തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ മുംബൈയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്ത മുഖപരിചയമില്ലാത്തവരെയും (പ്രത്യേകിച്ച് നടികള്‍) , കുറച്ചെങ്കിലും പരിചയമുള്ള അഭിനേതാക്കളേയും വെച്ച് തരം താഴ്ന്ന ഡയലോഗുകളും സീനുകളും കുത്തി നിറച്ച 'ഉച്ചപ്പടങ്ങള്‍' ധാരാളമായി ഇറങ്ങിയിരുന്നു, അത്തരം സിനിമകളില്‍ പോലും പരീക്ഷിച്ചിട്ടില്ലാത്ത തരം കോള്‍മയിര്‍ക്കൊള്ളിക്കുന്ന ഡയലോഗുകള്‍ ധാരാളമുണ്ട് സ്മോള്‍ ഫാമിലിയില്‍. ഒരു സമ്പൂര്‍ണ്ണ കുടുംബമായി കാണിച്ചു തുടങ്ങുന്ന വിശ്വനാഥന്റെ കുടുംബത്തിന് കുടിയന്മാരോടുള്ള സമീപനം കണ്ടാല്‍ ആരും അന്തം വിട്ടു പോകും, കുടിയന്മാര്‍ക്ക് ഓം ലറ്റും, അച്ചാറും വിതരണം ചെയ്യുകയും പ്രതിഫലമായി കുടിയന്മാരെക്കൊണ്ട് വീടു വൃത്തിയാക്കിപ്പികുകയും (അതും ബ്ലീചിംഗ് പൗഡര്‍ വാരി വിതറി) ചെയ്യുന്ന കൗസല്യയുടെ അഭിപ്രായത്തില്‍ 'കുടിയമാര്‍ നല്ല സ്നേഹമുള്ളവരാണ്'. ഇതു മാത്രമല്ല ഉപ്പ്മാവ് വാങ്ങാന്‍ സ്കൂള്‍ കുട്ടികള്‍ അനുസരണയോടെ ക്യൂ നില്‍ക്കുന്നതു പോലെ കുടിയന്മാര്‍ കുപ്പി വാങ്ങാന്‍ നില്‍ക്കുന്ന ദൃശ്യം ഇടക്കിടെ ഒളിഞ്ഞ് നോക്കുന്നത് ബോറടി മാറ്റനുള്ള ഉഗ്രന്‍ പോംവഴിയത്രെ! ഇത്രയും വിശാല മനസ്കയായ കൗസല്യ സ്വന്തം ഭര്‍ത്താവ് കുടിച്ച് ബോധമില്ലാതെ വീട്ടിലെത്തുമ്പോള്‍ കരഞ്ഞു നില വിളിക്കുമെന്നത് വേറേ കാര്യം. അപരിചിതനായ ഒരാള്‍ (അനില്‍ പനച്ചൂരാന്‍) ബാറിലെ ഭീകരമായ !!! അന്തരീക്ഷത്തില്‍ വെച്ച് തലയിലേക്ക് മദ്യം ഒഴിച്ചപ്പോള്‍ വിശ്വനാഥന്‍ മുഴുക്കുടിയനായി മാറുകയായിരുന്നു (എന്തൊരു അത്ഭുത പ്രതിഭാസം!).
പാരമ്പര്യമായി കള്ള വാറ്റു നടത്തുന്ന കിഷോറിന്റെ കുടുംബമായ 'മാന്‍ഷന്‍ ഹൗസില്‍' മുത്തച്ഛനടക്കം മികവരും നിരവധി ബലാത്സംഗ കേസില്‍ പ്രതികളും തികഞ്ഞ തെമ്മാടികളുമാണത്രെ, മദ്യപാനം ഒരു കുടുംബമഹിമയായി കാണുന്ന ഇക്കൂട്ടരുടെ വീട്ടിലെ ഇളയ പെണ്‍കുട്ടിയെ കെട്ടാനെത്തുന്നതോ പെണ്‍ കുട്ടികളെ വെച്ച് നഗ്ന വീഡിയോ എടുക്കുന്ന ഒരു ഞരമ്പ് രോഗിയും. ഇത്ര മനോഹരമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നെത്തുന്ന കിഷോറിന്റെ തനി നിറം മനസ്സിലാക്കിയിട്ടും അമ്മുവിന് അവനോട് കടുത്ത പ്രേമം !, വഷളന്‍, അറു വഷളന്‍ കാറ്റഗറിയില്‍ പെടുത്താവുന്ന കുറേ കഥാ പാത്രങ്ങളെ അഭിനേതാക്കളെല്ലാവരും തന്നെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു, കെ .പി .എസ് . സി ലളിത കലാഭവന്‍ മണി, സുരാജ് അങ്ങനെയെല്ലാവരും തന്നെ അസഹനീയ പ്രകടനം നടത്തുന്നുവെങ്കിലും കൈലാഷിനെയും, രാജസേനനേയും കടത്തി വെട്ടാന്‍ അവര്‍ക്കാര്‍ക്കും കഴിയുന്നില്ല എന്നത് അങേയറ്റം ദു;ഖകരമായ വസ്തുതയാണ്.വളരെക്കാലത്തിനു ശേഷം, വിം കലക്കിയത് കൊടുത്ത് ആളുകളെ കക്കൂസിലേക്ക് ഓടിക്കുക എന്ന കമീയമായ ഹാസ്യാചാരം ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരികയെത്തുകയും ചെയ്യുന്നുണ്ട്.
സംഗീതം ഛായാഗ്രാഹണം ,സാങ്കേതികത്തികവ് എന്നീ മേഘലകളിലെങ്കിലും മേന്മകള്‍ കണ്ടെത്താന്‍ ഞാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും, കല്യാണ വീഡിയോയുടെ നിലവാരം പോലുമില്ലാതെ എഡിറ്റ് ചെയ്ത് വികലമാക്കിയ ഗാനങ്ങളും, ബഹളമയമായ സംഗീതവുമൊക്കെ വിലയിരുത്താന്‍ ഞാന്‍ അശക്തനാണ്.
എപ്പോള്‍ ടിവിയില്‍ വന്നാലും കണ്ടിരുന്നു പോകുന്ന ഒരു പറ്റം ശുദ്ധ ഹാസ്യ സിനിമകള്‍ സമ്മാനിച്ച രാജസേനന്‍ തന്നെയാണ് ഈ 'സ്മോള്‍ ഫാമിലിയും' സംവിധാനം ചെയ്തതെന്ന്‍ വിശ്വസിക്കുക പ്രയാസം, രാജസേനനേയും അദ്ദേഹത്തിന്റെ സിനിമകളേയും സ്നേഹിക്കുന്ന ആരും തന്നെ ഈ സിനിമ കാണാതിരിക്കുക പ്ലീസ്....
അവലോകന സാരം: എന്റെ രണ്ട് പ്രധാന ശത്രുക്കള്‍ക്ക് ഞാന്‍ ഈ സിനിമയ്ക്ക് ടിക്കട് റിസര്‍വ്വ് ചെയ്ത് കൊടുക്കാന്‍ തീരുമാനിച്ചു.
No comments:
Post a Comment