Saturday, December 10, 2011

കില്ലാഡി രാമന്‍


ചെമ്മീന്‍ കയറ്റുമതി ബിസ്സിനസ്സൊക്കെ പൊളിഞ്ഞ് പാപ്പരായി നില്‍ക്കുകയാണ് മഹാദേവന്‍ (മുകേഷ്), പലിശക്കാരനായ ബഡാ ഭായിയുടേയും (ഗിന്നസ് പക്രു) അയാളുടെ തടിയന്‍ ഗുണ്ടയുടേയും കണ്ണില്‍ പെടാതെ നടക്കുന്ന മഹാദേവന്റെ കൂടെ സുഹൃത്തും ബാര്‍ബറുമായ മണികണ്ഠനുമുണ്ട് (ജാഫര്‍ ഇടുക്കി). മഹാദേവനെ തേടി വരുന്ന ബഡാഭായിയുടെ എന്‍ ഫീല്‍ഡ് ബൈക്ക് ഇടിച്ച് വഴിയിലൂടേ പോകുകയായിരുന്ന രാധിക (പ്രിയാ ലാല്‍ ) എന്ന പെണ്‍കുട്ടി അന്തരീക്ഷത്തില്‍ കൂടി പറന്ന് റോഡില്‍ വീണ് മാരകമായി പരിക്കേല്‍ക്കുന്നു. നല്ലവനായ മഹാദേവനും സുഹൃത്തും കൂടി ആ കുട്ടിയെ ആശുപത്രിയിലാക്കുന്നു. രാധികയുടെ കൂട്ടുകാരി മീര (മേഘ നായര്‍ ) രംഗപ്രവേശനം ചെയ്യുന്നു. രാധികയുടെ ഡയറി മഹാദേവന്റെ കയ്യിലെത്തുന്നു.രാധികയുടെ പൂര്‍വ്വ കാല ജീവിതം അനാവരണം ചെയ്യപ്പെടുന്നു അവളുടെ ജീവിതവുമായി ബന്ധപ്പെട്ട കുര്യാക്കോസ് (ജഗതി ശ്രീകുമാര്‍), ഗഫൂര്‍ (കൊച്ചു പ്രേമന്‍), തമ്പി (ലാലു അലക്സ്സ്) എന്നിവരെ മഹാദേവന്‍ വട്ടം ചുറ്റിക്കുന്നു. ഇടവേളയോടു കൂടി മഹാദേവന്റെ ബാല്യകാല സുഹൃത്തായ ചന്ദ്രു (സിദ്ദിഖ്) അയാള്‍ക്കൊപ്പം കൂടുന്നു, തുടര്‍ന്ന് അവരിരുവരും ചേര്‍ന്ന് വട്ടം ചുറ്റിക്കല്‍ തുടരുന്നു.

Positives...

സംവിധായകന്‍ തുളസീദാസ് ഒരു ചിത്രം കൂടി മലയാളത്തിന് സംഭാവന ചെയ്തു.നിറയെ വെല്ലുവിളികള്‍ നിറഞ്ഞ് ഒരു റോള്‍ ഏറ്റെടുത്ത് മുകേഷ് വീണ്ടും ധൈര്യം തെളിയിച്ചിരിക്കുന്നു. ബാലമംഗളത്തിലെ പക്രൂവിനേയും, മൂപ്പരുടെ ഡപ്പിയിലുള്ള പറക്കും പൊടിയേയും മറന്നു പോയവര്‍ക്ക് അതോക്കെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ചില പറക്കല്‍ രംഗങ്ങള്‍ ഈ ചലച്ചിത്രത്തിലുണ്ട്. (ഡിങ്കനെയും, സൂപ്പര്‍മാനെയുമൊന്നും ഓര്‍ക്കാനുള്ള വകുപ്പുണ്ടായില്ലെന്നുള്ളത് ഖേദകരമാണ്) . നിര്‍മ്മാതാവിന്റെ മകനോ മറ്റോ ആണെന്നു തോന്നുന്നു പേരൊക്കെ സ്റ്റൈലില്‍ എഴുതിക്കാണിച്ച് പുതിയ ഒരു ബാലതാരത്തെ കൂടി ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നുണ്ട്.

Negatives....

തസ്കര ലഹളയും, സീനിയര്‍ മാന്‍ഡ്രേക്കും ഏറ്റവുമൊടുവില്‍ ‘കൃഷ്ണനും രാധയും’ വരെ കണ്ട് അനുഭവിച്ചതിനാലാകണം പ്രത്യേകിച്ച് കുറ്റവും കുറവുമൊന്നും കണ്ടു പിടിക്കാന്‍ തോന്നിയില്ല. എന്നിരുന്നാലും പാട്ടുകള്‍ നല്ലവണ്ണം അലോസരപ്പെടുത്തി. സിനിമയില്‍ ‘കില്ലാഡി രാമന്‍’ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണെന്ന് മനസ്സിലായില്ല, പലവിധ ഞൊടുക്ക് വിദ്യകള്‍ പയറ്റുന്ന നായകന്‍ മഹാദേവന്‍ തന്നെയായിരുക്കുമോ അത്?? ആദ്യ ഭാഗങ്ങളില്‍ സജീവമായ ബഡാ ഭായിയെ ക്ലൈമാക്സില്‍ കാണാനില്ലെന്നതും അസ്വസ്ഥതപ്പെടുത്തുന്നു. (ഒരു പക്ഷെ മടുത്തിട്ട് പുള്ളി വണ്ടി വിട്ടതാകാനും മതി).

My Opinion

മേല്‍പ്പറഞ്ഞ ജനുസ്സില്‍പ്പെട്ട ചിത്രങ്ങളില്‍ (തസ്കര ലഹള, സീനിയര്‍ മാന്‍ഡ്രേക്, കൃഷ്ണനും രാധയും, നിറക്കാഴ്ച.....) കുറഞ്ഞത് രണ്ടെണ്ണമെങ്കിലും കണ്ട് ക്ഷമ പരീക്ഷിച്ചിട്ടുള്ളവര്‍ക്ക് ധൈര്യമായി ഈ സിനിമയ്ക്ക് കയറാം.

No comments:

Post a Comment