Saturday, December 3, 2011

ദ ഡേര്‍ട്ടി പിക്ചര്‍



ഒരു കാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ അവിഭാജ്യ ഘടകമായിരുന്ന സില്‍ക് സ്മിത എന്ന മാദക സുന്ദരിയുടെ ജീവിതമാണ് മിലന്‍ ലുത്രിയ സംവിധാനം ചെയ്ത ഡേര്‍ട്ടി പിക്ചര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്. അഭിനയ മോഹവുമായി ഗ്രാമത്തില്‍ നിന്നെത്തുന്ന തന്റേടിയായ പെണ്‍കുട്ടിയില്‍ ആരംഭിക്കുന്ന ചിത്രം, സിനിമാ ലോകത്തെ ഉള്ളു കള്ളികളിലേക്കുള്ള തുറന്ന കാഴ്ചയായ് മാറുന്നു.

Get Dirty..

നാട്ടുമ്പുറത്തെ വീട്ടില്‍ നിന്നും അഭിനയ മോഹവുമായി മദ്രാസിലേക്കെത്തുന്ന രേഷ്മ എന്ന പെണ്‍കുട്ടി (വിദ്യാ ബാലന്‍) ഒരു ബന്ധുവിനൊപ്പമാണ് താമസം. അഭിനയ ശേഷിയില്ലെന്ന കാരണത്താല്‍ പല ലൊക്കേഷനുകളിലും മാറ്റി നിര്‍ത്തപ്പെടുന്ന അവള്‍ ഒരു സിനിമയിലെ ഗാന രംഗത്തില്‍ അവിചാരിതമായി അല്‍പ്പ വസ്ത്രധാരിണിയായ മാദക നര്‍ത്തകിയായി പ്രത്യക്ഷപ്പെടുന്നു. സിനിമയുടെ ഗുണനിലവാരത്തെക്കുറിച്ച് ബോധ്യമുള്ള സംവിധായകന്‍ അബ്രഹാം (ഇമ്രാന്‍ ഹാഷ്മി) ആ ഗാനരംഗം മുറിച്ച് നീക്കുന്നു. എന്നാല്‍ സിനിയ്ക്ക് ആളെക്കൂട്ടാനായി നിര്‍മ്മാതാവ് ആ ഗാനരംഗം പിന്നീട് കൂട്ടിച്ചേര്‍ക്കുകയും രേഷ്മ, സില്‍ക്ക് എന്ന് നാമകരണം ചെയ്യപ്പെട്ട് തെന്നിന്ത്യയിലെ ഒന്നാം നമ്പര്‍ മാദക റാണിയായി തീരുകയും ചെയ്യുന്നു. സില്‍ക്ക് ഉള്‍പ്പെടെയുള്ള നടികളെ ചൂഷണം ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ സൂര്യ കാന്ത് (നസ്രുദെന്‍ ഷാ), ഇയാളുടെ ഇളയ സഹോദരനും, കഥാകൃത്തുമായ രാമു കാന്ത് (തുഷാര്‍ കപൂര്‍) എന്നിവര്‍ ഇതിനിടയ്ക്ക് സില്‍ക്കിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നുണ്ട്. സിനി ഗോസിപ്പുകള്‍ ഉള്‍പ്പെടെ തനിക്കെതിരായി വരുന്ന ആരോപണങ്ങളെയെല്ലാം തന്നെ പുച്ഛിച്ച് തള്ളുന്ന അവള്‍ മദ്യവും, സിഗരറ്റും ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് മനോവ്യഥകള്‍ ശമിപ്പിക്കുന്നത്. സ്വന്തം പ്രവര്‍ത്തിദോഷത്താല്‍ രാമുകാന്തുമൊത്തുള്ള ബന്ധം തകര്‍ന്നതോടു കൂടി സില്‍ക്കിന്റെ കാലിടറുന്നു. വെള്ളിത്തിരയിലെ സ്വപ്ന റാണിയുടെ അന്ത്യ നിമിഷങ്ങളാണ് തുടര്‍ന്ന് വ്യക്തമാകുന്നത്.

Positives

പൊതു സദസ്സുകള്‍ അഭാസ നൃത്തക്കാരികള്‍ അഥവാ ഡേര്‍ട്ടി എലമെന്റ്സ് ആയി തരം താഴ്ത്തിയിരുന്ന സിനിമയ്ക്ക് ആളെക്കൂട്ടാന്‍ അനിവാര്യരെങ്കിലും, പതിതരായി കണക്കാക്കപ്പെട്ടിരുന്ന ഒരു വിഭാഗം നേരിട്ട ചൂഷണങ്ങളും, ഇക്കൂട്ടരുടെ നഷ്ട സ്വപ്നങ്ങളും നൊമ്പരമുണര്‍ത്തും വിധം തന്നെ ഡേര്‍ട്ടി പിക്ചറില്‍ ആവിഷ്കരിച്ചിട്ടുണ്ട്. അവസരങ്ങള്‍ കുറഞ്ഞ് ഒടുവില്‍ ചതി പറ്റി നീലച്ചിത്ര നിര്‍മ്മാണ കേന്ദ്രത്തില്‍ എത്തിപ്പെടുന്ന സില്‍ക്കില്‍ ജ്ഞാതരും, അജ്ഞാതരുമായ ഒരു പറ്റം ഗതികെട്ട കലാകാരികളുടെ പകര്‍പ്പുകള്‍ കാണാവുന്നതാണ്. രേഷ്മ എന്ന തന്റേടിയായ പെണ്‍കുട്ടിയില്‍ തുടങ്ങി ജീവിതനൈരാശ്യം ബാധിച്ച് പൂര്‍ണ്ണമായും ലഹരിക്കടിമയായിത്തീര്‍ന്ന സില്‍ക്കില്‍ അവസാനിക്കുന്ന നടിയുടെ ജീവിത ചക്രം വിദ്യാ ബാലന്റെ കൈയ്യില്‍ ഭദ്രം. അമിതാഭിനയത്തിലേക്കും, അഭാസത്തിലേക്കും ക്ഷണ നെരം കൊണ്ട് തെന്നി മാറാവുന്ന സില്‍ക്കിനെ തികഞ്ഞ അര്‍പ്പണ ബോധത്തോടു കൂടി സമീപിച്ചിരിക്കുന്നു അവര്‍. പിന്നെ മികച്ച പ്രകടനം നടത്തിയത് കിസ്സിംഗ് വീരനെന്ന് ചെല്ലപ്പേരുള്ള ഇമ്രാന്‍ ഹാഷ്മി തന്നെ സിനിമയില്‍ തനിക്ക് കള്ളുകുടിയും, പെണ്ണു പിടിയും കൂടാതെ അഭിനയവും വഴങ്ങുമെന്ന് മൂപ്പര്‍ തെളിയിച്ചിരിക്കുന്നു. നസ്രുദീന്‍ ഷാ , ഗോസ്സിപ് പത്രക്കാരി നൈലയെ അവതരിപ്പിച്ച അഞ്ജു മഹേന്ദ്രു എന്നിവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. വിജയം ഉറപ്പാക്കാനായി ബി ഗ്രേഡ് മസാല നിലവാരത്തിലേക്ക് ഇടിച്ചിറക്കി സിനിമ ചളമാക്കാതിരുന്ന സംവിധായകന്‍ മിലന്‍ ലൂത്രിയക്കും അഭിമാനിക്കാം. എണ്‍പതുകളുടെ മാസ്മരികതയുള്ള ‘ഊ ലാല ഊ ലാല‘, ‘ ഇഷ്ക് സൂഫിയാന’ എന്നീ ഗാനങ്ങളും നിലവാരം പുലര്‍ത്തി. മികച്ച മേക് അപ്പ്, പിഴവുകളില്ലാത്ത കലാസംവിധാനം എന്നിവയും മേന്മകളാണ്.

Negatives

നമ്മള്‍ കേട്ടിട്ടുള്ള സില്‍ക്കിന്റെ ജീവിതത്തില്‍ കൂടി ഒരു ഓട്ട പ്രദക്ഷിണം മാത്രമേ സിനിമ നടത്തുന്നുള്ളുവെന്നതാണ് പ്രധാന പോരായ്മ. നാട്ടിന്‍ പുറത്ത്കാരി പുകവലി ശീലമാക്കുന്നതും, സൂപ്പര്‍ സ്റ്റാറിനെ വശീകരിക്കുന്നതുമൊക്കെ അസാധ്യമായ വേഗത്തിലാണ്. കേവലം നര്‍ത്തകിയായ് മാത്രമല്ല തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ ത്രൂഔട്ട് മാദക വേഷമണിയാതെയും സില്‍ക്ക് അഭിനയിച്ചിരുന്നുവെന്നത് ഡേര്‍ട്ടി പിക്ചറുകാര്‍ മറന്നതോ അതോ സൌകര്യ പൂര്‍വ്വം ഒഴിവാക്കിയതോ? രാമു കാന്തായി വന്ന തുഷാര്‍ കപൂറിന്റെ മുഖത്ത് പലപ്പോഴും അഭിനയത്തിന് പകരം ഒരു തരം വിഭ്രാന്തിയാണ് പ്രകടമാകുന്നത്. സിനിമയിലെ ഡയലോഗുകള്‍ കുറിക്ക് കൊള്ളുന്നതെങ്കിലും അതില്‍ മറഞ്ഞിരിക്കുന്ന രസകരമായ അശ്ലീലം കടുത്ത സദാചാര വാദികളെ (അവര്‍ക്ക് ഹിന്ദി അറിയാമെങ്കില്‍) അസ്വസ്ഥരാക്കിയേക്കാം. കിടപ്പറ രംഗങ്ങളും, ഗ്ലാമര്‍ ചുറ്റുപാടുകളും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പ്രായപൂര്‍ത്തിയായവര്‍ മാത്രം ഈ ചിത്രം കാണുകയാവും ഉചിതം. സിനിമയുടെ തുടക്കത്തില്‍ കൃത്യമായ കഥാ സന്ദര്‍ഭങ്ങളാണ് കൂട്ടിയിണക്കിയിട്ടുള്ളതെങ്കിലും, ഇടവേളയെത്തുന്നതിന് മുന്‍പ് അനുഭവപ്പെടുന്ന അലോസരപ്പെടുത്തുന്ന ഇഴച്ചില്‍ രണ്ടാം പാദത്തിലും ആവര്‍ത്തിക്കുന്നുണ്ട്.

Final Word & Rating

സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ആഗ്രഹിച്ചെങ്കിലും താളപ്പിഴകളെത്തുടര്‍ന്ന് ജീവിതത്തിന് വിരാമമിടാന്‍ നിര്‍ബന്ധിതയായ സില്‍ക്ക് ഇപ്പോഴും ഒരു വേദനയായല്ല മറിച്ച് ഒരു സെക്സ് സിംബലായാണ് കണക്കാക്കപ്പെടുന്നതെന്നത് ഒരു വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. ക്ഷണികമായ കാലയളവിനുള്ളില്‍ മിന്നിമറയാന്‍ വിധിക്കപ്പെട്ട ആ ജീവിതത്തെ ശക്തമായി തന്നെ അനുസ്മരിക്കുന്നുണ്ട് ഈ ചിത്രം

റേറ്റിംഗ് 3.5/5

1 comment: