Wednesday, September 15, 2010

ശിക്കാര്‍ ഒരു വ്യത്യസ്ത ദൃശ്യാനുഭവം





ചിറ്റാഴ എന്ന ഉള്‍ഗ്രാമത്തിലെ ഈറ്റക്കാടുകളില്‍ ലോറിഡ്രൈവറായ രാമേട്ടനെന്ന ബലരാമന്റെ (മോഹന്‍ ലാല്‍) വര്‍ത്തമാനകാലവും, ഭൂതകാലവുമാണ്, എം .പദ്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന സിനിമയുടെ ഇതിവൃത്തം. ചിറ്റാഴ നിവാസികള്‍ക്കിടയില്‍ ഒരു ഹീറോ പരിവേഷമുള്ളയാളാണ് ബലരാമന്‍, സുഹൃത്തായ സത്യചന്ദ്രന്‍ (ലാലു അലക്സ്), സാരഥി മണിയപ്പന്‍ (കലാഭവന്‍ മണി), വളര്‍ത്തുപുത്രി ഗംഗ (അനന്യ), മറ്റു ചിറ്റാഴ നിവാസികള്‍ എന്നിവരടങ്ങിയ ചെറിയ ലോകത്തില്‍ ഒതുങ്ങിക്കഴിയുകയാണയാള്‍.

ഇതിനിടയില്‍ ബലരാമന്‍ മറക്കാനാഗ്രഹിക്കുന്ന തന്റെ ഭൂതകാലത്തിലെ ചില കറുത്ത അടയാളങ്ങള്‍ അയാളെത്തേടിയെത്തുന്നു പക്ഷെ ഇത്തവണ അയാള്‍ക്കത് സധൈര്യം നേരിടേണ്ടി വരുന്നു.

ബലരാമന്റെ ഭാര്യ കാവേരി (സ്നേഹ), സ്നേഹിതന്‍ റാവുത്തര്‍ (തലൈവാസല്‍ വിജയ്), സത്യചന്ദ്രന്റെ ഭാര്യ രമണി (രശ്മി ബോബന്‍), അനുജത്തി (മൈഥിലി), കള്ളസ്വാമി (സുരാജ് വെഞ്ഞാറമൂട്), മത്തായിപ്പിള്ള (ജഗതി ശ്രീകുമാര്‍), അബ്ദുള്ള (സമുദ്രക്കനി) ഭാര്യ രുഗ്മിണി (ലക്ഷ്മിഗോപാലസ്വാമി), ഗംഗയുടെ കാമുകന്‍ മനു (കൈലാഷ്) തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങളും കഥയുടെ ഭാഗമാണ്.

പൂയംകുട്ടി എന്ന പ്രകൃതി രമണീയമായ വനമേഖല , ചിറ്റാഴയായി ദൃശ്യവല്‍ക്കരിച്ച ഛായാഗ്രാഹകന്‍ മനോജ് പിള്ള മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു, കാടിന്റെ രൗദ്രതയും ഭംഗിയും അദ്ദേഹം നന്നായി ഒപ്പിയെടുത്തിരിക്കുന്നു. കാടിന്റെ ചൂരുള്ള ഇത്തരമൊരു പശ്ചാത്തലത്തില്‍ നിവസിക്കുന്ന നായകനായി മോഹന്‍ ലാല്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ബലരാമന്‍ എന്ന കഥാപാത്രത്തിന്റെ മനോവികാരങ്ങളും, മാനറിസങ്ങളും അദ്ദേഹം അനായാസം ആവിഷ്കരിച്ചിരിക്കുന്നതു കണ്ടാല്‍..'ഒരു നാള്‍ വരും' കണ്ടതു കൊണ്ടുണ്ടായ എല്ലാ പരിഭവവും മറന്ന്‍ നമ്മള്‍ അതുല്യനായ ആ പ്രതിഭയെ ഒരിക്കല്‍ കൂടി തിരിച്ചറിയും. കുറച്ചു സമയത്തേക്കു മാത്രമേ രംഗത്തുള്ളു വെങ്കിലും നക്സല്‍ നേതാവ് അബ്ദുള്ള എന്ന കഥാപാത്രമായി വന്ന സമുദ്രക്കനി നമ്മെ അതിശയിപ്പിക്കും, അത്ര ശക്തമാണ് അബ്ദുള്ളയുടെ വ്യക്തിത്വം. ലാലു അലക്സ്, കലാഭവന്‍ മണി, തലൈ വാസല്‍ വിജയ്, ലക്ഷ്മി ഗോപാലസ്വാമി, അനന്യ എന്നിവരും നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഒരു സീനിലോ പാട്ടിലോ വന്ന്‍ അപ്രത്യക്ഷരാകുന്ന എല്‍ദോ ആശാന്‍ (ലാല്‍), തമ്പി മുതലാളി (ജോണ്‍ കൊക്കന്‍), തുടങ്ങി പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ചിലരുമുണ്ട് ശിക്കാറില്‍. കള്ളവാറ്റും, കള്ളത്തരവുമായി നടക്കുന്ന മത്തായിപ്പിള്ളയായി വന്ന ജഗതി ശ്രീകുമാര്‍ കുറച്ചു ചിരിക്ക് വക നല്‍കുന്നുണ്ടെന്നല്ലാതെ ഒരു കഥാപാത്രമെന്ന നിലയിലേക്കുയരുന്നില്ല.സുരാജിന്റെ കള്ള സ്വാമിയുടെ ചെയ്തികള്‍ അസഹനീയം ശരാശരി ഗാനങ്ങളോടൊപ്പം ഒരു റിക്കാര്‍ഡ് ഡാന്‍സും അനാവശ്യമായി തിരുകിയിരിക്കുന്നു.

മറ്റുള്ളവ.....

സത്യചന്ദ്രന്റെ ഭാര്യ രമണി അനുജത്തിയോട്, ചിറ്റാഴയിലെ ഈറ്റവെട്ട് സീസണെക്കുറിച്ച് പറയുമ്പോള്‍, കഴിഞ്ഞതിന്റെ മുന്‍പിലത്തെ വര്‍ഷം സീസണ്‍ വെള്ളപ്പൊക്കവും, വസൂരിയും കൊണ്ട് ആകെ മോശമായെന്ന്‍ പറയുന്നു, (ഈശ്വരാ !! മൂന്ന്‍ പതിറ്റാണ്ട് മുന്‍പ് വസൂരി ഭൂമുഖത്തു നിന്നേ തുടച്ചു നീക്കിയെന്നാണ് എന്റെ അറിവ്, ഇനി ചിറ്റാഴയില്‍ മാത്രം വസൂരി ബാക്കിയുണ്ടോ എന്തോ?)


ബലരാമനെ തേടിയെത്തുന്ന കറുത്ത ശക്തികള്‍, കാട്ടില്‍ ഒളിവില്‍ കഴിയുമ്പോഴും ഒരു ഉചഭാഷിണിയിലെന്ന പോലെ തെലുങ്ക് വിപ്ലവ ഗീതികള്‍ പാടുന്നതെന്തിനാണെന്ന്‍ ഒരു പിടിയും കിട്ടുന്നില്ല, ഇവര്‍ക്കിതൊക്കെ രഹസ്യമായി ചെയ്തു കൂടെ? (അല്ലെ?)


ചുരുക്കത്തില്‍ : മോഹന്‍ ലാല്‍ എന്ന അഭിനയപ്രതിഭയെ കുറേനാളുകള്‍ക്കു ശേഷം മലയാളസിനിമയ്ക്ക് തിരികെ നല്‍കിയ ചിത്രമെന്ന്‍ ശിക്കാറിനെ വിശേഷിപ്പിക്കാം.

ശിക്കാറില്‍ അഭിനയിക്കുന്നതുമായ് ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവിലാണ് നടന്‍ ശ്രീനാഥ് ആത്മഹത്യ ചെയ്തത്, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരാം.

Saturday, September 11, 2010

എല്‍സമ്മ എന്ന ആണ്‍കുട്ടി ഒരു അവലോകനം



ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റുന്ന നായിക, ഗ്രാമവാസികളായ അവളെയും മൂന്നു അനിയത്തിമാരെയും വശീകരിക്കാന്‍ ശ്രമിക്കുന്ന നഗരത്തില്‍ നിന്നെത്തിയ നാലു ചെറുപ്പക്കാര്‍,നാട്ടിലെ ഒരു ചെറുപ്പക്കാരനു അവളോടുള്ള പ്രണയം ഇത്തരം ഒരു സാഹചര്യം വരച്ചു കാട്ടുന്ന ഒരു ചിത്രത്തില്‍, കുറഞ്ഞത് ഒരു ബലാത്സംഗം, പൈങ്കിളി പ്രണയ രംഗങ്ങള്‍, മേമ്പോടിക്ക് ആത്മഹത്യ ,കണ്ണീര്‍ പ്രളയം നെഞ്ഞത്തടിച്ചു കരച്ചില്‍, ഭീകര ഹാസ്യം തുടങ്ങിയ സ്ഥിരം മലയാള സിനിമാ ചേരുവകള്‍ ഒന്നും തന്നെ ചേര്‍ക്കാതെ തന്നെ അതിനെ എങ്ങനെ മികച്ചതാക്കാം എന്നു ലാല്‍ ജോസിന്റെ 'എല്‍സമ്മ എന്ന ആണ്‍ കുട്ടി' തെളിയിക്കുന്നു.

പിതാവിന്റെ മരണത്തെത്തുടര്‍ന്ന്‍ വീടിന്റെ ഉത്തരവാദിത്വം ചുമലിലേറ്റേണ്ടി വരുന്ന എല്‍സമ്മ എന്ന പെണ്‍കുട്ടിയുടേയും (ആന്‍ അഗസ്റ്റിന്‍) അവളുടെ നാട്ടുകാരുടെയും കഥയാണിത്. രാവിലെ നാലുമണിക്ക് എല്‍സമ്മ അലാറം വെച്ചുണരുന്നതില്‍ നിന്ന്‍ പടം തുടങ്ങുന്നു. തന്റെ മൂന്നു അനിയത്തിമാരെയും അമ്മച്ചിയേയും (കെ.പി.എ.സി ലളിത) പോറ്റാനായി പത്രം ഏജന്‍സിയും മറ്റു പണികളുമായി അവള്‍ എന്നും തിരക്കിലാണ്, പിതൃ തുല്യനായ പാപ്പനും (നെടുമുടി വേണു), കൂട്ടുകാരനായ ഉണ്ണിക്കൃഷ്ണനെന്ന പാലുണ്ണി (കുഞ്ചാക്കോ ബോബന്‍) യുമൊക്കെ അവള്‍ക്ക് പ്രിയപ്പെട്ടവര്‍. ഷാപ്പ് അബ്കാരിയായ സുഗുണനോടും(വിജയ രാഘവന്‍), വഷളനായ പഞ്ചായത്തു മെമ്പര്‍ രമണനു (ജഗതി ശ്രീകുമാര്‍ ) മായിട്ടൊക്കെ ഇടക്കിടെ അവള്‍ക്ക് കൊമ്പു കോര്‍ക്കേണ്ടി വരുന്നുണ്ട്, ഇതിനിടയില്‍ പാലുണ്ണിക്ക് തന്നോടുള്ള നിശബ്ദ പ്രണയം അവള്‍ തിരിച്ചറിയുന്നു. പാപ്പന്റെ മകന്റെ മകനായ എബിയും ( ഇന്ദ്രജിത്ത്) സഹോദരിയും പാപ്പന്റെ വീട്ടിലെത്തുന്നു, കൂടെ എബിയുടെ മൂന്ന്‍ സുഹൃത്തുക്കളും, ഇതെല്ലാം എല്‍സമ്മയ്ക്ക് തലവേദനകളായി മാറുന്നു,എന്നാല്‍ അവള്‍ ധീരമായിത്തന്നെ വെല്ലുവിളികള്‍ നേരിടുന്നു.

എല്‍സമ്മ എന്ന കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിച്ച ആന്‍, പിതാവ് അഗസ്റ്റിന് അഭിമാനിക്കാനുള്ള വക നല്‍കുന്നുണ്ട്, സ്ഥിരം ചോക്കളേറ്റ് കോളേജ് കുമാരന്‍ ഇമേജില്‍ നിന്നും മാറി, ക്ഷീരകര്‍ഷകനായ നാട്ടിന്‍ പുറത്തുകാരനായി കുഞ്ചാക്കോബോബന്‍ നന്നായഭിനയിച്ചിരിക്കുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ മണവാളന്‍ തോമാച്ചന്‍ എന്ന കല്യാണ ബ്രോക്കര്‍ അമിത ഹാസ്യത്തിലേക്ക് വീഴാതെ നന്നായി ചിരിപ്പിക്കുന്നുണ്ട്, ഹാസ്യതാരങ്ങളുടെ പേക്കൂത്തുകള്‍ കൂടാതെയും നര്‍മ്മം ഉരുത്തിരിയുമെന്ന്‍ 'എല്‍സമ്മ' തെളിയിക്കുന്നു, പിന്നെ എടുത്തു പറയേണ്ടുന്നത് ഇന്ദ്രജിത്തിന്റെ പ്രകടനമാണ് നഗരത്തിന്റെ പൊങ്ങച്ചവും, പഞ്ചാരയുമുള്ള എബി എന്ന കഥാ പാത്രം മികച്ചതാക്കാന്‍ ഇന്ദ്രനു കഴിഞ്ഞു (ഇന്ദ്രജിത്ത് ഇപ്പോള്‍ കൂ​‍ടുതല്‍ ചെറുപ്പമായി വരുന്നുണ്ട്), ബാലന്‍ പിള്ളയെ അവതരിപ്പിച്ച ജനാര്‍ദ്ദനന്‍,മുതല്‍ മെമ്പര്‍ രമണനിട്ട് വില്ലേജാഫീസില്‍ ഇടക്കിടക്ക് ഗോളടിക്കുന്ന പ്യൂണ്‍ വരെ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കും.

അതിശക്തമായെ തിരക്കഥയൊന്നുമല്ലെങ്കിലും കോട്ടയത്തോ, ഇടുക്കിയിലോ ഉള്ള ഒരു ഉള്‍നാടന്‍ ഗ്രാമാന്തരീക്ഷത്തില്‍ നടക്കുന്ന കഥ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു, ഗാനങ്ങള്‍ എല്ലാം തന്നെ ശരാശരി നിലവാരം പുലര്‍ത്തുന്നവയാണ്, പ്രകൃതിയുടെ ദൃശ്യഭംഗി ക്യാമറാമാന്‍ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. മൊത്തത്തില്‍ ഒരു നല്ല കുടുംബ ചിത്രമാണ് ലാല്‍ ജോസ് ഇത്തവണ സമ്മാനിച്ചിരിക്കുന്നത്.

മലയാളത്തിലും സ്ത്രീപക്ഷ സിനിമകള്‍ ജനപ്രിയമാകുന്നതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് (ഒരു പക്ഷേ ഏറ്റവും മികച്ചതും) എല്‍സമ്മ എന്ന ആണ്‍കുട്ടി, മുണ്ടു പൊക്കി വില്ലന്മാരെ അടിച്ചു വീഴിക്കുന്നതിലും, മീശപിരിക്കലിലും, പീഡനങ്ങളിലും മറ്റും ആനന്ദം കണ്ടിരുന്ന മലയാളി മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് ആശാദായകം തന്നെ.

അവലോകനം : തീര്‍ച്ചയായും കാണേണ്ടുന്ന ചിത്രം