Thursday, December 30, 2010

മേരിയും കുഞ്ഞാടും




ഗ്രാമത്തിലെ പള്ളിയിലെ കപ്യാരായ ഗിവർഗ്ഗീസിന്റെയും (വിജയ രാഘവൻ) മേരിയുടേയും (വിനയ പ്രസാദ്) മകനാണ്‌ സോളമൻ, നാട്ടിൽ കുഞ്ഞാട് എന്ന വിളിപ്പേരിലറിയപ്പെടുന്ന, മഹാ പേടിത്തൊണ്ടനും, ശുദ്ധനും, സർവ്വോപരി കുഴി മടിയനുമായ സോളമന്റെ ജീവിതാഭിലാഷം ഒരു സിനിമാ സംവിധായകനാവുക എന്നതാണ്‌. കാമുകി മേരിയുടെ (ഭാവന) അപ്പനും (ഇന്നസെന്റ്) സഹോദർന്മാരും തരം കിട്ടുമ്പോഴൊക്കെ കുഞ്ഞാടിനെ ദ്രോഹിക്കാറുമുണ്ട് ഇതിനിടയിലേക്കാണ്‌ ജോസേട്ടൻ (ബിജു മേനോൻ ) കടന്നു വരുന്നത്, നല്ലവനോ ചീത്തയോ എന്നു വേർതിരിച്ചറിയാനാകാത്ത പ്രകൃതക്കാരനായ അയാൾ തത്കാലത്തേക്ക് സോളമനു സംരക്ഷകനാവുന്നുണ്ടെങ്കിലും, സങ്കീർണ്ണമായെ ചില സംഭവവികാസങ്ങൾ സോളമനേയും കുടുംബത്തേയും കാത്തിരിപ്പുണ്ടായിരുന്നു.

ബെന്നി പി നായരമ്പലം, ഷാഫി കൂട്ടുകെട്ടിൽ പിറന്ന ദിലീപ് ചിത്രമായ കല്യാണരാമന്റെ ചരിത്രം ഇവിടെ വീണ്ടും ആവർത്തിപ്പിക്കപ്പെടുകയാണ്‌, ശുദ്ധഹാസ്യം, കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾ ലഭിക്കുന്ന സ്വീകാര്യത ഒരിക്കൽ കൂടി വെളിവാക്കപ്പെടുകയാണ് 'മേരിക്കുണ്ടൊരു കുഞ്ഞാടിൽ'‌. കണ്ടും കെട്ടും മടുത്ത കഥാ പാത്രങ്ങളുടെ ആവർത്തനമോ, അശ്ലീല ഹാസ്യമോ ഇല്ലാതെ തികച്ചും സ്വാഭാവികമായ രീതിയിൽ തിരക്കഥയൊരുക്കിയ ബെന്നിയും, അഭിനേതാക്കളെയെല്ലാം തന്നെ മികവുറ്റ രീതിയിൽ ഉപയോഗപ്പെടുത്തി ചിത്രമൊരുക്കിയ ഷാഫിയും അഭിനന്ദനമർഹിക്കുന്നു. തികഞ്ഞ ഹാസ്യത്തിനിടയിലും പതറാതെ മുൻപോട്ട് നീങ്ങുന്ന യുക്തിഭദ്രമായ കഥാഗതിയും, സ്വാഭാവികമായ ആഖ്യാന രീതിയുമൊക്കെ കൂടി ചിത്രത്തെ വേറിട്ടൊരനുഭവമാക്കുന്നു. തികച്ചും സ്വതന്ത്രമായ ശരീരഭാഷയും, വ്യക്തിത്വവുമുള്ള കുഞ്ഞാട് എന്ന കഥാപാത്രം ദിലീപിന്റെ കയ്യിൽ ഭദ്രമായപ്പോൾ ജോസേട്ടനായി വന്ന ബിജു മേനോൻ ഗംഭീര സാന്നിധ്യമായി, അഭിനയത്തിൽ ശരീരഭാഷയ്ക്കുള്ള പ്രാധാന്യം എത്രയെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു ജോസേട്ടൻ. പള്ളി വികാരിയായി വന്ന ജഗതി ശ്രീകുമാർ, ശവപ്പെട്ടി കച്ചവടക്കാരനെ അവതരിപ്പിച്ച സലിം കുമാർ എന്നിങ്ങനെ എടുത്തു പറയേണ്ടുന്ന പ്രകടങ്ങൾ നടത്തിയവർ ഇനിയുമേറെയുണ്ട് ചിത്രത്തിൽ.

ആധുനിക സൗകര്യങ്ങളെത്തിയിട്ടില്ലാത്ത ഒരു ഊരിൽ നടക്കുന്ന കഥയെന്നു തോന്നുമെങ്കിലും ആർഭാടരഹിതമായും ആകർഷണീയത കൊണ്ടു വരാനാകും എന്ന് തെളിയിക്കുകയാണ്‌ മേരിക്കുണ്ടൊരു കുഞ്ഞാട്.നായികയായ മേരിക്ക് റ്റൈറ്റിലിലുള്ള പ്രാധാന്യം സിനിമയിൽ ഇല്ലെന്നതും സന്ദർഭവശാൽ ഒരു കുറവായി തോന്നിയേക്കാം സമ്പന്നയെ സ്നേഹിക്കുന്ന പാവപ്പെട്ടവൻ ഒരു ക്ലീഷേ കഥാപാത്രമാണെങ്കിലും പ്രമേയത്തിലെ വ്യത്യസ്തത ഒട്ടും മുഷിവുളവാക്കുന്നില്ലെന്നതാണ്‌ വാസ്തവം,മികച്ച ഛായാഗ്രാഹണം, നിലവാരമൊത്ത സംഗീതം എന്നീ ഘടകങ്ങളും ചിത്രത്തെ മികവുറ്റതാക്കുന്നു.

ആക്ഷനും സസ്പെൻസ് ത്രില്ലറുകൾക്കും ഇടയിൽ ഹാസ്യ ചിത്രങ്ങൾ എന്ന പേരിൽ ലേബലൊട്ടിച്ച് പുറത്തിറങ്ങിയിരുന്ന ഇടിവെട്ട് സാധനങ്ങൾ കണ്ട് ജീവനും കൊണ്ടോടിയ പ്രേക്ഷകരെ തിരികെപിടിക്കുവാൻ മേരിക്കും കുഞ്ഞാടിനും കഴിഞ്ഞിരിക്കുന്നു, ഭാവുകങ്ങൾ........


അവലോകന സാരം: വളരെക്കാലത്തിനു ശേഷം മലയാളത്തിൽ തിരികയെത്തിയ ഒരു ഫാമിലി എന്റർടെയ്നർ.

Tuesday, December 28, 2010

ടൂർണമെന്റ് വിശേഷങ്ങൾ



ബാംഗ്ലൂരിൽ നടക്കുന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കു കൊള്ളാൻ പോകുന്ന സുഹൃത്തുക്കൾ, യാത്രാമധ്യേ അവർ പലതും കാണുകയും അനുഭവിക്കുകയും ചെയ്യുന്നു ഇതിനിടയിൽ ചിലരുടെ പൊയ് മുഖങ്ങൾ അഴിഞ്ഞു വീഴുന്നുമുണ്ട് . സംഭവ ബഹുലമായ മുഹൂർത്തങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ഒടുവിൽ മാനസാന്തരപ്പെട്ട് നമയിലേക്ക് നീങ്ങുകയാണ്‌ എല്ലാവരും.

ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച 'റോഡ് മൂവി' ജനുസ്സില്പ്പെട്ട ചിത്രമായ ടൂർണ്ണമെന്റിന്റെ കഥാ തന്തുവാണ്‌ മേല്പ്പറഞ്ഞിരിക്കുന്നത്.തികച്ചും പുതുമയുള്ള പ്രമേയവും,യൗവ്വനത്തിന്റെ പ്രസരിപ്പും ചടുലമായ കഥാഗതിയുമൊക്കെ ആദ്യപകുതി വരെ കാണികളെ മുഷിപ്പിക്കാതെ പിടിച്ചിരുത്തുമെങ്കിലും ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ നാടകീയമായ മുഹൂർത്തങ്ങളും, പ്രവചനീയമായ നീക്കുപോക്കുകളുമൊക്കെ ചേർന്ന് രംഗം കലുഷിതമാക്കുന്നുണ്ട്. നടന്നു പോയ സംഭവങ്ങൾ റീവൈന്റടിച്ച് സമസ്യകൾ പൂരിപ്പിക്കുന്ന, 'ഇൻ ഗോസ്റ്റ് ഹൗസ് ഇൻ' ലും മറ്റും പരീക്ഷിക്കപ്പെട്ട അതേ ടെക്നിക്ക് ഇവിടെയും ആവർത്തിക്കപ്പെടുന്നു. ഇന്ദ്രൻസിന്റേയും മറ്റും ആദിവാസി രംഗങ്ങൾ കൊച്ചു കുട്ടികൾക്ക് കൈയ്യടിച്ചു ചിരിക്കാൻ പാകത്തിലുള്ള നിലവാരത്തിലുള്ളതാണ്‌ (ഭൂഗുരുത്വ സിദ്ധാന്തങ്ങൾ വക വെയ്ക്കാത്ത, ഗിയർ മാറ്റുകയോ ആക്സിലേറ്റർ കൊടുക്കുകയൊ ചെയ്യാതെ മുൻപോട്ടും പുറകോട്ടും ഉരുളുന്ന ഒരു അത്ഭുത ജീപ്പും പ്രസ്തുത രംഗങ്ങളിൽ കാണാവുന്നതാണ്‌). സ്വാർത്ഥലാഭത്തിനായി പലതും കാട്ടിക്കൂട്ടിയ ആളുകൾ കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന പൊതുതത്വ പ്രകാരം ഒന്നാകുന്നതും സംവിധായകന്റെ ഞൊടുക്കു വേലയായി തോന്നിയേക്കാം.

കഥയിലും, തിരക്കഥയിലും പാളിച്ചകളുണ്ടെങ്കിൽ പോലും സിനിമയിലെ പല രംഗങ്ങളും മികച്ചു നിൽക്കുന്നത് സംവിധായക മേന്മയാൽ തന്നെയാണ്‌. ദീപക് ദേവ് ഒരുക്കിയ സംഗീതവും, അലക്സ് പോളിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. ഷാനുവിനും, രൂപ മഞ്ജരിക്കുമൊപ്പം രംഗത്തെത്തിയ പുതു മുഖങ്ങളെല്ലാവരും നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും തൃശ്ശൂർക്കാരൻ ബോബിയെ അവതരിപ്പിച്ച മനു തിളങ്ങി എന്നു തന്നെ പറയാം. ചിത്രത്തിന്റെ ഛായാഗ്രാഹണവും മികച്ചതു തന്നെ. കൊച്ചു പ്രേമൻ അവതരിപ്പിച്ച ലോറി ഡ്രൈവർ, സലിം കുമാരിന്റെ ചെറുകിട രാഷ്ട്രീയ നേതാവ് എന്നീ കഥാപാത്രങ്ങളും ദ്വയാർത്ഥ സമ്പുഷ്ടമായ സംഭാഷണങ്ങളും മികച്ച ഹാസ്യാനുഭവമാണ്‌ പ്രദാനം ചെയ്യുന്നത്.ഗാനങ്ങളുടെ ചിത്രീകരണവും നിലവാരം പുലർത്തി.

അർത്ഥരഹിതവും, ആവർത്തനവിരസവുമായ സ്ഥിരം കഥാ സന്ദർഭങ്ങളോ, കഥാ പാത്രങ്ങളോ ഇല്ലാത മുന്നേറുന്ന ചിത്രത്തിന്‌ ക്ലൈമാക്സെത്തുമ്പോഴേക്കുംനമ്മുടെ പ്രതീക്ഷക്കൊത്തുയരാൻ കഴിയാതെ പോകുന്നുന്നുണ്ടെങ്കിലും വ്യത്യസ്തമായ അവതരണ രീതിയും, യുവ താരങ്ങളുടെ പ്രകടനവും 'ടൂർണമെന്റി'നെ തുണയ്ക്കുക തന്നെ ചെയ്യും എന്നു വേണം കരുതാൻ.


അവലോകന സാരം: ആസ്വാദന നിലവാരത്തിൽ ചില്ലറ വിട്ടു വീഴ്ചകൾക്ക് തയ്യാറായാൽ നന്നായി ആസ്വദിക്കാവുന്ന ചിത്രം.

Saturday, December 11, 2010

ബെസ്റ്റ് ആക്ടർ with ബെസ്റ്റ് ആക്ടേഴ്സ്


നാട്ടിൻപുറത്തെ ഒരു സാധാരണക്കാരനായ സ്കൂൾ മാഷാണ്‌ മോഹനൻ, ഭാര്യ സാവിത്രിയും (ശ്രുതി) മകനുമായി കുടുംബസ്ഥനായി കഴിയുന്ന അയാളുടെ ആത്യന്തികമായ ലക്ഷ്യം ഒരു സിനിമാനടനാവുക എന്നതാണ്‌, അതിനായി തന്നാലാവുന്ന പരിശ്രമങ്ങളെല്ലാം അയാൾ ചെയ്യുന്നുമുണ്ട്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി സംവിധായകരെയും മറ്റും നേരിട്ടു കാണുവാൻ ചെല്ലുന്ന അയാൾക്ക് പക്ഷെ കാര്യമായ അവസരങ്ങളൊന്നും തന്നെ ഒത്തു വരുന്നില്ല. അങ്ങനെയിരിക്കെ സ്വന്തം സ്കൂളിൽ നടക്കുന്ന ഒരു ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മോഹൻ അപമാനിതനാകുന്നു ഇതിൽ മനം നൊന്ത് സ്വന്തം കുടുംബത്തെ പോലും തത്കാലത്തേക്ക് മറന്ന് അയാൾ നഗരത്തിലെത്തുകയാണ്‌,അവസരം തേടാൻ പിൻബലത്തിനായി അനുഭവം തേടിയിറങ്ങുന്ന അയാൾ നഗരത്തെ കിടു കിടെ വിറപ്പിച്ചിരുന്ന ഒരു പഴയ സിംഹമായ ഡെൻവർ ആശാന്റെയും (നെടുമുടി വേണു) സംഘത്തിന്റെയും ഭാഗമായിത്തീരുന്നു. നടനായിത്തീരുക എന്ന മോഹന്റെ ഇഛാശക്തിക്കു മുൻപിൽ മറ്റു പ്രതിബന്ധങ്ങളെല്ലാം- അല്പ്പം വൈകിയാണെങ്കിലും തകർന്നടിയുന്ന കാഴ്ചയാണ്‌ പിന്നീട് കടന്നു വരുന്നത്.

വിശ്വസനീയമായ ഒരു കഥ ഒട്ടും അതിശയോക്തികളില്ലാതെ സത്യ സന്ധമായി അവതരിപ്പിക്കുന്നിടത്ത് 'ബെസ്റ്റ് ആക്റ്റർ' ഒരു തികഞ്ഞ വിജയമാകുന്നു. അനാവശ്യമായ കഥാപാത്രങ്ങളോ അവിശ്വസനീയമായ സന്ദർഭങ്ങളോ രംഗം കൊഴുപ്പിക്കാൻ ഉപയോഗിച്ചിട്ടുമില്ല. നാട്ടിൻപുറത്തെ സാധാരണക്കാരൻ നഗരത്തിലെത്തുമ്പോൾ പ്രകടിപ്പിക്കുന്ന ചുണ്ടുവിരൽ കൊണ്ട് എതിരാളികളെ നിഷ്പ്രഭനാക്കുന്ന സൂപ്പർ ഹീറോ പ്രതിഭാസം ഇല്ല എന്നതും ആശ്വാസകരം. മോഹൻ എന്ന സാധാരണക്കാരന്റെ സ്വപ്നങ്ങളും നോവുകളും അതി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന മമ്മൂട്ടി എന്ന മഹാനടന്റെ പ്രതിഭ അതു നേരിൽ കാണേണ്ടുന്നതു തന്നെയാണ്‌. ഡെൻവർ ആശാനായി വന്ന നെടുമുടി വേണു, ശിഷ്യനായ ഷാജിയെ അവതരിപ്പിച്ച ലാൽ എന്നിവർ കസറി എന്നു തന്നെ പറയാം, ഇവരുടെ തന്നെ ഗ്യാംഗിലെ ബാക്കിയുള്ളവരായ അരിവാൾ പ്രാഞ്ചി (സലിം കുമാർ) ,പൊട്ടൻ (വിനായകൻ) എന്നിവരുടെ പ്രകടനവും മികച്ചതായി. സലിം കുമാറിനെത്തന്നെ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിരിക്കുന്നു. ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു പിടി കഥാപാത്രങ്ങൾ വേറെയുമുണ്ട് സിനിമയിൽ അവസരം തേടിപ്പോയി ജീവിതം നഷ്ടപ്പെടുത്തിയ ചായക്കടക്കാരി (പ്രിയങ്ക), മോഹന്റെ അടുത്ത സുഹൃത്തായ സ്റ്റാർ സ്റ്റുഡിയോക്കാരൻ എന്നിവർ ഉദാഹരണം. ശ്രുതി ,മോഹന്റെ മകനായി വന്ന ബാലതാരം എന്നിവരും ഒട്ടും തന്നെ മോശമാക്കിയില്ല. ബിജിപാലിന്റെ സംഗീതവും ഛായാഗ്രാഹണവും ചിത്രത്തോടൊട്ടി നിൽക്കുന്നു.

സങ്കീർണ്ണമായ തിരക്കഥയോ, നാടകീയമായ സംഭാഷണങ്ങളോ ചിത്രത്തെ ഏറ്റെടുക്കുന്നില്ല. പുതു മുഖ സംവിധായകനെങ്കിലും കഥാപാത്രങ്ങളെയെല്ലാം തന്നെ മികച്ച രീതിയിൽ ഉപയോഗിച്ച മാർട്ടിൻ പ്രക്കാട്ടിന്റെ പ്രതിഭ കന്നിച്ചിത്രത്തിൽ തന്നെ വെട്ടിത്തിളങ്ങുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് തന്നെ വേറിട്ടൊരനുഭവമാക്കാൻ അദ്ദേഹത്തിനായി.

ചൂണ്ടിക്കാണിക്കാൻ പിഴവുകൾ ഏറെയില്ലെങ്കിലും, എഡിറ്റിംഗിലെ അപാകതയെന്ന വണ്ണം ചെറുതെങ്കിലും അനാവശ്യ ഷോട്ടുകൾ ഇടക്ക് കടന്നു കൂടിയിട്ടുണ്ട്. രാത്രിയായെന്നു കാണിക്കാൻ നേരത്തെയെടുത്തു വെച്ച അസ്തമയ സൂര്യനെ കാണിക്കുന്നത് തന്നെ ഒരു ഉദാഹരണം, 'ബെസ്റ്റ് ആക്ടർ' എന്ന പശ്ചാത്തല സംഗീതം അല്പ്പം ബഹളമയമായി അരോചകമാവുന്നോ എന്നും സംശയം തോന്നാം. കഥാ പാത്രങ്ങളുടെ കാര്യത്തിലുമുണ്ട് ചില്ലറ പിഴവുകൾ പേരെടുത്ത ഗുണ്ടകളെങ്കിലും പേരിനെങ്കിലും ഒരു മൂർച്ചയുള്ള പേനാക്കത്തി പോലുമില്ലാതെ തുരുമ്പിച്ച ആയുധങ്ങളുമായി പണിക്കിറങ്ങുന്ന ഡെൻ വറശാനും സംഘവും ചിരിയുണർത്തുമെങ്കിലും യുക്തിപരമായി ചിന്തിച്ചാൽ പോരായ്മയായി തോന്നാം. വായിൽക്കൊള്ളാത്ത പേരുകളുള്ള സിനിമകളെയും, സംവിധായകരെയും ആരാധിക്കുന്ന ഒരു പറ്റം ആളുകൾ കേവലം ഒരു മന്ദ ബുദ്ധിയെന്നു തോന്നിക്കുന്നവനെ വെച്ച് സിനിമ എടുക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയും ഹാസ്യത്തിനെന്ന് കരുതി സമാധാനിക്കാം.ശ്രീനിവാസൻ അവതരിപ്പിച്ച സംവിധായകൻ ശ്രീകുമാർ കയ്യടി നേടുന്നുണ്ടെങ്കിലും അദ്ദേഹത്തിനു പുതുതായി ഒന്നുമേ ചെയ്യാനില്ലെന്നതാണ്‌ വാസ്തവം.

അടുത്തിടെയായി ഇറങ്ങിയ മാരകമായ ചില ചിത്രങ്ങൾ കണ്ട ക്ഷീണം മാറി മനസ്സിനൊരുണർവ്വ് വന്നത് ബെസ്റ്റ് ആക്റ്റർ കണ്ടപ്പോഴാണ്‌, ഒറ്റയ്ക്ക് കാണാതെ കുടുംബസമേതം കാണേണ്ടുന്ന ചിത്രമെന്ന് ഒറ്റ വാക്കിൽ നിർവ്വചിക്കാവുന്ന കാമ്പുള്ള സിനിമ.


വാൽക്കഷ്ണം

സിനിമയ്ക്ക് മുൻപ് പരസ്യചിത്രങ്ങൾക്കൊപ്പം 'തണൽ' എന്ന പേരിൽ സംസ്ഥാനം നിർമ്മിച്ച ഒരു ഹൃസ്വ ചിത്രം കാണിക്കുകയുണ്ടായി, പെൺകുട്ടിയോട് വീട്ടുകാർ വിവേചനം കാണിക്കുന്നതും ഒടുവിൽ വാർധക്യത്തിൽ തണലായി ഐ.പി.എസ്സ് കാരിയായി മകൾ വരുന്നതുമൊക്കെയായിരുന്നു പ്രമേയം, കണ്ടപ്പോൾ കഷ്ടം (അതിനു ചിലവഴിച്ച പണത്തെക്കുറിച്ചോർത്ത്) തോന്നി.


Monday, December 6, 2010

സഹസ്രത്തിലെ സഹസ്രമുഖന്മാർ



സിനിമാ കലാ സംവിധായകനായ വൈശാഖന്റെ കാമുകി യമുന (സരയു) ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ വെള്ളച്ചാട്ടത്തിൽ ചാടി ജീവനൊടുക്കുന്നു. തന്റെ കാമുകിയുടെ മരണത്തിനു കാരണക്കാരനും സ്ത്രീലമ്പടനും സർവ്വോപരി മന്ത്രി പുത്രനുമായ വില്ലൻ നടൻ സുധീറിനോട് (സുരേഷ് കൃഷ്ണ) അടങ്ങാത്ത പകയുമായി കഴിയുന്ന വൈശാഖൻ 'യക്ഷിയമ്പലം' എന്ന പുതിയ സിനിമയ്ക്ക് സെറ്റൊരുക്കാനായി ഡോ വൃന്ദയുടെ (ലക്ഷ്മി ഗോപാലസ്വാമി) ഉടമസ്ഥതയിലുള്ള ഒരു പഴയ ത്തുകയും, എന്നാൽ അവിടെ വെച്ച് അയാൾക്ക് ചില വിചിത്രാനുഭവങ്ങളുഭവങ്ങളുണ്ടാവുകയും ചെയ്യുന്നു. ആ മനയിൽ ജീവിച്ചിരുന്ന ശ്രീദേവിയെന്ന പെൺകുട്ടിക്കും (കാതൽ സന്ധ്യ) കുടുംബത്തിനും നേരിടേണ്ടി വന്ന ചില സംഭവ വികാസങ്ങൾ ഒരു മായക്കണ്ണാടിയിലെന്ന വണ്ണം വൈശാഖനു മുൻപിൽ അനാവരണം ചെയ്യപ്പെടുന്നു. യക്ഷിയമ്പലത്തിൽ അഭിനയിക്കാനെത്തുന്ന സുപ്രിയ എന്ന പുതു മുഖ നായികയ്ക്ക് ശ്രീ ദേവിയുടെ മുഖഛായയാനെന്നു തിരിച്ചറിയുന്ന വൈശാഖൻ കൂടുതൽ പരിഭ്രാന്തനായിത്തീരുന്നു. എന്നാൽ മയക്കുമരുന്നിനടിമയായ അയാളുടെ വാക്കുകൾ ആരും മുഖവിലയ്ക്കെടുക്കുന്നതുമില്ല. യക്ഷിയമ്പലത്തിൽ വില്ലൻ റോൾ അഭിനയിക്കാനെത്തുന്ന സുധീർ ഇതിനിടയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു തുടർന്ന് കേസന്വേഷിക്കാനായി എസ്.പി വിഷ്ണു സഹസ്രനാമം (സുരേഷ് ഗോപി) എത്തുകയും അദ്ദേഹത്തിന്റെ സമർത്ഥമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ദുരൂഹമായ പല സത്യങ്ങളും മറ നീക്കി പുറത്തേയ്ക്കെത്തുകയും ചെയ്യുന്നു.

മിനി സ്ക്രീനിലെ നിരവധി അപസർപ്പക സീരിയലുകളുടെ ഉപജ്ഞാതാവായ ഡോ എസ് ജനാർദ്ദനൻ കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ മൂവിയായ സഹസ്രത്തിൽ യുക്തിയുടെ അതിർ വരമ്പുകൾ ഭേദിക്കുന്ന ഒരു പ്രമേയമാണുള്ളതെങ്കിലും മനുഷ്യന്റെ സങ്കീർണ്ണമായ മാനസിക വ്യാപാരങ്ങൾ ചേർത്തു വായിക്കുമ്പോൾ വിശ്വസനീയമായ തലത്തിലേക്കെത്തുന്ന ചിത്രത്തിന്റെ കഥാഗതിയാണ്‌ ഏറ്റവും ആകർഷകം. ഇഞ്ചൊടിഞ്ച് സമവാക്യങ്ങൾ മെനഞ്ഞ് ഒടുവിൽ പ്രതികളിലേക്കെത്തുന്ന പതിവു രീതിയിൽ നിന്നും വ്യതിചലിച്ച് തികച്ചും വ്യത്യസ്തമായ ഒരു കുറ്റാന്വേഷണാനുഭവം സമ്മാനിക്കുവാൻ ചിത്രത്തിനാകുന്നുണ്ട്. മിനിസ്ക്രീനിന്റെ പ്ലാറ്റ്ഫോമിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് മാറിയപ്പോഴും തികഞ്ഞ കയ്യടക്കമുള്ള അവതരണ രീതി നില നിർത്തുവാൻ സംവിധായകനായി. തികച്ചും സരസനായ ഒരു പോലീസുദ്യോഗസ്ഥനായി രംഗത്തെത്തിയ സുരേഷ് ഗോപിയുടെ അയാസ രഹിതമായ അവതരണ ശൈലി നമ്മെ വിസ്മയിപ്പിക്കും. പ്രത്യേക മാനസികാവസ്ഥയിലുള്ള വൈശാഖൻ എന്ന കഥാ പാത്രത്തെ അതി ഭാവാഭിനയങ്ങളൊന്നും കൂടാതെ തന്നെ മികച്ചതാക്കിയ ബാലയുടെ പ്രതിഭയും എടുത്തു പറയേണ്ടൂന്നതാണ്‌. ജഗതി ശ്രീകുമാർ, സുരേഷ് കൃഷ്ണ, റിസബാവ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം ഇരട്ട വേഷങ്ങളിലെത്തിയ സന്ധ്യ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ ശക്തമായ സ്ത്രീ സാന്നിധ്യമായി. കൊച്ചു പ്രേമൻ അവതരിപ്പിച്ച വല്യത്താൻ എന്ന സിനിമാ നിർമ്മാതാവ് വ്യത്യസ്തമായ ഒരു നർമ്മാനുഭവമായി ഛായാഗ്രാഹണം, സംഗീതം എന്നിവയിലും മികവു പുലർത്തിയ സഹസ്രം അമിതമായ ഗ്രാഫിക്സോ ഇഫക്ട്സോ കൂടാതെ തന്നെ ഭയാനക രംഗങ്ങൾ മികച്ചതാക്കി.

അടുത്തിടെ വന്നു പോയ പല ഹൊറർ സസ്പെൻസ് ചിത്രങ്ങളേക്കാൾ മികച്ച നിലവാരം പുലർത്തുന്ന ചിത്രമാനെങ്കിലും കാലാനുസൃതമായ ചില പൊരുത്തക്കേടുകൾ ചിത്രത്തിലിടം പിടിച്ചിട്ടുണ്ട്. ഇരുപതോളം വർഷങ്ങൾക്ക് മുൻപ് നടന്നതെന്നു പറയപ്പെടുന്ന പല സംഭവങ്ങളും അവ നടക്കുന്ന സാഹചര്യങ്ങളും പറഞ്ഞിരിക്കുന്ന സമയത്തിന്റെ മൂന്നിരട്ടിയിലധികം പഴമ ദ്യോതിപ്പിക്കുന്നുണ്ട്. കഥാപാത്ര സംബന്ധമായ ചില്ലറ പൊരുത്തക്കേടുകൾ വേറെയുമുണ്ടെങ്കിലും ചിത്രം സമ്മാനിക്കുന്ന മികച്ച ദൃശ്യാനുഭവത്തിന്റെ ബലത്തിൽ അവയൊക്കെ വിസ്മൃതമാവുന്നു.

മലയാള സിനിമയിൽ കാലാകാലങ്ങളായി വെള്ള സാരിയുടുത്ത് അട്ടഹസിക്കുകയും ,പാട്ടുപാടുകയും ഒടുവിൽ ഒരു മഹാമാന്ത്രികനാൽ ആവാഹിക്കപ്പെടാനുംവിധിക്കപ്പെട്ടിരുന്ന യക്ഷിയെ നൂതനമായ രീതിയിൽ അവതരിപ്പിച്ച 'സഹസ്രം' പുതുമയില്ലാത്ത കഥകൾ കണ്ടു വലഞ്ഞ മലയാളിക്കായി ഉണർവ്വിന്റെ നവ്യാനുഭവം പ്രദാനം ചെയ്യുന്നു.

Wednesday, December 1, 2010

സ്മോള്‍ ഫാമിലി ആഹാ സ്മോള്‍ ഫാമിലി



സബ് രജിസ്ട്രാര്‍ വിശ്വനാഥന്‍ (രാജ സേനന്‍) ഭാര്യ കൗസല്യ (സീത) മകള്‍ അമ്മു (ആനന്യ) എന്നിവരടങ്ങിയ ഈ ചെറിയ കുടുംബത്തിനു ആകെയുള്ള ഒരു പ്രശ്നം വീടിനു മുന്‍പില്‍ ഒരു വിദേശമദ്യ ഷോപ്പ് ഉണ്ടെന്നതാണ്. ഇതിനിടയില്‍ അമ്മുവിന്റെ കാമുകനായ കിഷോര്‍ (കൈലാഷ്) എന്ന ചെറുപ്പക്കാരന്‍ രംഗപ്രവേശനം ചെയ്യുന്നു, കള്ള വാറ്റില്‍ തുടങ്ങി വമ്പന്‍ മദ്യ വ്യവസായത്തിലെത്തി നില്‍ക്കുന്ന പുകള്‍ പെറ്റ ഒരു കുടുംബത്തിലെ ഇളമുറക്കാരനാണ് കിഷോര്‍, വിശ്വനാഥന്‍ സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങള്‍ക്കകപ്പെട്ട് മദ്യപാനം ആരംഭിക്കുന്നു, തന്റെ പേരും അഭിമാനവും കളഞ്ഞു കുളിച്ച് ഒരു മുഴുക്കുടിയനാകുന്ന വിശ്വനാഥന്‍ ഒടുവില്‍ മരണാസന്നനായി ആശുപത്രിയിലാകുന്നു. അസഹനീയവും അപക്വവുമായ മുഹൂര്‍ത്തങ്ങള്‍ പിന്നിട്ട് പ്രശ്നക്കാരെല്ലാം ദുശ്ശീലങ്ങള്‍ അവസാനിപ്പികുകയും കാര്യങ്ങളെല്ലാം കലങ്ങിത്തെളിയുകയും ചെയ്യുന്നിടത്ത് സിനിമ പൂര്‍ണ്ണമാകുന്നു.

തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ മുംബൈയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്ത മുഖപരിചയമില്ലാത്തവരെയും (പ്രത്യേകിച്ച് നടികള്‍) , കുറച്ചെങ്കിലും പരിചയമുള്ള അഭിനേതാക്കളേയും വെച്ച് തരം താഴ്ന്ന ഡയലോഗുകളും സീനുകളും കുത്തി നിറച്ച 'ഉച്ചപ്പടങ്ങള്‍' ധാരാളമായി ഇറങ്ങിയിരുന്നു, അത്തരം സിനിമകളില്‍ പോലും പരീക്ഷിച്ചിട്ടില്ലാത്ത തരം കോള്‍മയിര്‍ക്കൊള്ളിക്കുന്ന ഡയലോഗുകള്‍ ധാരാളമുണ്ട് സ്മോള്‍ ഫാമിലിയില്‍. ഒരു സമ്പൂര്‍ണ്ണ കുടുംബമായി കാണിച്ചു തുടങ്ങുന്ന വിശ്വനാഥന്റെ കുടുംബത്തിന് കുടിയന്മാരോടുള്ള സമീപനം കണ്ടാല്‍ ആരും അന്തം വിട്ടു പോകും, കുടിയന്മാര്‍ക്ക് ഓം ലറ്റും, അച്ചാറും വിതരണം ചെയ്യുകയും പ്രതിഫലമായി കുടിയന്മാരെക്കൊണ്ട് വീടു വൃത്തിയാക്കിപ്പികുകയും (അതും ബ്ലീചിംഗ് പൗഡര്‍ വാരി വിതറി) ചെയ്യുന്ന കൗസല്യയുടെ അഭിപ്രായത്തില്‍ 'കുടിയമാര്‍ നല്ല സ്നേഹമുള്ളവരാണ്'. ഇതു മാത്രമല്ല ഉപ്പ്മാവ് വാങ്ങാന്‍ സ്കൂള്‍ കുട്ടികള്‍ അനുസരണയോടെ ക്യൂ നില്‍ക്കുന്നതു പോലെ കുടിയന്മാര്‍ കുപ്പി വാങ്ങാന്‍ നില്‍ക്കുന്ന ദൃശ്യം ഇടക്കിടെ ഒളിഞ്ഞ് നോക്കുന്നത് ബോറടി മാറ്റനുള്ള ഉഗ്രന്‍ പോംവഴിയത്രെ! ഇത്രയും വിശാല മനസ്കയായ കൗസല്യ സ്വന്തം ഭര്‍ത്താവ് കുടിച്ച് ബോധമില്ലാതെ വീട്ടിലെത്തുമ്പോള്‍ കരഞ്ഞു നില വിളിക്കുമെന്നത് വേറേ കാര്യം. അപരിചിതനായ ഒരാള്‍ (അനില്‍ പനച്ചൂരാന്‍) ബാറിലെ ഭീകരമായ !!! അന്തരീക്ഷത്തില്‍ വെച്ച് തലയിലേക്ക് മദ്യം ഒഴിച്ചപ്പോള്‍ വിശ്വനാഥന്‍ മുഴുക്കുടിയനായി മാറുകയായിരുന്നു (എന്തൊരു അത്ഭുത പ്രതിഭാസം!).

പാരമ്പര്യമായി കള്ള വാറ്റു നടത്തുന്ന കിഷോറിന്റെ കുടുംബമായ 'മാന്‍ഷന്‍ ഹൗസില്‍' മുത്തച്ഛനടക്കം മികവരും നിരവധി ബലാത്സംഗ കേസില്‍ പ്രതികളും തികഞ്ഞ തെമ്മാടികളുമാണത്രെ, മദ്യപാനം ഒരു കുടുംബമഹിമയായി കാണുന്ന ഇക്കൂട്ടരുടെ വീട്ടിലെ ഇളയ പെണ്‍കുട്ടിയെ കെട്ടാനെത്തുന്നതോ പെണ്‍ കുട്ടികളെ വെച്ച് നഗ്ന വീഡിയോ എടുക്കുന്ന ഒരു ഞരമ്പ് രോഗിയും. ഇത്ര മനോഹരമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നെത്തുന്ന കിഷോറിന്റെ തനി നിറം മനസ്സിലാക്കിയിട്ടും അമ്മുവിന് അവനോട് കടുത്ത പ്രേമം !, വഷളന്‍, അറു വഷളന്‍ കാറ്റഗറിയില്‍ പെടുത്താവുന്ന കുറേ കഥാ പാത്രങ്ങളെ അഭിനേതാക്കളെല്ലാവരും തന്നെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു, കെ .പി .എസ് . സി ലളിത കലാഭവന്‍ മണി, സുരാജ് അങ്ങനെയെല്ലാവരും തന്നെ അസഹനീയ പ്രകടനം നടത്തുന്നുവെങ്കിലും കൈലാഷിനെയും, രാജസേനനേയും കടത്തി വെട്ടാന്‍ അവര്‍ക്കാര്‍ക്കും കഴിയുന്നില്ല എന്നത് അങേയറ്റം ദു;ഖകരമായ വസ്തുതയാണ്.വളരെക്കാലത്തിനു ശേഷം, വിം കലക്കിയത് കൊടുത്ത് ആളുകളെ കക്കൂസിലേക്ക് ഓടിക്കുക എന്ന കമീയമായ ഹാസ്യാചാരം ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരികയെത്തുകയും ചെയ്യുന്നുണ്ട്.

സംഗീതം ഛായാഗ്രാഹണം ,സാങ്കേതികത്തികവ് എന്നീ മേഘലകളിലെങ്കിലും മേന്മകള്‍ കണ്ടെത്താന്‍ ഞാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും, കല്യാണ വീഡിയോയുടെ നിലവാരം പോലുമില്ലാതെ എഡിറ്റ് ചെയ്ത് വികലമാക്കിയ ഗാനങ്ങളും, ബഹളമയമായ സംഗീതവുമൊക്കെ വിലയിരുത്താന്‍ ഞാന്‍ അശക്തനാണ്.

എപ്പോള്‍ ടിവിയില്‍ വന്നാലും കണ്ടിരുന്നു പോകുന്ന ഒരു പറ്റം ശുദ്ധ ഹാസ്യ സിനിമകള്‍ സമ്മാനിച്ച രാജസേനന്‍ തന്നെയാണ് ഈ 'സ്മോള്‍ ഫാമിലിയും' സംവിധാനം ചെയ്തതെന്ന്‍ വിശ്വസിക്കുക പ്രയാസം, രാജസേനനേയും അദ്ദേഹത്തിന്റെ സിനിമകളേയും സ്നേഹിക്കുന്ന ആരും തന്നെ ഈ സിനിമ കാണാതിരിക്കുക പ്ലീസ്....

അവലോകന സാരം: എന്റെ രണ്ട് പ്രധാന ശത്രുക്കള്‍ക്ക് ഞാന്‍ ഈ സിനിമയ്ക്ക് ടിക്കട് റിസര്‍വ്വ് ചെയ്ത് കൊടുക്കാന്‍ തീരുമാനിച്ചു.