Saturday, October 23, 2010

കോക്ടെയില്‍(Cocktail) ഒരു അവലോകനം


കൊച്ചിയിലെ മികച്ച ആര്‍ക്കിട്ടെക്ടുകളില്‍ ഒരാളും കഠിനാധ്വാനിയുമാണ​‍് രവി എബ്രഹാം (അനൂപ് മേനോന്‍), ഭാര്യ പാര്‍വ്വതിയ്ക്കും (സംവൃത സുനില്‍) മകള്‍ക്കുമൊപ്പം കറതീര്‍ന്ന കുടുംബസ്ഥനായി കഴിയുന്ന രവിയുടെ ഉയര്‍ച്ചയില്‍ അസൂയാലുക്കളേറെയുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം രവി-പാര്‍വ്വതി ദമ്പതികളുടെ ഇടയിലേക്ക് അജ്ഞാതനായ ഒരാള്‍ (ജയസൂര്യ) കടന്നു വരികയാണ​‍്, വെങ്കി എന്നു വിളിക്കാവുന്ന അയാളുടെ പ്രവേശനത്തോടെ കഥാ ഗതി തന്നെ മാറുകയാണ​‍്, കേവലം ഒരു ദിവസം മാത്രമേ വെങ്കിയ്ക്കൊപ്പം രവിയും, പാര്‍വ്വതിയും ചിലവിടുന്നുള്ളുവെങ്കിലും ഇരുവര്‍ക്കും പൊള്ളുന്ന അനുഭവങ്ങളിലൂടെയാണ​‍് കടന്നു പോകേണ്ടി വരുന്നത്, പക്ഷെ അത്തരം അഗ്നിപരീക്ഷകളിലൂടെ ചിലതൊക്കെ ശുദ്ധീകരിക്കപ്പെടുകയും, കുടുംബ ബന്ധങ്ങളുടെ മൂല്യം തെളിയിക്കപ്പെടുകയും ചെയ്യുന്നു.

പ്രിയദര്‍ശന്‍ സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അരുണ്‍ കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ കോക്ടെയില്‍ , ഒരു പാശ്ചാത്യ സിനിമയുടെ അനുകരണം മാത്രം എന്നു പറഞ്ഞ് നമുക്കു വേണമെങ്കില്‍ പുഛ്ചിച്ച് തള്ളാം, പക്ഷെ റീ മേക്കുകളും, ഗിമ്മിക്കുകളും അരങ്ങുവാഴുന്ന മലയാള സിനിമാ തട്ടകത്തില്‍ വ്യത്യസ്ഥമായ എന്നാല്‍ പറയാന്‍ മടിക്കപ്പെടുന്ന ഒരു പ്രമേയം അവതരിപ്പിച്ച സംവിധായകന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു, പക്ഷെ പദാനുപദ കോപ്പിയടി പോലെ സീനുകള്‍ ആവിഷ്കരിക്കുന്ന നയം അത്ര പ്രോത്സാഹനാര്‍ഹമല്ല. ചിത്രത്തിലെമ്പാടും നിറഞ്ഞു നില്‍ക്കുന്നത് സംവിധായക മികവോ ,തിരക്കഥയോ അല്ല മറിച്ച് മൂന്നു കഥാപാത്രങ്ങളാണ​‍്, അഭിനയ സാധ്യത ധാരാളമുള്ള വെങ്കി എന്ന കഥാപാത്രത്തിലൂടെ ജയസൂര്യ നല്ല ഇരുത്തം വന്ന നടനായി എന്ന്‍ നിസ്സംശയം പറയാം, അമിതമായ ആക്രോശമോ, ഭാവാഭിനയമോ കൂടാതെ വെങ്കിയുടെ മനോവ്യാപാരങ്ങള്‍ അതി മനോഹരമായി ആവിഷ്കരിക്കാന്‍ ജയസൂര്യക്കായി. രവി എബ്രഹാമായി വന്ന അനൂപ് മേനോന്‍ തന്റെ റോള്‍ മികച്ചതാക്കി, സ്ഥിരം സഹനടി, പ്രണയിനി റോളുകളില്‍ തളച്ചിടപ്പെട്ടിരുന്ന സംവൃതയ്ക്ക് പാര്‍വ്വതി എന്ന കഥാപാത്രം തന്റെ അഭിനയ ശേഷി തെളിയിക്കാനുതകി. പിന്നെ എടുത്തു പറയേണ്ടുന്നത് ചെറിയ റോളാണെങ്കിലും അത് മികച്ചതാക്കിയ ഫഹദ് ഫാസിലിന്റെ സാന്നിധ്യമാണ​‍്. പ്രദീപ് കുമാറിന്റെ ഛായാഗ്രാഹണവും, രതീഷ് വേഗ, അല്‍ഫോണ്‍സ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനങ്ങളും മികവു പുലര്‍ത്തി.

പാശ്ചാത്യ സിനിമകളുടേയും, മലയാള സിനിമകളുടേയും തരംഗ ദൈര്‍ഘ്യം രണ്ടാണ​‍്, തോക്കു ചൂണ്ടി കൊള്ളയും, കിഡ്നാപ്പിങ്ങുമൊക്കെ അവിടെ സഹജമെങ്കിലും നമ്മള്‍ മലയാളികള്‍ 'ഇതൊക്കെ ഇവിടെ നടക്കുമോ?' എന്ന മട്ടിലേ പ്രസ്തുത സംഗതികള്‍ മലയാളീകരിക്കപ്പെട്ട് കാണുകയുള്ളുവെന്നത് കോക്ക്ടെയിലിന്റെ പ്രധാന ന്യൂനതയാണ​‍്. വിവാഹേതര ബന്ധങ്ങള്‍ എന്ന ഗോപ്യമാക്കപ്പെട്ട അധ്യായം വായിക്കാന്‍ കൊള്ളാത്തതെന്ന്‍ വിധിയെഴുതുകയും എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഒളിച്ചു വായിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഇത്തരമൊരു വിഷയത്തിന്റെ സ്വീകാര്യതയും പ്രശ്നമാണ​‍്. തുടക്കക്കാരനെന്ന നിലയില്‍ അരുണ്‍ കുമാര്‍ പ്രതീക്ഷയുണര്‍ത്തുന്നെങ്കിലും ആശയ ദാരിദ്രമെന്ന പേരില്‍ പാശ്ചാത്യ സൃഷ്ടികളുടെ അനുകരണങ്ങളില്‍ മാത്രമൊതുങ്ങാതെ നൂതനമായ പ്രമേയങ്ങള്‍ക്ക് ജീവന്‍ നല്‍കുവാന്‍ ഈ സംവിധായകന​‍് കഴിയുമാറാകട്ടെ എന്ന്‍ ആശിക്കാം.

മിതമായ അളവില്‍ മദ്യവും, പഴച്ചാറുകളും ചേര്‍ത്തുണ്ടാക്കുന്ന പാനീയമാണ​‍് കോക്ടെയില്‍ (cocktail)‍, അതേ പോലെതന്നെ കുടുംബ ബന്ധങ്ങളുടെ മാധുര്യവും ,ചില നഗ്ന യാഥാര്‍ത്യങ്ങളുടെ ചവര്‍പ്പും മിതമായ അളവില്‍ കൂട്ടിക്കലര്‍ത്തിയ ആസ്വദിക്കാന്‍ പാകത്തിലുള്ള സൃഷ്ടി തന്നെ കോക്ടെയില്‍ എന്ന ചിത്രവും.

ചിത്രം തീര്‍ന്നപ്പോള്‍ കോട്ടയം അനുപമ തീയേറ്ററില്‍ ബാല്‍ക്കണിയിലിരുന്ന ഒരു നല്ല വിഭാഗം യുവാക്കള്‍ എഴുനേറ്റ് നിന്ന്‍ കരഘോഷം മുഴക്കി, ഒരു പക്ഷെ കോക്ടെയിലിന്റെ വ്യത്യസ്തത അവര്‍ സ്വീകരിച്ചതാവാം.

Monday, October 18, 2010

ആക്രോശ് ഒരു വ്യത്യസ്ത പ്രിയന്‍ ചിത്രം


ജാതി ചിന്തകളും, മേലാളന്‍ കീഴാളന്‍ വേര്‍തിരിവുകളുമൊക്കെ മലയാളികള്‍ എതാണ്ടൊക്കെ മറന്ന സംഭവങ്ങളാണ​‍് എന്നാല്‍ ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളും കടുത്ത ജാതി ചിന്തയ്ക്കടിമപ്പെട്ട് കിടക്കുകയാണിപ്പോഴും, സമുദായത്തിന്റെയോ, കുടുംബത്തിന്റെയൊ നിയമങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരെയെല്ലാം ഒന്നടങ്കം ഉന്മൂലനം ചെയ്യുന്നതും പലയിടങ്ങളിലും പതിവാണെന്നു പറയപ്പെടുന്നു, ഇത്തരമൊരു ഇരുണ്ട ചിന്താശൈലി പിന്തുടരുന്ന ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന മൂന്നു യുവാക്കള്‍ ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷരാവുന്നു, ഇതിനേക്കുറിച്ച് അന്വേഷിക്കാനെത്തുന്ന രണ്ട് സി.ബി.ഐ ഉദ്യോഗസ്ഥരുടെ കണ്ണിലൂടെ കലുഷിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയുടെ ദുരന്തങ്ങള്‍ വരച്ചു കാട്ടുകയാണ​‍് പ്രിയദര്‍ശന്റെ പുതിയ ബോളിവുഡ് ചിത്രമായ ആക്രോശ്.

ഉത്തരേന്ത്യയിലെ 'ജന്‍ഝാര്‍' എന്ന ഗ്രാമത്തിലെ ദസറ ആഘോഷങ്ങള്‍ക്കിടയില്‍ ദളിതനായ ഒരു മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും തിരോധാനം ചെയ്യപ്പെടുന്നു. കേസന്വേഷണത്തിനായി സി.ബി.ഐ ഉദ്യോഗസ്ഥരായ സിദ്ധാന്തും (അക്ഷയ് ഖന്ന), പ്രതാപും (അജയ് ദേവഗണ്‍) ഗ്രാമത്തിലെത്തിച്ചേരുന്നു, ലോക്കല്‍ പോലീസിന്റെ നിഷ്ക്രിയാവസ്ഥ, ഗ്രാമവാസികളുടെ നിസ്സഹകരണം, എന്നീ പ്രതിബന്ധങ്ങള്‍ മറികടന്ന്‍ മുന്നോ​‍ട്ടു പോകാനാ​‍കാതെ അവര്‍ കുഴങ്ങുന്നു., ലോക്കല്‍ പോലീസ് ഓഫീസറായ അജാതഷത്രു സിങ്ങും (പരേഷ് റാവല്‍), കളക്ടറുമടക്കമുള്ള ഉദ്യോഗസ്ഥ വൃന്ദം മുഴുവനും സ്ഥലത്തെ പ്രധാന ജന്മിമാരുടെ ആശ്രിതര്‍ മാത്രമാവുന്ന ഒരു വ്യവസ്ഥിതിയില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കു നേരെ പലതരത്തിലുള്ള ആക്രണമങ്ങളുമുണ്ടാകുന്നുണ്ട്. ഇതിനിടയില്‍ തന്റെ പഴയ കാമുകിയായ ഗീതയെ (ബിപാഷ ബസു) പ്രതാപ് ഗ്രാമത്തില്‍ കണ്ടെത്തുന്നു. അജാതശത്രു സിങ്ങിന്റെ ഭാര്യയാണവളിപ്പോള്. കുറ്റക്കാരാരെന്നറിയാമായിട്ടും ഒന്നും ചെയ്യാനാകാത നിഷ്ക്രിയാവസ്ഥയില്‍ കുഴങ്ങുന്ന രണ്ട് ഉദ്യോഗസ്ഥരും ,ഗീതയുടെ സഹായത്തോടെ വിദ്ധ്യാര്‍ഥികള്‍ക്കു സംഭവിച്ച ദുരന്തം പുറത്തു കൊണ്ടു വരുന്നു, എന്നാല്‍ പ്രതികള്‍ മറ്റൊരു വിധിയാണ​‍് നേരിടേണ്ടി വരുന്നത്.

പ്രിയദര്‍ശന്‍ സിനിമകളിലെ സാധാരണ ചേരുവകളൊന്നും തന്നെയില്ലാതെ ഭീതിയുടെ ഇരുമ്പഴിക്കുള്ളില്‍ തളച്ചിടപ്പെട്ട ഒരു പറ്റം മനുഷ്യജീവികളുടെ നിസ്സഹായാവസ്ഥയാണ​‍് ആക്രോശില്‍ കാണാന്‍ കഴിയുക, നിറപ്പകിട്ടാര്‍ന്ന ഗാനരംഗങ്ങളോ ,പ്രിയന്‍ ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായ തമാശകളോ ഇല്ലാതെ അല്‍പ്പം ഇരുണ്ട ടോണിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സിബിഐ ഓഫീസര്‍മാരായി വന്ന അജയ് ദേവഗണ്‍, അക്ഷയ് ഖന്ന എന്നിവര്‍ മികച്ച പ്രകടനമാണ​‍് കാഴ്ച വെച്ചിരിക്കുന്നത്, ഗീത എന്ന വീട്ടമ്മയായി വന്ന ബിപാഷയും ഒട്ടും മോശമാക്കിയില്ല, ഗ്രാമത്തിലെ നിസ്സഹായയായ യുവതിയുടെ വേഷം റിമാ സെന്‍ മികവുറ്റതാക്കി പിന്നെ എടുത്തു പറയേണ്ടുന്നത് പരേഷ് റാവലിന്റെ പ്രകടനമാണ​‍് ,രണ്ടെണ്ണം കൊടുക്കാന്‍ നമ്മുടെ കൈ തരിക്കത്തക്ക വണ്ണം അജാതശത്രു സിങ്ങ് എന്ന നെഗറ്റീവ് റോള്‍ അദ്ദേഹം ഭംഗിയാക്കി. പ്രീതത്തിന്റെ ഗാനങ്ങളെല്ലാം ശരാശരി നിലവാരത്തിലുള്ളതാണ്, ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും, രാജ കൃഷ്ണന്റെ ശബ്ദസമ്മിശ്രവുമാണ​‍് എടുത്തു പറയത്തക്ക മറ്റു രണ്ട് മേന്മകള്‍. തിരുവിന്റെ ഛായഗ്രാഹണവും നല്ല നിലവാരം പുലര്‍ത്തി.

വ്യത്യസ്ഥമായ ഒരു പ്രമേയം അവതരിപ്പിച്ചെങ്കിലും ചില്ലറ ന്യൂനതകള്‍ ആക്രോശില്‍ കടന്നു കൂടിയിട്ടുണ്ട്, ചിത്രം ആദ്യ പകുതി ഓടിത്തീരാന്‍ പതിവിലേറെ സമയമെടുക്കുന്നതായി നമുക്കനുഭവപ്പെടും,(ഇന്റര്‍ വെല്ലിനു മൂത്രമൊഴിക്കാം എന്ന വിചാരത്തില്‍ ശങ്കയൊതുക്കി കയറുന്നവനെ ഇന്റര്‍വെല്ലാകാറായില്ലേ എന്ന ശങ്ക ശല്യപ്പെടുത്താന്‍ സാധ്യതയുണ്ട്) തുടക്കത്തില്‍ നാം അനുഭവിക്കുന്ന സസ്പെന്‍സ് പിന്നീടങ്ങോട്ട് ഇരുണ്ട കാഴ്ചകളിലേക്കു വഴിമാറുന്നു, കൊലപാതകങ്ങളും അക്രമങ്ങളും മറ്റും കാണുമ്പോള്‍ ഇതെന്താ 'വെള്ളരിക്കാ' പട്ടണമോ? എന്ന്‍ നമുക്ക് തോന്നുമെങ്കിലും ബീഹാറിലും മറ്റും ഇത്തരം ഭീകര സംഭവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലെന്നാണ​‍് കേള്‍ക്കുന്നത്, അതു പോലെ അവിശ്വസനീയമായ ചില ചേസിംഗ് രംഗങ്ങളും നമ്മുടെ സാമാന്യ ബുദ്ധിക്കു മുന്‍പില്‍ ചോദ്യ ചിഹ്നങ്ങളാകുന്നു.ചിത്രത്തിന്റെ നല്ലയൊരു ഭാഗം തമിഴ്നാട്ടിലാണ​‍് ചിത്രീകരിച്ചതെന്നു ബോധ്യമാക്കുന്ന വിധം തമിഴ് ശൈലിയിലുള്ള ക്ഷേത്രവും, കെട്ടിടങ്ങളും കാണിക്കുന്നതിനു പുറമേ തമിഴ് ഭൂപ്രകൃതിയും ഫ്രെയിമില്‍ കടന്നു കൂടിയിരിക്കുന്നു.

അടിച്ചമര്‍ത്തപ്പെട്ട് കഴിയുന്ന ഒരു ജനവിഭാഗത്തിന്റെ വേദനകളും, മറ്റൊരു ജനവിഭാഗത്തിന്റെ ധാര്‍ഷ്ഠ്യവും ഇടകലര്‍ത്തി അവതരിപ്പിച്ചിരിക്കുന്ന ആക്രോശ് തീര്‍ച്ചയായും കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമാണ​‍്

Thursday, October 14, 2010

പൊന്‍കുന്നത്തെ പ്രേതങ്ങള്‍


'പൊന്‍കുന്നം' മല നിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഹൈറേഞ്ചിന്റെ കവാടമായ നാട് , ഒറ്റപ്പെട്ട റബ്ബര്‍ തോട്ടങ്ങളും, തോട്ടിറമ്പുകളുമുള്ള പൊന്‍കുന്നത്ത് പ്രേതങ്ങള്‍ക്ക് സ്വച്ഛന്ദം വിഹരിക്കാനുള്ള പരിത സ്ഥിതിയാണുള്ളത്. ഈ നാട്ടിലെ പല പ്രേത കഥകള്‍ക്കും നൂറ്റാണ്ടുകളോളം പഴക്കം വരും ,കോട്ടയത്തു നിന്നും കുമളിക്ക് കെ.കെ റോഡ് (കോട്ടയം കുമിളി റോഡ്) വഴി വെട്ടുകയായിരുന്ന ധ്വരമാര്‍ പോലും കാഞ്ഞിരപ്പള്ളി ചേപ്പും പാറ വളവിലെ പ്രേതങ്ങളെ കണ്ടു തല കറങ്ങി വീണിട്ടുണ്ടെന്ന്‍ തല മൂത്ത കാരണവന്മാരും, കാരണവത്തികളും സാക്ഷ്യപ്പെടുത്തുന്നു. പ്രേതം ഉണ്ടോ ഇല്ലയോ എന്നൊക്കെ സംവദിക്കാന്‍ നില്‍ക്കാതെ നമുക്ക് നേരിട്ട് ഒരു പ്രേതാനുഭവത്തിലേക്ക് കടക്കാം. വാഴൂരില്‍ ക്ലിനിക്ക് നടത്തുന്ന ഒരു ഡോക്ടര്‍ക്കും കുടുംബത്തിനും അടുത്തിടെയുണ്ടായ ഒരു പ്രേതാനുഭവം നോക്കാം. മണിമല - കൊടുങ്ങൂര്‍ റോഡില്‍ ഒരു അംബാസിഡര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഡോക്ടറും കുടുംബവും, (ഈ റോഡിന്റെ ഒരു പ്രത്യേക ഭാഗത്തെത്തുമ്പോള്‍ വണ്ടികളുടെ ലൈറ്റ് ഠിം എന്ന്‍ ഓഫാകുമത്രെ!) വിജനമായ വഴി കോരിച്ചൊരിയുന്ന മഴ നട്ടപ്പാതിര, പെട്ടെന്നാണ​‍് എന്തോ ഒരു വെളുത്ത വസ്തു അപ്പൂപ്പന്‍ താടി പോലെ കാറിനു മുന്നിലായി തെളിഞ്ഞു വന്നത്, വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ രൂപം കാറിനു മുന്‍പിലായി വായുവില്‍ ഒഴുകി നീങ്ങുന്നതു കണ്ട ഡോക്ടറും കുടുംബവും പരിഭ്രാന്തരായി അലറി വിളിച്ചു, ഒടുവില്‍ ഒരു വിധത്തില്‍ കുടുംബവുമൊത്ത് വീടണഞ്ഞ ഡോക്ടര്‍ ഒരാഴ്ച പനിച്ചു കിടന്നത്രെ.

തലയില്ലാ പ്രേതം!,റോഡില്‍ വഴി തടസ്സപ്പെടുത്തുന്ന ഭീകര രൂപം!,തോട്ടില്‍ രാതി വെളുക്കുവോളം തുണി അലക്കി വെളുപ്പിക്കുന്ന പെണ്‍ പ്രേതം!, സന്ധ്യാസമയം തോട്ടില്‍ ഒറ്റക്ക് കുളിക്കുന്ന പെണ്ണുങ്ങളോട് അദൃശ്യനായി കുശലാന്വേഷണം നടത്തുന്ന പ്രേതം (വീടിന്റെ അയല്‍ വക്കത്തുള്ള ചേച്ചിയോട് പണ്ടൊരിക്കല്‍ ഈ പ്രേതം കുളി കഴിഞ്ഞോ എന്നു ചോദിച്ചുവത്രെ!) അങ്ങനെ പ്രേതങ്ങളനവധിയുണ്ട് പൊന്‍കുന്നത്തും പരിസര പ്രദേശങ്ങളിലും, കണ്ണു കെട്ടി ദിശയറിയാതെ നടത്തി കുഴിയില്‍ ചാടിക്കുകയോ, മരത്തില്‍ ഇടിപ്പിക്കുകയോ ചെയ്യുന്ന ഒരു പ്രേതം കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് വരെ ഞങ്ങളുടെ വീടിനു മുന്‍ വശത്തൂടുള്ള വഴിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന്‍ കേള്‍ക്കുന്നു, ഒരു കൂവലോ മറ്റെന്തെങ്കിലും ഉറക്കെയുള്ള ശബ്ദമോ കേള്‍ക്കുന്ന മാത്രയില്‍ ഇരയ്ക്ക് സുബോധം നല്‍കി സ്ഥലം വിടുന്ന കുസൃതിക്കാരനായ ഈ പ്രേതം മരത്തിനു മുകളിലാണത്രെ വസിക്കുന്നത്. ഇനിയുമുണ്ട് പൊന്‍കുന്നവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രേതങ്ങളും, പ്രേതാനുഭവങ്ങളും അവയെല്ലാം അവയെല്ലാം മറ്റൊരവസരത്തില്‍ വിശദമായി പറയാം..ഏവര്‍ക്കും വിജയദശമി ആശംസകള്‍.

പൊന്‍കുന്നംകാരന്‍

Friday, October 8, 2010

ഒരിടത്തുമില്ലാത്തൊരു പോസ്റ്റ്മാന്‍


നിളാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി അസീസ് സംവിധാനം ചെയ്ത ചിത്രമായ ഒരിടത്തൊരു പോസ്റ്റ്മാന്‍, മടിയനായ ഒരു പോസ്റ്റ്മാന്റെയും അയാളുടെ അധ്വാനിയായ മകന്റെയും കഥയാണ​‍് പറയാന്‍ ശ്രമിക്കുന്നത്, ചേരും കുഴി എന്ന ഗ്രാമത്തിലെ പോസ്റ്റ്മാനാണ​‍് ഗംഗാധരന്‍ (ഇന്നസെന്റ്), ജോലിക്കൊന്നും പോകാതെ ,ഫുട്ബോള്‍ ഭ്രാന്തും, ലോട്ടറി എടുപ്പുമൊക്കെയായി നടക്കുന്ന ടിയാന്‍, കുഴിമടിയനായാണ​‍് അറിയപ്പെടുന്നത്. ഗംഗാധരന്റെ മകനായ രഘു നന്ദനനാകട്ടെ (കുഞ്ചാക്കോ ബോബന്‍) ഇന്‍ഷുറന്‍സ്, ട്യൂഷന്‍ (അതും പി.എസ്.സി കോച്ചിംഗ്) തുടങ്ങി അല്ലറ ചില്ലറ കാര്യങ്ങളുമായി കഴിഞ്ഞു പോകുന്നതിനിടയിലും ഗസറ്റഡ് റാങ്കിലുള്ള ഒരു സര്‍ക്കാരുദ്യോഗം എന്ന സ്വപ്നം മനസ്സില്‍ താലോലിച്ച് അതു നേടാനുള്ള കഠിന പ്രയത്നത്തിലാണ​‍്, ഇവരെക്കൂടാതെ രഘുനന്ദനനന്റെ കാമുകിയും സ്റ്റുഡന്റുമായ ഉഷ (മീര നന്ദനന്‍), ലോ​ട്ടറിക്കച്ചവടക്കാരന്‍ മാര്‍ട്ടിന്‍ (കലാഭവന്‍ പ്രചോദ്), ജൂനിയര്‍ മറഡോണ (ജാഫര്‍ ഇടുക്കി), ലോട്ടറിയെടുത്ത് കടം കയറിയ ചന്ദ്രപ്പന്‍ (സലിം കുമാര്‍) എന്നിവരും ചേരും കുഴിയുടെ ചുറ്റുവട്ടങ്ങളിലുണ്ട്, അങ്ങനെയിരിക്കെ രഘുവിനു വന്ന പി.എസ്.സി യുടെ ഹാള്‍ ടിക്കട്ട് സമയത്ത് ലഭിക്കാഞ്ഞതു മൂലം അച്ഛനും മകനുമായുള്ള ബന്ധം വഷളാവുകയും, പശ്ചാത്താപ വിവശനായ ഗംഗാധരന്‍ മടിയൊക്കെ ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗംഗാധരന​‍് ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടാവുകയും, നാലു വര്‍ഷമായി ഗംഗാധരന്‍ ഹാര്‍ട്ട് പേഷ്യന്റാണെന്ന ഭീകര സത്യം രഘുവിനു മുന്നില്‍ അനാവരണം ചെയ്യപ്പെടുകയാണ​‍് (കഠിനമായ ജോലികള്‍ ചെയ്യരുതെന്ന ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച്, തന്റെ മകന്‍ രോഗ വിവരം അറിയാത്തിരിക്കാന്‍ മടിയനായി അഭിനയിച്ച് ഒടുവില്‍ ഗംഗാധരന്‍ കുഴി മടിയനായി മാറിയതാവാം എന്ന തത്വവും ഡോക്ടര്‍ വെളിപ്പെടുത്തുന്നു).

ആശുപത്രിക്കിടക്കയില്‍ തന്റെ സുഹൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ യാസിന്‍ മുബാറക്കിനെ (ശരത് കുമാര്‍) ക്കുറിച്ചുള്ള രഹസ്യങ്ങള്‍ ഗംഗാധരന്‍ മകനു മുന്‍പില്‍ വെളിവാക്കുന്നു,തുടര്‍ന്ന്‍ ഗംഗാധരന്‍ അന്ത്യശ്വാസം വലിക്കുന്നു. രാജ്യദ്രോഹി എന്നു മുദ്രകുത്തപ്പെട്ടതിനാല്‍ ഒളിവില്‍ പോകേണ്ടി വന്ന യാസിന്റെ വളര്‍ത്തുമകള്‍ സ്നേഹയുടെ ദയനീയ സ്ഥിതിയില്‍ മനം നൊന്ത് യാസിനെത്തേടിയിറങ്ങുന്ന രഘുവിനെ കാത്തിരുന്നത് മാനഹാനിയും, ഭീകരതയുമായിരുന്നു, ഒടുവില്‍ വാള്‍ട്ട് ഡിസ്നി സിനിമകളിലെപ്പോലെ 'and they all lived happily ever after' എല്ലാം ശുഭ പര്യവസായിയാകുന്നു..

ഇത്രയും കഥ , പക്ഷെ കഥ കൊഴുപ്പിക്കാനായി, കടം കയറി ആത്മഹത്യ (അതും ലോട്ടറിയെടുത്ത് കടം കയറി), കാട്ടിലെ തീവ്രവാദ ക്യാമ്പ്, ലോട്ടറി ബിസ്സിനസ് തുടങ്ങി മലയാള രാജ്യം അഭിമുഖീകരിക്കുന്ന പാതകങ്ങള്‍ കൂടാതെ മരം ചുറ്റി പ്രണയവും, അര്‍ത്ഥ രഹിതമായ ഗാനങ്ങളും പാകമല്ലാതെ ചേര്‍ത്തിളക്കിയിരിക്കുന്നു, അഭിനേതാക്കള്‍ക്കൊന്നും തന്നെ കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും, എസ് .ഐ ഷാഹുല്‍ ഹമീദ് (കലാഭവന്‍ മണി) അയാളുടെ കീഴിലുള്ള കോണ്‍സ്റ്റബിള്‍ അഭിലാഷ് (സുരാജ് വെഞ്ഞാറമ്മൂട്) എന്നിവരുടെ ഗോഷ്ഠികളും, അന്വേഷണ സാഹസങ്ങളും ഒന്നു കാണേണ്ടതു തന്നെയാണ​‍്, പക്ഷെ കലാസംവിധാനം ഗംഭീരം, ലോട്ടറിയെടുത്തു കടം കയറി ആത്മഹത്യ ചെയ്ത ചന്ദ്രപ്പന്‍ കിടക്കുന്നത് ശേഖരിച്ചു വെച്ചിരുന്ന ലോട്ടറികള്‍ മനോഹരമായി വാരി വിതറി അതിന്മേലാണ​‍്..ഒരു ആത്മഹത്യ പോലും ഇത്ര മനോഹരമായി ചിത്രീകരിക്കുന്നത് മലയാള സിനിമയില്‍ നടാടെയാണെന്ന്‍ തോന്നുന്നു. ഛായഗ്രാഹണം, എഡിറ്റിംഗ് മുതലായവയൊക്കെ ശ്രദ്ധിച്ചിട്ടും 'റിംഗ് ടോണ്‍' സിനിമ കണ്ട അനുഭൂതിയെ എനിക്ക് തോന്നിയുള്ളു.......

ഈ സിനിമയില്‍ സുരാജിന്റെ കഥാപാത്രമായ കോണ്‍സ്റ്റബിള്‍ , എസ് .ഐ ക്ക് മൊബൈല്‍ വഴി വിവരങ്ങള്‍ കൈമാറുമ്പോള്‍ ഇടക്കിടെ ഓവര്‍ ഓവര്‍ എന്നു പറയുന്നുണ്ട്, പടം കണ്ടിറങ്ങുമ്പോള്‍ .(അതും നല്ല വായ്ത്താരി മേളത്തിന്റെ അകമ്പടിയോടെ) നമുക്കും തോന്നും ഈ കലാസൃഷ്ടി സാമാന്യം ഓവറായിപ്പോയില്ലേന്ന്‍...

Saturday, October 2, 2010

'എന്തിരന്‍' ഒരു ദൃശ്യ വിസ്മയം


ഷങ്കര്‍ എന്ന സംവിധായകന്റെ ചിത്രങ്ങളിലെ പല രംഗങ്ങളും നമുക്കൊന്നും മറക്കാനാവില്ല അത്യാധുനിക ദൃശ്യവിസ്മയങ്ങളാല്‍ സമ്പുഷ്ടമാക്കപ്പെട്ട മായക്കാഴ്ചകളൊരുക്കി നമ്മെ വിസ്മയിപ്പിക്കാറുള്ള അദ്ദേഹം ഇത്തവണ പൂര്‍ണ്ണമായും ശാസ്ത്ര സങ്കല്‍പ്പ കഥയായ എന്തിരനിലൂടെ നമ്മെ അതിശയത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. പാശ്ചാത്യ സിനിമകളായ ദ മെട്രിക്സ്, കില്‍ ബില്‍ സീരിസ് എന്നിവയുടെ സ്റ്റന്‍ട് കോര്‍ഡിനേറ്റര്‍ യൂ വു പിങ്ങിന്റെ സേവനം, സ്റ്റാന്‍ വിന്‍സ്റ്റണ്‍ സ്റ്റുഡിയോയിലൊരുക്കിയ അനിമേഷന്‍ രംഗങ്ങള്‍, മെന്‍ ഇന്‍ ബ്ലാക്കിനു വസ്ത്രാലങ്കാരമൊരുക്കിയ മേരി ഇ വോട്ട്, ഓസ്കാര്‍ ജേതാവ് ഏ ആര്‍ റഹ്മാന്റെ സംഗീതം തുടങ്ങി അനവധി പ്രത്യേകതകളുണ്ട് ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ ചിലവേറിയ ചിത്രമായ എന്തിരനെക്കുറിച്ച് പറയുവാന്‍.

പ്രമുഖ ശാസ്ത്രകാരനായ ഡോ.വസീഗരന്‍ (രജനീകാന്ത്) കഴിഞ്ഞ പത്തു വര്‍ഷമായി മനുഷ്യഭാവമുള്ള ഒരു യന്ത്രമനുഷ്യനെ സൃഷ്ടിക്കാനുള്ള കഠിനാധ്വാനത്തിലാണ​‍്, അദ്ദേഹത്തെ ഈ ഉദ്യമത്തില്‍ സഹായിക്കാന്‍ ശിങ്കിടികളായ രവി (കരുണാസ്) ശിവ (സന്താനം) എന്നിവരുമുണ്ട്. തന്റെ കാമുകിയായ സനയെ (ഐശ്വര്യാ റായ്) പോലും മറന്നു കൊണ്ട് ഉദ്യമത്തില്‍ മുഴുകുന്ന വസീകരന്‍ ഒടുവില്‍ സ്വന്തം രൂപത്തില്‍ ഒരു റോബോട്ടിനെ നിര്‍മ്മിച്ച് അതിന്‌ ചിട്ടി എന്നു നാമകരണം ചെയ്യുന്നു. എന്തു ജോലിയും ചെയ്യാന്‍ പര്യാപ്തനായ കായിക ശേഷിയും, ബുദ്ധിശക്തിയും പ്രകടിപ്പിക്കുന്ന മനുഷ്യ രൂപത്തിലുള്ള അതിമാനുഷികനാണ്‌ ചിട്ടി. വസീകരന്റെ നേട്ടങ്ങളില്‍ അത്ര സന്തുഷ്ടനല്ല ഗുരുവായ ഡോ. ബോരാ (ഡാനി ഡെന്‍സോങ്ങ്പ), ആസുര ശക്തികളുള്ള ഒരു റോബോട്ടിനെ നിര്‍മ്മിച്ച് വിപണനം ചെയ്യുക എന്നതാണ്‌ ബോരായുടെ ലക്ഷ്യമെങ്കില്‍, സൈനിക സേവനത്തിനായി റോബോട്ടിനെ നല്‍കുക എന്നതാണ്‌ വസീകരന്റെ ഉന്നം. മാനുഷിക വികാരങ്ങള്‍ പ്രകടിപ്പിക്കാനാവില്ല എന്ന കുറവിനാല്‍ വസീകരന്റെ പദ്ധതി തിരസ്ക്കരിക്കപ്പെടുന്നു, എല്ലാ കുറവുകളും നികത്താനായി ചിട്ടി എന്ന യന്ത്രമനുഷ്യനു ചിന്താശേഷിയും, വികാരങ്ങളും നല്‍കുന്ന വസീകരന്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു വസീകരന്റെ കാമുകിയായ സനയെത്തന്നെ ചിട്ടിയും പ്രേമിക്കാനാരംഭിക്കുന്നു,ഇതിനെത്തുടര്‍ന്ന്‍ ചിട്ടിയെ നിര്‍വീര്യനാക്കി ഉപേക്ഷിക്കാന്‍ വസീകരന്‍ നിര്‍ബന്ധിതനാവുന്നു.. എന്നാല്‍ ബോറായുടെ കരങ്ങളില്‍ എത്തിപ്പെടുന്ന ചിട്ടി വിനാശകാരിയായി തിരിച്ചെത്തുന്നു. തുടര്‍ന്നു നടക്കുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ വസീകരന്‍ വിജയിക്കുന്നു.

അടുത്തിടെ അന്തരിച്ച പ്രമുഖ കഥാകാരനായ സുജാതയുടെ കഥയെ ആസ്പദമാക്കിയാണ്‌ ഷങ്കര്‍ എന്തിരനു രൂപം നല്‍കിയിരിക്കുന്നത്, പാശ്ചാത്യ ആക്ഷന്‍ ചിത്രങ്ങളായ ദ മെട്രിക്സ്, ഐ റോബോട്ട് എന്നിവയുടെ ചുവട് പിടിച്ച് അവയോടു തന്നെ കിടപിടിക്കത്തക്ക രീതിയില്‍ ഒരു ദൃശ്യ വിസ്മയമൊരുക്കിയതിനൊപ്പം സൂപ്പര്‍സ്റ്റാര്‍ രജനിയുടെ ആരാധകരെ നിരാശരാക്കാതിരിക്കാനും ഷങ്കര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. തികച്ചും സാങ്കല്‍പ്പിക പ്രമേയമാണെങ്കിലും അതു വിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ചു എന്നതാണ്‌ എന്തിരന്റെ ഏറ്റവും വലിയ വിജയം. വസീകരന്‍ എന്ന കഥാപാത്രത്തെ അപേക്ഷിച്ച് ചിട്ടി എന്ന യന്ത്രമനുഷ്യനാണ​‍് ചിത്രത്തിലെമ്പാടും നിറഞ്ഞു നില്‍ക്കുന്നത്, നായികയായ ഐശ്വര്യക്ക് പാട്ടും പ്രേമ രംഗങ്ങളും മാത്രമല്ലാതെ അഭിനയിക്കാനുള്ള വക കൂടി നല്‍കിയിട്ടുണ്ട് സംവിധായകന്‍. സന്താനം, കരുണാസ് എന്നിവരുടെ മിതമായ ഹാസ്യം നമ്മെ ചിരിപ്പിക്കുമെങ്കിലും, ചിട്ടിയുടെ ആദ്യകാല ചെയ്തികളാണ്‌ തീയേറ്ററില്‍ ചിരിയുടെ വേലിയേറ്റമുണ്ടാക്കുക. ഏ ആര്‍ റഹ്മാന്‍ ഒരുക്കിയ മികച്ച ഗാനങ്ങള്‍ തന്റെ പതിവു പോലെ തന്നെ അതിമനോഹരമാക്കിയിരിക്കുന്നു ഷങ്കര്‍,വിദേശ രാജ്യങ്ങളിലെ അതിശയകരമായ പ്രകൃതി ഭംഗി ഗാനരംഗങ്ങളില്‍ കാണാം. ഡാനി അവതരിപ്പിച്ച വില്ലന്‍ ബോറാ ഒട്ടും മോശമായില്ല. എല്ലാപ്രായക്കാര്‍ക്കും രസിക്കത്തക്ക രീതിയില്‍ മികച്ച ചേരുവകള്‍ ചേര്‍ത്തിണക്കിയ എന്തിരനിലെ പല രംഗങ്ങളും കാണുമ്പോള്‍ ഇതൊരു തമിഴ് ചിത്രം തന്നെയോ എന്ന ശങ്ക നമുക്കുണ്ടാകും,മിന്നിത്തെളിയുന്ന ബള്‍ബുകളും, താനെ അടയുന്ന വാതിലുകളും മാത്രമുണ്ടായിരുന്ന ഇന്‍ഡ്യന്‍ സിനിമയിലെ ശാസ്ത്രരംഗങ്ങള്‍ ഇത്രത്തോളം പുരോഗതി കൈവരിച്ചതില്‍ നമുക്കഭിമാനിക്കാന്‍ വകയുണ്ട്. അത്യാധുനിക അനിമേഷന്‍ രീതികളും, വിഷ്വല്‍സും അതി മനോഹരമായി കോര്‍ത്തിണക്കിയിരിക്കുന്നഎന്തിരനില്‍ അതിശയാവഹമായ ശബ്ദമിശ്രണമാണുള്ളത്.

ചിത്രത്തിനെ ആദ്യ പകുതി, ഹാസ്യവും, ഗാനരംഗങ്ങളും ചേര്‍ന്നാണ്‌ കൊഴുപ്പിക്കുന്നതെങ്കില്‍ രണ്ടാം പകുതി ദൃശ്യ വിസ്മങ്ങളാല്‍ സമ്പുഷ്ടമാണ്‌, കഥാകൃത്ത് സുജാതയുടെ വിയോഗം ചിത്രത്തിന്റെ രണ്ടാം പകുതിയെ സാരമായി ബാധിച്ചിട്ടുണ്ട്, ആദ്യപകുതിയിലെ സുഗമമായ ഒഴുക്ക് രണ്ടാം പകുതിയില്‍ അത്ര അനുഭവപ്പെടുന്നില്ലെങ്കിലും ദൃശ്യസമ്പുഷ്ടമാക്കപ്പെട്ട സംഘട്ടന രംഗങ്ങള്‍ നമ്മുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറത്താണ്‌. ചെറിയ ചില ന്യൂനതകള്‍ നമുക്ക് തോന്നിയാലും മനുഷ്യ രൂപം പൂണ്ട റോബോട്ടുകള്‍ ചേര്‍ന്ന്‍ ഭീമന്‍ പാമ്പായും, മനുഷ്യ കരമായും മറ്റും മാറുന്ന കാഴ്ചകള്‍ കണ്ട് സ്ക്രീനില്‍ നിന്ന്‍ കണ്ണെടുക്കാതെ കണ്ടിരിക്കാനെ നമുക്ക് കഴിയുകയുള്ളു.അന്തരിച്ച പ്രമുഖ നടന്‍ കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി എന്നീ മലയാളികളുടെ സാന്നിധ്യവും എന്തിരനിലുണ്ട്എന്തിരനിലെ യഥാര്‍ഥ താരം രജനികാന്തെന്ന സൂപ്പര്‍സ്റ്റാറോ, ഐശ്വര്യ റായി ബച്ചന്‍ എന്ന സുന്ദരിയോ, ചിട്ടി എന്ന യന്ത്രമനുഷ്യനോ അല്ല മറിച്ച് ഇന്‍ഡ്യന്‍ സിനിമയില്‍ ഈ വിസ്മയമൊരുക്കിയ ഷങ്കര്‍ തന്നെയാണ​‍്.

ഈ ചിത്രം മികച്ച സംവിധാങ്ങളുള്ള ഒരു തീയേറ്ററില്‍ കണ്ടില്ല എങ്കില്‍ , ഒരു ദൃശ്യവിസ്മയമാകും നിങ്ങള്‍ക്ക് നഷ്ടപ്പെടുക.