Tuesday, January 18, 2011
Thursday, January 13, 2011
ട്രാഫിക്ക് an excellent Movie
ബോബി സഞ്ജയ് മാരുടെ കെട്ടുറപ്പുള്ള തിരക്കഥയും, സാങ്കേതികത്തികവുകളും, രാജേഷ് പിള്ളയുടെ സംവിധാന മികവും കൂടാതെ അഭിനേതാക്കളുടെ അർപ്പണ മനോഭാവവും വിജയം കാണുന്നിടത്ത് സിനിമ എന്ന നിലയിൽ ട്രാഫിക് ഒരു വിജയമാവുന്നു. എല്ലാത്തിലുമുപരിയായി മികച്ചു നിൽക്കുന്നത് സംവിധായകനെന്ന നിലയിൽ നിലയിൽ രാജേഷ് പിള്ള കാണിച്ച ചങ്കൂറ്റവും, സാമർഥ്യവും തന്നെയാണ്. നിയോ റിയലിസ്റ്റിക് അഭിനയ ശൈലിയോട് താതാദ്മ്യം പ്രാപിച്ച അഭിനേതാക്കളിൽ താരങ്ങളെയല്ല പച്ച മനുഷ്യരെയാണ് കാണാനാവുക. കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ സായ് കുമാർ, സന്ധ്യ, ആസിഫ് അലി ഇവരുടെയൊക്കെ പ്രകടനം പ്രേക്ഷകനുള്ള ബഹുമതിയാവുകയാണ്. മകനെ മരണത്തിനു വിട്ടു കൊടുക്കുന്ന പിതാവ്, റോഡിൽ അപകടത്തിൽ പെട്ട് കിടക്കുന്ന കൂട്ടുകാരനെ രക്ഷിക്കാൻ കരഞ്ഞു വിളിച്ചപേക്ഷിക്കുന്ന യുവാവ്, അതു കേട്ടിട്ടും കൂസലില്ലാതെ സംഭവം മൊബൈലിൽ പകർത്തുന്നതിൽ ജാഗരൂകരായ സമൂഹം എന്നിങ്ങനെ കണ്ണുനനയിക്കുന്നതും, യാഥാർത്ഥ്യ ബോധമുള്ളവയുമായ നിമിഷങ്ങളനവധിയുണ്ട് ട്രാഫിക്കിൽ. സ്വന്തം മകളുടെ ബെസ്റ്റ് ഫ്രണ്ട് ആരെന്നു പോലും അറിയാത്ത തിരക്കുകളുടെ പിന്നാലെ പായുന്ന സൂപ്പർസ്റ്റാർ, ധാർഷ്ഠ്യക്കാരനായ ഇദ്ദേഹവും ഒടുവിൽ പച്ച മനുഷ്യനാക്കപ്പെടുകയാണ്, റഹ്മാൻ എന്ന നടന്റെ അതിശയിപ്പിക്കുന്ന പ്രകടനം , ജോസ് പ്രകാശ് എന്ന പ്രതിഭയെ വീണ്ടും കാണാനുള്ള അവസരം, മികച്ച എഡിറ്റിംഗും, ഛായാഗ്രാഹണവും മികവുകളേറെയുണ്ട് ട്രാഫിക്കിന് അവകാശപ്പെടാൻ.
അവലോകന സാരം
ഒരു ക്ഷണിക നേരത്തെ അശ്രദ്ധ ക്ഷണിച്ചു വരുത്തുന്ന ഒരു ദുരന്തം, ഒരിടത്ത് അതു വേദനയാകുമ്പോൾ മറ്റൊരിടത്ത് അത് ആശ്വാസമാവുകയാണ് വിധിയുടെ ഈ വൈപരീത്യം തീയേറ്റർ വിട്ടാലും മനസ്സിനെ നോവിക്കും. കണ്ടതിനു ശേഷം വിസ്മൃതിയിലേക്ക് തള്ളി വിടാനാകാത്ത കാമ്പുള്ള ഈ ചിത്രം നഷ്ടമാക്കാതിരിക്കുക.
Subscribe to:
Posts (Atom)