Monday, October 31, 2011

'കൃഷ്ണനും രാധയും'


'കൃഷ്ണനും രാധയും'

ട്ടനവധി കഴിവുകളും, അക്കാദമിക് യോഗ്യതകളുമുണ്ടെങ്കിലും അത്യാവശ്യം ഫ്ലക്സ് പ്രിന്റിംഗും, ആൽബം പിടിക്കലുമൊക്കെയായി കഴിയുന്ന ജോൺ (സന്തോഷ് പണ്ഡിറ്റ്) അന്യമതസ്ഥയും കാമുകിയുമായ രാധ (സൗപർണ്ണിക) യ്ക്ക് വേണ്ടി വീടും വീട്ടുകാരെയും ഉപേക്ഷിച്ച് ഇറങ്ങുകയാണ്. തന്റെ ആൽബങ്ങളിലൊന്നിലെ നായികയായ പ്രിയ എന്ന കൗമാരക്കാരിയുമായി നായകന്റെ മനസമ്മതം നിശ്ചയിച്ചിരിക്കുന്ന വേളയിലാണ് ഈ സാഹസം. ഏഴടി ഉയരമുള്ള സ്വന്തം ആങ്ങളയുടെ കുതന്ത്രങ്ങളിൽ കുടുങ്ങി സ്വന്തം വീട് വിറ്റ് ലോൺ തിരിച്ചടക്കാൻ തയ്യാറാകാതെ അനുയോജ്യരായ വാടകക്കാരെ കണ്ടെത്തി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ വെമ്പി നിൽക്കുന്ന ഒരു അമ്മയുടേയും മകളുടെയും മുൻപിൽ ജോൺ പേരുമാറ്റി കൃഷ്ണനായി അവതരിക്കുന്നു, കൃഷ്ണന്റേയും രാധയുടെയും ദാമ്പത്യവല്ലരി അങ്ങിനെ തളിർത്ത് വളർന്നു കൊണ്ടിരിക്കുന്നതിനിടയിൽ തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ ഓഫീൽ ജോലിക്ക് ചേരുന്ന രാധയോട് ഒരു ദിവസം കാമാർത്തനായ ആ രാഷ്ട്രീയക്കാരൻ അപമര്യാദയായി പെരുമാറുന്നു, ഇതറിയുന്ന ജോൺ/ കൃഷ്ണൻ ആ കപട രാഷ്ട്രീയക്കാരനെ ചപ്രം ചിപ്രം തല്ലിച്ചതക്കുന്നു, എന്നാൽ മൂർഖൻ പാമ്പിനെയാണ് നീ നോവിച്ചു വിടുന്നതെന്ന അയാളുടെ മുന്നറിയിപ്പ് കൃഷ്ണൻ പുല്ലു പോലെ അവഗണിക്കുന്നു. ഇതിനിടെ തന്റെ ചട്ടമ്പിയായ സഹോദരൻ ജിമ്മിയെ അക്രമികളിൽ നിന്നും രക്ഷിക്കാനോടിയെത്തുന്ന നായകന് തലയ്ക്ക് അടിയേൽക്കുന്നു, തുടർന്ന് വിധിയുടെ വിളയാട്ടങ്ങൾക്ക് ദമ്പതിമാർ ഇരയാവേണ്ടി വരികയാണ്. ഒടുവിൽ സംഹാര രൂപിയായി മാറുന്ന കൃഷ്ണൻ വില്ലന്മാരെ നിഷ്കരുണം വെടി വെച്ച് കൊല്ലുന്നു, പക്ഷെ പതിന്നാലു വർഷങ്ങൾക്കപ്പുറം മറ്റൊരു ജീവിതം അയാളെ പ്രതീക്ഷിച്ചിരുപ്പുണ്ടായിരുന്നു....

നായകനും, നായികയും ഔട്ട് ഓഫ് ഫോക്കസ് ആയാലും അവർക്ക് പിന്നിലെ കതകിന്റെ ചിത്രപ്പണികൾ വ്യകതമായി എടുത്ത് കാണിക്കുന്ന ഛായാഗ്രാഹണം, കാണികളെ ഉന്മേഷ ഭരിതരാക്കാൻ ഇടക്കിടെ ഔചിത്യം നോക്കാതെ ഓടിയെത്തുന്ന എനർജറ്റിക് ഗാനങ്ങൾ (പഴയ ആൽബത്തിലെ നായിക പ്രിയക്കുറിച്ച് നായകൻ സംസാരിക്കുമ്പോൾ 'രാത്രി ശുഭരാത്രി ' എന്ന ഗാനം അവതരിക്കും, പിന്നെ ഗോവയ്ക്ക് പോകുന്നു എന്ന് പറയുമ്പോൾ 'മം മം മായാവി' എന്ന 'പുളകിത/ഐറ്റം ഡാൻസ്' ഗാനം വരും, കുടുംബ സുഹ്ര്‍ത്ത് ശ്രീകലയുമൊത്ത് നായകൻ കൊച്ചിയിൽ പോകുമ്പോൾ 'സ്നേഹം സംഗീതം' എന്ന പാട്ട് കാണിക്കും ഇപ്രകാരം യൂട്യൂബിൽ ഹിറ്റായി ഓടുന്ന പാട്ടുകളൊക്കെ തന്നെ ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക്കാം. പിന്നെ ചിത്ര, വിധുപ്രതാപ് എന്നിവർ പാടിയ രണ്ട് കൃഷ്ണ ഭകതി ഗാനങ്ങളുണ്ട് ചിത്രത്തിൽ അവ രണ്ടും നന്നായിട്ടുമുണ്ട് (സത്യം :)).


കഥാപാത്രങ്ങളുടെ അഭിനയം,ഡയലോഗ് പ്രസന്റേഷൻ, കഥാഗതി ഇവയൊക്കെ വിലയിരുത്തുക എന്ന പാഴ്ശ്രമം ഞാൻ നടത്തുന്നില്ല. കൊച്ചി കാനൂസ് തീയേറ്ററിലാണ് ഈ ചിത്രം കണ്ടത് സെക്കന്റ് ഷോയ്ക്ക് പോലും തീയേറ്റർ ഹൗസ്ഫുൾ, കാണാനെത്തിയവരാകട്ടെ ആടിയും, പാടിയും അർമ്മാദിച്ചും മൂന്ന് മണിക്കൂർ ചിലവഴിച്ചു. അതുകൊണ്ട് ദൈനം ദിന ജീവിതത്തിലെ ടെൻഷനുകളിൽ പെട്ട് നട്ടം തിരിയുന്നവർക്ക് ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന അത്രയും സമയം യാതൊന്നിനെക്കുറിച്ചും ആലോചിച്ച് വേവലാതിപ്പെടേണ്ടി വരികയില്ല..ഉറപ്പ്..


(ചിന്താവിഷയം)

സാധാരണക്കാരെ അഭിനേതാക്കളാക്കി, സ്വപ്രയത്നത്താൽ ഒരു സിനിമ തട്ടിക്കൂട്ടിയെടുത്ത് ഒടുക്കം അത് തീയേറ്ററിലെത്തിച്ച് വിജയം കണ്ട സന്തോഷ് പണ്ഡിതിനെ ലോകത്തെങ്ങുമില്ലാത്ത തെറി വിളിക്കുന്ന എത്ര പേർക്ക് ഒരു ആൽബമെങ്കിലുമെടുത്ത് ഹിറ്റാക്കാൻ കഴിയും !)

--