Monday, December 5, 2011

മുല്ലപ്പെരിയാര്‍ എങ്ങോട്ട്

ഒഴിവാക്കാനാകാത്ത ആവശ്യം മൂലം ഇന്ന് തമിഴ്നാട്ടിലേക്ക് പോകേണ്ടി വന്ന ഒരു കേരളീയനായ എനിക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങള്‍ പറയട്ടെ. എണീറ്റ് നില്‍ക്കാന്‍ കഴിയാത്ത വിധം തുടയെല്ലിന് ഫ്രാക്ചറുള്ള മുത്തശ്ശനെ തമിഴ് നാട്ടിലെ ഉസിലാമ്പെട്ടിയിലെ വൈദ്യനെ കാണിക്കാനായി ആംബുലന്‍സില്‍ പോവുകയായിരുന്നു ഞാനും അമ്മയുമടക്കം അഞ്ചുപേര്‍. പൊന്‍കുന്നത്തു നിന്നും നേരെ കുമളിയിലെത്തി താഴേക്കിറങ്ങി 5 കിമി പോയെതും അതാ വരുന്നു പോലീസിന്റെ മുന്നറിയിപ്പ് വണ്ടി തടയാന്‍ സാധ്യതയുണ്ട്. രണ്ട് കിമി കൂടി മുന്നോട്ട് പോയതു രണ്ട് ബൈക്കുകളിലായി വന്ന ഒരു പറ്റം തമിഴ് യുവാക്കൾ ആക്രോശീച്ച് കൊണ്ട് വണ്ടിക്ക് മുന്നില്‍ ചാടി. മുൻപേ പോയ പോയ കെ.എല്‍ രജിസ്ട്രേഷന്‍ വണ്ടി അടിച്ച് തകര്‍ത്തെന്നും ഇനി മുന്നോട്ട് പോയാല്‍ പിടിച്ചിറക്കി തല്ലുമെന്നുമായിരുന്നു ഭീഷണി. ആംബുലന്‍സ് തിരിച്ച് കുമളിയിലേക്ക് കയറി വഴിമാറി കമ്പംമെട്ട് വഴി തമിഴ് നാട്ടിലേക്കിറങ്ങി ഭാഗ്യം കേരള രജിസ്ടേഷന്‍ വണ്ടികള്‍ തടയാനുള്ള ശ്രമങ്ങള്‍ അവിടെ തുടങ്ങുന്നതേയുള്ളു.(തടയാന്‍ നില്‍ക്കുന്നവന്മാര്‍ ആദ്യം വണ്ടിയുടെ നമ്പര്‍ പ്ലേറ്റിലേക്ക് നോക്കും ,കേ.എല്‍ എന്നാണ് നമ്പരിന്റെ തുടക്കമെങ്കില്‍ അവരുടെ മുഖത്ത് ഒരു തരം രൌദ്ര ഭാവം പരക്കും). മുല്ലപ്പെരിയാറിലെ വെള്ളം കുടിച്ച് കൊഴുത്ത കൃഷിയിടങ്ങൾക്കിടയിൽക്കൂടി പാക്കിസ്ഥാനിലൂടെ സഞ്ചരിച്ചാലെന്ന വണ്ണം അരക്ഷിതരും അസ്വസ്ഥരുമായി ഞങ്ങൾ നീങ്ങി. ചികിത്സകഴിഞ്ഞ് മടങ്ങി കമ്പത്തെത്തിയതും തമിഴ്നാട്ടിൽ നിന്നും വാഴക്കുലയുമായി മടങ്ങുകയായിരുന്ന കേരള രജിസ്ട്രേഷൻ ലോറി ഒരെണ്ണം അണ്ണാച്ചികൾ തടഞ്ഞ് കൊലവിളിക്കുന്നു. അ മഹാനുഭാവന്മാർ ആംബുലൻസിനകത്തൊക്കെ എത്തി നോക്കിയിട്ട് ഞങ്ങളെ ‘മേലാൽ ഇങോട്ട് വന്നു പോയാൽ ശരിപ്പെടുത്തിക്കളയും’ എന്ന് ഭീഷണിപ്പെടുത്തി കടത്തി വിട്ടു. രണ്ട് മൂന്ന് ഉപരോധങ്ങൾ കൂടി പിന്നിട്ട് (ഇതിനിടയിൽ അണ്ണാച്ചിമാർ ബൈക്കിൽ കറങ്ങി നടന്ന് കേരളാ വണ്ടികൾ നോട്ടമിട്ട് വെക്കുന്നുണ്ടായിരുന്നു) തിരികെ കുമളിയിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. അപ്പോഴേക്കും നമ്മുടെ നാട്ടിലും തമിഴ് നാട് രജിസ്ട്രേഷനിലുള്ള വണ്ടികൾ തടയാൻ തുടങ്ങിയിരുന്നു .

മുല്ലപ്പെരിയാർ പ്രശ്നം എങ്ങോട്ടോക്കെയോ മാരകമായ വിധത്തിൽ തെന്നി നീങ്ങുകയാണ്. കേരളീയർ നികൃഷ്ടരും, വഞ്ചകന്മാരുമാണെന്ന് തമിഴ് ജനതയെ പഠിപ്പിച്ച കപട രാഷ്ട്രീയ വാദികളും, തമിഴ്നാടിനെ പേടിച്ച് കേരള ജനതയുടെ ജീവൻ തൃണവത്ഗണിച്ചു കൊണ്ട് തീരുമാനങ്ങളെടുക്കുന്ന കേരളത്തിലെ ഭരണകർത്താക്കൾക്കും ഇനി എന്ന് സത്ബുദ്ധി ഉദിക്കാനാണ്??

No comments:

Post a Comment