Monday, December 31, 2012
Saturday, October 6, 2012
2012 ഡിസംബര്‍ 21ന് ലോകാവസാനമോ? മായന്‍ കലണ്ടറിലുള്ളത് നടുക്കുന്ന പ്രവചനം
2012 ഡിസംബര്‍ 21ന് ലോകാവസാനമോ? മായന്‍ കലണ്ടറിലുള്ളത് നടുക്കുന്ന പ്രവചനം
ബിജിന്‍ തെക്കേക്കോയിക്കല്‍
ലോകാവസാനത്തെക്കുറിച്ചുള്ള വിശ്വാസങ്ങളും, പ്രമാണങ്ങളും ലോകത്തെമ്പാടുമുള്ള വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടെങ്കിലും, ലോകാവസാനം എന്നുണ്ടാകുമെന്ന് കൃത്യമായ തിയതി കുറിച്ചു വെച്ച ജനത ഒന്നേയുള്ളു. മധ്യ അമേരിക്കയിലെ ആദിമ നിവാസികളായിരുന്ന മായന്മാരാണ് ലോകാവസാനം കൃത്യമായി പ്രവചിച്ചിരിക്കുന്നത്. 2012 ഡിസംബര്‍ 21ന് ലോകം അവസാനിക്കുമെന്ന് മായന്‍ കലണ്ടര്‍ പറയുന്നു. ദക്ഷിണ മെക്സിക്കന്‍ സംസ്ഥാനങ്ങളായ ചിയാപസ്, റ്റപാകോ, യുകാറ്റന്‍ ഉപഭൂഖണ്ഡം എന്നിവിടുങ്ങളായി കൃസ്തുവര്‍ഷാരംഭത്തില്‍ ശക്തി പ്രാപിച്ച് വന്നിരുന്ന സംസ്കാരമാണ് മായന്മാരുടേത്. വാനശാസ്ത്രം, ഗണിതം, ജ്യാമിതി എന്നീ മേഘലകളില്‍ അഗ്രഗണ്യരായിരുന്ന ഇവര്‍ ദൂര്‍ദര്‍ശിനികളുടെ സഹായമില്ലാതെയാണ് വാന നിരീക്ഷണം നടത്തിയിരുന്നത്. ആകാശത്തിലെ ചില പ്രത്യേക നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞ് അവയ്ക്ക് തിരശ്ചീനമായി വരത്തക്ക രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മായന്‍ പിരമിഡുകളില്‍ കൊത്തിയിരിക്കുന്ന ശിലാലിഖിതങ്ങളാണ് മായന്മാരുടെ ശാസ്ത്ര നിപുണതയ്ക്ക് ആധാരമായിട്ടുള്ളത്.
(മായന്‍ കലണ്ടറുകളുടെ ചാക്രിക ചലനം)
മായന്‍ കലണ്ടറുകള്‍
കല്ലില്‍ കൊത്തിയ രണ്ട് തരം കലണ്ടറുകളാണ് മായന്മാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നത് 260 ദിനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഹൃസ്വ ചാക്രിക കലണ്ടറും, 365 ദിവസമുള്ള ‘ഹാബ്’ എന്നറിയപ്പെടുന്ന ദീര്‍ഘ ചാക്രിക കലണ്ടറും . 20 ദിനങ്ങളുള്ള പതിനെട്ട് മാസങ്ങളാണ് ‘ഹാബി’ലുള്ളത്. അല്പം വലിയ വൃത്തമായി കണക്കാക്കപ്പെടുന്ന ഹാബില്‍ പതിനെട്ട് മാസങ്ങളും, അഞ്ച് ദിനങ്ങള്‍ മാത്രമുള്ള നിര്‍ഭാഗ്യകരമായി കരുതപ്പെടുന്ന ഒരു ചെറിയ മാസവും, ഒരോ മാസങ്ങളുടേയും ആദ്യദിനങ്ങളെ പ്രതിനിധാനം ചെയ്യുന്ന അക്കവും ഉള്‍പ്പെടെ ഇരുപത് ചിഹ്ന(Symbol) ങ്ങളുണ്ട്. 260 ദിനങ്ങളെ ആടിസ്ഥാനമാക്കിയുള്ള ചെറിയ വൃത്ത കലണ്ടറില്‍ പതിമൂന്ന് ചിഹ്നങ്ങളാണുള്ളത്. ഈ രണ്ട് കലണ്ടറുകളും കൃത്യമായ ഇടവേളകള്‍ പാലിച്ച് പരസ്പരം ഉരസി കറങ്ങുന്ന രീതിയിലാണ് മായന്‍ കലണ്ടറിന്റെ നിര്‍മ്മാണം. മായന്‍ കലണ്ടര്‍ പ്രകാരം 2012 ഡിസംബര്‍ 21 ന് ലോകം പുലരുന്നത് ഒരു പുതു യുഗത്തിലേക്കാണ് . മായന്മാരുടെ പ്രധാന്‍ ദേവതകളിലൊരാള്‍ 2012 ഡിസംബര്‍ 21ന് തിരിച്ചെത്തുമെന്നും. അകാശത്തു നിന്നും വന്ന അമാനുഷിക ശക്തികളുടെ സഹായത്താല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് വിശസിക്കപ്പെടുന്ന മായന്‍ കലണ്ടര്‍ ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
(മായന്‍ പിരമിഡ്)
.മായന്മാരുടെ വിശ്വാസ പ്രമാണങ്ങള്‍ സൗരശാസ്ത്രത്തിലധിഷ്ഠിതമായിരുന്നു. സൗര യുധത്തിലെ എല്ലാ ഗ്രഹങ്ങളെയും മായന്മാര്‍ അന്നേ തിരിച്ചറിയുകയും, സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വെയ്ക്കുകയുമുണ്ടായി. ദൂരദര്‍ശിനികളുറ്റെ സഹായമൊന്നും തേടാതെ തന്നെ മായന്മാര്‍ക്കിടയില്‍ സൌരശാസ്ത്രം എങ്ങനെ പൂര്‍ണ്ണതയിലെത്തിയെന്നത് ഇന്നും ദുരൂഹതയായി തുടരുന്നു. തങ്ങള്‍ക്ക് വിജ്ഞാനം നല്‍കിയത് അനന്തതയില്‍ നിന്നുമെത്തിയ ദൈവങ്ങളായിരുന്നുവെന്നും, ഭൂമിയില്‍ ജീവന്‍ തുടിക്കാന്‍ നിദാനമായത് ഈ ദൈവങ്ങളുടെ ഇടപെടലായിരുന്നുവെന്നും മായന്‍ ഗ്രന്ഥങ്ങള്‍ പറയുന്നു. മായന്‍ പിരമിടുകളില്‍ പലയിടങ്ങളിലും അനാമാന്യ ശാരീരിക ഘടനയുള്ള അതികായന്മാരുടെ രൂപങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അന്യഗ്രഹ ജീവി ( Aliens )കളുമായി മായന്മാര്‍ അടുത്ത് ബന്ധം പുലര്‍ത്തിയിരിക്കാനിടയുണ്ടെന്നും, ഈ ജനതയുടെ സൗരശാസ്ത്രത്തിലധിഷ്ഠിതമായ ജീവിത ചര്യകള്‍ ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മായന്മാര്‍ നിര്‍മിച്ച പട്ടണങ്ങള്‍ക്ക് ചുറ്റിനും സമതല പ്രദേശങ്ങളും, ഉറപ്പുള്ള തറകളും ധാരാളമുണ്ടെന്നും അന്യ ഗ്രഹത്തില്‍ നിന്നുള്ള സന്ദര്‍ശകരുടെ ആകാശ വാഹനങ്ങള്‍ക്കിറങ്ങാവുന്ന വിധമുള്ള ‘ലാന്റിംഗ് പാഡു'കളാകാം ഇവയെന്നും അഭിപ്രായമുണ്ട്.
(മായന്മാരുടെ ദിഅവം: കുക്ലുകാന്‍)
ഇതോടൊപ്പം അനേകം അടി ഉയരത്തില്‍ നിന്നും നോക്കിയാല്‍ ആകര്‍ഷമായി തോന്നത്തക്ക വിധമാണ് മായന്‍ പിരമിഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, ഇക്കാരണത്താല്‍ മായന്മാര്‍ ആകാശയാത്ര നടത്തിയിരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വാദമുണ്ട്. മായമാരുടെ പ്രധാന ദേവതകളിലൊന്നായ കുക്ലുകാനെ ചിലയിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത് സര്‍പ്പാകൃതിയിലുള്ള ഉടലില്‍ നിന്നും ഇറങ്ങി വരുന്ന രീതിയിലാണ്. കുക്ലുകാന്‍ സര്‍പ്പാകൃതിയിലുള്ള ഒരു സ്പേസ് ഷിപ്പില്‍ വന്നിറങ്ങിയ ഒരു ഗഗന ചാരിയായിരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. മായന്മാരുടെ ഏറ്റവും വലുതും,വിശാലവുമായ പിരമിഡ് കുക്ലുകാനാണ് സമര്‍പ്പിച്ചിട്ടുള്ളത്. മായന്‍ കലണ്ടര്‍ അവസാനിക്കുമ്പോള്‍ ഭൂമിയില്‍ വന്നിറങ്ങുമെന്ന് പറയപ്പെടുന്ന ആ ദൈവം കുക്ലുക്കാന്‍ ആകാനാണ് സാധ്യത.മായന്മാര്‍ അന്യ ഗ്രഹ വാസികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഒരു ജന വിഭാഗമാകാനിടയുണ്ടെന്നും, 2012 അവസാനത്തൊടു കൂടി ഇവര്‍ അന്യഗ്രഹവാസികളുടെ പുനരാഗമനം പ്രതീക്ഷിച്ചിരുന്നതായും വിലയിരുത്തപ്പെടുന്നു.
ലോകാവസാനം മറ്റ് സംസ്കാരങ്ങളില്‍
മായന്മാര്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള മറ്റ് സംസ്കാരങ്ങളിലും സമാന രീതിയിലുള്ള ലോകാവസാനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. അധര്‍മ്മം പെറ്റ് പെരുകി കലിയുഗത്തില്‍ ലോകം തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും ഒടുവില്‍ ‘കല്‍ക്കി‘ അവതരിക്കുമെന്നും ഭാരതീയ പുരാണങ്ങള്‍ പറയുന്നു. ചെകുത്താനും ‘ആര്‍മകെത്തോന്‍‘ എന്ന് പറയുന്ന ദൈവവും തമ്മില്‍ 2012ല്‍ യുദ്ധമുണ്ടാകുമെന്ന വിശ്വാസം ചൈനാക്കാര്‍ക്കിടയിലുണ്ട്. ബൈബിളില്‍ പറയുന്ന തീമഴയും, അന്ത്യനാളുകളുടെ വിവരണങ്ങളും കൃസ്തുവിന്റെ രണ്ടാം വരവുമൊക്കെ ലോകാവസാനത്തെ കുറിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അന്ത്യ ദിനങ്ങളെ(ഖിയാമഹ്) കുറിച്ചുള്ള ഇസ്ലാമിക വിശ്വാസങ്ങളും പ്രചാരത്തിലുണ്ട്. പ്രമുഖ ജ്യോതിഷിയായ നോസ്ഡ്രഡാനസിന്റെ പ്രവചനങ്ങളിലും ലോകാവസാനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. 2012 ഡിസംബര്‍ 21ന് ഭൂമിയും സൂര്യനും , സൗരയുഥത്തിന് വെളിയിലുള്ള ഒരു തമോഗര്‍ത്തവുമായി നേര്‍ രേഖയില്‍ വരുമെന്നും അദൃശ്യമായ ഈ തമോ ഗര്‍ത്തം ഭൂമിയെ വിഴുങ്ങുമെന്നും ഇന്റോ-അമേരിക്കന്‍ ലിഖിതങ്ങളില്‍ കാണാം. ലോകാവസാനത്തിന് തൊട്ട് മുന്‍പ് ദൃശമാകുന്ന ‘നിബിറു’ എന്ന ഭീമന്‍ ഗോളവുമായി ഭൂമി കൂട്ടിയിടിക്കുമെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു. ഈ വര്‍ഷം തന്നെ ലോകമവസാനിക്കാനിടയുണ്ടെന്ന് കരുതുന്ന ആധുനിക ശാസ്ത്രജ്ഞരും കുറവല്ല. സൌരവാതകങ്ങള്‍ അത്യധികന്‍ തീഷ്ണമായ രീതിയില്‍ പുറം തള്ളപ്പെടുന്നതു മൂലമുള്ള കനത്ത ചൂടില്‍ ഭൂമി വെന്തുരുകാനിടയുണ്ടെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ വാദം, അമേരിക്കയില്‍ ഉറങ്ങിക്കിടക്കുന്ന സൂപ്പര്‍ വൊള്‍ക്കാനോ, കാന്തിക മണ്ഡലങ്ങളുറ്റെ വിഭ്രംശം, അന്യഗ്രഹ ജീവികളുറ്റെ ആക്രമണം എന്നീ കാരണങ്ങളാലും ലോകാവസാനമുണ്ടാകാനിടയുണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്നു.
1992, 2000 ലോകാവസാനം നടക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന വര്‍ഷങ്ങളെയൊക്കെ നമ്മുടെ ഭൂമി അതി ജീവിച്ചിട്ടുണ്ടെങ്കിലും മായന്‍ കലണ്ടറുകളുടെ കണിശതയാണ് ശാസ്ത്രജ്ഞരെ കുഴയ്ക്കുന്നത്. ചാന്ദ്ര വര്‍ഷത്തിലെ ദിനങ്ങളും, ഒരു വര്‍ഷത്തിന്റെ കൃത്യമായ ദൈര്‍ഘ്യവും നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ രേഖപ്പെടുത്തിയ മായന്മാരുടെ പ്രവചനം ശരിയാകാനിടയുണ്ടോ എന്ന ആശങ്കയിലാണ് ശാസ്ത്ര ലോകം. തെക്കന്‍ മെക്സിക്കോയിലെ മായന്‍ പ്രഭവ കേന്ദ്രമായിരുന്ന ‘ടപചുലയില്‍’ ടൂറിസം വകുപ്പ് ഒരു കൌണ്ട് ഡൌണ്‍ ഡിജിറ്റല്‍ ഘടികാരം വരെ സ്ഥാപിച്ചു കഴിഞ്ഞു. ലോകാവസാനത്തെ അതിജീവിക്കാന്‍ തയ്യാറെടുക്കുന്നവര്‍ (Doomsday Preppers) ഇപ്പോള്‍ തന്നെ അമേരിക്കയിലെമ്പാടും പരിശീലനം നടത്തുന്നുണ്ട്. മായന്മാര്‍ പ്രവചിച്ചത് ലോകത്തിന്റെ പൂര്‍ണ്ണമായ അവസാനമാണോ, അതോ ഭൂമിയിലെ ജീവിതം പുതിയ ഒരു നിലവാരത്തിലേക്കുയരുമോ എന്നൊക്കെ അറിയാന്‍ 2012 ഡിസംബര്‍ 21 വരെയെങ്കിലും കാത്തിരിക്കെണ്ടി വരുമെന്നത് നിശ്ചയം. ഇതോടൊപ്പം നൂറ്റാണ്ടുകള്‍ക്ക് മുന്നേ തന്നെ അപ്രത്യക്ഷമായ (സ്പാനിഷ് അധിനിവേശം,വറുതി എന്നീക്കാരണങ്ങളാല്‍ മായന്‍ ജനത നാമാവശേഷമാവുകയാണുണ്ടായത്, മായന്മാരുടെ പല ഗ്രന്ഥങ്ങളും സ്പാനിഷ് ആക്രമികള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു) ഒരു സംസ്കാരത്തിലെ ശേഷിപ്പുകള്‍ വ്യാഖാനിച്ച് ലോകാവസാനം പ്രചരിപ്പിക്കുന്ന തിനെ എതിര്‍ക്കുന്നവരുമുണ്ട്. മായന്‍ കലണ്ടറുകള്‍ പൂര്‍ണ്ണമായും വ്യാഖ്യാനിക്കാനാവുന്നവരാരും തന്നെ ജീവിച്ചിരുപ്പില്ലെന്നും, ഗവേഷകര്‍ തങ്ങള്‍ക്ക് ലഭിച്ച അറിവുകള്‍ പെരുപ്പിച്ച് കാട്ടുകയാണെന്നും അഭിപ്രായമുണ്ട്.
Monday, August 27, 2012
Tuesday, May 1, 2012
പാഞ്ചാലി മേട്ടിലേക്കൊരു യാത്ര
പച്ചപ്പു നിറഞ്ഞ മൊട്ടക്കുന്നുകളും, താഴ്വാരങ്ങളും ഇടകലര്‍ന്ന സ്വപ്നഭൂമിയിലേക്കൊരു യാത്ര ആരാണിഷ്ടപ്പെടാത്തത്. പ്രകൃതി സൌന്ദര്യം ആവോളമുള്ള, ഐതിഹ്യ കഥകളാല്‍ സമ്പുഷ്ടമാക്കപ്പെട്ട അത്തരമൊരിടമാണ് പാഞ്ചാലി മേട്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്ത് മുറിഞ്ഞ പുഴ ഗ്രാമത്തിലാണ് പാഞ്ചാലിമേട്. സമുദ്ര നിരപ്പില്‍ നിന്നും നല്ല ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സുഖ ശീതളമായ കാലാവസ്ഥയ്ക്ക് പ്രസിദ്ധമാണ്. യാത്ര ആരംഭിച്ചത് പൊന്‍കുന്നത്തു നിന്നായിരുന്നതിനാല്‍ വെറും ഒന്നേകാല്‍ മണിക്കൂറേ വേണ്ടി വന്നുള്ളു മേട്ടിലെത്താന്‍. കോട്ടയം കുമിളി റോഡ് (എന്‍ എച്ച് 220) ലെ വളവുകളും, തിരിവുകളും പരിചയമില്ലാത്തവരെ കുഴപ്പത്തിലാക്കുമെന്നതിനാല്‍ പകല്‍ സമയം യാത്രയ്ക്ക് തെരെഞ്ഞെടുക്കുന്നതായിരിക്കും അഭികാമ്യം. കുട്ടിക്കാനമെത്തുന്നതിന് മുന്‍പ് മുറിഞ്ഞപുഴ ജംഗ് ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഏഴ് കിലോ മീറ്ററോളം സഞ്ചരിച്ചാല്‍ പാഞ്ചാലിമേട്ടിലെത്താം. ദുര്‍ഘടങ്ങളായ വളവുകളും കുത്തനെയുള്ള കയറ്റങ്ങളുമുള്ളതിനാല്‍ അല്‍പ്പം ശ്രദ്ധിച്ച് വേണം വാഹനമോടിക്കാന്‍. (ചിത്രങ്ങള്‍ വ്യക്തമായിക്കാണാന്‍ അവയില്‍ ക്ലിക്ക് ചെയ്യുക)
(ചിത്രം : പാഞ്ചാലി മേട്ടിലേക്കുള്ള പാത)
ഐതിഹ്യം
പഞ്ചപാണ്ഡവരുടെ വനവാസകാലത്ത് അവര്‍ ഈ മേട്ടില്‍ തങ്ങിയിരുന്നുവെന്നാണ് ഐതിഹ്യം, പാണ്ഡവ പത്നിയായ പാഞ്ചാലി (ദ്രൌപദി) യുടെ പേരിനോട് ചേര്‍ത്താണ് ഈ മേട് അറിയപ്പെടുന്നത്. എതു കഠിനമായ വേനല്‍ക്കാലത്തും വറ്റാത്ത പഞ്ചാലി ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ‘പാഞ്ചാലിക്കുളവും’ പഞ്ച പാണ്ഡവരിലെ മസില്‍മാനായിരുന്ന സാക്ഷാല്‍ ഭീമസേനന്റെ പാദങ്ങള്‍ പതിഞ്ഞ ഗുഹയും പാഞ്ചാലി മേട്ടിലുണ്ട്. പാഞ്ചാലി മേടിന്റെ പാദം വരെ മാത്രമേ വാഹനങ്ങള്‍ ചെല്ലുകയുള്ളു. ശബരിമല മകരജ്യോതി മേട്ടില്‍ നിന്നും ദൃശ്യമാകുമെന്നതിനാല്‍ അയ്യപ്പ ഭക്തര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണിത്.
(ചിത്രം: പാഞ്ചാലി മേട് /The Panchali (Draupadi) Meadows)
സുഗന്ധ തൈലമൂറ്റാനുപയോഗിക്കുന്ന തെരുവപ്പുല്ലിനിടയിലൂടെയുള്ള കല്ലുകള്‍ നിറഞ്ഞ മണ്‍പാതയിലൂടെ വലത്തോട്ട് കയറിയാല്‍ മേട്ടിലെത്താം, നിത്യ പൂജയില്ലാത്ത ഒരു ദേവീ ക്ഷേത്രവും, അതി പുരാതനമായ സര്‍പ്പ പ്രതിഷ്ടകളുമാണ് കയറിച്ചെല്ലുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക. പഴക്കമേറിയതും അപൂര്‍വ്വവുമായ ഒരു ശിവലിംഗവും ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തായി കാണാന്‍ കഴിയും.
(ചിത്രം: മലമുകളിലെ പുരാതന ശിവലിംഗം / Ancient Siva Idol on the top of the Panchali meadows)
മേട്ടില്‍ നിന്നും കണ്ണോടിച്ചാല്‍ ഹരിതാഭമായ പച്ചക്കുന്നുകളാണ് ചുറ്റും ദൃശ്യമാവുക. കുറച്ചു ദൂരം പടിഞ്ഞാറേക്ക് നീങ്ങിയാല്‍ നീല നിറത്തില്‍ പരന്നു കിടക്കുന്ന താഴ്വരകളും കാണാം. എല്ലാം കൊണ്ടും നാം ലോകത്തിന്റെ നെറുകയിലെത്തിയ പ്രതീതി. നട്ടുച്ചക്കു പോലും ശക്തമായ് വീശുന്ന തണുത്ത കാറ്റും തെളിയമയാര്‍ന്ന പ്രകൃതി സൌന്ദര്യവും ആരെയും ഹഠാദാകര്‍ഷിച്ചു കളയും.
നീലത്താഴ്വര - പാഞ്ചാലി മേട്ടില്‍ നിന്നുള്ള ദൃശ്യം
മേട്ടില്‍ നിന്നും തെക്കൊട്ട് തിരിഞ്ഞിറങ്ങിയാല്‍ പാഞ്ചാലിക്കുളത്തിലെത്താം. കല്ല് കൊണ്ട് കെട്ടിയ രണ്ട് കുളങ്ങള്‍ക്കും സമീപം പ്രകൃതിയൊരുക്കിയ കുളിര്‍ മരീചികയെന്ന് തോന്നിപ്പിക്കുന്ന പാഞ്ചാലിക്കുളം കാണാം. എത്ര കഠിനമായ വേനല്‍ക്കാലത്തും വറ്റാത്ത ഈ കുളത്തിലെ വെള്ളത്തിന് എപ്പോഴും തണുപ്പായിരിക്കും. പാറക്കെട്ടുകളും, ഉറച്ച മണ്ണും കൂടിക്കലര്‍ന്നതാണ് പാഞ്ചാലിമേടിന്റെ പ്രതലം. അധികം ഉയരമില്ലാത്ത ചെറുമരങ്ങളും, കുറ്റിച്ചെടികളുമാണ് ഇവിടുത്തെ പ്രധാന സസ്യ സമ്പത്ത്. തെരുവപ്പുല്ല്, തീറ്റിപ്പുല്ല്, ഫേണുകള്‍, പൂച്ചെടികള്‍ എന്നിവ മേട്ടില്‍ ധാരാളമായിട്ടുണ്ട്. കഴുകന്‍ പരുന്ത് തുടങ്ങിയ പക്ഷികളുടെ സങ്കേതം കൂടിയാണീ മേട്. പുല്‍മേട് വിഭാഗത്തില്‍ പെടുത്താവുന്ന ഭൂപ്രകൃതിയാണ് പാഞ്ചാലിമേട്ടിനുള്ളതെങ്കിലും താഴ്വാരങ്ങളില്‍ മരങ്ങള്‍ തഴച്ച് വളരുന്നതായി കാണുവാന്‍ കഴിയും. പ്രകൃതി നമുക്ക് കനിഞ്ഞറുളിയ വരദാനങ്ങളായ ഇത്തരം ഭൂപ്രദേശങ്ങളെ നമുക്ക് സ്നേഹിക്കാം, മലിനമാക്കതിരിക്കാം.
ചിത്രം : പാഞ്ചാലിക്കുളം (Panchali's Pond)
കോട്ടയം- കുമിളി റോഡില്‍ (എന്‍ എച്ച് 220) കുട്ടിക്കാനത്തിന് സമീപമാണ് പാഞ്ചാലി മേട്. കോട്ടയം നഗരത്തില്‍ നിന്നും നിന്നും ഏതാണ്ട് എഴുപത് കിമി ദൂരത്തിലാണ് പാഞ്ചാലിമേട് സ്ഥിതിചെയ്യുന്നത്. വടക്ക് നിന്നും വരുന്നവര്‍ക്ക് പാലാ - പൊന്‍കുന്നം റോഡിലൂടെ എന്‍ എച്ചിലേക്ക് കയറാം. തെക്കു നിന്നുളവര്‍ക്ക് പുനലൂര്‍ - മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയിലൂടെ യാത്ര ചെയ്ത് പൊന്‍കുന്നത്തെത്താം. പൊന്‍കുന്നത്തു നിന്നും നാല്‍പ്പത്തഞ്ച് കി.മി ആണ് ദൂരം.
സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഉഷ്ണകാല വസതി സ്ഥിതി ചെയ്തിരുന്ന ഹില്‍ സ്റ്റേഷനായ കുട്ടിക്കാനം, മറ്റൊരു ഉയര്‍ന്ന പ്രദേശമായ പരുന്തുമ്പാറ എന്നിവ പാഞ്ചാലിമേടിന്റെ പത്തു കി.മി ചുറ്റളവിലാണുള്ളത്. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വള്ളിയാം കാവ് ഭദ്രകാളി ക്ഷേത്രം മുണ്ടക്കയത്തിനും പാഞ്ചാലിമേടിനു മധ്യേ സ്ഥിതി ചെയ്യുന്നു. തേയിലത്തോട്ടങ്ങള്‍ക്ക് പ്രശസ്തമായ വണ്ടിപ്പെരിയാര്‍ , തേക്കടി വന്യജീവി സങ്കേതം (പെരിയാര്‍ കടുവാ സങ്കേതം) എന്നിവ 38 കി.മി ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു. തേക്കടിക്ക് സമീപം കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കുമളി പട്ടണവും മറ്റൊരു ആകര്‍ഷണമാണ്. മുണ്ടക്കയം , കുമിളി, തേക്കടി എന്നിവിടുങ്ങളില്‍ താമസ സൌകര്യങ്ങള്‍ ലഭ്യമാണ്. പാഞ്ചാലിമേട്ടില്‍ നിന്നും മടക്കയാത്ര കോട്ടയം ഭാഗത്തേക്കാണെങ്കില്‍ പാഞ്ചാലിമേട് ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് വള്ളിയാം കാവ് എസ്റ്റേറ്റ്, മുണ്ടക്കയം റോഡില്‍ പോവുകയായിരിക്കും നല്ലത്. ( അങ്ങോട്ടുള്ള യാത്ര കുത്തിറക്കമായതിനാല്‍ സുഖമായിരിക്കും പക്ഷേ മേട്ടിലേക്ക് വരാന്‍ ഈ വഴി തെരഞ്ഞെടുത്താല്‍ കുത്ത് കയറ്റം കയറി കയറി വാഹനവും നമ്മളും മടുക്കും)
മറ്റു ചിത്രങ്ങള്‍ (Gallery)
ഹരിതാഭമായ മേട്
പാഞ്ചാലി മേട്ടിലെ കുളങ്ങള്‍
നാട്ടു വഴി
എഴുത്തുകാരന്‍
Saturday, March 10, 2012
ക്രൈം സ്റ്റോറി Review
ക്രൈം സ്റ്റോറി...... a different Thriller's Review
ഞാനിവിടെഴുതുന്നത് അത്യന്തം മാരകമായ/ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ ചിത്രത്തിന്റെ റിവ്യൂ ആകുന്നു. ആയതിനാല്‍ വസ്തുതകള്‍ സംഗ്രഹിച്ച് ഒതുക്കിയെഴുതാനെ നിര്‍വ്വാഹമുള്ളു, ദയവായി സഹകരിച്ചാലും..:)
Crime story........
കോരിച്ചൊരിയുന്ന മഴയത്ത് ഇരുട്ടിന്റെ മറപറ്റി, കോട്ടിട്ട ഒരു അജ്ഞാതന്‍ ഒരു മദാലസ സുന്ദരിയുടെ (മുഖം കാണിക്കുന്നില്ല) ജഡം ഒരു കല്ലറയില്‍ നിക്ഷേപിക്കുന്നിടത്ത് ക്രൈം സ്റ്റോറി ആരംഭിക്കുന്നു. പിന്നീട് നമ്മള്‍ കാണുന്നത് സുന്ദരിയും, മോഡലും, വസ്ത്രാലങ്കാര നിപുണയുമായ മീര (വിഷ്ണു പ്രിയ), ഭര്‍ത്താവ് ഹരി നമ്പ്യാരുടേയും (അനൂപ് ജോര്‍ജ്ജ്) ജീവിതമാണ്, അനേകം പേര്‍ക്ക് മാര്‍ഗ്ഗ ദര്‍ശിയായിട്ടുള്ള മീരയുടെ ദാമ്പത്യ ജീവിതം തണുത്തുറഞ്ഞതാകുന്നു. പാതിരാത്രിയില്‍ കിടപ്പറയില്‍ ഒന്നു ചൂടു പിടിച്ചു വരുമ്പോഴേക്കുമാകും ഹരിക്ക് ഓഫീസില്‍ നിന്നും ഫോണ്‍ വരുന്നത്. ചത്തേ ചതഞ്ഞേ പ്രകൃതക്കാരനായ ഹരിക്കൊപ്പമുള്ള മീരയുടെ ജീവിതം അങ്ങനെ കലുഷിതമായി മുന്‍പോട്ട് പോകുമ്പോഴാണ് തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റില്‍ സുന്ദരനും, സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരനും സര്‍വ്വോപരി പിയാനോ വാദകനുമായ സച്ചിന്‍ ജേക്കബ് (രാഹുല്‍ മാധവ്) താമസത്തിനെത്തുന്നത്. അവിഹിത ബന്ധങ്ങള്‍ വരച്ചു കാട്ടുന്നതില്‍ മലയാള സിനിമയില്‍ അടുത്തിടെയുണ്ടായ പുത്തന്‍ ഉണര്‍വിന്റെ പശ്ചാത്തലത്തില്‍ പിന്നീട് എന്തു സംഭവിക്കുമെന്ന് ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാക്കാവുന്നതേയുള്ളു. അതെ അതു തന്നെ ഇവിടെയും സംഭവിക്കുന്നുണ്ട്. പക്ഷെ മറ്റൊരു സംഭവം കൂടി ഇതിനിടയില്‍ നടക്കുന്നുണ്ട്. മേല്‍പ്പറഞ്ഞ ദമ്പതിമാരുടെ സുഹൃത്തും മറ്റൊരു വസ്ത്രാലങ്കാര /മോഡലിംഗ് നിപുണയുമായ ഹേമ എന്ന പെണ്‍കുട്ടിയുടെ തിരോധാനം. നടപ്പുവശം അത്ര ശരിയല്ലാത്ത കുട്ടിയായതിനാല്‍ ഈ കുട്ടിയെ കാണാതായത് ആരും ഗൌരവപരമായി എടുക്കുന്നതേയില്ല ! പക്ഷെ ഹേമയുടെ കാമുകന്റെ അഭ്യര്‍ത്ഥനപ്രകാരം വിജിലന്‍സ് ഡി വൈ എസ് പി യായ ശിവരാമന്‍ (ഡാനിയല്‍ ബാലാജി) ഈ കുട്ടിയെക്കുറിച്ച് അണ്‍ ഒഫീഷ്യലായി അന്വേഷിക്കുന്നതിനിടയില്‍ ചില അവിചാരിത സംഭവങ്ങള്‍ അരങ്ങേറുകയാണ്.
what are there????
കോട്ടയം പുഷ്പനാഥിന്റെ അപസര്‍പ്പക കഥകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മലമടക്കുകളില്‍ സ്ഥിതി ചെയൂന്ന തണുത്തുറഞ്ഞ കെട്ടിടങ്ങള്‍, ശത്രുക്കളുടെ ഡെഡ് ബോഡിയില്‍ മെഴുകു കൊണ്ട് ക്രാഫ്റ്റ് നടത്തി പ്രതിമകളുണ്ടാക്കി അവ ലേബല്‍ ചെയ്ത് സൂക്ഷിക്കുന്ന (ഹൌസ് ഒഫ് വാക്സ് എന്ന ചിത്രത്തില്‍ ജീവനോടെയാണ് മനുഷ്യരെ മെഴുകുപ്രതിമകളാക്കുന്നതെങ്കില്‍ ഇവിടെ അത് പീഡിപ്പിച്ച് കൊന്ന് ബാത്ടബ്ബിലിട്ടതിന് ശേഷമാണെന്ന വ്യത്യാസം മാത്രം), പ്രത്യേക മാനസികാവസ്ഥയ്ക്ക് അടിമയായ പ്രതി. (ബാല്യകാലത്തുണ്ടായ ചില ക്രൂരമായ അനുഭവങ്ങള്‍ പ്രതിയെ ഇങ്ങനെയൊക്കെ ആക്കുകയായിരുന്നു) ക്രിമിനലോളജിയില്‍ അഗാഥ പാണ്ഡിത്യമുള്ള പുരോഹിതന്‍, ഇടക്കിടക്ക് പ്രത്യക്ഷപ്പെട്ട് സാന്നിധ്യമറിയിക്കാനെന്നവണ്ണം ഡയലോഗ് പറയുകയും, അറ്റന്‍ഷനായി തലങ്ങും വിലങ്ങും നടക്കുകയും ചെയൂന്ന ഡി വൈ എസ് പി, ഇദ്ദേഹത്തിന്റെ സഹായിയായ പോലീസ് ഉദ്യോഗസ്ഥന്‍ മനോഹരന്‍ (കിരണ്‍ രാജ്)എന്നീ ഉത്കൃഷ്ടമായ കഥാപാത്രങ്ങള്‍ നമ്മെ ചിരിപ്പിക്കുകയും, താരാട്ട് പാടി ഉറ്ക്കുകയും ഇടക്കിടെ നമ്മള്‍ ചെയ്തു പോയ ഒരു അബദ്ധത്തെക്കുറിച്ച് ചിന്തിപ്പിക്കുകയും ചെയ്യും. ഒടുവില്‍ എല്ലാം കലങ്ങിത്തെളിയുന്നു, പ്രതി കീഴടക്കപ്പെടുന്നു, പക്ഷെ ഒരു സെക്കന്റ് പാര്‍ട്ട് ഇറക്കാനുള്ള സാധ്യതകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് ചിത്രത്തിന് തിരശ്ശീല വീഴുന്നത് :)
verdict
ഒന്നും പറയാനില്ല ...:)
Wednesday, December 14, 2011
ഹാപ്പി ദര്‍ബാര്‍
നെടുങ്കന്‍ കോട്ടും, കറുത്ത തോപ്പിയും ധരിച്ച് നടക്കുന്ന സിഐഡികളെ മലയാള സിനിമ ഏതാണ്ട് മറന്ന മട്ടായിരുന്നു. സി ഐ ഡി മൂസയോടു കൂടി മലയാള സിനിമയിലെ സിഐഡി വംശം കുറ്റിയറ്റു പോയി എന്നോര്‍ത്തിരിക്കുമ്പോഴാണ് പാരമ്പര്യ തനിമ (നെടുങ്കന്‍ കോട്ട്, കറുത്ത തൊപ്പി, കൂളിം ഗ്ലാസ്സ്, വിവരക്കേട്, അബദ്ധവശാല്‍ ച്ക്കയിട്ട് മുയലിനെ കൊല്ലല്‍ )കളോടു കൂടിയ ലക്ഷണയുകതരായ രണ്ട് സിഐഡികള്‍ ശ്രീമാന്‍ ഹരി അമരവിള സംവിധാനം ചെയ്ത ‘ഹാപ്പി ദര്‍ബാറി‘ലൂടെ മലയാളത്തിലേക്ക് തിരികെയെത്തിയത് . അവരാണ് സിഐഡി അനന്തനും (മുകേഷ്), സിഐഡി അപ്പുക്കുട്ടനും(സുരാജ് വെഞ്ഞാറമ്മൂട്) .
തിരുവനന്തപുരത്തെ ആധുനിക രീതിയില്‍ പണികഴിപ്പിച്ചിട്ടൂള്ള ഒരു കൊട്ടാരത്തില്‍ നിന്നും (തമ്പുരാക്കന്മാരുടെ വാസസ്ഥലമാണ് ഇവിടെ കൊട്ടാരം എന്നുദ്ദേശിക്കുന്നത്) ഇളമുറക്കാരിയായ മാളവിക (ലക്ഷ്മി) കാമുകനായ നെല്‍സണോടൊപ്പം (രാഹുല്‍ മാധവ്) തിരോധാനം ചെയ്യുന്നു. മൂത്ത തമ്പുരാന്റെ(സ്ഫടികം ജോര്‍ജ്ജ്) നിര്‍ദ്ദേശപ്രകാരം മുംബൈയില്‍ നിന്നെത്തിയ സിഐഡികളുടെ ലക്ഷ്യം ഈ പെണ്‍കുട്ടിയെ കണ്ടെത്തുക എന്നതാണ് . കൊട്ടാരത്തിലെ ശല്യക്കാരനും, ചീവീടിന്റേതു പോലെ ചെവിതുളക്കുന്ന ശബ്ദവുമുള്ള കാര്യസ്ഥന്‍ (കൊച്ചു പ്രേമന്‍), ഭീരുവായ എസ് ഐ ചാക്കോ (ജഗതി ശ്രീകുമാര്‍) കൊട്ടാരത്തിലെ മറ്റൊരു പെണ്‍കുട്ടി എന്നീ കഥാപാത്രങ്ങളുടെ അകമ്പടിയോടു കൂടി കഥ ഒടുവില്‍ ഫയങ്കരന്മാരായ ഭീകരന്മാരിലേക്കെത്തുന്നു. സി ഐ ഡികള്‍ ജയിക്കുന്നു, ഭീകരന്മാര്‍ തോല്‍ക്കുന്നു കമിതാക്കള്‍ ഒന്നാകുന്നു,ഒടുവില്‍ സിനിമ തീരുന്നു.
ചിത്രത്തിലെ പ്രമാദമായ ചില സംഗതികള്‍ .....
കാണികള്‍ക്ക് തലയറിഞ്ഞ് ചിരിക്കാന്‍ ധാരാളം മണ്ടന്‍ ചേരുവകള്‍ ചേര്‍ത്തിണക്കിയിട്ടുണ്ട്. വാര്‍ക്ക ബംഗ്ലാവിന്റെ നിലവറയിലുള്ള രഹസ്യ ചിത്രത്തില്‍ തുടങ്ങി ഇന്ത്യയുടെ ചാര ഉപഗ്രഹം വഹിച്ചു കൊണ്ടുയരുന്ന റോകറ്റ് തകര്‍ക്കാന്‍ ഫീകരന്മാര്‍ (ഭ തല്‍ക്കാലം ഒഴിവാക്കുന്നു) തയ്യാറാക്കുന്ന അറ്റത്ത് ചുവപ്പ് ബള്‍ബ് മിന്നിക്കത്തുന്ന മിസൈല്‍ ഉള്‍പ്പെടെയ്ല്ല പ്രമാദമായ സംഗതികള്‍ കണ്ട് കാണികള്‍ ‘ഹ ഹ ഹ’ എന്ന് ചിരിക്കുന്നുണ്ടായിരുന്നു (ഇന്റര്‍വെല്‍ സമയത്ത് ലൈറ്റിട്ടപ്പോഴും കാണികള്‍ പരസ്പരം നോക്കി ജാള്യത്തില്‍ ചിരിച്ചുവെന്നാണ് ഓര്‍മ്മ). ഒരു സാമ്പിള്‍ ഡയലോഗ് ചുവടെ കൊടുക്കുന്നു.
ചുരുണ്ട് നീണ്ട മുടിയുള്ള ഫീകരന്‍: "ഹും, കൊട്ടാരത്തിന്റെ കുടുംബക്ഷേത്രത്തിലെ നിധിയെടുക്കാന്‍ കയറുന്ന അതേ സമയം ഇന്ത്യയുടെ ഉപഗ്രഹം വഹിച്ചുയരുന്ന റോക്കറ്റും നമ്മള്‍ മിസൈല്‍ വിട്ട് തകര്‍ക്കും, ആ ഉപഗ്രഹം അല്‍ ഫൈദയുടെ താവളങ്ങള്‍ കണ്ടെത്തുമെന്നതിനാല്‍ അത് നശിപ്പിച്ചേ മതിയാകു". ഭീകരന്മാരുടെ ക്യാമ്പിലെ അല്പ വസ്ത്ര നൃത്തം, കാട്ടിലൂടെയുള്ള സിഐഡികളുടെ അത്യന്തം സാഹസികമായ മുന്നേറ്റം എന്നീ സംഗതികളും ഇതേത്തുടര്‍ന്ന് ആസ്വദിക്കാം.
ചില അപവാദങ്ങള്‍ ....
ശ്രേയ ഗോഷല്‍ പാടിയ ഒരു പാട്ടുണ്ട് ഈ ചിത്രത്തില്‍ പാട്ടും അതിന്റെ ചിത്രീകരണവും മികച്ചു നില്‍ക്കുന്നതിനാല്‍ ചിത്രത്തിന്റെ പൊതുവായ ഗുണ നിലവാരത്തിന് ആ ഗാനം കളങ്കമായേക്കാം. ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമാണ് സിനിമയുടെ ദൈര്‍ഘ്യമെന്നതും ആശ്വാസകരമാണ്.
My Opinion.
ഈയുള്ളവന്‍ ഇരുന്ന കസേരയിലെ താമസക്കാരായ മൂട്ടകള്‍ വര്‍ദ്ധിത വീര്യത്തോടു കൂടി ഇടക്ക് ആക്രമിക്കുന്നുണ്ടായിരുന്നു കുറച്ചു ദിവസങ്ങളായി അവറ്റകള്‍ പട്ടിണിയിലായിരുന്നുവെന്നത് വ്യകതം. കടുത്ത സിനിമാ പ്രേമികളും, മൂട്ടകളുടെ വംശനാശത്തില്‍ ഖിന്നരുമായ കാണികള്‍ എത്രയും വേഗം കണ്ടാസ്വദിക്കേണ്ടുന്ന ചിത്രം.
Saturday, December 10, 2011
കില്ലാഡി രാമന്‍
ചെമ്മീന്‍ കയറ്റുമതി ബിസ്സിനസ്സൊക്കെ പൊളിഞ്ഞ് പാപ്പരായി നില്‍ക്കുകയാണ് മഹാദേവന്‍ (മുകേഷ്), പലിശക്കാരനായ ബഡാ ഭായിയുടേയും (ഗിന്നസ് പക്രു) അയാളുടെ തടിയന്‍ ഗുണ്ടയുടേയും കണ്ണില്‍ പെടാതെ നടക്കുന്ന മഹാദേവന്റെ കൂടെ സുഹൃത്തും ബാര്‍ബറുമായ മണികണ്ഠനുമുണ്ട് (ജാഫര്‍ ഇടുക്കി). മഹാദേവനെ തേടി വരുന്ന ബഡാഭായിയുടെ എന്‍ ഫീല്‍ഡ് ബൈക്ക് ഇടിച്ച് വഴിയിലൂടേ പോകുകയായിരുന്ന രാധിക (പ്രിയാ ലാല്‍ ) എന്ന പെണ്‍കുട്ടി അന്തരീക്ഷത്തില്‍ കൂടി പറന്ന് റോഡില്‍ വീണ് മാരകമായി പരിക്കേല്‍ക്കുന്നു. നല്ലവനായ മഹാദേവനും സുഹൃത്തും കൂടി ആ കുട്ടിയെ ആശുപത്രിയിലാക്കുന്നു. രാധികയുടെ കൂട്ടുകാരി മീര (മേഘ നായര്‍ ) രംഗപ്രവേശനം ചെയ്യുന്നു. രാധികയുടെ ഡയറി മഹാദേവന്റെ കയ്യിലെത്തുന്നു.രാധികയുടെ പൂര്‍വ്വ കാല ജീവിതം അനാവരണം ചെയ്യപ്പെടുന്നു അവളുടെ ജീവിതവുമായി ബന്ധപ്പെട്ട കുര്യാക്കോസ് (ജഗതി ശ്രീകുമാര്‍), ഗഫൂര്‍ (കൊച്ചു പ്രേമന്‍), തമ്പി (ലാലു അലക്സ്സ്) എന്നിവരെ മഹാദേവന്‍ വട്ടം ചുറ്റിക്കുന്നു. ഇടവേളയോടു കൂടി മഹാദേവന്റെ ബാല്യകാല സുഹൃത്തായ ചന്ദ്രു (സിദ്ദിഖ്) അയാള്‍ക്കൊപ്പം കൂടുന്നു, തുടര്‍ന്ന് അവരിരുവരും ചേര്‍ന്ന് വട്ടം ചുറ്റിക്കല്‍ തുടരുന്നു.
Positives...
സംവിധായകന്‍ തുളസീദാസ് ഒരു ചിത്രം കൂടി മലയാളത്തിന് സംഭാവന ചെയ്തു.നിറയെ വെല്ലുവിളികള്‍ നിറഞ്ഞ് ഒരു റോള്‍ ഏറ്റെടുത്ത് മുകേഷ് വീണ്ടും ധൈര്യം തെളിയിച്ചിരിക്കുന്നു. ബാലമംഗളത്തിലെ പക്രൂവിനേയും, മൂപ്പരുടെ ഡപ്പിയിലുള്ള പറക്കും പൊടിയേയും മറന്നു പോയവര്‍ക്ക് അതോക്കെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ചില പറക്കല്‍ രംഗങ്ങള്‍ ഈ ചലച്ചിത്രത്തിലുണ്ട്. (ഡിങ്കനെയും, സൂപ്പര്‍മാനെയുമൊന്നും ഓര്‍ക്കാനുള്ള വകുപ്പുണ്ടായില്ലെന്നുള്ളത് ഖേദകരമാണ്) . നിര്‍മ്മാതാവിന്റെ മകനോ മറ്റോ ആണെന്നു തോന്നുന്നു പേരൊക്കെ സ്റ്റൈലില്‍ എഴുതിക്കാണിച്ച് പുതിയ ഒരു ബാലതാരത്തെ കൂടി ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നുണ്ട്.
Negatives....
തസ്കര ലഹളയും, സീനിയര്‍ മാന്‍ഡ്രേക്കും ഏറ്റവുമൊടുവില്‍ ‘കൃഷ്ണനും രാധയും’ വരെ കണ്ട് അനുഭവിച്ചതിനാലാകണം പ്രത്യേകിച്ച് കുറ്റവും കുറവുമൊന്നും കണ്ടു പിടിക്കാന്‍ തോന്നിയില്ല. എന്നിരുന്നാലും പാട്ടുകള്‍ നല്ലവണ്ണം അലോസരപ്പെടുത്തി. സിനിമയില്‍ ‘കില്ലാഡി രാമന്‍’ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണെന്ന് മനസ്സിലായില്ല, പലവിധ ഞൊടുക്ക് വിദ്യകള്‍ പയറ്റുന്ന നായകന്‍ മഹാദേവന്‍ തന്നെയായിരുക്കുമോ അത്?? ആദ്യ ഭാഗങ്ങളില്‍ സജീവമായ ബഡാ ഭായിയെ ക്ലൈമാക്സില്‍ കാണാനില്ലെന്നതും അസ്വസ്ഥതപ്പെടുത്തുന്നു. (ഒരു പക്ഷെ മടുത്തിട്ട് പുള്ളി വണ്ടി വിട്ടതാകാനും മതി).
My Opinion
മേല്‍പ്പറഞ്ഞ ജനുസ്സില്‍പ്പെട്ട ചിത്രങ്ങളില്‍ (തസ്കര ലഹള, സീനിയര്‍ മാന്‍ഡ്രേക്, കൃഷ്ണനും രാധയും, നിറക്കാഴ്ച.....) കുറഞ്ഞത് രണ്ടെണ്ണമെങ്കിലും കണ്ട് ക്ഷമ പരീക്ഷിച്ചിട്ടുള്ളവര്‍ക്ക് ധൈര്യമായി ഈ സിനിമയ്ക്ക് കയറാം.
Subscribe to:
Posts (Atom)