Saturday, March 10, 2012

ക്രൈം സ്റ്റോറി Review


ക്രൈം സ്റ്റോറി...... a different Thriller's Review



ഞാനിവിടെഴുതുന്നത് അത്യന്തം മാരകമായ/ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ ചിത്രത്തിന്റെ റിവ്യൂ ആകുന്നു. ആയതിനാല്‍ വസ്തുതകള്‍ സംഗ്രഹിച്ച് ഒതുക്കിയെഴുതാനെ നിര്‍വ്വാഹമുള്ളു, ദയവായി സഹകരിച്ചാലും..:)

Crime story........

കോരിച്ചൊരിയുന്ന മഴയത്ത് ഇരുട്ടിന്റെ മറപറ്റി, കോട്ടിട്ട ഒരു അജ്ഞാതന്‍ ഒരു മദാലസ സുന്ദരിയുടെ (മുഖം കാണിക്കുന്നില്ല) ജഡം ഒരു കല്ലറയില്‍ നിക്ഷേപിക്കുന്നിടത്ത് ക്രൈം സ്റ്റോറി ആരംഭിക്കുന്നു. പിന്നീട് നമ്മള്‍ കാണുന്നത് സുന്ദരിയും, മോഡലും, വസ്ത്രാലങ്കാര നിപുണയുമായ മീര (വിഷ്ണു പ്രിയ), ഭര്‍ത്താവ് ഹരി നമ്പ്യാരുടേയും (അനൂപ് ജോര്‍ജ്ജ്) ജീവിതമാണ്, അനേകം പേര്‍ക്ക് മാര്‍ഗ്ഗ ദര്‍ശിയായിട്ടുള്ള മീരയുടെ ദാമ്പത്യ ജീവിതം തണുത്തുറഞ്ഞതാകുന്നു. പാതിരാത്രിയില്‍ കിടപ്പറയില്‍ ഒന്നു ചൂടു പിടിച്ചു വരുമ്പോഴേക്കുമാകും ഹരിക്ക് ഓഫീസില്‍ നിന്നും ഫോണ്‍ വരുന്നത്. ചത്തേ ചതഞ്ഞേ പ്രകൃതക്കാരനായ ഹരിക്കൊപ്പമുള്ള മീരയുടെ ജീവിതം അങ്ങനെ കലുഷിതമായി മുന്‍പോട്ട് പോകുമ്പോഴാണ് തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റില്‍ സുന്ദരനും, സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരനും സര്‍വ്വോപരി പിയാനോ വാദകനുമായ സച്ചിന്‍ ജേക്കബ് (രാഹുല്‍ മാധവ്) താമസത്തിനെത്തുന്നത്. അവിഹിത ബന്ധങ്ങള്‍ വരച്ചു കാട്ടുന്നതില്‍ മലയാള സിനിമയില്‍ അടുത്തിടെയുണ്ടായ പുത്തന്‍ ഉണര്‍വിന്റെ പശ്ചാത്തലത്തില്‍ പിന്നീട് എന്തു സംഭവിക്കുമെന്ന് ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാക്കാവുന്നതേയുള്ളു. അതെ അതു തന്നെ ഇവിടെയും സംഭവിക്കുന്നുണ്ട്. പക്ഷെ മറ്റൊരു സംഭവം കൂടി ഇതിനിടയില്‍ നടക്കുന്നുണ്ട്. മേല്‍പ്പറഞ്ഞ ദമ്പതിമാരുടെ സുഹൃത്തും മറ്റൊരു വസ്ത്രാലങ്കാര /മോഡലിംഗ് നിപുണയുമായ ഹേമ എന്ന പെണ്‍കുട്ടിയുടെ തിരോധാനം. നടപ്പുവശം അത്ര ശരിയല്ലാത്ത കുട്ടിയായതിനാല്‍ ഈ കുട്ടിയെ കാണാതായത് ആരും ഗൌരവപരമായി എടുക്കുന്നതേയില്ല ! പക്ഷെ ഹേമയുടെ കാമുകന്റെ അഭ്യര്‍ത്ഥനപ്രകാരം വിജിലന്‍സ് ഡി വൈ എസ് പി യായ ശിവരാമന്‍ (ഡാനിയല്‍ ബാലാജി) ഈ കുട്ടിയെക്കുറിച്ച് അണ്‍ ഒഫീഷ്യലായി അന്വേഷിക്കുന്നതിനിടയില്‍ ചില അവിചാരിത സംഭവങ്ങള്‍ അരങ്ങേറുകയാണ്.

what are there????

കോട്ടയം പുഷ്പനാഥിന്റെ അപസര്‍പ്പക കഥകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മലമടക്കുകളില്‍ സ്ഥിതി ചെയൂന്ന തണുത്തുറഞ്ഞ കെട്ടിടങ്ങള്‍, ശത്രുക്കളുടെ ഡെഡ് ബോഡിയില്‍ മെഴുകു കൊണ്ട് ക്രാഫ്റ്റ് നടത്തി പ്രതിമകളുണ്ടാക്കി അവ ലേബല്‍ ചെയ്ത് സൂക്ഷിക്കുന്ന (ഹൌസ് ഒഫ് വാക്സ് എന്ന ചിത്രത്തില്‍ ജീവനോടെയാണ് മനുഷ്യരെ മെഴുകുപ്രതിമകളാക്കുന്നതെങ്കില്‍ ഇവിടെ അത് പീഡിപ്പിച്ച് കൊന്ന് ബാത്ടബ്ബിലിട്ടതിന് ശേഷമാണെന്ന വ്യത്യാസം മാത്രം), പ്രത്യേക മാനസികാവസ്ഥയ്ക്ക് അടിമയായ പ്രതി. (ബാല്യകാലത്തുണ്ടായ ചില ക്രൂരമായ അനുഭവങ്ങള്‍ പ്രതിയെ ഇങ്ങനെയൊക്കെ ആക്കുകയായിരുന്നു) ക്രിമിനലോളജിയില്‍ അഗാഥ പാണ്ഡിത്യമുള്ള പുരോഹിതന്‍, ഇടക്കിടക്ക് പ്രത്യക്ഷപ്പെട്ട് സാന്നിധ്യമറിയിക്കാനെന്നവണ്ണം ഡയലോഗ് പറയുകയും, അറ്റന്‍ഷനായി തലങ്ങും വിലങ്ങും നടക്കുകയും ചെയൂന്ന ഡി വൈ എസ് പി, ഇദ്ദേഹത്തിന്റെ സഹായിയായ പോലീസ് ഉദ്യോഗസ്ഥന്‍ മനോഹരന്‍ (കിരണ്‍ രാജ്)എന്നീ ഉത്കൃഷ്ടമായ കഥാപാത്രങ്ങള്‍ നമ്മെ ചിരിപ്പിക്കുകയും, താരാട്ട് പാടി ഉറ്ക്കുകയും ഇടക്കിടെ നമ്മള്‍ ചെയ്തു പോയ ഒരു അബദ്ധത്തെക്കുറിച്ച് ചിന്തിപ്പിക്കുകയും ചെയ്യും. ഒടുവില്‍ എല്ലാം കലങ്ങിത്തെളിയുന്നു, പ്രതി കീഴടക്കപ്പെടുന്നു, പക്ഷെ ഒരു സെക്കന്റ് പാര്‍ട്ട് ഇറക്കാനുള്ള സാധ്യതകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് ചിത്രത്തിന് തിരശ്ശീല വീഴുന്നത് :)

verdict

ഒന്നും പറയാനില്ല ...:)

No comments:

Post a Comment