നിളാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി അസീസ് സംവിധാനം ചെയ്ത ചിത്രമായ ഒരിടത്തൊരു പോസ്റ്റ്മാന്‍, മടിയനായ ഒരു പോസ്റ്റ്മാന്റെയും അയാളുടെ അധ്വാനിയായ മകന്റെയും കഥയാണ് പറയാന്‍ ശ്രമിക്കുന്നത്, ചേരും കുഴി എന്ന ഗ്രാമത്തിലെ പോസ്റ്റ്മാനാണ് ഗംഗാധരന്‍ (ഇന്നസെന്റ്), ജോലിക്കൊന്നും പോകാതെ ,ഫുട്ബോള്‍ ഭ്രാന്തും, ലോട്ടറി എടുപ്പുമൊക്കെയായി നടക്കുന്ന ടിയാന്‍, കുഴിമടിയനായാണ് അറിയപ്പെടുന്നത്. ഗംഗാധരന്റെ മകനായ രഘു നന്ദനനാകട്ടെ (കുഞ്ചാക്കോ ബോബന്‍) ഇന്‍ഷുറന്‍സ്, ട്യൂഷന്‍ (അതും പി.എസ്.സി കോച്ചിംഗ്) തുടങ്ങി അല്ലറ ചില്ലറ കാര്യങ്ങളുമായി കഴിഞ്ഞു പോകുന്നതിനിടയിലും ഗസറ്റഡ് റാങ്കിലുള്ള ഒരു സര്‍ക്കാരുദ്യോഗം എന്ന സ്വപ്നം മനസ്സില്‍ താലോലിച്ച് അതു നേടാനുള്ള കഠിന പ്രയത്നത്തിലാണ്, ഇവരെക്കൂടാതെ രഘുനന്ദനനന്റെ കാമുകിയും സ്റ്റുഡന്റുമായ ഉഷ (മീര നന്ദനന്‍), ലോട്ടറിക്കച്ചവടക്കാരന് മാര്‍ട്ടിന്‍ (കലാഭവന്‍ പ്രചോദ്), ജൂനിയര്‍ മറഡോണ (ജാഫര്‍ ഇടുക്കി), ലോട്ടറിയെടുത്ത് കടം കയറിയ ചന്ദ്രപ്പന്‍ (സലിം കുമാര്‍) എന്നിവരും ചേരും കുഴിയുടെ ചുറ്റുവട്ടങ്ങളിലുണ്ട്, അങ്ങനെയിരിക്കെ രഘുവിനു വന്ന പി.എസ്.സി യുടെ ഹാള്‍ ടിക്കട്ട് സമയത്ത് ലഭിക്കാഞ്ഞതു മൂലം അച്ഛനും മകനുമായുള്ള ബന്ധം വഷളാവുകയും, പശ്ചാത്താപ വിവശനായ ഗംഗാധരന്‍ മടിയൊക്കെ ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗംഗാധരന്‍ ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടാവുകയും, നാലു വര്‍ഷമായി ഗംഗാധരന്‍ ഹാര്‍ട്ട് പേഷ്യന്റാണെന്ന ഭീകര സത്യം രഘുവിനു മുന്നില്‍ അനാവരണം ചെയ്യപ്പെടുകയാണ് (കഠിനമായ ജോലികള്‍ ചെയ്യരുതെന്ന ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച്, തന്റെ മകന്‍ രോഗ വിവരം അറിയാത്തിരിക്കാന്‍ മടിയനായി അഭിനയിച്ച് ഒടുവില്‍ ഗംഗാധരന്‍ കുഴി മടിയനായി മാറിയതാവാം എന്ന തത്വവും ഡോക്ടര്‍ വെളിപ്പെടുത്തുന്നു).
ആശുപത്രിക്കിടക്കയില്‍ തന്റെ സുഹൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ യാസിന്‍ മുബാറക്കിനെ (ശരത് കുമാര്‍) ക്കുറിച്ചുള്ള രഹസ്യങ്ങള്‍ ഗംഗാധരന്‍ മകനു മുന്‍പില്‍ വെളിവാക്കുന്നു,തുടര്‍ന്ന്‍ ഗംഗാധരന്‍ അന്ത്യശ്വാസം വലിക്കുന്നു. രാജ്യദ്രോഹി എന്നു മുദ്രകുത്തപ്പെട്ടതിനാല്‍ ഒളിവില്‍ പോകേണ്ടി വന്ന യാസിന്റെ വളര്‍ത്തുമകള്‍ സ്നേഹയുടെ ദയനീയ സ്ഥിതിയില്‍ മനം നൊന്ത് യാസിനെത്തേടിയിറങ്ങുന്ന രഘുവിനെ കാത്തിരുന്നത് മാനഹാനിയും, ഭീകരതയുമായിരുന്നു, ഒടുവില്‍ വാള്‍ട്ട് ഡിസ്നി സിനിമകളിലെപ്പോലെ 'and they all lived happily ever after' എല്ലാം ശുഭ പര്യവസായിയാകുന്നു..
ഇത്രയും കഥ , പക്ഷെ കഥ കൊഴുപ്പിക്കാനായി, കടം കയറി ആത്മഹത്യ (അതും ലോട്ടറിയെടുത്ത് കടം കയറി), കാട്ടിലെ തീവ്രവാദ ക്യാമ്പ്, ലോട്ടറി ബിസ്സിനസ് തുടങ്ങി മലയാള രാജ്യം അഭിമുഖീകരിക്കുന്ന പാതകങ്ങള്‍ കൂടാതെ മരം ചുറ്റി പ്രണയവും, അര്‍ത്ഥ രഹിതമായ ഗാനങ്ങളും പാകമല്ലാതെ ചേര്‍ത്തിളക്കിയിരിക്കുന്നു, അഭിനേതാക്കള്‍ക്കൊന്നും തന്നെ കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും, എസ് .ഐ ഷാഹുല്‍ ഹമീദ് (കലാഭവന്‍ മണി) അയാളുടെ കീഴിലുള്ള കോണ്‍സ്റ്റബിള്‍ അഭിലാഷ് (സുരാജ് വെഞ്ഞാറമ്മൂട്) എന്നിവരുടെ ഗോഷ്ഠികളും, അന്വേഷണ സാഹസങ്ങളും ഒന്നു കാണേണ്ടതു തന്നെയാണ്, പക്ഷെ കലാസംവിധാനം ഗംഭീരം, ലോട്ടറിയെടുത്തു കടം കയറി ആത്മഹത്യ ചെയ്ത ചന്ദ്രപ്പന്‍ കിടക്കുന്നത് ശേഖരിച്ചു വെച്ചിരുന്ന ലോട്ടറികള്‍ മനോഹരമായി വാരി വിതറി അതിന്മേലാണ്..ഒരു ആത്മഹത്യ പോലും ഇത്ര മനോഹരമായി ചിത്രീകരിക്കുന്നത് മലയാള സിനിമയില്‍ നടാടെയാണെന്ന്‍ തോന്നുന്നു. ഛായഗ്രാഹണം, എഡിറ്റിംഗ് മുതലായവയൊക്കെ ശ്രദ്ധിച്ചിട്ടും 'റിംഗ് ടോണ്‍' സിനിമ കണ്ട അനുഭൂതിയെ എനിക്ക് തോന്നിയുള്ളു.......
ഈ സിനിമയില്‍ സുരാജിന്റെ കഥാപാത്രമായ കോണ്‍സ്റ്റബിള്‍ , എസ് .ഐ ക്ക് മൊബൈല്‍ വഴി വിവരങ്ങള്‍ കൈമാറുമ്പോള്‍ ഇടക്കിടെ ഓവര്‍ ഓവര്‍ എന്നു പറയുന്നുണ്ട്, പടം കണ്ടിറങ്ങുമ്പോള്‍ .(അതും നല്ല വായ്ത്താരി മേളത്തിന്റെ അകമ്പടിയോടെ) നമുക്കും തോന്നും ഈ കലാസൃഷ്ടി സാമാന്യം ഓവറായിപ്പോയില്ലേന്ന്‍...
good
ReplyDelete