Tuesday, May 1, 2012

പാഞ്ചാലി മേട്ടിലേക്കൊരു യാത്ര

ച്ചപ്പു നിറഞ്ഞ മൊട്ടക്കുന്നുകളും, താഴ്വാരങ്ങളും ഇടകലര്‍ന്ന സ്വപ്നഭൂമിയിലേക്കൊരു യാത്ര ആരാണിഷ്ടപ്പെടാത്തത്. പ്രകൃതി സൌന്ദര്യം ആവോളമുള്ള, ഐതിഹ്യ കഥകളാല്‍ സമ്പുഷ്ടമാക്കപ്പെട്ട അത്തരമൊരിടമാണ് പാഞ്ചാലി മേട്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്ത് മുറിഞ്ഞ പുഴ ഗ്രാമത്തിലാണ് പാഞ്ചാലിമേട്. സമുദ്ര നിരപ്പില്‍ നിന്നും നല്ല ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സുഖ ശീതളമായ കാലാവസ്ഥയ്ക്ക് പ്രസിദ്ധമാണ്. യാത്ര ആരംഭിച്ചത് പൊന്‍കുന്നത്തു നിന്നായിരുന്നതിനാല്‍ വെറും ഒന്നേകാല്‍ മണിക്കൂറേ വേണ്ടി വന്നുള്ളു മേട്ടിലെത്താന്‍. കോട്ടയം കുമിളി റോഡ് (എന്‍ എച്ച് 220) ലെ വളവുകളും, തിരിവുകളും പരിചയമില്ലാത്തവരെ കുഴപ്പത്തിലാക്കുമെന്നതിനാല്‍ പകല്‍ സമയം യാത്രയ്ക്ക് തെരെഞ്ഞെടുക്കുന്നതായിരിക്കും അഭികാമ്യം. കുട്ടിക്കാനമെത്തുന്നതിന് മുന്‍പ് മുറിഞ്ഞപുഴ ജംഗ് ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഏഴ് കിലോ മീറ്ററോളം സഞ്ചരിച്ചാല്‍ പാഞ്ചാലിമേട്ടിലെത്താം. ദുര്‍ഘടങ്ങളായ വളവുകളും കുത്തനെയുള്ള കയറ്റങ്ങളുമുള്ളതിനാല്‍ അല്‍പ്പം ശ്രദ്ധിച്ച് വേണം വാഹനമോടിക്കാന്‍. (ചിത്രങ്ങള്‍ വ്യക്തമായിക്കാണാന്‍ അവയില്‍ ക്ലിക്ക് ചെയ്യുക)


(ചിത്രം : പാഞ്ചാലി മേട്ടിലേക്കുള്ള പാത)

 ഐതിഹ്യം 
പഞ്ചപാണ്ഡവരുടെ വനവാസകാലത്ത് അവര്‍ ഈ മേട്ടില്‍ തങ്ങിയിരുന്നുവെന്നാണ്  ഐതിഹ്യം, പാണ്ഡവ പത്നിയായ പാഞ്ചാലി (ദ്രൌപദി) യുടെ പേരിനോട് ചേര്‍ത്താണ് ഈ മേട് അറിയപ്പെടുന്നത്. എതു കഠിനമായ വേനല്‍ക്കാലത്തും വറ്റാത്ത പഞ്ചാലി ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ‘പാഞ്ചാലിക്കുളവും’ പഞ്ച പാണ്ഡവരിലെ മസില്‍മാനായിരുന്ന സാക്ഷാല്‍ ഭീമസേനന്റെ പാദങ്ങള്‍ പതിഞ്ഞ ഗുഹയും പാഞ്ചാലി മേട്ടിലുണ്ട്. പാഞ്ചാലി മേടിന്റെ പാദം വരെ മാത്രമേ വാഹനങ്ങള്‍ ചെല്ലുകയുള്ളു. ശബരിമല മകരജ്യോതി  മേട്ടില്‍ നിന്നും ദൃശ്യമാകുമെന്നതിനാല്‍ അയ്യപ്പ ഭക്തര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണിത്. 

(ചിത്രം: പാഞ്ചാലി മേട് /The Panchali (Draupadi) Meadows)

സുഗന്ധ തൈലമൂറ്റാനുപയോഗിക്കുന്ന തെരുവപ്പുല്ലിനിടയിലൂടെയുള്ള കല്ലുകള്‍ നിറഞ്ഞ മണ്‍പാതയിലൂടെ വലത്തോട്ട് കയറിയാല്‍ മേട്ടിലെത്താം, നിത്യ പൂജയില്ലാത്ത ഒരു ദേവീ ക്ഷേത്രവും, അതി പുരാതനമായ സര്‍പ്പ പ്രതിഷ്ടകളുമാണ് കയറിച്ചെല്ലുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക. പഴക്കമേറിയതും അപൂര്‍വ്വവുമായ ഒരു ശിവലിംഗവും ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തായി കാണാന്‍ കഴിയും. 

 (ചിത്രം: മലമുകളിലെ പുരാതന ശിവലിംഗം / Ancient Siva Idol on the top of the Panchali meadows) 

മേട്ടില്‍ നിന്നും കണ്ണോടിച്ചാല്‍ ഹരിതാഭമായ പച്ചക്കുന്നുകളാണ് ചുറ്റും ദൃശ്യമാവുക. കുറച്ചു ദൂരം പടിഞ്ഞാറേക്ക് നീങ്ങിയാല്‍ നീല നിറത്തില്‍ പരന്നു കിടക്കുന്ന താഴ്വരകളും കാണാം. എല്ലാം കൊണ്ടും നാം ലോകത്തിന്റെ നെറുകയിലെത്തിയ പ്രതീതി. നട്ടുച്ചക്കു പോലും ശക്തമായ് വീശുന്ന തണുത്ത കാറ്റും തെളിയമയാര്‍ന്ന പ്രകൃതി സൌന്ദര്യവും ആരെയും ഹഠാദാകര്‍ഷിച്ചു കളയും.

നീലത്താഴ്വര - പാഞ്ചാലി മേട്ടില്‍ നിന്നുള്ള ദൃശ്യം

മേട്ടില്‍ നിന്നും തെക്കൊട്ട് തിരിഞ്ഞിറങ്ങിയാല്‍ പാഞ്ചാലിക്കുളത്തിലെത്താം. കല്ല് കൊണ്ട് കെട്ടിയ രണ്ട് കുളങ്ങള്‍ക്കും സമീപം പ്രകൃതിയൊരുക്കിയ കുളിര്‍ മരീചികയെന്ന് തോന്നിപ്പിക്കുന്ന പാഞ്ചാലിക്കുളം കാണാം. എത്ര കഠിനമായ വേനല്‍ക്കാലത്തും വറ്റാത്ത ഈ കുളത്തിലെ വെള്ളത്തിന് എപ്പോഴും തണുപ്പായിരിക്കും. പാറക്കെട്ടുകളും, ഉറച്ച മണ്ണും കൂടിക്കലര്‍ന്നതാണ് പാഞ്ചാലിമേടിന്റെ പ്രതലം. അധികം ഉയരമില്ലാത്ത ചെറുമരങ്ങളും, കുറ്റിച്ചെടികളുമാണ് ഇവിടുത്തെ പ്രധാന സസ്യ സമ്പത്ത്. തെരുവപ്പുല്ല്, തീറ്റിപ്പുല്ല്, ഫേണുകള്‍, പൂച്ചെടികള്‍ എന്നിവ മേട്ടില്‍ ധാരാളമായിട്ടുണ്ട്. കഴുകന്‍ പരുന്ത് തുടങ്ങിയ പക്ഷികളുടെ സങ്കേതം കൂടിയാണീ മേട്.  പുല്‍മേട് വിഭാഗത്തില്‍ പെടുത്താവുന്ന ഭൂപ്രകൃതിയാണ് പാഞ്ചാലിമേട്ടിനുള്ളതെങ്കിലും താഴ്വാരങ്ങളില്‍ മരങ്ങള്‍ തഴച്ച് വളരുന്നതായി കാണുവാന്‍ കഴിയും. പ്രകൃതി നമുക്ക് കനിഞ്ഞറുളിയ വരദാനങ്ങളായ ഇത്തരം ഭൂപ്രദേശങ്ങളെ നമുക്ക് സ്നേഹിക്കാം, മലിനമാക്കതിരിക്കാം. 

ചിത്രം : പാഞ്ചാലിക്കുളം (Panchali's Pond)

 സൂചിക 


കോട്ടയം- കുമിളി റോഡില്‍ (എന്‍ എച്ച് 220) കുട്ടിക്കാനത്തിന് സമീപമാണ് പാഞ്ചാലി മേട്. കോട്ടയം നഗരത്തില്‍ നിന്നും നിന്നും ഏതാണ്ട് എഴുപത് കിമി ദൂരത്തിലാണ് പാഞ്ചാലിമേട് സ്ഥിതിചെയ്യുന്നത്. വടക്ക് നിന്നും വരുന്നവര്‍ക്ക് പാലാ - പൊന്‍കുന്നം റോഡിലൂടെ എന്‍ എച്ചിലേക്ക് കയറാം. തെക്കു നിന്നുളവര്‍ക്ക് പുനലൂര്‍ - മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയിലൂടെ യാത്ര ചെയ്ത് പൊന്‍കുന്നത്തെത്താം. പൊന്‍കുന്നത്തു നിന്നും നാല്‍പ്പത്തഞ്ച് കി.മി ആണ് ദൂരം.

 സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

 തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഉഷ്ണകാല വസതി സ്ഥിതി ചെയ്തിരുന്ന ഹില്‍ സ്റ്റേഷനായ കുട്ടിക്കാനം, മറ്റൊരു ഉയര്‍ന്ന പ്രദേശമായ പരുന്തുമ്പാറ എന്നിവ പാഞ്ചാലിമേടിന്റെ പത്തു കി.മി ചുറ്റളവിലാണുള്ളത്.     വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വള്ളിയാം കാവ് ഭദ്രകാളി ക്ഷേത്രം മുണ്ടക്കയത്തിനും പാഞ്ചാലിമേടിനു മധ്യേ സ്ഥിതി ചെയ്യുന്നു.  തേയിലത്തോട്ടങ്ങള്‍ക്ക് പ്രശസ്തമായ  വണ്ടിപ്പെരിയാര്‍  , തേക്കടി വന്യജീവി സങ്കേതം (പെരിയാര്‍ കടുവാ സങ്കേതം) എന്നിവ 38 കി.മി ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു. തേക്കടിക്ക് സമീപം കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന  കുമളി പട്ടണവും മറ്റൊരു ആകര്‍ഷണമാണ്. മുണ്ടക്കയം , കുമിളി, തേക്കടി എന്നിവിടുങ്ങളില്‍ താമസ സൌകര്യങ്ങള്‍ ലഭ്യമാണ്. പാഞ്ചാലിമേട്ടില്‍ നിന്നും മടക്കയാത്ര കോട്ടയം ഭാഗത്തേക്കാണെങ്കില്‍ പാഞ്ചാലിമേട് ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് വള്ളിയാം കാവ് എസ്റ്റേറ്റ്, മുണ്ടക്കയം റോഡില്‍ പോവുകയായിരിക്കും നല്ലത്. ( അങ്ങോട്ടുള്ള യാത്ര കുത്തിറക്കമായതിനാല്‍ സുഖമായിരിക്കും പക്ഷേ മേട്ടിലേക്ക് വരാന്‍ ഈ വഴി തെരഞ്ഞെടുത്താല്‍ കുത്ത് കയറ്റം കയറി കയറി വാഹനവും നമ്മളും മടുക്കും)

മറ്റു ചിത്രങ്ങള്‍ (Gallery)


ഹരിതാഭമായ മേട്


പാഞ്ചാലി മേട്ടിലെ കുളങ്ങള്‍


നാട്ടു വഴി



എഴുത്തുകാരന്‍

10 comments:

  1. പ്രക്റ്തി രമണീയമായ ഒരുപാടു സ്ഥലങ്ങൾ നമ്മുടെ കേരളത്തിൽ അറിയപ്പെടാതെ കിടക്കുന്നു, അറിയപ്പെടാതെ പോകുന്ന നമ്മുടെ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് അറിയുന്നതിനു ഇതുപോലേയുള്ള ബ്ലോഗ്ഗുകൾ വളരെ പ്രയോജനപ്രദമാണ്, ഒരുപാട് ആശംസകൾ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പൊൻകുന്നംകാരാ... മുൻപ് പോയിട്ടുള്ള സ്ഥലമാണ്..പക്ഷെ വള്ളിയാം കാവ് എസ്റ്റേറ്റ്, മുണ്ടക്കയം റോഡിനേക്കുറിച്ച് ഇപ്പോഴാണ് അറിയുന്നത്... ഇനിയും പോകുമ്പോൾ ആ വഴി ഒന്നു പരീക്ഷിച്ചുനോക്കാം...ആശംസകൾ

    ReplyDelete
  4. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete
    Replies
    1. തീര്‍ച്ചയായും എന്റെ എല്ലാ പിന്തുണയും താങ്കള്‍ക്കുണ്ടായിരിക്കും, നോവലിലേക്കുള്ള ലിങ്ക് എത്രയും പെട്ടെന്ന് അയച്ചു തരുമല്ലോ....

      Delete