'സൂഫി പറഞ്ഞ കഥ'
കെ.പി രാമനുണ്ണിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം ആണ് 'സൂഫി പറഞ്ഞ കഥ'
നാനാജാതി മതസ്ഥര്‍ അനുഗ്രഹം തേടാനെത്തുന്ന ബീവിയുടെ 'ജാറം' ത്തിലെത്തുന്ന പത്ര പ്രവര്‍ത്തകന്റെ(വിനീത് കുമാര്‍) മുന്‍പില്‍ സൂഫി (ബാബു ആന്റണി) ബീവിയുടെ കഥ പറയുന്നു.
മേലെപുല്ലാര തറവാട്ടിലെ അനന്തരവകാശിയായി കാര്‍ത്ത്യായനി എന്ന കാര്‍ത്തി (ശര്‍ബ്ബാനി മുഖര്‍ജി) ജനിക്കുന്നു. പണ്ഡിതനും, ദേവി ഉപാസകനുമായ ശങ്കു മേനോന്‍ (തമ്പി ആന്റണി) തന്റെ അനന്തിരവളുടെ അസാമാന്യ ജാതകം ഗണിച്ചെടുക്കുന്നു, യൌവ്വനയുക്തയായിത്തീര്‍ന്ന അവള്‍ തന്റെ തറവാട്ടില്‍ നാളികേര കച്ചവടത്തിനെത്തുന്ന മാമൂട്ടി (പ്രകാശ് ബാരെ) എന്ന മുസ്ലീം യുവാവുമായി പ്രണയത്തിലാവുകയും അയാളുമൊത്ത് പൊന്നാനിക്ക് ഒളിച്ചോടുകയും ചെയ്യുന്നു. മാമൂട്ടിയുടെ വീട്ടിലെത്തുന്ന കാര്‍ത്തി ,സുഹ്റാ എന്ന നാമവും മുസ്ലീം വിശ്വാസവും സ്വീകരിക്കുന്നു, എന്നാല്‍ വീട്ടുവളപ്പില്‍ നിന്നും കിട്ടുന്ന ദേവീ വിഗ്രഹം അവളില്‍ ഗത്കാല സ്മരണകളുണര്‍ത്തുകയും, മാമൂട്ടിയുടെ അനുവാദത്തോടെ വീട്ടുവളപ്പില്‍ ക്ഷേത്രം പണിത് ദേവിയെ ആരാധിക്കുകയും ചെയ്യുന്നു, സ്ത്രൈണതയുടെ ശക്തിമത് രൂപമായി മാറുന്ന കാര്‍ത്തിയുമായി ശയിക്കാന്‍ മാമൂട്ടി അശക്തനാവുകയും, കുടുംബത്തില്‍ തന്നെയുള്ള അമീര്‍ എന്ന യുവാവുമായി സ്വവര്‍ഗ്ഗ ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നു, മതമൌലിക വാദികള്‍ മാമൂട്ടിയെ വധിക്കുന്നു, ഇതേ സമയം തന്നെ കാര്‍ത്തി അമീറുമൊത്ത് കടലില്‍ മറയുന്നു. മാമൂട്ടിയുടെ കൊലയാളികള്‍ കയറിയ വള്ളവും കാര്‍ത്തിയുടെ ശാപഫലമായി മറിയുന്നു....ഒടുവില്‍ കാര്‍ത്തി ബീവിയായി അവരോധിക്കപ്പെടുന്നു.
നോവലിലെ കഥയുടെ മികവ് തിരക്കഥയില്‍ സന്നിവേശിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും, പ്രിയനന്ദനന്‍ എന്ന സംവിധായകന്റെ പ്രതിഭ തെളിയിക്കുന്ന ചിത്രം. അല്‍പ്പം പഴക്കമേറിയതും, മിത്ത് ആയി കേട്ടുപതിഞ്ഞതുമായ പ്രമേയമാണെങ്കിലും ഒരല്‍പ്പം പോലും മുഷിവു തോന്നാതെ ഒരു സാധാരണക്കാരന് ആസ്വദിക്കാവുന്ന വിധത്തില്‍ മിനുക്കിയിട്ടുണ്ട്. അഭിനേതാക്കളെല്ലാം തന്നെ കഥാപാത്രങ്ങളോട് നന്നായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു, ശര്‍ബാനിയുടെ അഭിനയ മികവ് കാര്‍ത്തിയില്‍ കാണാന്‍ കഴിയും, മലയാളിയല്ലായിരുന്നിട്ട് കൂടി ഒരല്‍പ്പം പോലും ഭാവം ചോരാതെ തന്റെ കഥാപാത്രത്തെ ഭദ്രമാക്കി കാര്‍ത്തി, മികച്ച അഭിനേതാവായിട്ടു കൂടി ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച മുസ്ല്യാരുടെ ഭാവപകര്‍ച്ചയ്ക്ക് എന്തൊക്കെയോ അപാകതകള്‍ അനുഭവപ്പെടുന്നു, രണ്ട് പാട്ടുകളുണ്ടെങ്കിലും ചിത്ര പാടിയ 'തെക്കിനി കോലായ' എന്ന ഗാനം ചിത്രീകരണത്തിലും സന്നിവേശത്തിലും മികച്ചു നില്‍ക്കുന്നു. വിശ്വാസപമായ പ്രമേയങ്ങള്‍ കൈ പൊള്ളാതെ ചിത്രീകരിക്കുന്നതെങ്ങനെയെന്നറിയാന്‍ 'സൂഫി പറഞ്ഞ കഥ' കണ്ടാല്‍ മതി.
പല മികവും അവകാശപ്പെടാനുണ്ടെങ്കിലും നോവലിലെ ചില കാര്യങ്ങള്‍ തിരശീലയിലെത്തുന്നത് തികച്ചും ന്യായീകരിക്കപ്പെടാതാണ്, കാര്‍ത്തിയുടെ പ്രണയം അറിഞ്ഞിട്ട് കൂടി അവളെ തടയാത്ത അമ്മാവനും, മുസ്ല്യാരുടെ ഭാവ പരിണാമവും, കാര്‍ത്തിയുടെ ശക്തി മനസിലാകുന്നയുടന്‍ സ്വവര്‍ഗ്ഗ രതിയിലേക്ക് തിരിയുന്ന മാമൂട്ടിയും, അമീറിനെ തനിക്കൊപ്പം കടലിലേക്ക് കൊണ്ട് പോകുന്ന കാര്‍ത്തിയുടെ പ്രവര്‍ത്തി, ഇവയെല്ലാം തന്നെ ന്യായീകരണങ്ങളില്ലാതെ കടന്നു പോകുന്നു.
മികച്ച സാങ്കേതിക മേന്മയില്‍ പുറത്തെത്തിയ ഈ ചിത്രം ഇനിയും ഇതേ രീതിയില്‍ വ്യത്യസ്ത പ്രമേയങ്ങളോടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ക്ക് പ്രചോദനമാകുമാറാകട്ടെ....
Tuesday, May 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment