Tuesday, April 12, 2011

ദൃശ്യ വിസ്മയമൊരുക്കി 'റിയോ'



'ഐസ് ഏജ്' എന്ന സൂപ്പർ ഹിറ്റ് അനിമേഷൻ ചിത്രം ഓർമ്മയില്ലെ?, മൂന്നു ഭാഗങ്ങളിലായി പുറത്തിറങ്ങി ലോകത്തെമ്പാടുമുള്ള കുട്ടികളെയും മുതിർന്നവരേയും ഒരു പോലെ വിസ്മയിപ്പിച്ച ഐസ് ഏജിന്റെ ശില്പികളായ ബ്ലൂ സ്കൈ സ്റ്റുഡിയോസ് പുറത്തിറക്കിയ ആറാമത്തെ അനിമേഷൻ ചിത്രമാണ്‌ 'റിയോ', സ്റ്റീരിയോകോപിക് ത്രീഡിയിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധായകൻ കാർലോസ് സാൽദെൻഹയാണ്‌, ബ്ലൂസ്ക്കൈ സ്റ്റുഡിയോസ്സ് പ്രതീക്ഷകൾ തെറ്റിച്ചില്ല, അവധിക്കാലം അഘോഷിക്കുന്ന കുട്ടികൾക്കും, അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന മുതിർന്നവർക്കും കാഴ്ചയുടെ ഉത്സവമായി മാറുകയാണ്‌ 'റിയോ'.


അമേരിക്കയിലെ മിനസോട്ടയിലെ ലിന്റ എന്ന പെൺകുട്ടിയുടെ വളർത്തു തത്തയാണ്‌ ബ്ലൂ. തീർത്തും കുഞ്ഞായിരുന്നപ്പോൾ വേട്ടക്കാരുടെ വലയിലകപെട്ട ഇവന്‌ പറക്കാനറിയില്ല.. അങ്ങനെയിരിക്കെയാണ്‌ ബ്രസീലിൽ നിന്നുള്ള പക്ഷിശാസ്ത്രജ്ഞനായ ടുലിയോ, ബ്ലൂവിനെ കാണാനിടയാകുന്നത്, വളരെ അപൂർവ്വമായ മക്കൗ ഇനത്തില്പ്പെട്ട അവസാനത്തെ ആൺ തത്തയാണ്‌ ബ്ലൂ വെന്നും, ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിലുള്ള തന്റെ പരീക്ഷണ ശാലയിലുള്ള ജൂവൽ എന്ന അതേ ഇനത്തില്പ്പെട്ട പെൺ തത്തയുടെ അരികിൽ അവനെ എത്തിക്കുകയാണെങ്കിൽ ഈ തത്തകൾക്ക് വംശനാശം സംഭവിക്കുകയില്ലെന്നും ടുലിയോ ലിന്റയെ ധരിപ്പിക്കുന്നു. തുടർന്ന ലിന്റയ്ക്കും, ടൂലിയോയ്ക്കുമൊപ്പം ബ്രസീലിലെത്തുന്ന ബ്ലൂ , സുന്ദരി തത്തയായ ജൂവലിനെ കണ്ടുമുട്ടുന്നു എന്നാൽ താമസിയാതെ ഇരുവരും പക്ഷി കടത്തൽ സംഘത്തിന്റെ പിടിയിലകപ്പെടുന്നു. ഒരു വശത്ത് ലിൻഡയും, ടൂലിയോയും ബ്ലൂവിനെയും, ജൂവലിനെയും തേടിയലയുമ്പോൾ മറു വശത്ത് രണ്ടു തത്തകളും പക്ഷി പിടുത്തക്കാരുടെ പിടിയിൽ നിന്നും രക്ഷപെടാനായുള്ള കഠിന പ്രയത്നം നടത്തുകയായിരുന്നു. ഒട്ടേറെ ദുർഘട സന്ധികൾ പിന്നിട്ട് ഇരുവരും ഒടുവിൽ ലിന്റയുടെലരികിൽ തന്നെ എത്തിച്ചേരുന്നു.

ബ്ലൂവിനെയും, ജൂവലിനെയും കൂടാതെ ഇരുവർക്കും സഹായിയായി വർത്തിക്കുന്ന ടൂക്കൺ പക്ഷിയായ റാഫേൽ, പക്ഷി പിടുത്തക്കാരുടെ വലം കൈയ്യായ നൈജൽ എന്ന ദുഷ്ടൻ തത്ത, ബുൾ ഡോഗ് ലൂയിസ്, ഇത്തിരിക്കുഞ്ഞൻ കുരങ്ങന്മാർ എന്നിങ്ങനെ ചിരിപ്പിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഒരു പിടി കഥാപാത്രങ്ങളെല്ലാം തന്നെ അനിമേഷൻ സിനിമകളുടെ അനന്ത സാധ്യതകൾക്ക് ദൃഷ്ടാന്തങ്ങളാവുകയാണ്‌.

സാഹസികതയ്ക്കും, ഹാസ്യത്തിനും പ്രാധാന്യം നൽകി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത് മുൻ നിര ഹോളിവുഡ് താരങ്ങൾ തന്നെയാണ്‌, കൂടാതെ വശ്യമായ സംഗീതവും, ബ്രസീലിന്റെ പ്രകൃതി ഭംഗി ത്രീഡിയിൽ ആവിഷ്കരിച്ചിരിക്കുന്ന തകർപ്പൻ ഫ്രെയിമുകളൊമൊക്കെ ചേരുമ്പോൾ കലാസ്നേഹികൾക്ക് ഒഴിവാക്കാനാകാത്ത ദൃശ്യ വിസ്മയമായി മാറുകയാണ്‌ റിയോ.