Wednesday, December 14, 2011
Saturday, December 10, 2011
കില്ലാഡി രാമന്‍
Monday, December 5, 2011
മുല്ലപ്പെരിയാര്‍ എങ്ങോട്ട്
മുല്ലപ്പെരിയാർ പ്രശ്നം എങ്ങോട്ടോക്കെയോ മാരകമായ വിധത്തിൽ തെന്നി നീങ്ങുകയാണ്. കേരളീയർ നികൃഷ്ടരും, വഞ്ചകന്മാരുമാണെന്ന് തമിഴ് ജനതയെ പഠിപ്പിച്ച കപട രാഷ്ട്രീയ വാദികളും, തമിഴ്നാടിനെ പേടിച്ച് കേരള ജനതയുടെ ജീവൻ തൃണവത്ഗണിച്ചു കൊണ്ട് തീരുമാനങ്ങളെടുക്കുന്ന കേരളത്തിലെ ഭരണകർത്താക്കൾക്കും ഇനി എന്ന് സത്ബുദ്ധി ഉദിക്കാനാണ്??
Saturday, December 3, 2011
ദ ഡേര്‍ട്ടി പിക്ചര്‍
ഒരു കാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ അവിഭാജ്യ ഘടകമായിരുന്ന സില്‍ക് സ്മിത എന്ന മാദക സുന്ദരിയുടെ ജീവിതമാണ് മിലന്‍ ലുത്രിയ സംവിധാനം ചെയ്ത ഡേര്‍ട്ടി പിക്ചര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്. അഭിനയ മോഹവുമായി ഗ്രാമത്തില്‍ നിന്നെത്തുന്ന തന്റേടിയായ പെണ്‍കുട്ടിയില്‍ ആരംഭിക്കുന്ന ചിത്രം, സിനിമാ ലോകത്തെ ഉള്ളു കള്ളികളിലേക്കുള്ള തുറന്ന കാഴ്ചയായ് മാറുന്നു.
Get Dirty..
നാട്ടുമ്പുറത്തെ വീട്ടില്‍ നിന്നും അഭിനയ മോഹവുമായി മദ്രാസിലേക്കെത്തുന്ന രേഷ്മ എന്ന പെണ്‍കുട്ടി (വിദ്യാ ബാലന്‍) ഒരു ബന്ധുവിനൊപ്പമാണ് താമസം. അഭിനയ ശേഷിയില്ലെന്ന കാരണത്താല്‍ പല ലൊക്കേഷനുകളിലും മാറ്റി നിര്‍ത്തപ്പെടുന്ന അവള്‍ ഒരു സിനിമയിലെ ഗാന രംഗത്തില്‍ അവിചാരിതമായി അല്‍പ്പ വസ്ത്രധാരിണിയായ മാദക നര്‍ത്തകിയായി പ്രത്യക്ഷപ്പെടുന്നു. സിനിമയുടെ ഗുണനിലവാരത്തെക്കുറിച്ച് ബോധ്യമുള്ള സംവിധായകന്‍ അബ്രഹാം (ഇമ്രാന്‍ ഹാഷ്മി) ആ ഗാനരംഗം മുറിച്ച് നീക്കുന്നു. എന്നാല്‍ സിനിയ്ക്ക് ആളെക്കൂട്ടാനായി നിര്‍മ്മാതാവ് ആ ഗാനരംഗം പിന്നീട് കൂട്ടിച്ചേര്‍ക്കുകയും രേഷ്മ, സില്‍ക്ക് എന്ന് നാമകരണം ചെയ്യപ്പെട്ട് തെന്നിന്ത്യയിലെ ഒന്നാം നമ്പര്‍ മാദക റാണിയായി തീരുകയും ചെയ്യുന്നു. സില്‍ക്ക് ഉള്‍പ്പെടെയുള്ള നടികളെ ചൂഷണം ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ സൂര്യ കാന്ത് (നസ്രുദെന്‍ ഷാ), ഇയാളുടെ ഇളയ സഹോദരനും, കഥാകൃത്തുമായ രാമു കാന്ത് (തുഷാര്‍ കപൂര്‍) എന്നിവര്‍ ഇതിനിടയ്ക്ക് സില്‍ക്കിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നുണ്ട്. സിനി ഗോസിപ്പുകള്‍ ഉള്‍പ്പെടെ തനിക്കെതിരായി വരുന്ന ആരോപണങ്ങളെയെല്ലാം തന്നെ പുച്ഛിച്ച് തള്ളുന്ന അവള്‍ മദ്യവും, സിഗരറ്റും ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് മനോവ്യഥകള്‍ ശമിപ്പിക്കുന്നത്. സ്വന്തം പ്രവര്‍ത്തിദോഷത്താല്‍ രാമുകാന്തുമൊത്തുള്ള ബന്ധം തകര്‍ന്നതോടു കൂടി സില്‍ക്കിന്റെ കാലിടറുന്നു. വെള്ളിത്തിരയിലെ സ്വപ്ന റാണിയുടെ അന്ത്യ നിമിഷങ്ങളാണ് തുടര്‍ന്ന് വ്യക്തമാകുന്നത്.
Positives
പൊതു സദസ്സുകള്‍ അഭാസ നൃത്തക്കാരികള്‍ അഥവാ ഡേര്‍ട്ടി എലമെന്റ്സ് ആയി തരം താഴ്ത്തിയിരുന്ന സിനിമയ്ക്ക് ആളെക്കൂട്ടാന്‍ അനിവാര്യരെങ്കിലും, പതിതരായി കണക്കാക്കപ്പെട്ടിരുന്ന ഒരു വിഭാഗം നേരിട്ട ചൂഷണങ്ങളും, ഇക്കൂട്ടരുടെ നഷ്ട സ്വപ്നങ്ങളും നൊമ്പരമുണര്‍ത്തും വിധം തന്നെ ഡേര്‍ട്ടി പിക്ചറില്‍ ആവിഷ്കരിച്ചിട്ടുണ്ട്. അവസരങ്ങള്‍ കുറഞ്ഞ് ഒടുവില്‍ ചതി പറ്റി നീലച്ചിത്ര നിര്‍മ്മാണ കേന്ദ്രത്തില്‍ എത്തിപ്പെടുന്ന സില്‍ക്കില്‍ ജ്ഞാതരും, അജ്ഞാതരുമായ ഒരു പറ്റം ഗതികെട്ട കലാകാരികളുടെ പകര്‍പ്പുകള്‍ കാണാവുന്നതാണ്. രേഷ്മ എന്ന തന്റേടിയായ പെണ്‍കുട്ടിയില്‍ തുടങ്ങി ജീവിതനൈരാശ്യം ബാധിച്ച് പൂര്‍ണ്ണമായും ലഹരിക്കടിമയായിത്തീര്‍ന്ന സില്‍ക്കില്‍ അവസാനിക്കുന്ന നടിയുടെ ജീവിത ചക്രം വിദ്യാ ബാലന്റെ കൈയ്യില്‍ ഭദ്രം. അമിതാഭിനയത്തിലേക്കും, അഭാസത്തിലേക്കും ക്ഷണ നെരം കൊണ്ട് തെന്നി മാറാവുന്ന സില്‍ക്കിനെ തികഞ്ഞ അര്‍പ്പണ ബോധത്തോടു കൂടി സമീപിച്ചിരിക്കുന്നു അവര്‍. പിന്നെ മികച്ച പ്രകടനം നടത്തിയത് കിസ്സിംഗ് വീരനെന്ന് ചെല്ലപ്പേരുള്ള ഇമ്രാന്‍ ഹാഷ്മി തന്നെ സിനിമയില്‍ തനിക്ക് കള്ളുകുടിയും, പെണ്ണു പിടിയും കൂടാതെ അഭിനയവും വഴങ്ങുമെന്ന് മൂപ്പര്‍ തെളിയിച്ചിരിക്കുന്നു. നസ്രുദീന്‍ ഷാ , ഗോസ്സിപ് പത്രക്കാരി നൈലയെ അവതരിപ്പിച്ച അഞ്ജു മഹേന്ദ്രു എന്നിവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. വിജയം ഉറപ്പാക്കാനായി ബി ഗ്രേഡ് മസാല നിലവാരത്തിലേക്ക് ഇടിച്ചിറക്കി സിനിമ ചളമാക്കാതിരുന്ന സംവിധായകന്‍ മിലന്‍ ലൂത്രിയക്കും അഭിമാനിക്കാം. എണ്‍പതുകളുടെ മാസ്മരികതയുള്ള ‘ഊ ലാല ഊ ലാല‘, ‘ ഇഷ്ക് സൂഫിയാന’ എന്നീ ഗാനങ്ങളും നിലവാരം പുലര്‍ത്തി. മികച്ച മേക് അപ്പ്, പിഴവുകളില്ലാത്ത കലാസംവിധാനം എന്നിവയും മേന്മകളാണ്.
Negatives
നമ്മള്‍ കേട്ടിട്ടുള്ള സില്‍ക്കിന്റെ ജീവിതത്തില്‍ കൂടി ഒരു ഓട്ട പ്രദക്ഷിണം മാത്രമേ സിനിമ നടത്തുന്നുള്ളുവെന്നതാണ് പ്രധാന പോരായ്മ. നാട്ടിന്‍ പുറത്ത്കാരി പുകവലി ശീലമാക്കുന്നതും, സൂപ്പര്‍ സ്റ്റാറിനെ വശീകരിക്കുന്നതുമൊക്കെ അസാധ്യമായ വേഗത്തിലാണ്. കേവലം നര്‍ത്തകിയായ് മാത്രമല്ല തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ ത്രൂഔട്ട് മാദക വേഷമണിയാതെയും സില്‍ക്ക് അഭിനയിച്ചിരുന്നുവെന്നത് ഡേര്‍ട്ടി പിക്ചറുകാര്‍ മറന്നതോ അതോ സൌകര്യ പൂര്‍വ്വം ഒഴിവാക്കിയതോ? രാമു കാന്തായി വന്ന തുഷാര്‍ കപൂറിന്റെ മുഖത്ത് പലപ്പോഴും അഭിനയത്തിന് പകരം ഒരു തരം വിഭ്രാന്തിയാണ് പ്രകടമാകുന്നത്. സിനിമയിലെ ഡയലോഗുകള്‍ കുറിക്ക് കൊള്ളുന്നതെങ്കിലും അതില്‍ മറഞ്ഞിരിക്കുന്ന രസകരമായ അശ്ലീലം കടുത്ത സദാചാര വാദികളെ (അവര്‍ക്ക് ഹിന്ദി അറിയാമെങ്കില്‍) അസ്വസ്ഥരാക്കിയേക്കാം. കിടപ്പറ രംഗങ്ങളും, ഗ്ലാമര്‍ ചുറ്റുപാടുകളും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പ്രായപൂര്‍ത്തിയായവര്‍ മാത്രം ഈ ചിത്രം കാണുകയാവും ഉചിതം. സിനിമയുടെ തുടക്കത്തില്‍ കൃത്യമായ കഥാ സന്ദര്‍ഭങ്ങളാണ് കൂട്ടിയിണക്കിയിട്ടുള്ളതെങ്കിലും, ഇടവേളയെത്തുന്നതിന് മുന്‍പ് അനുഭവപ്പെടുന്ന അലോസരപ്പെടുത്തുന്ന ഇഴച്ചില്‍ രണ്ടാം പാദത്തിലും ആവര്‍ത്തിക്കുന്നുണ്ട്.
Final Word & Rating
സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ആഗ്രഹിച്ചെങ്കിലും താളപ്പിഴകളെത്തുടര്‍ന്ന് ജീവിതത്തിന് വിരാമമിടാന്‍ നിര്‍ബന്ധിതയായ സില്‍ക്ക് ഇപ്പോഴും ഒരു വേദനയായല്ല മറിച്ച് ഒരു സെക്സ് സിംബലായാണ് കണക്കാക്കപ്പെടുന്നതെന്നത് ഒരു വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. ക്ഷണികമായ കാലയളവിനുള്ളില്‍ മിന്നിമറയാന്‍ വിധിക്കപ്പെട്ട ആ ജീവിതത്തെ ശക്തമായി തന്നെ അനുസ്മരിക്കുന്നുണ്ട് ഈ ചിത്രം
റേറ്റിംഗ് 3.5/5
Monday, October 31, 2011
'കൃഷ്ണനും രാധയും'
നായകനും, നായികയും ഔട്ട് ഓഫ് ഫോക്കസ് ആയാലും അവർക്ക് പിന്നിലെ കതകിന്റെ ചിത്രപ്പണികൾ വ്യകതമായി എടുത്ത് കാണിക്കുന്ന ഛായാഗ്രാഹണം, കാണികളെ ഉന്മേഷ ഭരിതരാക്കാൻ ഇടക്കിടെ ഔചിത്യം നോക്കാതെ ഓടിയെത്തുന്ന എനർജറ്റിക് ഗാനങ്ങൾ (പഴയ ആൽബത്തിലെ നായിക പ്രിയക്കുറിച്ച് നായകൻ സംസാരിക്കുമ്പോൾ 'രാത്രി ശുഭരാത്രി ' എന്ന ഗാനം അവതരിക്കും, പിന്നെ ഗോവയ്ക്ക് പോകുന്നു എന്ന് പറയുമ്പോൾ 'മം മം മായാവി' എന്ന 'പുളകിത/ഐറ്റം ഡാൻസ്' ഗാനം വരും, കുടുംബ സുഹ്ര്‍ത്ത് ശ്രീകലയുമൊത്ത് നായകൻ കൊച്ചിയിൽ പോകുമ്പോൾ 'സ്നേഹം സംഗീതം' എന്ന പാട്ട് കാണിക്കും ഇപ്രകാരം യൂട്യൂബിൽ ഹിറ്റായി ഓടുന്ന പാട്ടുകളൊക്കെ തന്നെ ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക്കാം. പിന്നെ ചിത്ര, വിധുപ്രതാപ് എന്നിവർ പാടിയ രണ്ട് കൃഷ്ണ ഭകതി ഗാനങ്ങളുണ്ട് ചിത്രത്തിൽ അവ രണ്ടും നന്നായിട്ടുമുണ്ട് (സത്യം :)).
കഥാപാത്രങ്ങളുടെ അഭിനയം,ഡയലോഗ് പ്രസന്റേഷൻ, കഥാഗതി ഇവയൊക്കെ വിലയിരുത്തുക എന്ന പാഴ്ശ്രമം ഞാൻ നടത്തുന്നില്ല. കൊച്ചി കാനൂസ് തീയേറ്ററിലാണ് ഈ ചിത്രം കണ്ടത് സെക്കന്റ് ഷോയ്ക്ക് പോലും തീയേറ്റർ ഹൗസ്ഫുൾ, കാണാനെത്തിയവരാകട്ടെ ആടിയും, പാടിയും അർമ്മാദിച്ചും മൂന്ന് മണിക്കൂർ ചിലവഴിച്ചു. അതുകൊണ്ട് ദൈനം ദിന ജീവിതത്തിലെ ടെൻഷനുകളിൽ പെട്ട് നട്ടം തിരിയുന്നവർക്ക് ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന അത്രയും സമയം യാതൊന്നിനെക്കുറിച്ചും ആലോചിച്ച് വേവലാതിപ്പെടേണ്ടി വരികയില്ല..ഉറപ്പ്..
(ചിന്താവിഷയം)
സാധാരണക്കാരെ അഭിനേതാക്കളാക്കി, സ്വപ്രയത്നത്താൽ ഒരു സിനിമ തട്ടിക്കൂട്ടിയെടുത്ത് ഒടുക്കം അത് തീയേറ്ററിലെത്തിച്ച് വിജയം കണ്ട സന്തോഷ് പണ്ഡിതിനെ ലോകത്തെങ്ങുമില്ലാത്ത തെറി വിളിക്കുന്ന എത്ര പേർക്ക് ഒരു ആൽബമെങ്കിലുമെടുത്ത് ഹിറ്റാക്കാൻ കഴിയും !)
--
Thursday, September 8, 2011
Tuesday, August 2, 2011
സോൾട്ട് ആൻഡ് പെപ്പർ
Ingredients
'ഉപ്പും കുരുമുളകും' എന്ന ചലച്ചിത്രം കണ്ടിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. നിരവധി കൂതറ ചിത്രങ്ങൾക്ക് അവലോകനം എഴുതിയിട്ടൂള്ള ഞാൻ എന്നെ എത്രയും നന്നായി കൊതിപ്പിച്ച ഈ ചെറു ചിത്രത്തിനും ഒരു അവലോകനം എഴുതാത്ത പക്ഷം അതു കടുത്ത അനീതീയായിരിക്കുമെന്ന് ബോധ്യം വന്നതിനാൽ പ്രിയ സുഹൃത്തുക്കൾക്കായി ഇത് ഇവിടെ എഴുതി സമർപ്പിക്കയാണ്.
Cooking
ആഹാരത്തെ സ്നേഹിക്കുന്ന, നല്ലൊരു വെപ്പുകാരനായ ബാബു (നമ്മുടെ ബാബു രാജ്) വിനെ സ്വന്തം അടുക്കളയുടെ ചുമതല ഏല്പ്പിച്ചിട്ടുള്ള, പുരാവസ്തു വകുപ്പ് ജീവനക്കാരനായ കാളിദാസൻ (ലാൽ), ടിയാന്റെ സഹോദരി പുത്രൻ മനു (ആസിഫ് അലി), ഡബ്ബിങ്ങ് ആർട്ടിസ്റ്റായ മായ (ശ്വേത മേനോൻ),മായയുടെ ഒപ്പം താമസിക്കുന്ന മീനാക്ഷി (മൈഥിലി) എന്നിവരാണ് പ്രസ്തുത ചലച്ചിത്രത്തിലെ(സോൾട്ട് ആൻഡ് പെപ്പർ) മുഖ്യ കഥാപാത്രങ്ങൾ. ഗവേഷണത്തിനെന്ന പേരിൽ ഒരു ആദിവാസി മൂപ്പനെ കടത്തിക്കൊണ്ടു വന്ന് മൂപ്പരിൽ നിന്നും പാചകവിധികൾ പഠിച്ചെടുക്കത്തക്ക വണ്ണം ഭക്ഷണപ്രിയനായ കാളിദാസൻ അവിവാഹിതനായി തുടരുകയാണ്, ഇതിനിടയിൽ മനു കാളിദാസനൊപ്പം താമസിക്കാനെത്തുന്നു .തുടർന്ന് നല്ല ഭക്ഷണവും അത്യാവശ്യം വെള്ളമടിയുമൊക്കെയായി കഴിയുന്ന ഇവരില്ലേക്ക് ഒരു റോങ്ങ് ഫോൺ കോളിലൂടെ മായയും, മീനാക്ഷിയും കടന്നെത്തുകയാണ്. തുടർന്ന് നമുക്ക് പരിചിതമല്ലാത്തതും വിസ്മയിപ്പിക്കുന്നതും എന്നാൽ അനാർഭാടകരവുമായ അഖ്യാന ശൈലിയിലൂടെ ചിത്രം പൂർണ്ണമാകുന്നു.
Serving
മനുഷ്യ ജീവിതത്തിൽ ആഹാരത്തിനുള്ള പ്രസക്തി എന്തെന്ന് ഈ ചിത്രം കണ്ടു കഴിയുമ്പോൾ മനസ്സിലാകും, നാവിൽ വെള്ളമൂറുന്ന തരത്തിലുള്ള ടൈറ്റിൽ സോങ്ങിന്റെ അതേ ട്രീറ്റ്മെന്റ് സിനിമയിലുടനീളം ദ്യോതിക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതോട്ടുമേ അതിശയോക്തിയാവുകയില്ല. പാചകത്തിൽ ഒട്ടും താത്പര്യമില്ലാത്ത, കഴിക്കുവാൻ വേണ്ടി മാത്രം അടുക്കളപ്പുറം താണ്ടുന്ന ശുംഭന്മാരെ ഒരിക്കലെങ്കിലും ഒരു പാചക പരീക്ഷണം നടത്തി നോക്കാൻ ഈ സിനിമ പ്രേരിപ്പിക്കുമെന്ന കാര്യത്തിലും തർക്കമില്ല. ഇതോടൊപ്പം പ്രണയവും, പരിഭവൗമൊക്കെ യൗവ്വനയുക്തർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന പഴഞ്ചൻ ആശയത്തെയും ചിത്രം പൊളിച്ചടുക്കിയിട്ടുണ്ട്, ലാൽ ,ബാബു രാജ്,ശ്വേത, ആസിഫ്, മൈഥിലി (പുള്ളിക്കാരി ഇത്രയും സുന്ദരിയാണെന്ന കാര്യം ഇപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് !!!) എല്ലാവരുടെയും അഭിനയം വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു (ബാബു രാജ് അതിശയിപ്പിച്ചു കളഞ്ഞു എന്നതാവും ശരിയായ പ്രയോഗം)
Extras
മൂപ്പന്റെ കുണ്ഡലത്തെക്കുറിച്ചുള്ള പരാമർശം, കാമലോലുപനായ സിനിമാ സംവിധായകന്റെ ക്ലൈമാക്സിലെ ആനന്ദക്കണ്ണീർ എന്നിങ്ങനെ ചില അവ്യക്തതകൾ ഈ സിനിമയോടുള്ള സ്നേഹം കൊണ്ട് ഞാൻ കണ്ടില്ലെന്ന് നടിക്കുന്നു. (സിനിമയ്ക്ക് ശേഷമുള്ള ഗാനത്തിൽ നിന്നും ഭക്ഷണത്തെ ഒഴിവാക്കിയതിലും എനിക്ക് ലേശം വിയോജിപ്പുണ്ട്)
Last Word
വെറും വയറ്റിൽ ഈ സിനിമ കാണുന്നത് ഹാനികരമാണെന്ന് എവിടെയോ വായിച്ചിരുന്നതിനാൽ നല്ലതു പൊലെ കഴിച്ചിട്ടാണ് (ബ്രേക് ഫാസ്റ്റ്) ഈ സിനിമക്ക് കയറിയത്..ഇനി ഈ സിനിമ കാണാൻ ബാക്കിയുള്ളവർ ഈ മാതൃക പിന്തുടരുന്നത് നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം)
ഇത്രയും മനോഹരമായ ഒരു ചിത്രമൊരുക്കിയ ആഷിഖ് അബുവിനും സംഘത്തിനും അഭിവാദ്യങ്ങൾ......
Tuesday, April 12, 2011
ദൃശ്യ വിസ്മയമൊരുക്കി 'റിയോ'
അമേരിക്കയിലെ മിനസോട്ടയിലെ ലിന്റ എന്ന പെൺകുട്ടിയുടെ വളർത്തു തത്തയാണ് ബ്ലൂ. തീർത്തും കുഞ്ഞായിരുന്നപ്പോൾ വേട്ടക്കാരുടെ വലയിലകപെട്ട ഇവന് പറക്കാനറിയില്ല.. അങ്ങനെയിരിക്കെയാണ് ബ്രസീലിൽ നിന്നുള്ള പക്ഷിശാസ്ത്രജ്ഞനായ ടുലിയോ, ബ്ലൂവിനെ കാണാനിടയാകുന്നത്, വളരെ അപൂർവ്വമായ മക്കൗ ഇനത്തില്പ്പെട്ട അവസാനത്തെ ആൺ തത്തയാണ് ബ്ലൂ വെന്നും, ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിലുള്ള തന്റെ പരീക്ഷണ ശാലയിലുള്ള ജൂവൽ എന്ന അതേ ഇനത്തില്പ്പെട്ട പെൺ തത്തയുടെ അരികിൽ അവനെ എത്തിക്കുകയാണെങ്കിൽ ഈ തത്തകൾക്ക് വംശനാശം സംഭവിക്കുകയില്ലെന്നും ടുലിയോ ലിന്റയെ ധരിപ്പിക്കുന്നു. തുടർന്ന ലിന്റയ്ക്കും, ടൂലിയോയ്ക്കുമൊപ്പം ബ്രസീലിലെത്തുന്ന ബ്ലൂ , സുന്ദരി തത്തയായ ജൂവലിനെ കണ്ടുമുട്ടുന്നു എന്നാൽ താമസിയാതെ ഇരുവരും പക്ഷി കടത്തൽ സംഘത്തിന്റെ പിടിയിലകപ്പെടുന്നു. ഒരു വശത്ത് ലിൻഡയും, ടൂലിയോയും ബ്ലൂവിനെയും, ജൂവലിനെയും തേടിയലയുമ്പോൾ മറു വശത്ത് രണ്ടു തത്തകളും പക്ഷി പിടുത്തക്കാരുടെ പിടിയിൽ നിന്നും രക്ഷപെടാനായുള്ള കഠിന പ്രയത്നം നടത്തുകയായിരുന്നു. ഒട്ടേറെ ദുർഘട സന്ധികൾ പിന്നിട്ട് ഇരുവരും ഒടുവിൽ ലിന്റയുടെലരികിൽ തന്നെ എത്തിച്ചേരുന്നു.
ബ്ലൂവിനെയും, ജൂവലിനെയും കൂടാതെ ഇരുവർക്കും സഹായിയായി വർത്തിക്കുന്ന ടൂക്കൺ പക്ഷിയായ റാഫേൽ, പക്ഷി പിടുത്തക്കാരുടെ വലം കൈയ്യായ നൈജൽ എന്ന ദുഷ്ടൻ തത്ത, ബുൾ ഡോഗ് ലൂയിസ്, ഇത്തിരിക്കുഞ്ഞൻ കുരങ്ങന്മാർ എന്നിങ്ങനെ ചിരിപ്പിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഒരു പിടി കഥാപാത്രങ്ങളെല്ലാം തന്നെ അനിമേഷൻ സിനിമകളുടെ അനന്ത സാധ്യതകൾക്ക് ദൃഷ്ടാന്തങ്ങളാവുകയാണ്.
സാഹസികതയ്ക്കും, ഹാസ്യത്തിനും പ്രാധാന്യം നൽകി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത് മുൻ നിര ഹോളിവുഡ് താരങ്ങൾ തന്നെയാണ്, കൂടാതെ വശ്യമായ സംഗീതവും, ബ്രസീലിന്റെ പ്രകൃതി ഭംഗി ത്രീഡിയിൽ ആവിഷ്കരിച്ചിരിക്കുന്ന തകർപ്പൻ ഫ്രെയിമുകളൊമൊക്കെ ചേരുമ്പോൾ കലാസ്നേഹികൾക്ക് ഒഴിവാക്കാനാകാത്ത ദൃശ്യ വിസ്മയമായി മാറുകയാണ് റിയോ.
Tuesday, January 18, 2011
Thursday, January 13, 2011
ട്രാഫിക്ക് an excellent Movie
ബോബി സഞ്ജയ് മാരുടെ കെട്ടുറപ്പുള്ള തിരക്കഥയും, സാങ്കേതികത്തികവുകളും, രാജേഷ് പിള്ളയുടെ സംവിധാന മികവും കൂടാതെ അഭിനേതാക്കളുടെ അർപ്പണ മനോഭാവവും വിജയം കാണുന്നിടത്ത് സിനിമ എന്ന നിലയിൽ ട്രാഫിക് ഒരു വിജയമാവുന്നു. എല്ലാത്തിലുമുപരിയായി മികച്ചു നിൽക്കുന്നത് സംവിധായകനെന്ന നിലയിൽ നിലയിൽ രാജേഷ് പിള്ള കാണിച്ച ചങ്കൂറ്റവും, സാമർഥ്യവും തന്നെയാണ്. നിയോ റിയലിസ്റ്റിക് അഭിനയ ശൈലിയോട് താതാദ്മ്യം പ്രാപിച്ച അഭിനേതാക്കളിൽ താരങ്ങളെയല്ല പച്ച മനുഷ്യരെയാണ് കാണാനാവുക. കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ സായ് കുമാർ, സന്ധ്യ, ആസിഫ് അലി ഇവരുടെയൊക്കെ പ്രകടനം പ്രേക്ഷകനുള്ള ബഹുമതിയാവുകയാണ്. മകനെ മരണത്തിനു വിട്ടു കൊടുക്കുന്ന പിതാവ്, റോഡിൽ അപകടത്തിൽ പെട്ട് കിടക്കുന്ന കൂട്ടുകാരനെ രക്ഷിക്കാൻ കരഞ്ഞു വിളിച്ചപേക്ഷിക്കുന്ന യുവാവ്, അതു കേട്ടിട്ടും കൂസലില്ലാതെ സംഭവം മൊബൈലിൽ പകർത്തുന്നതിൽ ജാഗരൂകരായ സമൂഹം എന്നിങ്ങനെ കണ്ണുനനയിക്കുന്നതും, യാഥാർത്ഥ്യ ബോധമുള്ളവയുമായ നിമിഷങ്ങളനവധിയുണ്ട് ട്രാഫിക്കിൽ. സ്വന്തം മകളുടെ ബെസ്റ്റ് ഫ്രണ്ട് ആരെന്നു പോലും അറിയാത്ത തിരക്കുകളുടെ പിന്നാലെ പായുന്ന സൂപ്പർസ്റ്റാർ, ധാർഷ്ഠ്യക്കാരനായ ഇദ്ദേഹവും ഒടുവിൽ പച്ച മനുഷ്യനാക്കപ്പെടുകയാണ്, റഹ്മാൻ എന്ന നടന്റെ അതിശയിപ്പിക്കുന്ന പ്രകടനം , ജോസ് പ്രകാശ് എന്ന പ്രതിഭയെ വീണ്ടും കാണാനുള്ള അവസരം, മികച്ച എഡിറ്റിംഗും, ഛായാഗ്രാഹണവും മികവുകളേറെയുണ്ട് ട്രാഫിക്കിന് അവകാശപ്പെടാൻ.
അവലോകന സാരം
ഒരു ക്ഷണിക നേരത്തെ അശ്രദ്ധ ക്ഷണിച്ചു വരുത്തുന്ന ഒരു ദുരന്തം, ഒരിടത്ത് അതു വേദനയാകുമ്പോൾ മറ്റൊരിടത്ത് അത് ആശ്വാസമാവുകയാണ് വിധിയുടെ ഈ വൈപരീത്യം തീയേറ്റർ വിട്ടാലും മനസ്സിനെ നോവിക്കും. കണ്ടതിനു ശേഷം വിസ്മൃതിയിലേക്ക് തള്ളി വിടാനാകാത്ത കാമ്പുള്ള ഈ ചിത്രം നഷ്ടമാക്കാതിരിക്കുക.