Saturday, December 11, 2010

ബെസ്റ്റ് ആക്ടർ with ബെസ്റ്റ് ആക്ടേഴ്സ്


നാട്ടിൻപുറത്തെ ഒരു സാധാരണക്കാരനായ സ്കൂൾ മാഷാണ്‌ മോഹനൻ, ഭാര്യ സാവിത്രിയും (ശ്രുതി) മകനുമായി കുടുംബസ്ഥനായി കഴിയുന്ന അയാളുടെ ആത്യന്തികമായ ലക്ഷ്യം ഒരു സിനിമാനടനാവുക എന്നതാണ്‌, അതിനായി തന്നാലാവുന്ന പരിശ്രമങ്ങളെല്ലാം അയാൾ ചെയ്യുന്നുമുണ്ട്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി സംവിധായകരെയും മറ്റും നേരിട്ടു കാണുവാൻ ചെല്ലുന്ന അയാൾക്ക് പക്ഷെ കാര്യമായ അവസരങ്ങളൊന്നും തന്നെ ഒത്തു വരുന്നില്ല. അങ്ങനെയിരിക്കെ സ്വന്തം സ്കൂളിൽ നടക്കുന്ന ഒരു ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മോഹൻ അപമാനിതനാകുന്നു ഇതിൽ മനം നൊന്ത് സ്വന്തം കുടുംബത്തെ പോലും തത്കാലത്തേക്ക് മറന്ന് അയാൾ നഗരത്തിലെത്തുകയാണ്‌,അവസരം തേടാൻ പിൻബലത്തിനായി അനുഭവം തേടിയിറങ്ങുന്ന അയാൾ നഗരത്തെ കിടു കിടെ വിറപ്പിച്ചിരുന്ന ഒരു പഴയ സിംഹമായ ഡെൻവർ ആശാന്റെയും (നെടുമുടി വേണു) സംഘത്തിന്റെയും ഭാഗമായിത്തീരുന്നു. നടനായിത്തീരുക എന്ന മോഹന്റെ ഇഛാശക്തിക്കു മുൻപിൽ മറ്റു പ്രതിബന്ധങ്ങളെല്ലാം- അല്പ്പം വൈകിയാണെങ്കിലും തകർന്നടിയുന്ന കാഴ്ചയാണ്‌ പിന്നീട് കടന്നു വരുന്നത്.

വിശ്വസനീയമായ ഒരു കഥ ഒട്ടും അതിശയോക്തികളില്ലാതെ സത്യ സന്ധമായി അവതരിപ്പിക്കുന്നിടത്ത് 'ബെസ്റ്റ് ആക്റ്റർ' ഒരു തികഞ്ഞ വിജയമാകുന്നു. അനാവശ്യമായ കഥാപാത്രങ്ങളോ അവിശ്വസനീയമായ സന്ദർഭങ്ങളോ രംഗം കൊഴുപ്പിക്കാൻ ഉപയോഗിച്ചിട്ടുമില്ല. നാട്ടിൻപുറത്തെ സാധാരണക്കാരൻ നഗരത്തിലെത്തുമ്പോൾ പ്രകടിപ്പിക്കുന്ന ചുണ്ടുവിരൽ കൊണ്ട് എതിരാളികളെ നിഷ്പ്രഭനാക്കുന്ന സൂപ്പർ ഹീറോ പ്രതിഭാസം ഇല്ല എന്നതും ആശ്വാസകരം. മോഹൻ എന്ന സാധാരണക്കാരന്റെ സ്വപ്നങ്ങളും നോവുകളും അതി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന മമ്മൂട്ടി എന്ന മഹാനടന്റെ പ്രതിഭ അതു നേരിൽ കാണേണ്ടുന്നതു തന്നെയാണ്‌. ഡെൻവർ ആശാനായി വന്ന നെടുമുടി വേണു, ശിഷ്യനായ ഷാജിയെ അവതരിപ്പിച്ച ലാൽ എന്നിവർ കസറി എന്നു തന്നെ പറയാം, ഇവരുടെ തന്നെ ഗ്യാംഗിലെ ബാക്കിയുള്ളവരായ അരിവാൾ പ്രാഞ്ചി (സലിം കുമാർ) ,പൊട്ടൻ (വിനായകൻ) എന്നിവരുടെ പ്രകടനവും മികച്ചതായി. സലിം കുമാറിനെത്തന്നെ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിരിക്കുന്നു. ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു പിടി കഥാപാത്രങ്ങൾ വേറെയുമുണ്ട് സിനിമയിൽ അവസരം തേടിപ്പോയി ജീവിതം നഷ്ടപ്പെടുത്തിയ ചായക്കടക്കാരി (പ്രിയങ്ക), മോഹന്റെ അടുത്ത സുഹൃത്തായ സ്റ്റാർ സ്റ്റുഡിയോക്കാരൻ എന്നിവർ ഉദാഹരണം. ശ്രുതി ,മോഹന്റെ മകനായി വന്ന ബാലതാരം എന്നിവരും ഒട്ടും തന്നെ മോശമാക്കിയില്ല. ബിജിപാലിന്റെ സംഗീതവും ഛായാഗ്രാഹണവും ചിത്രത്തോടൊട്ടി നിൽക്കുന്നു.

സങ്കീർണ്ണമായ തിരക്കഥയോ, നാടകീയമായ സംഭാഷണങ്ങളോ ചിത്രത്തെ ഏറ്റെടുക്കുന്നില്ല. പുതു മുഖ സംവിധായകനെങ്കിലും കഥാപാത്രങ്ങളെയെല്ലാം തന്നെ മികച്ച രീതിയിൽ ഉപയോഗിച്ച മാർട്ടിൻ പ്രക്കാട്ടിന്റെ പ്രതിഭ കന്നിച്ചിത്രത്തിൽ തന്നെ വെട്ടിത്തിളങ്ങുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് തന്നെ വേറിട്ടൊരനുഭവമാക്കാൻ അദ്ദേഹത്തിനായി.

ചൂണ്ടിക്കാണിക്കാൻ പിഴവുകൾ ഏറെയില്ലെങ്കിലും, എഡിറ്റിംഗിലെ അപാകതയെന്ന വണ്ണം ചെറുതെങ്കിലും അനാവശ്യ ഷോട്ടുകൾ ഇടക്ക് കടന്നു കൂടിയിട്ടുണ്ട്. രാത്രിയായെന്നു കാണിക്കാൻ നേരത്തെയെടുത്തു വെച്ച അസ്തമയ സൂര്യനെ കാണിക്കുന്നത് തന്നെ ഒരു ഉദാഹരണം, 'ബെസ്റ്റ് ആക്ടർ' എന്ന പശ്ചാത്തല സംഗീതം അല്പ്പം ബഹളമയമായി അരോചകമാവുന്നോ എന്നും സംശയം തോന്നാം. കഥാ പാത്രങ്ങളുടെ കാര്യത്തിലുമുണ്ട് ചില്ലറ പിഴവുകൾ പേരെടുത്ത ഗുണ്ടകളെങ്കിലും പേരിനെങ്കിലും ഒരു മൂർച്ചയുള്ള പേനാക്കത്തി പോലുമില്ലാതെ തുരുമ്പിച്ച ആയുധങ്ങളുമായി പണിക്കിറങ്ങുന്ന ഡെൻ വറശാനും സംഘവും ചിരിയുണർത്തുമെങ്കിലും യുക്തിപരമായി ചിന്തിച്ചാൽ പോരായ്മയായി തോന്നാം. വായിൽക്കൊള്ളാത്ത പേരുകളുള്ള സിനിമകളെയും, സംവിധായകരെയും ആരാധിക്കുന്ന ഒരു പറ്റം ആളുകൾ കേവലം ഒരു മന്ദ ബുദ്ധിയെന്നു തോന്നിക്കുന്നവനെ വെച്ച് സിനിമ എടുക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയും ഹാസ്യത്തിനെന്ന് കരുതി സമാധാനിക്കാം.ശ്രീനിവാസൻ അവതരിപ്പിച്ച സംവിധായകൻ ശ്രീകുമാർ കയ്യടി നേടുന്നുണ്ടെങ്കിലും അദ്ദേഹത്തിനു പുതുതായി ഒന്നുമേ ചെയ്യാനില്ലെന്നതാണ്‌ വാസ്തവം.

അടുത്തിടെയായി ഇറങ്ങിയ മാരകമായ ചില ചിത്രങ്ങൾ കണ്ട ക്ഷീണം മാറി മനസ്സിനൊരുണർവ്വ് വന്നത് ബെസ്റ്റ് ആക്റ്റർ കണ്ടപ്പോഴാണ്‌, ഒറ്റയ്ക്ക് കാണാതെ കുടുംബസമേതം കാണേണ്ടുന്ന ചിത്രമെന്ന് ഒറ്റ വാക്കിൽ നിർവ്വചിക്കാവുന്ന കാമ്പുള്ള സിനിമ.


വാൽക്കഷ്ണം

സിനിമയ്ക്ക് മുൻപ് പരസ്യചിത്രങ്ങൾക്കൊപ്പം 'തണൽ' എന്ന പേരിൽ സംസ്ഥാനം നിർമ്മിച്ച ഒരു ഹൃസ്വ ചിത്രം കാണിക്കുകയുണ്ടായി, പെൺകുട്ടിയോട് വീട്ടുകാർ വിവേചനം കാണിക്കുന്നതും ഒടുവിൽ വാർധക്യത്തിൽ തണലായി ഐ.പി.എസ്സ് കാരിയായി മകൾ വരുന്നതുമൊക്കെയായിരുന്നു പ്രമേയം, കണ്ടപ്പോൾ കഷ്ടം (അതിനു ചിലവഴിച്ച പണത്തെക്കുറിച്ചോർത്ത്) തോന്നി.


2 comments: