Wednesday, December 14, 2011


ഹാപ്പി ദര്‍ബാര്‍


നെടുങ്കന്‍ കോട്ടും, കറുത്ത തോപ്പിയും ധരിച്ച് നടക്കുന്ന സിഐഡികളെ മലയാള സിനിമ ഏതാണ്ട് മറന്ന മട്ടായിരുന്നു. സി ഐ ഡി മൂസയോടു കൂടി മലയാള സിനിമയിലെ സിഐഡി വംശം കുറ്റിയറ്റു പോയി എന്നോര്‍ത്തിരിക്കുമ്പോഴാണ് പാരമ്പര്യ തനിമ (നെടുങ്കന്‍ കോട്ട്, കറുത്ത തൊപ്പി, കൂളിം ഗ്ലാസ്സ്, വിവരക്കേട്, അബദ്ധവശാല്‍ ച്ക്കയിട്ട് മുയലിനെ കൊല്ലല്‍ )കളോടു കൂടിയ ലക്ഷണയുകതരായ രണ്ട് സിഐഡികള്‍ ശ്രീമാന്‍ ഹരി അമരവിള സംവിധാനം ചെയ്ത ‘ഹാപ്പി ദര്‍ബാറി‘ലൂടെ മലയാളത്തിലേക്ക് തിരികെയെത്തിയത് . അവരാണ് സിഐഡി അനന്തനും (മുകേഷ്), സിഐഡി അപ്പുക്കുട്ടനും(സുരാജ് വെഞ്ഞാറമ്മൂട്) .

തിരുവനന്തപുരത്തെ ആധുനിക രീതിയില്‍ പണികഴിപ്പിച്ചിട്ടൂള്ള ഒരു കൊട്ടാരത്തില്‍ നിന്നും (തമ്പുരാക്കന്മാരുടെ വാസസ്ഥലമാണ് ഇവിടെ കൊട്ടാരം എന്നുദ്ദേശിക്കുന്നത്) ഇളമുറക്കാരിയായ മാളവിക (ലക്ഷ്മി) കാമുകനായ നെല്‍സണോടൊപ്പം (രാഹുല്‍ മാധവ്) തിരോധാനം ചെയ്യുന്നു. മൂത്ത തമ്പുരാന്റെ(സ്ഫടികം ജോര്‍ജ്ജ്) നിര്‍ദ്ദേശപ്രകാരം മുംബൈയില്‍ നിന്നെത്തിയ സിഐഡികളുടെ ലക്ഷ്യം ഈ പെണ്‍കുട്ടിയെ കണ്ടെത്തുക എന്നതാണ് . കൊട്ടാരത്തിലെ ശല്യക്കാരനും, ചീവീടിന്റേതു പോലെ ചെവിതുളക്കുന്ന ശബ്ദവുമുള്ള കാര്യസ്ഥന്‍ (കൊച്ചു പ്രേമന്‍), ഭീരുവായ എസ് ഐ ചാക്കോ (ജഗതി ശ്രീകുമാര്‍) കൊട്ടാരത്തിലെ മറ്റൊരു പെണ്‍കുട്ടി എന്നീ കഥാപാത്രങ്ങളുടെ അകമ്പടിയോടു കൂടി കഥ ഒടുവില്‍ ഫയങ്കരന്മാരായ ഭീകരന്മാരിലേക്കെത്തുന്നു. സി ഐ ഡികള്‍ ജയിക്കുന്നു, ഭീകരന്മാര്‍ തോല്‍ക്കുന്നു കമിതാക്കള്‍ ഒന്നാകുന്നു,ഒടുവില്‍ സിനിമ തീരുന്നു.

ചിത്രത്തിലെ പ്രമാദമായ ചില സംഗതികള്‍ .....

കാണികള്‍ക്ക് തലയറിഞ്ഞ് ചിരിക്കാന്‍ ധാരാളം മണ്ടന്‍ ചേരുവകള്‍ ചേര്‍ത്തിണക്കിയിട്ടുണ്ട്. വാര്‍ക്ക ബംഗ്ലാവിന്റെ നിലവറയിലുള്ള രഹസ്യ ചിത്രത്തില്‍ തുടങ്ങി ഇന്ത്യയുടെ ചാര ഉപഗ്രഹം വഹിച്ചു കൊണ്ടുയരുന്ന റോകറ്റ് തകര്‍ക്കാന്‍ ഫീകരന്മാര്‍ (ഭ തല്‍ക്കാലം ഒഴിവാക്കുന്നു) തയ്യാറാക്കുന്ന അറ്റത്ത് ചുവപ്പ് ബള്‍ബ് മിന്നിക്കത്തുന്ന മിസൈല്‍ ഉള്‍പ്പെടെയ്ല്ല പ്രമാദമായ സംഗതികള്‍ കണ്ട് കാണികള്‍ ‘ഹ ഹ ഹ’ എന്ന് ചിരിക്കുന്നുണ്ടായിരുന്നു (ഇന്റര്‍വെല്‍ സമയത്ത് ലൈറ്റിട്ടപ്പോഴും കാണികള്‍ പരസ്പരം നോക്കി ജാള്യത്തില്‍ ചിരിച്ചുവെന്നാണ് ഓര്‍മ്മ). ഒരു സാമ്പിള്‍ ഡയലോഗ് ചുവടെ കൊടുക്കുന്നു.
ചുരുണ്ട് നീണ്ട മുടിയുള്ള ഫീകരന്‍: "ഹും, കൊട്ടാരത്തിന്റെ കുടുംബക്ഷേത്രത്തിലെ നിധിയെടുക്കാന്‍ കയറുന്ന അതേ സമയം ഇന്ത്യയുടെ ഉപഗ്രഹം വഹിച്ചുയരുന്ന റോക്കറ്റും നമ്മള്‍ മിസൈല്‍ വിട്ട് തകര്‍ക്കും, ആ ഉപഗ്രഹം അല്‍ ഫൈദയുടെ താവളങ്ങള്‍ കണ്ടെത്തുമെന്നതിനാല്‍ അത് നശിപ്പിച്ചേ മതിയാകു". ഭീകരന്മാരുടെ ക്യാമ്പിലെ അല്പ വസ്ത്ര നൃത്തം, കാട്ടിലൂടെയുള്ള സിഐഡികളുടെ അത്യന്തം സാഹസികമായ മുന്നേറ്റം എന്നീ സംഗതികളും ഇതേത്തുടര്‍ന്ന് ആസ്വദിക്കാം.

ചില അപവാദങ്ങള്‍ ....
ശ്രേയ ഗോഷല്‍ പാടിയ ഒരു പാട്ടുണ്ട് ഈ ചിത്രത്തില്‍ പാട്ടും അതിന്റെ ചിത്രീകരണവും മികച്ചു നില്‍ക്കുന്നതിനാല്‍ ചിത്രത്തിന്റെ പൊതുവായ ഗുണ നിലവാരത്തിന് ആ ഗാനം കളങ്കമായേക്കാം. ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമാണ് സിനിമയുടെ ദൈര്‍ഘ്യമെന്നതും ആശ്വാസകരമാണ്.

My Opinion.

ഈയുള്ളവന്‍ ഇരുന്ന കസേരയിലെ താമസക്കാരായ മൂട്ടകള്‍ വര്‍ദ്ധിത വീര്യത്തോടു കൂടി ഇടക്ക് ആക്രമിക്കുന്നുണ്ടായിരുന്നു കുറച്ചു ദിവസങ്ങളായി അവറ്റകള്‍ പട്ടിണിയിലായിരുന്നുവെന്നത് വ്യകതം. കടുത്ത സിനിമാ പ്രേമികളും, മൂട്ടകളുടെ വംശനാശത്തില്‍ ഖിന്നരുമായ കാണികള്‍ എത്രയും വേഗം കണ്ടാസ്വദിക്കേണ്ടുന്ന ചിത്രം.

No comments:

Post a Comment