര്‍ (ഇന്ദ്രന്‍സ്) എന്നിവരെ കൂടാതെ വേലക്കാരി ജാനകി (ശ്വേതാ വിജയ്) കൂടിയുണ്ട്. രേവതി മിക്ക സമയവും ഫെലോഷിപ്പിനായി വിദേശത്താണ്.
സുന്ദരിയായ ഒരു വീട്ടുവേലക്കാരിക്ക്, നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന ഉപദ്രവങ്ങളാണ് പിന്നീട് മുഴുവന്‍, വിജയരാഘവന്റെ മൂപ്പില്‍സു പോലും ആ പാവത്തിനെ വെറുതേ വിടുന്നില്ല, ജീപ്പുകാരന്റെ, പല ചരക്കു കടക്കാരന്റെ , നാട്ടുകാരന്റെ ഒക്കെ കാമ വെറി പൂണ്ട കണ്ണുകള്‍ അവളെ മാറി, മാറി ഉഴിയുന്നു, ഇതിനിടയില്‍ നാഥന്റെയും, രേവതിയുടേയും ഓര്‍മ്മയിലെ കിടപ്പറ രംഗങ്ങളും, ജാനകിയുടെ ഭര്‍ത്താവും, നാടകക്കാരനുമായ മാധവന്റെ (ജഗതി ശ്രീകുമാര്‍) തോന്ന്യാസങ്ങളും, 'ആരോമലെ' എന്ന സഹിക്കാന്‍ കഴിയാത്ത ഗാനവും കടന്നു വരുന്നു, ഒരു പെണ്‍ കുട്ടിക്ക് അമ്മയുടെസാമീപ്യം ആവശ്യമെന്ന്‍ സുരേഷ് ഗോപിക്ക് മനസ്സിലാവുന്നു, ഇതിനിടയില്‍ വീട്ടു വേലക്കായി ബാംഗ്ലൂരു കൊണ്ടു പോയ മകളുടെ വിവരത്തിനായി ജാനകി അലയുന്നുമുണ്ട്, സ്വാതി തിരുനാളിന്റെ 'പ്രാണ നാഥനെനിക്ക് നല്‍കിയ' എന്ന പദം ഇതില്‍ ഒരു പാട്ടായി തരക്കേടില്ലാത്ത രീതിയില്‍ റീ മിക്സ് ചെയ്തിട്ടുണ്ട്. സിനിമയിലെ പല സംഭവങ്ങളും നമുക്ക് ദഹിക്കാതെ മുന്നോട്ടു പോകുന്നെങ്കിലും, അവസാന ഭാഗത്തില്‍ ഇതിനൊക്കെ നമുക്ക് ഉത്തരം ലഭിക്കുന്നു, ജാനകിക്കു സംഭവിച്ച ദുരന്തം അനാവരണം ചെയ്യപ്പെടുന്നു.

പല സിനിമകളിലും കണ്ടു പരിചയിച്ച പ്രമേയമാണെങ്കിലും അത് തരക്കേടില്ലാത്ത രീതിയില്‍ സംവിധായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്, പക്ഷെ പല സീനുകളും അതി കാമ പ്രസരമുള്ളവയായത് ഒഴിവാക്കാമായിരുന്നു , സ്ത്രീകളുടെയും, പെണ്‍ കുട്ടികളുടേയും സമൂഹത്തിലെ സുരക്ഷയിലേക്ക് ദുര്‍ബലമായി വിരല്‍ ചൂണ്ടുന്നു ഈ ചിത്രം, സംവിധാനത്തിലെ ചെറിയ പാളിച്ചകള്‍ മൂലം തിരക്കഥയുടെ ശക്തി ഫ്രെയിമിലേക്ക് പൂര്‍ണ്ണമായും സന്നിവേശിപ്പിക്കാന്‍ സാധിച്ചിട്ടില്ല.

ചിത്രത്തിലാകെ നിറഞ്ഞു നില്‍ക്കുന്നത് ജാനകി യെ അവതരിപ്പിച്ച ശ്വേതാ വിജയ് ആണ്, കഥാപാത്രത്തോട് തികച്ചും നീതി പുലര്‍ത്തിയ ശ്വേതയുടെ ഭംഗി മുഴുവനും ഒട്ടും വള്‍ഗറല്ലാത്ത രീതിയില്‍ ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്, നല്ല ഉയരവും അഭിനയ പാടവുമുള്ള ഈ കലാകാരിയില്‍ നിന്നും നമുക്ക് ഇനിയും നല്ല വേഷങ്ങള്‍ പ്രതീക്ഷിക്കാം.

ചുരുക്കത്തില്‍ സമൂഹത്തിലെ ചില തിന്മകള്‍ ചൂണ്ടിക്കാണിക്കുന്ന ചലച്ചിത്രം.........

ചെറിയ കള്ളനും , വല്യ പോലീസും



കടം കയറി എല്ലാം മുടിഞ്ഞതുമൂലം ഭാര്യ സൌദാമിനി(വിദ്യ) ക്ക് , ഒരു ലോഡ്ജില്‍ നിന്നും കത്തെഴുതുകയാണ് കുമാരന്‍(ജഗദീഷ്), കട ബാധ്യത മൂലം താന്‍ ജീവനൊടുക്കുകയാണെന്ന്‍ അയാള്‍ ഭാര്യക്കെഴുതുന്നു. കത്തു നാട്ടിലെത്തുകയും, കുമാരന്‍ മരിച്ചേ എന്ന്‍ നാട്ടിലെ കുട്ടികളടക്കം ആര്‍ത്തു വിളിച്ചു നടക്കുകയും ചെയ്യുന്നു, പക്ഷെ ഒരു ഭയങ്കര പ്രശ്നം അതിനിടക്ക് പൊന്തി വരുന്നു ,മരിച്ച കുമാരന്റെ ശവശരീരം എവിടെ? ഇതിനിടയില്‍ സദാശിവന്‍ (മുകേഷ്) എന്നയാള്‍ കുമാരന്റെ വീട്ടിലെത്തുകയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്നു, ഇതിനിടയില്‍ പോലീസ് ഒരു ശവം തമിഴ്നാട്ടില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്യുകയും യധാവിധി സംസ്കരിക്കുകയും ചെയ്യുന്നു, അതിനിടയില്‍ മരിച്ചതു തങ്ങളുടെ കുമരനണ്ണനാണെന്ന്‍ പറഞ്ഞ് കുറേ തമിഴന്മാരും എത്തുന്നു, പിന്നെ പതിവു പോലെ അടി പിടി, കരച്ചില്‍ ഒക്കെ കഴിയുമ്പോള്‍ കുമാരന്‍ തിരിച്ചു വരുന്നു, സദാശിവന്‍ മൂലമാണ് അയാള്‍ ക്കു പണം നഷ്ടപ്പെട്ടതെന്നു അയാള്‍ ഭാര്യയോട് പറയുന്നു, പക്ഷെ സദാശിവന്‍ അയാളുടെ കടം വീട്ടിയിരുന്നു, ഒടുവില്‍ ആളുകളുടെ പണം തട്ടി മുങ്ങാന്‍ ശ്രമിക്കുന്ന വില്ലനെ ഇരുവരും ചേര്‍ന്ന്‍ നേരിടുന്നു...ടും..(ബഷീര്‍ ശൈലിയില്‍)..കഥ ശുഭം

സിനിമാ എന്നതിനുപരി വഴിതെറ്റി ഈ സാധനം കാണാന്‍ വന്നു പെട്ട ഹതഭാഗ്യരെ ക്ഷ്മയുടെ നെല്ലിപ്പലക കാണിക്കുന്ന ഉദാത്തസ്റിഷ്ടി.......ഹരിദാസ് കേശവന്‍ എന്ന സംവിധായകന് ഒരു പത്തുകൊല്ലം മുന്‍പായിരുന്നെങ്കില്‍ ഈ സംഭവം ദൂരദര്‍ശനില്‍ ഖണ്ഡശ്ശ കാണിക്കാമായിരുന്നു...(പണ്ട് കുടപ്പനക്കുന്നില്‍ നിന്നും പ്രക്ഷേപണം ചെയ്ത 'അമ്മച്ചിയെത്തും മുന്‍പേ', 'മണിവീണ' എന്നീ സീരിയലുകളിലും ഭേദം ഇതു തന്നേയാണ്)...സുരാജ് വെഞ്ഞാറമൂടിന്റെ ഭീകര കോമഡി യും , തറ നമ്പരുകളും ചിരിയല്ല മറ്റു പല വികാരങ്ങളുമാണുണര്‍ത്തുന്നതു, അതു പോലെ തന്നെ ദയനീയമായിപ്പോയി മകളാകാനും മാത്രം പ്രായമുള്ള വിദ്യയെ ജഗദീഷിന്റെ ഭാര്യയാക്കിയതു, ജഗതി അവതരിപ്പിക്കുന്ന പഞ്ചാ;പ്രസിഡന്റിന്റെ വേശ്യാ സന്ദര്‍ശനം, സലിം കുമാറിന്റെ ചായക്കടയും അതിലെ കഥാപാത്രങ്ങളും തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ പ്രേക്ഷകര്‍ക്കു നേരെ ഇളിച്ചു കാട്ടുന്നു, തീര്‍ന്നില്ല കുമാരന്‍ മരിച്ചെന്നു കരുതി അടുത്തു കൂടുന്ന ബന്ധുക്കളുടെ അസഹനീയ പ്രകടനം, മരണവീട്ടില്‍ വന്ന്‍ ബ്ലേഡുകാര്‍ കുമാരന്റെ ഭാര്യയെ കയറിപ്പിടിക്കല്‍ എന്നീ കലാപരിപാടികള്‍ തികഞ്ഞ വേദനയോടെ കണ്ടിരിക്കുമ്പോള്‍ തന്നെ സുരാജ് തമിഴ്നാട്ടില്‍ നിന്നും ശവപ്പെട്ടിയുമായെത്തും... അതും സഹിച്ചു കഴിയുമ്പോളാണ് തമിഴ് നാട്ടില്‍ നിന്നും (നടന്‍ ചാര്‍‌ലിയും മറ്റും) കുറെപ്പേരെത്തി കൂത്താട്ടം നടത്തുന്നതു, ഇതൊക്കെ കഴിയുമ്പോള്‍ കുമാരന്‍ തിരിച്ചു വരുന്നു, അപ്പോളൊരു പാട്ടുണ്ട് 'കുമാരാ' എന്നൊക്കെ പറഞ്ഞ് ' 'വ്യത്യസ്തനാം ബാലന്റെ' അതെ സെറ്റപ്പു തന്നെ പാട്ടിന് , നാട്ടുകാര്‍ മുഴുവനും ആ പാട്ടില്‍ തുള്ളിക്കളിക്കുന്നു, ഇതൊക്കെ പോട്ടെ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്ത് റൂമില്‍ മടങ്ങിയെത്തുന്ന കുമാരനു മുന്‍പില്‍ ഒരു സിദ്ധനെത്തുന്നു അതോടെ കുമാരന്‍ കുടുംബവും കത്തും മറന്ന്‍ തീര്‍ഥയാത്ര പോകുന്നു...പാതി വഴിക്ക് ഇറങ്ങുന്നതിഷ്ടമല്ലാത്തതു കൊണ്ട് അനുഭവിച്ചു തീര്‍ത്ത പടം എന്നു പറഞ്ഞാല്‍പ്പോരാ മോശം സിനിമയ്ക്കുള്ള അവാര്‍ഡ് മലയാളത്തിലുമേര്‍പ്പെടുത്തണമെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്ന ചിത്രം.....

സീനിയര്‍ മാന്‍ഡ്രേക്ക്



പതിമൂന്ന്‍ വര്‍ഷ്ങ്ങള്‍ക്ക് മുന്‍പ് ജൂനിയര്‍ മാന്‍ഡ്രേക്ക് ഇറങ്ങിയപ്പോള്‍, സ്കൂള്‍ കുട്ടിയായിരുന്നതു കൊണ്ട് തീയേറ്ററില്‍ പോയി കാണാന്‍ സാധിച്ചില്ല (അന്നൊക്കെ അപൂര്‍വ്വം ചിത്രങ്ങളെ തീയേറ്ററില്‍ കണ്ടിരുന്നുള്ളു) പക്ഷെ വീഡിയോ കേസറ്റ് ഇട്ടും, ടീവിയിലുമായി പിന്നീട് പല തവണ പ്രസ്തുത ചിത്രം കാണുകയും, മനസ്സറിഞ്ഞ് ചിരിച്ചു മറിയുകയും ചെയ്തു, ഇതിന്റെ രണ്ടാം ഭാഗമായ സീനിയര്‍ മാന്‍ഡ്രേക്കിലും എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റിലീസ് ദിവസം തന്നെ കോട്ടയം അനുപമയില്‍ കാണുവാന്‍ ചെന്നത്. ടൈറ്റിലുകള്‍ കണ്ടപ്പോള്‍ തന്നെ എന്തോ ഒരിത്..അനുഭവപ്പെട്ടു പക്ഷെ അതത്ര കാര്യമാക്കിയില്ല..ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഓട്ടോ ഡ്രൈവറെ ബൈക്കുകാര്‍ വളഞ്ഞു പിടിക്കുന്ന തുടക്കം കണ്ടപ്പോഴെ സംഗതി കുഴപ്പമാണെന്ന്‍ ബോധ്യമായി, വല്യ മുതലാളിയായ ഓമനക്കുട്ടന്റെ (ജഗതി) കൈയ്യില്‍ കുഴപ്പക്കാരന്‍ പ്രതിമ വീണ്ടും എത്തുന്നു, അതൊഴിവാക്കാനുള്ള തന്ത്രങ്ങളാണ​‍് പിന്നീട് ..ഇതിനിടയില്‍ ഓമനക്കുട്ടന്റെ ഭാര്യ (കല്‍പ്പന) 'തിരോന്തരം' ഭാഷ കൊണ്ട് അമ്മാനമാടുന്ന രംഗങ്ങളുണ്ട്, ഭാര്യാ സഹോദരനായ സഹ്രദയന്‍ (ജഗദീഷ്) ഓമനക്കുട്ടന്റെ സഹായത്തിനെത്തുന്നു, സഹ്രദയന്‍ പഴയ ആദിവാസി പ്രേമമൊക്കെയായി ,അവിവാഹിതനായി ഒറ്റക്ക് കഴിയുകയാണ് ( ജൂനിയര്‍ മാന്‍ഡ്രേക്കിലുണ്ടായിരുന്ന കാമുകി (കീര്‍ത്തി ഗോപിനാഥ്) നെന്തു പറ്റിയെന്തോ?) മേമ്പോടിയായി സഹ്രദയന്റെ വക കുറച്ചു പാട്ടുകള്‍ കാണിക്കും, ഓമനക്കുട്ടന്‍ പ്രതിമയുപയോഗിച്ച് കൂടോത്ര ബിസിനസ്സ് തുടങ്ങുകയാണ് പിന്നീട്, ഇതൊക്കെ പോകട്ടെ സുരാജിന്റെ പോലീസിന്റെ വക ഭീകരമായ തമാശകള്‍, ഭ്രാന്തന്‍ ബാലന്‍ (സലിം കുമാറിന്റെ ) വിക്രിയകള്‍ വീണ്ടും കുറെ പാട്ടുകള്‍ ( ഇതില്‍ 'പൈക്കിഞോ' എന്ന നമ്പര്‍ ഹൊറിബിള്‍ ) ഇവയൊക്കെ കൂടി പ്രേക്ഷകരുടെ സമനിലതെറ്റിക്കുന്നു, സഹ്രദയന്റെ വീട്ടില്‍ ഇതിനിടയില്‍ ഒരു പെണ്‍കുട്ടി (ചാരുത) കടന്നു കൂടുന്നു ,പതിവു പോലെ വില്ലനായി സീനിയര്‍ മാന്‍ഡ്രേക്ക് ലാന്റ് ചെയ്യുന്നു (ജൂനിയര്‍ ജയിലിലാണല്ലോ) ഓമനക്കുട്ടന്റെ അത്യാര്‍ത്തി അയാളെ കുഴപ്പങ്ങളിലെത്തിക്കുന്നു, രക്ഷപെടാന്‍ ശ്രമിക്കുന്ന സീനിയര്‍ കാറു പൊട്ടിത്തെറിച്ച് മരിക്കുന്നു..അതോടെ കഥ തീരുന്നു.

ഡിജിറ്റല്‍ ഫോര്‍മാറ്റിലാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്, സംവിധാനവും എഡിറ്റിങ്ങുമൊക്കെ അലി അക്ബര്‍ തന്നെ , സീനിയര്‍ മാന്‍ഡ്രേക്ക് ലാന്റ് ചെയ്യുന്നത്, ജഗതിയുടെ ഓഫീസ് മുറി, മുതലായ രംഗങ്ങളിലൊക്കെ എഡിറ്റിങ്ങ് അപാകത കാണാം (ജഗതിയുടെ ഓഫീസ് മുറി ബാക്ഗ്രൌണ്ടില്‍ 'ബ്ലൂ' സ്ക്രീന്‍ ഇട്ടാണ് ചിത്രീകരിച്ചിരിക്കുന്നതു ,പിന്നീട് എഡിറ്റിങ്ങ് റ്റൈമില്‍ ബ്ലൂ സ്ക്രീന്‍ ഇരേസ് ചെയ്ത് അനുയോജ്യമായ പശ്ചാത്തലം ചേര്‍ക്കുന്നു, ഇതില്‍ പശ്ചാത്തലം ചിത്രീകരിച്ച ക്യാമറയുടേയും, ക്യാരക്ടേര്‍സിനെ ചിത്രീകരിച്ച ക്യാമറയുടേയും ചലനം ഒരു പോലെ വേണം എന്നാല്‍ ജഗതിയുടെ ഓഫീസ് മുറി കാണിക്കുമ്പോള്‍ ,ക്യാരക്ടര്‍ ചിത്രീകരിച്ച ക്യാമറ മാത്രമേ അനങ്ങുന്നുള്ളു, പശ്ചാത്തലം നിശ്ചലമായി നില്‍ക്കുന്നു) ശബ്ദസമ്മിശ്രണവും പോര, ദൂരദര്‍ശനിലെ ഒരു മെഗാസീരിയല്‍ വല്യ സ്ക്രീനില്‍ കാണുന്ന അനുഭവമേ ഈ സിനിമക്ക് സമ്മാനിക്കാന്‍ കഴിയുന്നുള്ളു.

ഒരു ചോദ്യം ബാക്കിയാകുന്നു 'ഈ അലി അക്ബറിനിതെന്തു പറ്റി?'

സിനിമാ അവലോകനങ്ങള്‍

'സൂഫി പറഞ്ഞ കഥ'


കെ.പി രാമനുണ്ണിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം ആണ് 'സൂഫി പറഞ്ഞ കഥ'
നാനാജാതി മതസ്ഥര്‍ അനുഗ്രഹം തേടാനെത്തുന്ന ബീവിയുടെ 'ജാറം' ത്തിലെത്തുന്ന പത്ര പ്രവര്‍ത്തകന്റെ(വിനീത് കുമാര്‍) മുന്‍പില്‍ സൂഫി (ബാബു ആന്റണി) ബീവിയുടെ കഥ പറയുന്നു.

മേലെപുല്ലാര തറവാട്ടിലെ അനന്തരവകാശിയായി കാര്‍ത്ത്യായനി എന്ന കാര്‍ത്തി (ശര്‍ബ്ബാനി മുഖര്‍ജി) ജനിക്കുന്നു. പണ്ഡിതനും, ദേവി ഉപാസകനുമായ ശങ്കു മേനോന്‍ (തമ്പി ആന്റണി) തന്റെ അനന്തിരവളുടെ അസാമാന്യ ജാതകം ഗണിച്ചെടുക്കുന്നു, യൌവ്വനയുക്തയായിത്തീര്‍ന്ന അവള്‍ തന്റെ തറവാട്ടില്‍ നാളികേര കച്ചവടത്തിനെത്തുന്ന മാമൂട്ടി (പ്രകാശ് ബാരെ) എന്ന മുസ്ലീം യുവാവുമായി പ്രണയത്തിലാവുകയും അയാളുമൊത്ത് പൊന്നാനിക്ക് ഒളിച്ചോടുകയും ചെയ്യുന്നു. മാമൂട്ടിയുടെ വീട്ടിലെത്തുന്ന കാര്‍ത്തി ,സുഹ്റാ എന്ന നാമവും മുസ്ലീം വിശ്വാസവും സ്വീകരിക്കുന്നു, എന്നാല്‍ വീട്ടുവളപ്പില്‍ നിന്നും കിട്ടുന്ന ദേവീ വിഗ്രഹം അവളില്‍ ഗത്കാല സ്മരണകളുണര്‍ത്തുകയും, മാമൂട്ടിയുടെ അനുവാദത്തോടെ വീട്ടുവളപ്പില്‍ ക്ഷേത്രം പണിത് ദേവിയെ ആരാധിക്കുകയും ചെയ്യുന്നു, സ്ത്രൈണതയുടെ ശക്തിമത് രൂപമായി മാറുന്ന കാര്‍ത്തിയുമായി ശയിക്കാന്‍ മാമൂട്ടി അശക്തനാവുകയും, കുടുംബത്തില്‍ തന്നെയുള്ള അമീര്‍ എന്ന യുവാവുമായി സ്വവര്‍ഗ്ഗ ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നു, മതമൌലിക വാദികള്‍ മാമൂട്ടിയെ വധിക്കുന്നു, ഇതേ സമയം തന്നെ കാര്‍ത്തി അമീറുമൊത്ത് കടലില്‍ മറയുന്നു. മാമൂട്ടിയുടെ കൊലയാളികള്‍ കയറിയ വള്ളവും കാര്‍ത്തിയുടെ ശാപഫലമായി മറിയുന്നു....ഒടുവില്‍ കാര്‍ത്തി ബീവിയായി അവരോധിക്കപ്പെടുന്നു.

നോവലിലെ കഥയുടെ മികവ് തിരക്കഥയില്‍ സന്നിവേശിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും, പ്രിയനന്ദനന്‍ എന്ന സംവിധായകന്റെ പ്രതിഭ തെളിയിക്കുന്ന ചിത്രം. അല്‍പ്പം പഴക്കമേറിയതും, മിത്ത് ആയി കേട്ടുപതിഞ്ഞതുമായ പ്രമേയമാണെങ്കിലും ഒരല്‍പ്പം പോലും മുഷിവു തോന്നാതെ ഒരു സാധാരണക്കാരന് ആസ്വദിക്കാവുന്ന വിധത്തില്‍ മിനുക്കിയിട്ടുണ്ട്. അഭിനേതാക്കളെല്ലാം തന്നെ കഥാപാത്രങ്ങളോട് നന്നായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു, ശര്‍ബാനിയുടെ അഭിനയ മികവ് കാര്‍ത്തിയില്‍ കാണാന്‍ കഴിയും, മലയാളിയല്ലായിരുന്നിട്ട് കൂടി ഒരല്‍പ്പം പോലും ഭാവം ചോരാതെ തന്റെ കഥാപാത്രത്തെ ഭദ്രമാക്കി കാര്‍ത്തി, മികച്ച അഭിനേതാവായിട്ടു കൂടി ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച മുസ്ല്യാരുടെ ഭാവപകര്‍ച്ചയ്ക്ക് എന്തൊക്കെയോ അപാകതകള്‍ അനുഭവപ്പെടുന്നു, രണ്ട് പാട്ടുകളുണ്ടെങ്കിലും ചിത്ര പാടിയ 'തെക്കിനി കോലായ' എന്ന ഗാനം ചിത്രീകരണത്തിലും സന്നിവേശത്തിലും മികച്ചു നില്‍ക്കുന്നു. വിശ്വാസപമായ പ്രമേയങ്ങള്‍ കൈ പൊള്ളാതെ ചിത്രീകരിക്കുന്നതെങ്ങനെയെന്നറിയാന്‍ 'സൂഫി പറഞ്ഞ കഥ' കണ്ടാല്‍ മതി.

പല മികവും അവകാശപ്പെടാനുണ്ടെങ്കിലും നോവലിലെ ചില കാര്യങ്ങള്‍ തിരശീലയിലെത്തുന്നത് തികച്ചും ന്യായീകരിക്കപ്പെടാതാണ്, കാര്‍ത്തിയുടെ പ്രണയം അറിഞ്ഞിട്ട് കൂടി അവളെ തടയാത്ത അമ്മാവനും, മുസ്ല്യാരുടെ ഭാവ പരിണാമവും, കാര്‍ത്തിയുടെ ശക്തി മനസിലാകുന്നയുടന്‍ സ്വവര്‍ഗ്ഗ രതിയിലേക്ക് തിരിയുന്ന മാമൂട്ടിയും, അമീറിനെ തനിക്കൊപ്പം കടലിലേക്ക് കൊണ്ട് പോകുന്ന കാര്‍ത്തിയുടെ പ്രവര്‍ത്തി, ഇവയെല്ലാം തന്നെ ന്യായീകരണങ്ങളില്ലാതെ കടന്നു പോകുന്നു.

മികച്ച സാങ്കേതിക മേന്മയില്‍ പുറത്തെത്തിയ ഈ ചിത്രം ഇനിയും ഇതേ രീതിയില്‍ വ്യത്യസ്ത പ്രമേയങ്ങളോടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ക്ക് പ്രചോദനമാകുമാറാകട്ടെ....

Wednesday, March 3, 2010

നാട്ടിൻപുറത്തെ സിനിമ

ഇരുവശവും സിനിമാ പോസ്റ്ററുകൾ പതിച്ച കാളവണ്ടി..... അതിലിരുന്ന് നാട്ടിലെ കൊട്ടകയിലെത്തിയ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഉച്ചഭാഷിണിയിലൂടെ പറയുകയാണ്‌ ഒരാൾ..അതിനിടയിൽ വണ്ടിക്കു പിന്നാലെ ഓടിയെത്തുന്ന കുട്ടികൾക്കിടയിലേക്ക് ചിതറിയെത്തുന്ന നോട്ടീസുകൾ..നോട്ടീസുമായി മടങ്ങുന്ന കുട്ടികൾക്കായി കാത്തു നില്ക്കുന്ന മുതിർന്നവർ.....



മലയാള സിനിമാ ബ്ലാക്ക് ആന്റ് വൈറ്റ് റീലിൽ ഓടിയിരുന്ന കാലത്ത് നാട്ടിൻപുറത്തെ പതിവു കാഴ്ച്ചയായിരുന്നു ഇത്... സ്ഥിരമായി കൊട്ടകൾ ഇല്ലാതിരുന്ന നാടുകളിൽ വിരുന്നെത്തിയിരുന്ന ടൂറിങ്ങ് ടാക്കീസുകളുമുണ്ടായിരുന്നു അന്ന്. താത്കാലികമായി ഉയർത്തിയിരുന്ന കൂടാരങ്ങളിൽ തമിഴ്, തെലുങ്ക് സിനിമ ആസ്വദിച്ച ഗ്രാമങ്ങൾ പോലും പിന്നീട് നിർമ്മിക്കപ്പെട്ട സ്ഥിരം കൊട്ടകകളിൽ സ്വന്തം മാതൃഭാഷയെ തിരിച്ചറിഞ്ഞു.
അന്നൊക്കെ തീയേറ്ററിനുള്ളിലെ മണ്ണിലും ബെഞ്ചിലുമൊക്കെയായി സിനിമ കാണാൻ ആരും ഒരു മടിയും വിചാരിച്ചില്ല. പരിമിതമായി സൌകര്യങ്ങളിൽ സിനിമ കണ്ടിരുന്ന അന്നത്തെ തലമുറ.ഇടവേളയിൽ പാട്ടുപുസ്തകങ്ങളും കപ്പലണ്ടിയും വാങ്ങി അടുത്ത പകുതിക്കായി കാത്തിരുന്നു.
അന്നത്തെ ആ ക്ളാസിക് കാലഘട്ടത്തിന്റെ ഓർമ്മകൾ പോലും നമുക്കിന്ന് അന്യമായിത്തീർന്നിരിക്കുന്നു.

തീയേറ്ററുകളും ഞാനും

പ്രിയപ്പെട്ടവരെ ഓര്മ്മയുണ്ടോ കാലം, ..ദൂരദര്ശന്വിനോധോപാധി എന്ന നിലയില്മധ്യവര്ത്തി കുടും ബങ്ങളില്ആവേശിക്കാന്തുടങ്ങുന്നതിനും മുന്പ് ...നാം നെഞ്ഞോടടക്കി പിടിച്ചിരുന്ന സിനിമാ കൊട്ടകകള്‍ ...പ്രൊജക്ടര്റൂമിന്റെ കിളിവാതിലിലൂടെ പുറപ്പെടുന്ന പ്രകാശ രശ്മികള്തിരശീലയില്അത്ഭുതങ്ങള്വിരിയിച്ചിരുന്ന കാലം ...... അന്നൊക്കെ ഒരു സിനിമാ തീയേറ്റര്‍ .. നാടിന്റെ സ്പന്ദന്മായിരുന്നു..പിന്നീട് കാലം മുന്നോട്ട് പോയി ദൂരദര്ശന്ടെലിവിഷനെ മലയാളികളുടെ ഒഴിവുവേളകളിലെ തോഴനാക്കി മാറ്റി...അപ്പോഴും ശീതീകരിച്ചതാണോ?, സാങ്കതിക മേന്മയുണ്ടോ? എന്നൊന്നും നോക്കാതെ ജനം ബി,സി ക്ലാസ് തീയേറ്ററുകളെ ഹൌസ്ഫുള്ളാക്കി മാറ്റിയിരുന്നു..വീണ്ടും കാലം മാറി മെഗാ സീരിയലുകള്‍ മലയാളികളുടെ 'മാനസി' മാരായി മാറി ഒപ്പം തീയേറ്ററുകളുടെ മരണമണികളും മുഴങ്ങാന്‍ തുടങ്ങി..നഷ്ടത്തിലായ ബി,സി ക്ലാസ് തീയേറ്ററുകള്‍ കൂട്ടത്തോടെ ഇടിച്ചു നിരത്തപ്പെട്ടു...പല ഹിറ്റു സിനിമകളുമോടിയ സ്ക്രീനുകള്‍ നിഷ്കാസിതരായി.. ചില തീയേറ്ററുകള്‍ ഓഡിറ്റോറിയങ്ങളായി...എ ക്ലാസ് തീയേറ്ററുകള്‍ കൂടി പ്രതിസന്ധിയിലായി... തരം താണ ഇം ഗ്ളീഷ് 'എ' ചിത്രങ്ങളില്‍ തുടങ്ങി മാദക മദാലസ മസാല ചിത്രങ്ങള്‍ പ്രദര്‍ ശിപ്പിച്ച് ആളെകൂട്ടിയത് തരം തിരിവില്ലാതെ എ,ബി,സി തീയേറ്ററുകളൊന്നിച്ചായിരുന്നു....

ഇന്ന് മികച്ച ശബ്ദ സം വിധാനവും ,സൌകര്യങ്ങളുമൊരുക്കി തീയേറ്ററുകള്‍ മുഖം മിനുക്കുന്നു..എന്നാലും നമുക്ക് നഷ്ടമായ ആ പഴയ കൊട്ടകകള്‍ ഒരു തീരാവേദനയായി അവശേഷിക്കുന്നു...




കോട്ടയം ജില്ലയില്‍ പൊന്‍ കുന്നത്തുള്ള ലീലാമഹല്‍ തീയേറ്റര്‍ ,നടന്‍ ബാബു ആന്റണിയുടെ കുടും ബത്തിന്റെ വകയായ ഈ തീയേറ്ററിലാണ്‍ ഈയുള്ളവന്‍ ആദ്യമായി സിനിമ കണ്ടത്. കാഴ്ച്ചക്കാര്‍ കുറഞ്ഞതോടെ ഇതൊരു ആഡിറ്റോറിയമായി മാറി..