Tuesday, August 2, 2011

സോൾട്ട് ആൻഡ് പെപ്പർ


Ingredients

'ഉപ്പും കുരുമുളകും' എന്ന ചലച്ചിത്രം കണ്ടിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. നിരവധി കൂതറ ചിത്രങ്ങൾക്ക് അവലോകനം എഴുതിയിട്ടൂള്ള ഞാൻ എന്നെ എത്രയും നന്നായി കൊതിപ്പിച്ച ചെറു ചിത്രത്തിനും ഒരു അവലോകനം എഴുതാത്ത പക്ഷം അതു കടുത്ത അനീതീയായിരിക്കുമെന്ന് ബോധ്യം വന്നതിനാൽ പ്രിയ സുഹൃത്തുക്കൾക്കായി ഇത് ഇവിടെ എഴുതി സമർപ്പിക്കയാണ്‌.

Cooking

ആഹാരത്തെ സ്നേഹിക്കുന്ന, നല്ലൊരു വെപ്പുകാരനായ ബാബു (നമ്മുടെ ബാബു രാജ്) വിനെ സ്വന്തം അടുക്കളയുടെ ചുമതല ഏല്പ്പിച്ചിട്ടുള്ള, പുരാവസ്തു വകുപ്പ് ജീവനക്കാരനായ കാളിദാസൻ (ലാൽ), ടിയാന്റെ സഹോദരി പുത്രൻ മനു (ആസിഫ് അലി), ഡബ്ബിങ്ങ് ആർട്ടിസ്റ്റായ മായ (ശ്വേത മേനോൻ),മായയുടെ ഒപ്പം താമസിക്കുന്ന മീനാക്ഷി (മൈഥിലി) എന്നിവരാണ്‌ പ്രസ്തുത ചലച്ചിത്രത്തിലെ(സോൾട്ട് ആൻഡ് പെപ്പർ) മുഖ്യ കഥാപാത്രങ്ങൾ. ഗവേഷണത്തിനെന്ന പേരിൽ ഒരു ആദിവാസി മൂപ്പനെ കടത്തിക്കൊണ്ടു വന്ന് മൂപ്പരിൽ നിന്നും പാചകവിധികൾ പഠിച്ചെടുക്കത്തക്ക വണ്ണം ഭക്ഷണപ്രിയനായ കാളിദാസൻ അവിവാഹിതനായി തുടരുകയാണ്‌, ഇതിനിടയിൽ മനു കാളിദാസനൊപ്പം താമസിക്കാനെത്തുന്നു .തുടർന്ന് നല്ല ഭക്ഷണവും അത്യാവശ്യം വെള്ളമടിയുമൊക്കെയായി കഴിയുന്ന ഇവരില്ലേക്ക് ഒരു റോങ്ങ് ഫോൺ കോളിലൂടെ മായയും, മീനാക്ഷിയും കടന്നെത്തുകയാണ്‌. തുടർന്ന് നമുക്ക് പരിചിതമല്ലാത്തതും വിസ്മയിപ്പിക്കുന്നതും എന്നാൽ അനാർഭാടകരവുമായ അഖ്യാന ശൈലിയിലൂടെ ചിത്രം പൂർണ്ണമാകുന്നു.

Serving

മനുഷ്യ ജീവിതത്തിൽ ആഹാരത്തിനുള്ള പ്രസക്തി എന്തെന്ന് ചിത്രം കണ്ടു കഴിയുമ്പോൾ മനസ്സിലാകും, നാവിൽ വെള്ളമൂറുന്ന തരത്തിലുള്ള ടൈറ്റിൽ സോങ്ങിന്റെ അതേ ട്രീറ്റ്മെന്റ് സിനിമയിലുടനീളം ദ്യോതിക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതോട്ടുമേ അതിശയോക്തിയാവുകയില്ല. പാചകത്തിൽ ഒട്ടും താത്പര്യമില്ലാത്ത, കഴിക്കുവാൻ വേണ്ടി മാത്രം അടുക്കളപ്പുറം താണ്ടുന്ന ശുംഭന്മാരെ ഒരിക്കലെങ്കിലും ഒരു പാചക പരീക്ഷണം നടത്തി നോക്കാൻ സിനിമ പ്രേരിപ്പിക്കുമെന്ന കാര്യത്തിലും തർക്കമില്ല. ഇതോടൊപ്പം പ്രണയവും, പരിഭവൗമൊക്കെ യൗവ്വനയുക്തർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന പഴഞ്ചൻ ആശയത്തെയും ചിത്രം പൊളിച്ചടുക്കിയിട്ടുണ്ട്, ലാൽ ,ബാബു രാജ്,ശ്വേത, ആസിഫ്, മൈഥിലി (പുള്ളിക്കാരി ഇത്രയും സുന്ദരിയാണെന്ന കാര്യം ഇപ്പോഴാണ്‌ ഞാൻ ശ്രദ്ധിക്കുന്നത് !!!) എല്ലാവരുടെയും അഭിനയം വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു (ബാബു രാജ് അതിശയിപ്പിച്ചു കളഞ്ഞു എന്നതാവും ശരിയായ പ്രയോഗം)

Extras

മൂപ്പന്റെ കുണ്ഡലത്തെക്കുറിച്ചുള്ള പരാമർശം, കാമലോലുപനായ സിനിമാ സംവിധായകന്റെ ക്ലൈമാക്സിലെ ആനന്ദക്കണ്ണീർ എന്നിങ്ങനെ ചില അവ്യക്തതകൾ സിനിമയോടുള്ള സ്നേഹം കൊണ്ട് ഞാൻ കണ്ടില്ലെന്ന് നടിക്കുന്നു. (സിനിമയ്ക്ക് ശേഷമുള്ള ഗാനത്തിൽ നിന്നും ഭക്ഷണത്തെ ഒഴിവാക്കിയതിലും എനിക്ക് ലേശം വിയോജിപ്പുണ്ട്)

Last Word

വെറും വയറ്റിൽ സിനിമ കാണുന്നത് ഹാനികരമാണെന്ന് എവിടെയോ വായിച്ചിരുന്നതിനാൽ നല്ലതു പൊലെ കഴിച്ചിട്ടാണ്‌ (ബ്രേക് ഫാസ്റ്റ്) സിനിമക്ക് കയറിയത്..ഇനി സിനിമ കാണാൻ ബാക്കിയുള്ളവർ മാതൃക പിന്തുടരുന്നത് നന്നായിരിക്കും എന്നാണ്‌ എന്റെ അഭിപ്രായം)

ഇത്രയും മനോഹരമായ ഒരു ചിത്രമൊരുക്കിയ ആഷിഖ് അബുവിനും സംഘത്തിനും അഭിവാദ്യങ്ങൾ......

No comments:

Post a Comment